
ചെറുപ്പക്കാർ തിയ്യേറ്ററിൽ തള്ളിക്കയറിയ ഈ രണ്ടു സിനിമകളും മദ്യപാനം കൗമാരത്തിൻ്റെ ട്രേഡ്മാർക്കാണെന്ന് പറഞ്ഞുവെക്കുന്നവയാണ്.
രണ്ടു സിനിമകൾ
പ്രേമലുവും ആവേശവും യുവതലമുറക്ക് നൽകുന്ന സന്ദേശം ഭീകരമാണ്. പ്രേമലുവിലെ പ്രേമവും ആവേശത്തിലെ ഗാംങ് വാറും സിനിമയുടെ കഥാതന്തുവാണെങ്കിലും മദ്യത്തിനാണ് പ്രധാന റോൾ. മദ്യപിക്കലാണ് പഠന കാലത്ത് ചെയ്യേണ്ട മഹത്തായ പ്രവൃത്തിയെന്ന് പറഞ്ഞുവെക്കുകയാണ് രണ്ടു സിനിമയും. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാർത്ഥികളാണ് രണ്ട് സിനിമയിലേയും പ്രധാന കഥാപാത്രങ്ങൾ. പുറത്ത് പഠിക്കാൻ പോകുന്നത് മദ്യപിക്കാനാണെന്ന തരത്തിലാണ് കഥാപാത്ര സഞ്ചാരം. സിനിമയുടെ തുടക്കവും ഒഴുക്കും ഒടുക്കവുമൊക്കെ കൗമാരക്കാരുടെ മദ്യപാന വിചാരങ്ങൾക്കൊപ്പം.

ബംഗളൂരുവിൽ പഠിക്കാനെത്തുന്ന മൂന്ന് വിദ്യാർത്ഥികളാണ് ആവേശത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ ബംഗളൂരുവിൽ എത്തിയതു മുതൽ തുടങ്ങുന്നതാണ് മദ്യപാനം. ഒപ്പം പുകവലിയും. സിനിമ അവസാനിക്കുന്നതുവരെ ഇതു തുടരുന്നു. പുറത്തു പഠിക്കാൻ പോകുന്നവരിൽ സിനിമ ഉണ്ടാക്കുന്ന ആവേശവും ഇതുതന്നെ. പെൺവിഷയത്തിൽ കഥാപാത്രങ്ങൾ അത്ര തൽപരരല്ലെന്നതാണ് ഏക ആശ്വാസം.
ചെറുപ്പക്കാർ തിയ്യേറ്ററിൽ തള്ളിക്കയറിയ ഈ രണ്ടു സിനിമകളും മദ്യപാനം കൗമാരത്തിൻ്റെ ട്രേഡ്മാർക്കാണെന്ന് പറഞ്ഞുവെക്കുന്നവയാണ്. പുതുതലമുറയെ മദ്യത്തിലേക്ക് അടുപ്പിക്കുന്നതിന് സഹായകമാകുമെന്നെല്ലാതെ സവിശേഷമായൊരു സന്ദേശവും നൽകുന്നില്ല. സൗഹൃദവും നേരമ്പോക്കും മദ്യത്തിൽ മുക്കിയാണ് സിനിമ അവതരിപ്പിക്കുന്നത്. പ്രണയം പറയാൻ മദ്യത്തെ കൂടെ കൂട്ടുന്ന കൗമാരക്കാരനെയാണ് കാമുകൻ്റെ പരിഛേദമായി പ്രേമലു അവതരിപ്പിക്കുന്നത്. പ്രണയിനിക്കു പോലും അതൊരു പ്രശ്നമല്ലാത്ത വിധം മദ്യസേവയെ നിസാരവത്ക്കരക്കുന്നു. ഒളിയും മറയുമില്ലാതെ മദ്യത്തിൽ മുങ്ങിയ കൗമാരത്തെ അവതരിപ്പിക്കുന്നതിൽ രണ്ടു സിനിമകളും നൂറു ശതമാനം വിജയിച്ചു.

മദ്യപാനവും പുകവലിയും ശരീരത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് സ്ക്രീനിൽ നിന്നൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അവസരത്തിലും അനവസരത്തിലും മദ്യ ഗ്ലാസുകൾക്കൊപ്പമായിരുന്നു കൗമാര കഥാപാത്രങ്ങൾ. ആവേശത്തിൽ അതിക നേരവും ബാറും മദ്യ ഗ്ലാസുകളും സിഗരറ്റ് പുകയുമാണ്. നല്ലതായ യാതൊരു സന്ദേശവും നൽകാനില്ലാതെ രണ്ടേമുക്കാൽ മണിക്കൂർ നേരം കവർന്നെടുക്കുകയാണിത്. മദ്യമുണ്ടെങ്കിലെ കൗമാരം നിറമുള്ളതാകൂവെന്നതാണ് ഈ സിനിമകൾക്ക് ആത്യന്തികമായി പറയാനുണ്ടായിരുന്നത്.
പുതിയ സിനിമകളെന്നാൽ ഇങ്ങനെയൊക്കെയാണ്. അടിയാണ്, മദ്യ ഗ്ലാസുകളാണ്, കൗമാരമാണ്. സന്ദേശം ചോദിച്ചുവരുന്നവർ പഴഞ്ചനാണ്. ഔട്ട്ഡേറ്റഡാണ്.

James Musiq