സ്വയം വിജയിച്ചതിന് ശേഷം കരിയർ ഗൈഡൻസും മോട്ടിവേഷണൽ പരിശീലനവുമൊക്കെയാവാം.| പ്രതിബദ്ധത വേണം. വിഷയത്തിൽ ആഴത്തിലുള്ള അറിവ് വേണം.|ജലീഷ് പീറ്റർ

Share News

മോട്ടിവേഷൻ / കരിയർ ഗൈഡൻസ് ക്ലാസ്സുകൾ: ചെട്ടിമിടുക്കല്ല, വേണ്ടത് ചരക്ക് ഗുണം

1994 മുതൽ മോട്ടിവേഷണൽ ക്ലാസ്സുകളും കരിയർ ഗൈഡൻസ് ക്ലാസ്സുകളും ഒരുപോലെ ഞാൻ കൈകാര്യം ചെയ്യുന്നു. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ തുടങ്ങിയതാണ്. ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ കാത്തലിക് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റിൻ്റെ ഇൻ്റർകൊളേജിയറ്റ് ക്യാമ്പിൽ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ് എടുത്തായിരുന്നു അപ്രതീക്ഷിതമായ അരങ്ങേറ്റം. തുടക്കം ഗംഭീരമായതിനാൽ പിന്നീട് വെറുതെ ഇരിക്കേണ്ടി വന്നില്ല. എഴുത്തും ക്ലാസുകളുമായി ഇപ്പോഴും തുടരുന്നു.

എൻ്റെ സ്കൂൾ, പ്രീഡിഗ്രി കാലഘട്ടത്തിൽ ഇത്തരത്തിൽ മോട്ടിവേഷൻ ക്ലാസ്സുകളുമായി നടന്നിരുന്നവരെല്ലാവരും തങ്ങളുടെ കരിയറിലും വ്യക്തിജീവിതത്തിലും വിജയിച്ചവരായിരുന്നു. സെൻ്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പ്രൊഫ. ടോമി ചെറിയാൻ, ജോർജ്ജ് കരുണയ്ക്കൽ, പിന്നീട് എം. ജി. സർവ്വകലാശാല വൈസ് ചാൻസലറായ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ എം ജി യൂണിവേഴ്സിറ്റി പി ആർ ഒ ജയിംസ് ജോസഫ്, ചെങ്ങുന്നൂർ സ്വദേശി ബാലചന്ദ്രൻ സർ… ഇവരൊക്കെ എല്ലാ തരത്തിലും മാതൃകകളായിരുന്നു.

ജേസീസും പരിശീലന കളരികളും അതിലൂടെ കള്ളനാണയങ്ങളും

രണ്ടായിരത്തിൻ്റെ തുടക്കത്തിലാണ് മോട്ടിവേഷൻ / പരിശീലന രംഗത്ത് സാമ്പത്തിക നേട്ടത്തിനും പബ്ലിസിറ്റിക്കും ഉദരസേവയ്ക്കുമായി ചിലർ കോട്ടും സ്യൂട്ടുമിട്ട് വന്ന് തുടങ്ങിയത്. അവരുടെ ജീവിതമാർഗമെന്ന നിലയിൽ ഒരു ദിവസം മുഴുവൻ ആയിരം രൂപയ്ക്ക് വരെ ക്ലാസ് എടുക്കുവാൻ തയ്യാറായി ചിലർ കടന്നുവന്നു.

