ടൈഗർ സഫാരി പാർക്ക്- ടൂറിസം മാഫിയകളുടെ  ഏജന്റ്മാരായി മന്ത്രിയും വനം വകുപ്പും മാറരുത് .

Share News

മലബാർ വന്യജീവി സങ്കേതത്തിന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് ചെമ്പനോട പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂമി പിടിച്ചെടുത്ത ടൈഗർ സഫാരി പാർക്ക് തുടങ്ങുവാനുള്ള വനം വകുപ്പിന്റെ ഗൂഡ നീക്കം വഴി മലബാർ വന്യ ജീവി സങ്കേതത്തെ ഒരു കടുവാ സങ്കേതം ആക്കി മാറ്റി കൂടുതൽ പ്രദേശങ്ങൾ ബഫർ സോണാക്കി എടുത്ത് കർഷകരുടെയും സാധാരണക്കാരുടെയും ജീവിതവും ഉപജീവനവും കാർഷികവൃത്തിയും നശിപ്പിക്കാനുള്ള ശ്രമത്തെ ശക്തമായി എതിർക്കപെടണം .

വയനാട് വന്യജീവി സങ്കേതരത്തെ കടുവാ സങ്കേതം ആക്കി മാറ്റുവാൻ ഉള്ള ശ്രമത്തെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച സാഹചര്യത്തിൽ ആയതിനു പകരം വയനാട് കോഴിക്കോട് അതിർത്തിയിലുള്ള മലബാർ വന്യജീവി സങ്കേതത്തെ കടുവാ സങ്കേതം ആക്കി മാറ്റാനുള്ള ശ്രമമാണ് ഇത് .സാധാരണ വന്യജീവി സങ്കേതങ്ങളെ കാൾ കൂടുതൽ കടുത്ത നിയന്ത്രണമുള്ള കടുവാ സങ്കേതങ്ങളുടെ ബഫർ സോൺ പരിധി പോലും ഒരു കിലോമീറ്റർ നിന്ന് 10 കിലോമീറ്റർ വരെ കൂട്ടാമെന്നിരിക്കെ കടുവകൾ ഇല്ലാത്ത പ്രദേശത്ത് കടുവാ സങ്കേതവും ടൈഗർ സഫാരി പാർക്കും ആരെ സംരക്ഷിക്കാനാണ് എന്ന് മന്ത്രി വ്യക്തമാക്കണം. വന്യജീവി സംരക്ഷണത്തിന്റെയും പരിസ്ഥിതിയുടെയും മറവിൽ ടൂറിസം മാഫിയകളെ വളർത്താനുള്ള തന്ത്രം സംസ്ഥാനസർക്കാരും വനം വകുപ്പും ഉദ്യോഗസ്ഥർ വൃന്ദവും ഉപേക്ഷിക്കണം . വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കേണ്ട സർക്കാർ ജനവാസകേന്ദ്രങ്ങളും വനവും തമ്മിൽ യാതൊരു സുരക്ഷിതവേലികളും നിയന്ത്രണങ്ങളും ഇല്ലാത്ത കേരളത്തിലെ പതിനാറായിരത്തിലധികം കിലോമീറ്റർ നീളത്തിൽ വരുന്ന ജനവാസ കേന്ദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന വനാതിർത്തികളെ സുരക്ഷിതമാക്കാതെ, ജനങ്ങളെ കൊലയ്ക്ക് കൊടുക്കാൻ ഇറങ്ങരുത് എന്ന് സമിതി ആവശ്യപ്പെട്ടു. മലയോര ഹൈവേക്ക് പോലും തുരങ്കം വയ്ക്കുന്ന വിധത്തിൽ പെരുവണ്ണാമുഴി- ചെമ്പനോട അടക്കമുള്ള റോഡുകൾ അടച്ചു കെട്ടാനുള്ള നീക്കവും ടൈഗർ പാർക്കിന്റെ പിന്നിൽ ജനങ്ങൾ സംശയിക്കുന്നു. കടുവ ഇല്ലാത്ത പ്രദേശങ്ങളിൽ ടൈഗർ സഫാരി പാർക്കിന്റെ പേര് പറഞ്ഞു കടുവകളെ കെട്ടിയിറക്കി കടുവാ സങ്കേതം ആക്കി മാറ്റാനുള്ള നീക്കത്തെ ചെറുക്കണം.
