
കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും.
മികച്ച ജോലി, സ്ഥാനക്കയറ്റം, ധനസമ്പാദനം, ആഡംബര കാര്‍, വീട് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം പേരുടെയും ജീവിതവിജയത്തിന്റെ നിര്‍വചനം. കോര്‍പറേറ്റ് ലോകത്ത് നിന്ന് നോക്കുമ്പോള്‍അതുമാത്രമായിരുന്നു വിജയവും. എന്നാല്‍ പ്രൊഫണല്‍ അംഗീകാരങ്ങള്‍ക്ക് മുകളില്‍ സ്വന്തം ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുകയാണ് യുവത്വം. കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും.
അതിനനുസരിച്ച് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ തൊഴിലിടങ്ങളും നിര്‍ബന്ധിതമായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സിസ്‌കോ നടത്തിയ സര്‍വേയാണ് ഇത് സംബന്ധിച്ച് ദീര്‍ഘദര്‍ശിയായ ഒരു ഉള്‍ക്കാഴ്ച നല്‍കിയത്. 3800 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയില്‍ 81 ശതമാനത്തോളം പേരും ജോലിക്കാര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തങ്ങളുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണെന്ന് കണ്ടെത്തി. കൂടുതല്‍ അവധി ദിനങ്ങള്‍, ഓഫിസ് ബോണസ്സുകള്‍, ഹൈബ്രിഡ് റോളുകള്‍, ശമ്പള വര്‍ധനവ് തുടങ്ങി ജീവനക്കാരുടെ പ്രീതി പിടിച്ചുപറ്റുന്ന തരത്തിലേക്ക് തൊഴില്‍ അന്തരീക്ഷം മാറ്റുകയാണ് പലരും.
മാറ്റത്തിന് ഇതാണ് കാരണം
ഹോബികള്‍, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുക, സെല്‍ഫ് കെയര്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നതിനായി ആളുകള്‍ സ്വയം വര്‍ക്ക് ലൈഫ് ബാലന്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിലേക്ക് എത്തിത്തുടങ്ങി. ടാര്‍ഗെറ്റുകള്‍ കൂട്ടിമുട്ടിക്കുന്നതും ഇഎംഐ അടച്ചുതീര്‍ക്കുന്നതും മാത്രമല്ല ജീവിതമെന്ന് സ്വയം തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി പ്രമൊഷനേക്കാള്‍ സമാധനത്തിന് അവര്‍ മുന്‍തൂക്കം നല്‍കിത്തുടങ്ങി.
സമ്മര്‍ദം കുറവുള്ള ജോലികളാണ് ഇന്ന് പലരും തിരഞ്ഞെടുക്കുന്നത്. സ്ഥിരതയും സമ്മര്‍ദം കുറവും ഉള്ള ജോലിയാണെങ്കില്‍ ശമ്പളം അല്‍പം കുറഞ്ഞാലെന്താ മനസമാധാനത്തോടെ ജീവിക്കാമല്ലോ എന്നതാണ് എല്ലാവരുടെയും രീതി. അതുപോലെ ശമ്പളം കുറഞ്ഞാലും സംതൃപ്തി നല്‍കുന്ന ജോലിയാണ് ഏവര്‍ക്കും വേണ്ടത്.
മറ്റുള്ളവര്‍ക്ക് കീഴില്‍ ഡെഡ്‌ലൈനോട് മത്സരിച്ച് ജോലി ചെയ്ത് വഴക്കുവാങ്ങി ജീവിതം തീര്‍ക്കുന്നതിനേക്കാള്‍ സ്വന്തമായി ആരംഭിക്കുന്ന സംരഭത്തില്‍ മുതലാളിയും തൊഴിലാളിയുമാകാന്‍ മടിക്കാത്തവരാണ് ഇന്നത്തെ തലമുറ.മാസശമ്പളം നല്‍കുന്ന സുരക്ഷിതത്വത്തിന് അപ്പുറത്ത് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ അവര്‍ക്ക് മടിയില്ല.
യാത്രക്കും മറ്റുമായി സമയം കണ്ടെത്താനായി റിമോട്ട് ജോലി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതലും. ഇത് ജോലി സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. മറ്റെന്തിങ്കിലും പഠിക്കണമെങ്കില്‍ അതും ആകാം. കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ധാരാളം സമയവും ലഭിക്കും.