ഞാനും വിപിൻ വി. റോൾഡൻ്റും (ഇപ്പോൾ പ്രശസ്ത മന:ശാസ്ത്രജ്ഞൻ ഡോ. വിപിൻ വി. റോൾഡൻ്റ്) ചേർന്ന് കേരളത്തിലെ കാമ്പസുകളിൽ ‘ഹരികൃഷ്ണ’ന്മാരായി (മംഗളം ദിനപത്രത്തിൽ അക്കാലത്ത് ഞങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ച ഫീച്ചറിൻ്റെ തലക്കെട്ട്) വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് പരിശീലകരായി നടക്കുന്ന 1997 – 2003 കാലത്ത് ഈ മേഖലയിൽ അങ്ങനെ അധികം പേരില്ല. അക്കാലത്ത് മോട്ടിവേഷണൽ ട്രെയിനർ എന്ന പേരും ഇല്ല, വ്യക്തിത്വ വികസന പരിശീലകർ എന്നാണ് അറിയപ്പെടുക. പിന്നീട് ജേസീസ് എന്ന പ്രസ്ഥാനമാണ് Training of Trainers എന്ന പേരിൽ പരിപാടികൾ നടത്തി കുറേയേറെ (വ്യാജ) പരിശീലകരെ സൃഷ്ടിച്ചത്. കേവലം മൂന്ന് ദിവസത്തെ പരിശീലനം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ അവരും ഇറങ്ങി – മോട്ടിവേഷണൽ / കരിയർ ഗൈഡൻസ് പരിശീലകരായി. അവിടെ തുടങ്ങിയതാണ് ഇന്ന് അനിലിൽ എത്തി നിൽക്കുന്ന ഈ അപചയം. (ജേസീസിലൂടെ വന്ന നല്ല ഉശിരൻ പരിശീലകരും ഉണ്ട് – ചെറിയാൻ വർഗീസ്, ഡോ. നിജോയ് പി. ജോസ്, ഷിജോ സഖറിയ etc. പക്ഷെ ഇവരാരും ഒരു സുപ്രഭാതത്തിൽ ട്രെയിനർമാരായവരല്ല. ഇവർക്കൊക്കെ സ്കൂൾ, കോളേജ് കാലഘട്ടത്തിൽ ലഭിച്ച മികച്ച അടിത്തറയുണ്ട്.)

നാലാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ KCSL, DCL, OISCA, CSM, KCYM തുടങ്ങി നിരവധി സംഘടനകളുടെ നൂറ് കണക്കിന് ക്യാമ്പുകളിലൂടെ ലഭിച്ച പരിശീലനങ്ങളും കുറിച്ചെടുത്ത കുറിപ്പുകളും (ഇപ്പോഴും ആ നോട്ടുകൾ എൻ്റെ കയ്യിലുണ്ട്) പ്രസംഗ മത്സര തൊഴിലാളി പരിചയവും പഠന കാലത്ത് മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് നേടിയ പരിചയവും പിന്നീട് ലഭിച്ച പത്രപ്രവർത്തന പരിചയവുമൊക്കെയാണ് എന്നെ ഒരു ട്രെയിനർ എന്ന നിലയിൽ പരുവപ്പെടുത്തിയത്. മാത്യു ചന്ദ്രൻകുന്നേലച്ചൻ്റെ നിരവധി വ്യക്തിത്വവികസന, പ്രസംഗ പരിശീലന കളരികളിൽ ഭരണങ്ങാനത്തും അരുണാപുരത്തും പങ്കെടുത്ത് ഇപ്പോഴും ഓർക്കുന്നു.

വെറും മൂന്ന് ദിവസത്തെ ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് പ്രോഗ്രാമിൽ പങ്കെടുത്ത് പിറ്റേ ദിവസം മുതൽ മോട്ടിവേഷണൽ ട്രെയിനർമാരായി ഈ മേഖലയെ ചീത്തയാക്കിയവർ നിരവധിയാണ്. മദ്യം കഴിക്കരുതെന്ന് സ്കൂളുകളിലും കോളേജുകളിലും പോയി പേഴ്സണാലിറ്റി ഡെവലപ്മെൻ്റ് ട്രെയിനിംഗ് നടത്തിയിരുന്ന പഴയകാല മോട്ടിവേഷണൽ ട്രെയിനർമാർ മദ്യപന്മാരായിരുന്നില്ല. ഇന്നോ ?

ചിലർ അവിടുന്നും ഇവിടുന്നുമൊക്കെ പകർത്തിയെഴുതി മോട്ടിവേഷണൽ പുസ്തകങ്ങൾ എഴുതി അങ്ങനെയും മാർക്കറ്റിംഗ് തുടങ്ങി.