         97ലക്ഷത്തോളം    ഏക്കർ വിസ്തീർണം വരുന്ന ഭൂപ്രദേശമാണ് കേരള സംസ്ഥാനം.
ഇതിൽ 28.5 ലക്ഷത്തിനടുത്ത് ഏക്കർ ഭൂമി റിസർവ് ഫോറസ്റ്റ് ആണ് .
വിവിധ വിദേശ, സ്വദേശ, കമ്പനികളുടെ കൈവശം തോട്ട വ്യവസായം നടത്തുന്നതിന് നൽകപ്പെട്ട 15 ലക്ഷം ഏക്കറിനടുത്ത് വരുന്ന ഭൂമിയും,
50 മീറ്റർ ഹൈവ്വേ മുതൽ 2 മീറ്റർ വരെ വരുന്ന പതിനായിരക്കണക്കിന് കിലോമീറ്ററുകൾ വരുന്ന റോഡുകൾ,
ആയിരക്കണക്കിന് കിലോമീറ്റർ വരുന്ന റെയിൽ പാളങ്ങൾ ,
പ്രധാനപ്പെട്ട 44 നദികളും,
നൂറ് കണക്കിന് തോടുകളും,
കനാലുകളും,
16000 ഏക്കർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇടുക്കി അണക്കെട്ട് ഉൾപ്പെടെ 62 ഓളം അണകെട്ടുകളും,
ഇതിൻ്റെയെല്ലാം പുറംമ്പോക്കുകളും,
കേന്ദ്ര, സംസ്ഥാന സർക്കാർ പൊതു മേഘലാ സ്ഥാപനങ്ങളും,
വിവിധ വകുപ്പുകളും കൂടികൈവശം വച്ചിരിക്കുന്ന ഭൂമിയുടെ അളവ് കൂട്ടുമ്പോൾ കേരളത്തിന്റെ ഏകദേശം 60 ലക്ഷം ഏക്കർ ഭൂപ്രദേശം ( മൂന്നിൽ രണ്ടു ഭാഗം ) ഗവ: അധീനതയിൽ ആണ് നിലനിൽക്കുന്നത് .
ബാക്കി വരുന്ന 37 ലക്ഷം ഏക്കറിൽ 8 ലക്ഷം ഏക്കർ പാടശേഖരം ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ള 29 ലക്ഷം ഏക്കറാണ് ഒരു ഒരു കോടിക്കടുത്ത്  വീടുകളിലായി ജീവിക്കുന്ന മൂന്നരക്കോടി ജനങ്ങൾക്ക്  താമസത്തിനും, സാമൂഹിക ജീവിതത്തിനും വേണ്ടി അവശേഷിക്കുന്നത്.
ഇതിന് ശേഷം 625 കി:മീ: ദൂരം വരുന്ന തീരദേശവും 125 കി: മി: വരുന്ന കായൽ തീരവും ചേർന്ന് 500 മീറ്റർ CRZ ആയി 2011 ൽ പ്രഖ്യാപിച്ചതിലൂടെ ഒരു ലക്ഷം ഏക്കർ നിരോധിത മേഘലയായി മാറി..
EFL കരിനിയമവും സാങ്ക്ചറികളുടെ പേരിലും പാവപ്പെട്ടവന്റെ കിടപ്പാടവും കൃഷിഭൂമിയും പിടിച്ചെടുത്ത് ഒരു ലക്ഷത്തോളം ഏക്കർ ഭൂമി ആയിരക്കണക്കിന് കർഷകരിൽനിന്ന് പിടിച്ചെടുത്തു അവരെ വഴിയാധാരമാക്കി. 2013 ൽ 123 വില്ലേജുകളിൽ കസ്തൂരി രംഗൻ്റെ വേഷത്തിൽ അവതരിച്ച ഇ എസ് എ ഡമോക്ലസി ൻ്റെ വാൾപോലെ ഇന്നും മലയോര നിവാസിയുടെ തലക്ക് മുകളിൽ  തൂങ്ങി ആടുന്നു..!

