
രണ്ടാം പിണറായി സർക്കാർ കൊച്ചിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന ദേ ഈ ഫോട്ടോയിൽ കാണുന്ന മനുഷ്യനാണെന്ന് നിസംശയം പറയാം.
ഒന്നാം പിണറായി സർക്കാർ മെട്രോനഗരത്തിന് നൽകിയ സംഭാവനകളിൽ പ്രധാനം വൈറ്റില , കുണ്ടന്നൂർ , പാലാരിവട്ടം ഫ്ലൈഓവറുകൾ , പേട്ട വരെയുള്ള മെട്രോ ലൈൻ എന്നിവയൊക്കെയായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ കൊച്ചിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന ദേ ഈ ഫോട്ടോയിൽ കാണുന്ന മനുഷ്യനാണെന്ന് നിസംശയം പറയാം.
കാരണം ഈ നഗരത്തിലെ ഏറ്റവും വലിയ വികസനവാദികൾ പോലും സ്വപ്നം കാണാത്ത അല്ലെങ്കിൽ കണ്ടിട്ടില്ലാത്ത പദ്ധതികളാണ് ബഹു.വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. P രാജീവ് ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ! അതും കേവലം 2.5 വർഷത്തെ പ്രവർത്തനം കൊണ്ട് !
അതിൽ ഏറ്റവും പുതിയതാണ് ഇന്നത്തെ വലിയ വാർത്തയായ കളമശേരിയിൽ ഉയരാൻ പോകുന്ന 27 ഏക്കറിലെ ജുഡിഷ്യൽ സിറ്റി ! ഹൈക്കോടതി ഉൾപ്പെടെ 60 കോടതികളുടെ കോംപ്ലക്സും ലോ അക്കാദമിയും ഓഫീസ് കോംപ്ലക്സുകളുമുൾപ്പടെ ഏഷ്യയിലെ ഏറ്റവും വലിയ ജുഡിഷ്യൽ സിറ്റി യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമായി. നിയമവകുപ്പ് ലഭിച്ചാൽ അതിനെ ഏത് ലെവൽ വരെ കൊണ്ടുപോകാൻ പറ്റുമെന്ന് തെളിയിച്ച “രാജീവ് മാജിക്ക് ” !
ഇന്ന് ബഹു.മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത കാക്കനാട് കിൻഫ്ര പാർക്കിലെ അന്താരാഷ്ട്ര എക്സിബിഷൻ – കൺവൻഷൻ സെൻ്റർ കൊച്ചിക്ക് ലഭിച്ച മറ്റൊരു സർപ്രൈസ് പദ്ധതിയായിരുന്നു. മന്ത്രിസ്ഥാനമേറ്റെടുത്ത് ഏതാനും മാസങ്ങൾക്ക് ശേഷം ശ്രീ. രാജീവ് 150 കോടിയുടെ ഈ മെഗാ പദ്ധതി പ്രഖ്യാപിച്ചപ്പോൾ കേവലം 2.5 വർഷം കൊണ്ട് അതിൻ്റെ Phase l ഉത്ഘാടനം ചെയ്യുമെന്ന് സത്യത്തിൽ ആരും പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം ! കാരണം കേരളത്തിൽ ഒരു പദ്ധതി പൂർത്തിയാക്കാൻ സാധാരണ വേണ്ട സമയത്തെ പറ്റി നമുക്ക് തന്നെ ധാരണയുണ്ടല്ലോ ! Phase 2 ൻ്റെ ഭാഗമായ കൺവൻഷൻ സെൻ്ററും വേഗം പൂർത്തിയാകുമെന്ന് പ്രത്യാശിക്കുന്നു.