മൾട്ടിലെവൽ മാർക്കറ്റിംഗിൻ്റെ വരവ്

1990കളുടെ അവസാനമാണ് മൾട്ടിലെവൽ മാർക്കറ്റിംഗ് കേരളത്തിലേയ്ക്ക് വന്നത്. അവരുടെ മാർക്കറ്റിംഗ് മീറ്റിംഗുകളിൽ മോട്ടിവേഷണൽ സെഷനുകൾ എടുക്കാൻ പോയി പിന്നീട് അതിൽ പെട്ട് പോയവരും ധാരാളമാണ്. അങ്ങനെ മൾട്ടിലെവൽ മാർക്കറ്റിംഗിൽ പോയി കാശുണ്ടാക്കി ജയിലിലും കിടന്ന് ഇപ്പോൾ വീണ്ടും മോട്ടിവേഷണൽ സ്പീക്കറായി വിലസുന്ന പരിശീലകനും കേരളത്തിലുണ്ട്!

ബിസിനസുകാർക്ക് റിസോർട്ട് മോട്ടിവേഷൻ

മൾട്ടിലെവൽ മാർക്കറ്റിംഗ് പൊളിഞ്ഞപ്പോൾ അതിലൂടെ പണം സമ്പാദിച്ച ഒരു മോട്ടിവേഷണൽ സ്പീക്കർ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ബിസിനസുകാരെ വലവീശി അവരെ കോടീശ്വരന്മാരാക്കാം എന്ന വാഗ്ദാനത്തിൽ ട്രെയിനിംഗിലേയ്ക്ക് വന്നു. അങ്ങനെ പുതിയ തലമുറക്കാർ ആ മാതൃക അനുകരിച്ച് ബിസിനസുകാർക്കിടയിൽ മോട്ടിവേഷൻ പരിപാടി തുടങ്ങി. അവരാണ് ഇപ്പോൾ അനിലിൽ എത്തി നിൽക്കുന്നത്.

സ്വന്തമായി മോട്ടിവേഷനില്ലാത്ത മോട്ടിവേഷണൽ സ്പീക്കർമാർ!

ഇപ്പോൾ നാട്ടിൽ പാഞ്ഞു നടക്കുന്ന മോട്ടിവേഷണൽ സ്പീക്കർമാർക്ക് സ്വന്തമായി ജോലിയും കൂലിയും പോലുമില്ലാത്തവരാണ്. ലക്ഷങ്ങൾ നൽകി അവരെ വിളിക്കുന്നവരെയാണ് നമിക്കേണ്ടത്. സ്വന്തം ജീവിതത്തിൽ സ്വയം മാതൃകയായി ജീവിത വിജയം നേടിയവരെയാണ് മോട്ടിവേഷണൽ / കരിയർ ഗൈഡൻസ് ക്ലാസുകളെടുക്കുവാൻ വിളിക്കേണ്ടത്.

കരിയർ ഗൈഡൻസിലും ഇപ്പോൾ ഉദരസേവകർ ധാരാളം

1990കളിൽ കരിയർ ഗൈഡൻസ് ക്ലാസുകളെടുക്കുന്നവർ ആരുമില്ലായിരുന്നു. ആൻ്റണി കളപ്പുര, ഗോപകുമാർ കാർക്കോണം എന്നിങ്ങനെ ചുരുക്കം ചിലരായിരുന്നു അക്കാലത്ത് കരിയർ ഗൈഡൻസ് എഴുത്ത് രംഗത്തുണ്ടായിരുന്നത്. പിന്നീട് ബി എസ് വാരിയർ എത്തി. ഞാൻ 1994ൽ കരിയർ ദീപികയിലും ദീപനാളത്തിലുമാണ് കരിയർ ഗൈഡൻസ് എഴുതി തുടങ്ങിയത്. അക്കാലത്ത് കരിയർ ഗൈഡൻസ് ക്ലാസുകളുണ്ടായിരുന്നില്ല, പകരം വ്യക്തിത്വ വികസന ക്ലാസ്സുകളായിരുന്നു. 1994ൽ ഞാൻ കരിയർ ഗൈഡൻസ് ക്ലാസ്സുകൾ എടുക്കാൻ തുടങ്ങി. കരിയർ ഗൈഡൻസ് ഒരു ഡ്രൈ സബ്ജക്ടാണ്. ഉറക്കം ഉറപ്പ്. അങ്ങനെ ക്ലാസ്സിനെ രസപ്രദമാക്കുവാനുള്ള ഗവേഷണത്തിനൊടുവിലാണ് സിനിമ ക്ലിപ്പുകൾ ഉപയോഗിച്ച് രസകരമാക്കുന്ന പരിപാടി ഞാൻ 1997ൽ ആവിഷ്കരിച്ചത്. അത് വൻ വിജയമായി. പല ദിനപത്രങ്ങളും സിനിമകളിലൂടെള്ള എൻ്റെ കരിയർ ഗൈഡൻസ് ക്ലാസ് ഫീച്ചറായി പ്രസിദ്ധീകരിച്ചു.

