‘Customer is King’ എന്നതിനെ ഒരു തമാശയായി കരുതുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടാകാം. പക്ഷേ ബുദ്ധിമാനായ ഒരു ബിസിനസ്സ് ഉടമ ഒരിക്കലും അങ്ങനെ കരുതില്ല.

Share News

‘Customer is King’ എന്നതിനെ ഒരു തമാശയായി കരുതുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടാകാം. പക്ഷേ ബുദ്ധിമാനായ ഒരു ബിസിനസ്സ് ഉടമ ഒരിക്കലും അങ്ങനെ കരുതില്ല. ഇനി കരുതിയാലും പുറമേ ഭാവിക്കില്ല. ഭാവിക്കാൻ പാടില്ല, കാരണങ്ങൾ പലതാണ്.

1. നാം എല്ലാവരും ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരു അവസരത്തിൽ കസ്റ്റമേഴ്സ് ആണ്. ഒരു ബിസിനസ്സ് ഉടമയും അയാളുടെ തൊഴിലാളിയും മറ്റാരുടെയെങ്കിലും കസ്റ്റമേഴ്സ് ആണ്. നമ്മൾ ഏതെങ്കിലും ഒരു ഉല്പന്നം, സേവനം അഥവാ ആശയം വാങ്ങാൻ ചെല്ലുമ്പോൾ ഒന്നിലധികം വിൽപ്പനക്കാർ ഉണ്ടാകും. തന്റെ താല്പര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉല്പന്നം വിപണനം ചെയ്യുന്ന കച്ചവടക്കാരനെ തിരഞ്ഞെടുക്കാനുള്ള അവകാശം കസ്റ്റമാർക്ക് ഉണ്ട്. അത് ഒരു കച്ചവടത്തിന്റെ സാധ്യതയെ നിശ്ചയിക്കുന്ന പരമാധികാരമാണ്. അത് കയ്യിൽ ഉള്ളിടത്തോളം കസ്റ്റമർ രാജാവ് തന്നെയാണ്.

2. മികച്ച തുടർ സേവനങ്ങൾ നൽകുന്നവരെ കൂടുതൽ ഇഷ്ടപ്പെടാൻ ഉപഭോക്താവിന് സ്വാതന്ത്ര്യം ഉണ്ട്. അതിനാൽ തന്നെ മുൻധാരണയുടെ അടിസ്ഥാനത്തിലുള്ള കരാറുകൾ ഒന്നും ഇല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും സേവന ദാതാവിനെ മാറ്റാനുള്ള അധികാരവും കസ്റ്റമർക്കുണ്ട്.

3. ആധുനിക ലോകത്തിൽ ഉപഭോക്താവിന്റെ അഭിരുചികളും, വാങ്ങൽ രീതികളും അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിനനുസരിച്ച് തങ്ങളുടെ ഉല്പന്നങ്ങളെയും, സേവനങ്ങളും, ആശയങ്ങളെയും, സമീപങ്ങളെയും ക്രമീകരിക്കുന്ന ബിസിനസ്സുകാർക്ക് മാത്രമേ ദീർഘകാലം നിലനിൽക്കാനാകൂ. ഇതിനായി മാറുന്ന ഉപഭോക്തൃ സമീപനത്തെപ്പറ്റി ബിസിനസ്സ് ഉടമ എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം. അങ്ങനെ നോക്കുമ്പോഴും കസ്റ്റമർ രാജാവ് തന്നെയാണ്.

ഇതിനെല്ലാം അപ്പുറം കസ്റ്റമേഴ്സിന്റെ യഥാർത്ഥ താല്പര്യങ്ങൾ മനസ്സിലാക്കി, തന്റെ പക്കലുള്ള വിഭവങ്ങൾ, ‘ഇത് തന്നെയാണ് നിങ്ങൾക്ക് വേണ്ടത്’ എന്ന് മികച്ച വിപണന തന്ത്രങ്ങളുടെയും, സമീപനങ്ങളുടെയും, നയങ്ങളുടെയും സഹായത്തോടെ കച്ചവടം ചെയ്യാൻ ഏതൊരു ബിസിനസ്സ് ഉടമക്ക് കഴിയും. പ്രധാനമായും രണ്ട് രീതിയിൽ,

ഒന്നുകിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉപഭോതാവിനെ കബളിപ്പിച്ചുകൊണ്ട്… പക്ഷേ ഇത്തരം കച്ചവടം അധികനാൾ ഓടില്ല.

അല്ലെങ്കിൽ ഒരു ബ്രാൻഡ് ആയിക്കൊണ്ട്… ബ്രാൻഡിങ് അല്പം ബുദ്ധിമുട്ടുള്ള പണിയാണ്. പക്ഷേ പക്ഷേ അല്പം മിനക്കെട്ടാൽ ഏതൊരു ബിസിനസ്സുകാരനും തങ്ങളുടെ ബിസിനസ്സിനേയും, ഉല്പന്നങ്ങളെയും മികച്ച ബ്രാൻഡുകൾ ആക്കി മാറ്റാൻ കഴിയും.

ടെക്നോളജി ഉപഭോക്തൃ താല്പര്യങ്ങളെ തീവ്രമായി നിയന്ത്രിക്കുന്ന ഇക്കാലത്ത്, വാങ്ങുന്നതിന് മുൻപ്തന്നെ ലഭ്യമായ നിരവധി മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഒരു ഉൽപന്നത്തെ വിലയിരുത്തേണ്ട ഉത്തരവാദിത്വവും ഉപഭോക്താവിനുണ്ട്. കാരണം കസ്റ്റമർ രാജാവാണ്, രാജാവിന് തിരഞ്ഞെടുപ്പിന് വിപുലമായ അവകാശങ്ങളും, ഐച്ഛികങ്ങളും ഉണ്ട്. അവയൊന്നും വിനിയോഗിക്കാതെ വാങ്ങിക്കുന്നവർക്ക് സങ്കടപ്പെടേണ്ടി വരും. അത്തരം കൊടുക്കൽ വാങ്ങലുകളിൽ എല്ലാ വാറണ്ടിയും, ഗ്യാരന്റിയും ലഭിക്കണമെന്നില്ല എന്ന് സാരം. 😊

വാൽക്കഷ്ണം: സമകാലീന സംഭവികാസങ്ങളുമായി ബന്ധപ്പെടുത്തി, മുൻപ് പല പരിശീലന പരിപാടികളിലും പങ്കെടുത്ത ചിലർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്. ആർക്കും എതിരായോ, അനുകൂലമായോ ഉള്ള പോസ്റ്റല്ല. ആത്യന്തികമായി ഒരു കസ്റ്റമർ ആയതിനാലും, ഉപഭോക്താവിന്റെ രാജാധികാരം മനോഹരമായി വിനിയോഗിക്കണം എന്ന് ആഗ്രഹമുള്ളതിനാലും എഴുതി എന്ന് മാത്രം.

സുദീപ് സെബാസ്റ്റ്യൻ

Share News