അതിനിടയിൽ സംസ്ഥാനത്ത് 23 വന്യ ജീവി സങ്കേതങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് എക്കർ ഭൂമി  ബഫർ സോൺ പ്രഖ്യാപനത്തിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. വന്യമൃഗങ്ങളെ സംരക്ഷിക്കാൻ എന്ന പേരിൽ ഇപ്പോൾ ഇതാ കടുവ ഇല്ലാത്ത പ്രദേശത്ത് ടൈഗർ സഫാരി പാർക്കുകൾ വരുന്നു. കർഷകന്റെ കൃഷിഭൂമി പിടിച്ചെടുത്തും നിസ്സാര വിലയ്ക്ക് അടിച്ചുമാറ്റിയും ഇക്കോ ടൂറിസത്തിന്റെ  മറവിൽ മനുഷ്യജീവിതം ഈ നാട്ടിൽ ദുസഹമാകുമാറ് ഈ ടൈഗർ സഫാരി പാർക്കുകളുടെ പിന്നാമ്പുറം അന്വേഷിച്ച് സത്യം വെളിയിൽ കൊണ്ടുവരണം . പതിനാറായിരത്തിലധികം കിലോമീറ്റർ നീളത്തിൽ വനാതിർത്തി പങ്കിടുന്ന  സാധാരണക്കാരന്റെ ജീവനും കിടപ്പാടവും കൃഷിയും  കൃഷിഭൂമിയും ഇപ്പോൾ തന്നെ യാതൊരുവിധ സംരക്ഷണ വേലിയുമില്ലാതെ വന്യജീവികളുടെ ദാക്ഷിണ്യത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ അവനെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്നപോലെ കടുവയുടെ മുമ്പിലേക്ക് ഇട്ടുകൊടുക്കുവാനുള്ള പുതിയ തന്ത്രമാണ് കടുവകൾ ഇറക്കുമതി ചെയ്യപ്പെടേണ്ട ഈ ടൈഗർ സഫാരി പാർക്കുകൾ.

അഞ്ച് ലക്ഷം ഭവനരഹിതരുള്ള കൊച്ചു കേരളം 3.5 കോടി ജനതയെ ഉൾകൊള്ളാൻ കഴിയാതെ പോകുന്നിടത്ത്,
ഇതുകൊണ്ടെല്ലാം ഭരണകൂടവും, ഉദ്യോഗസ്ഥ പ്രഭുത്വവും കപട പരിസ്ഥിതിവാദികളും .ഉദ്ദേശിക്കുന്നത് എന്താണെന്ന്  മനസിലാകുന്നില്ല.

വനത്തിൻ്റെ 6 ഇരട്ടി പ്രാധാന്യമുള്ള പാടങ്ങൾ 2765 ഏക്കർ കരയാക്കി മാറ്റാൻ ഈ സർക്കാർ എറണാകുളമടക്കമുള്ള പ്രദേശങ്ങളിൽ അനുമതി നൽകി. ഇത്തരത്തിൽ ടൂറിസം പോലുള്ള മനുഷ്യനെ പരിഗണിക്കാത്ത വ്യവസായങ്ങളിലൂടെ
പണം കിട്ടിയാൽ തീരുന്ന പ്രശ്നമണോ നിങ്ങൾ ഉദ്ദേശിക്കുന്ന പരിസ്ഥിതി സ്നേഹം

തലതിരിഞ്ഞ നിയമ വ്യവസ്ഥകൾ നിങ്ങൾ പാസ്സാക്കിക്കോളൂ,
പക്ഷേ ഞങ്ങൾ മനുഷ്യർ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്നും,
എങ്ങനെ കിടപ്പാടം കെട്ടണമെന്നും,
എങ്ങനെ കൃഷിപ്പണി നടത്തി ഉപജീവനം നടത്തണം എന്നും ഏറ്റവും കുറഞ്ഞത് പറഞ്ഞ് തരാൻ എങ്കിലും ഇവർക്ക് കഴിയണം.

Share News