ഇപ്പോൾ എവിടെ തിരിഞ്ഞ് നോക്കിയാലും കരിയർ കൺസൾട്ടൻ്റുമാരാണ്. ഈയിടെ എനിക്കറിയാവുന്ന ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ കരിയർ ഗൈഡൻസ് ക്ലാസ് എടുക്കുന്ന പരസ്യം ഒരു ദിനപത്രത്തിൽ കാണുവാനിടയായി. വിദേശ റിക്രൂട്ട്മെൻ്റ് ഏജൻസികളിലെ ജീവനക്കാരും ഇപ്പോൾ കരിയർ ഗൈഡൻസ് വിദഗ്ധരായി അറിയപ്പെടുന്നു. 99% സ്ഥലങ്ങളിലും ഇന്ന് കരിയർ ഗൈഡൻസ് ക്ലാസ് എന്ന് പറഞ്ഞ് നടത്തുന്നത് മോട്ടിവേഷണൽ ക്ലാസുകളാണ്. ഏത് കോഴ്സ്, എവിടെയുണ്ടെന്ന് കൃത്യമായി പറഞ്ഞു കൊടുക്കണമെങ്കിൽ അതിന് വർഷങ്ങളുടെ തയ്യാറെടുപ്പ് വേണം.

കരിയർ ഗൈഡൻസ് ക്ലാസ്സെടുക്കുന്ന എന്നെ പതിവായി പുഛിച്ചിരുന്ന ഒരു എൻട്രൻസ് പരിശീലകനുണ്ടായിരുന്നു. എൻട്രൻസ് പരിശീലനത്തിൽ പരാജയപ്പെട്ടപ്പോൾ അയാളും ഇപ്പോൾ സ്കൂളുകൾ തോറും കയറിയിറങ്ങി കരിയർ ഗൈഡൻസ് ക്ലാസ്സുകൾ എടുക്കുന്നുവെന്നാണ് അറിയുന്നത്.

ചരക്ക് ഗുണമാണ് പ്രധാനം, ചെട്ടിമിടുക്കിലല്ല കാര്യം

ഒരു അനുഭവം പറയാം. പണ്ടൊക്കെ ക്ലാസ് എടുക്കാൻ പോയിരുന്നത് ബസിൽ വലിഞ്ഞ് കയറിയായിരുന്നു. അങ്ങനെ ഉച്ചകഴിഞ്ഞുള്ള ക്ലാസ് എടുക്കുവാൻ കിഴക്കുള്ള ഒരു കോളേജിൽ ഞാനും എത്തി. ഉറക്കം വരാൻ സാധ്യതയുള്ള സമയമായതിനാൽ ഉച്ചകഴിഞ്ഞ് ആരും ക്ലാസ് എടുക്കുവാൻ താല്പര്യപ്പെടാറില്ല. തലേന്ന് വന്ന് റൂമെടുത്തെങ്കിലേ രാവിലെ ക്ലാസ്സെടുക്കുവാൻ കഴിയൂ. അതിനാൽ ഞാൻ ഉച്ചകഴിഞ്ഞുള്ള ക്ലാസ് സ്വയം തെരഞ്ഞെടുത്തതാണ്. രണ്ട് മണിയുടെ ക്ലാസിന് ഞാൻ ഒരു മണിക്കേ എത്തി, Fresh ആയി. പക്ഷെ, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ എന്നെ പരിഗണിച്ചില്ല. ഞാൻ ഒരു മൂലയിൽ ഇരുന്നു. രാവിലെ ക്ലാസ് എടുക്കുവാൻ വന്നയാൾ പരിചയപ്പെടാൻ വന്നു. കക്ഷി ഫീൽഡിൽ പുതിയ ആളാണ്. ‘ഇത് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ക്ലാസ്സാണ്. മനോഹരമായി പ്രിൻ്റ് ചെയ്ത അദ്ദേഹത്തിൻ്റെ മാർക്കറ്റിംഗ് ബ്രോഷർ, വിസിറ്റിംഗ് കാർഡ് ഒക്കെ തന്നു. സഹായി കം ഡ്രൈവറായി ഒരാൾ കൂടെയുണ്ട്. ഞാൻ ക്ലാസ് തുടങ്ങി. ഗ്രൂപ്പ് ഡൈനാമിക്സ്, ഗെയിംസ്, പരസ്യങ്ങൾ, സിനിമ ക്ലിപ്പുകൾ എന്നിവയിലൂടെ എൻ്റെ ക്ലാസ് ആരെയും ഉറക്കാതെ അവസാനിച്ചു. എല്ലാവർക്കും ക്ലാസ് ഇഷ്ടപ്പെട്ടു. സംശയങ്ങളുമായി കുട്ടികൾ വിടുന്നില്ല. എനിക്ക് മുമ്പ് ക്ലാസ് എടുത്തയാൾ വന്നത് കാറിലായിരുന്നതിനാലും കോട്ടും സ്യൂട്ടുമൊക്കെ ധരിച്ചായതിനാലും തുടക്കത്തിൽ സാധാരണക്കാരനായി നടരാജിൽ എത്തിയ എന്നോട് പ്രിൻസിപ്പൽ ഉൾപ്പെടെ ഒരു പുഛം കാണിച്ചത്, ക്ലാസ് കഴിഞ്ഞപ്പോൾ മാറിയിരുന്നു. എന്നെ ക്ലാസ് എടുക്കാൻ ശുപാർശ ചെയ്ത അധ്യാപകൻ അന്ന് അവധിയായിരുന്നു. ക്ലാസ് കഴിഞ്ഞ് ചായ കുടിച്ചപ്പോൾ എന്നെ ആദ്യം അവണിച്ച കോളജ് പ്രിൻസിപ്പൽ എന്നെ അഭിനന്ദിച്ചതിന് ശേഷം പറഞ്ഞു, “ചരക്ക് ഗുണമാണ് പ്രധാനം, ചെട്ടിമിടുക്കിലല്ല കാര്യം”. അവസാനം സംതൃപ്തിയോടെ തിരിച്ച് ഞാൻ ബസ് സ്റ്റാൻഡിലേയ്ക്ക് നടന്നു. പക്ഷെ, ഇന്ന് ചെട്ടിമിടുക്ക് കാണിക്കുന്ന അനിലിനെ പോലുള്ളവരെ നാല് ലക്ഷത്തിനും 10 ലക്ഷത്തിനുമൊക്കെ ക്ലാസ്സിന് വിളിക്കുന്നുവെന്നതാണ് ഫാഷൻ. അപ്പോൾ അവർ വിളിക്കുന്ന തെറിയും കേൾക്കേണ്ടി വരും.

വേണ്ടത് പ്രതിബദ്ധത

കരിയർ ഗൈഡൻസാണെങ്കിലും മോട്ടിവേഷനാണെങ്കിലും പ്രതിബദ്ധത വേണം. വിഷയത്തിൽ ആഴത്തിലുള്ള അറിവ് വേണം. സമയ ക്ലിപ്തത പാലിയ്ക്കണം. ഒരിയ്ക്കലും മുമ്പിലിരിക്കുന്നവരെ അപഹസിക്കരുത്. മുമ്പിലിരിക്കുന്ന ആയിരങ്ങളെ രസിപ്പിച്ച് എന്നാൽ ആഴത്തിലുള്ള അറിവ് പ്രദാനം ചെയ്ത് അവരെ കർമ്മോത്സുകരാക്കി, സ്വയം സംതൃപ്തനാകുമ്പോഴാണ് ഒരു മോട്ടിവേഷണൽ ട്രെയിനർ വിജയിക്കുന്നത്.

ജീവിതമാർഗമാക്കുമ്പോൾ…

സ്വയം വിജയിച്ചതിന് ശേഷം കരിയർ ഗൈഡൻസും മോട്ടിവേഷണൽ പരിശീലനവുമൊക്കെയാവാം. അല്ലാതെ ഇതിനെ ജീവിത മാർഗമാക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരത്തിലൊക്കെ പെരുമാറുന്നത്.

ജലീഷ് പീറ്റർ.

Share News