ഇതിനൊപ്പം തന്നെ അദ്ദേഹത്തിൻ്റെ വ്യവസായ വകുപ്പിന് കീഴിലുള്ള 500 ഏക്കറിലെ പെട്രോകെമിക്കൽ പാർക്ക് , കാക്കനാട്ടെ ഇലക്ട്രോണിക്ക് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റർ എന്നിവയുടെ നിർമ്മാണവും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
വാട്ടർ മെട്രോ യാഥാർത്ഥ്യമാക്കിയതിലും ഇന്ത്യയിലെ ആദ്യത്തെ ഗ്രഫീൻ ഇന്നൊവേഷൻ സെൻ്റർ കളമശേരിയിൽ സ്ഥാപിക്കുന്നതിലും എറണാകുളം KSRTC സ്റ്റാൻഡ് നിന്നിടത്ത് പുതിയ മൊബിലിറ്റി ഹബ്ബ് നടപ്പാക്കുന്നതിലും മുടങ്ങിക്കിടന്ന കൊച്ചി ക്യാൻസർ സെൻ്റർ പൂർത്തീകരണ ഘട്ടത്തിലെത്തിച്ചതിലും അദ്ദേഹത്തിൻ്റെ പങ്ക് വളരെ വലുത് തന്നെയാണ്.
എല്ലാത്തിലുമുപരി ലോക പ്രശസ്ത അമേരിക്കൻ ടെക് ഭീമനായ IBM നെ കൊച്ചിയിലെത്തിച്ചതിലും നിരന്തരമായ നീക്കങ്ങളിലൂടെ 3000 പ്രൊഫഷണലുകൾ വർക്ക് ചെയ്യുന്ന Al ഹബ്ബായി ഉയർത്തുന്നതിലും ശ്രീ.രാജീവ് വഹിച്ച പങ്ക് നാമെല്ലാം നേരിട്ട് തന്നെ കണ്ടതാണ്.
അദ്ദേഹത്തിന് ലഭിച്ച വകുപ്പുകൾ കൊണ്ട് എങ്ങനെയൊക്കെ മെട്രോനഗരത്തെ മികച്ചതാക്കാൻ പറ്റുമോ അങ്ങനെയൊക്കെ ശ്രമിക്കുന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണം സത്യത്തിൽ ഇതൊന്നുമല്ല ! പൊതുവെ അപ്രസക്തമെന്ന് കരുതപ്പെടുന്ന കൈത്തറി വകുപ്പ് ശ്രീ. P രാജീവിനാണ് ലഭിച്ചതെങ്കിൽ അതുകൊണ്ടും കൊച്ചിക്ക് എന്ത് നൽകാൻ പറ്റുമെന്ന് ശ്രമിച്ചതിൻ്റെ റിസർട്ടാണ് പറവൂരിൽ ഒരുങ്ങുന്ന 10 കോടിയുടെ ചേന്ദമംഗലം ക്രാഫ്റ്റ് വില്ലേജ് ! കൈത്തറി വ്യവസായത്തിൻ്റെ നവീകരണത്തിനൊപ്പം ടൂറിസവും മുന്നിൽ കണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു മികച്ച പദ്ധതി.
അങ്കമാലിയിലെ 360 ഏക്കറിലെ ഗിഫ്റ്റ് സിറ്റി, ഏലൂരിലെ സയൻസ് പാർക്ക് , കിൻഫ്ര TCS ക്യാമ്പസ് , കൊച്ചി മാരീടൈം ക്ലസ്റ്റർ… ഈ പദ്ധതികളൊക്കെ നടപ്പായി കാണുമെന്ന് ഞങ്ങൾ സാധാരണക്കാർ 100% വിശ്വസിക്കുന്നതിൻ്റെ കാരണവും ബഹു.വ്യവസായ വകുപ്പ് മന്ത്രി ശ്രീ.രാജീവാണ് ഇതൊക്കെ പ്രഖ്യാപിച്ചതെന്നത് കൊണ്ട് തന്നെയാണ്.
അദ്ദേഹത്തിൻ്റെ അവശേഷിക്കുന്ന 2.5 വർഷം ഇതിലും മികച്ചതാകട്ടെ ; ഗൂഗിൾ , ആമസോൺ , മൈക്രോസോഫ്റ്റ്, ഫ്ലിപ്പ്കാർട്ട് പോലെയുള്ള മുൻനിര കമ്പനികളെ കൊച്ചിയിലേക്കെത്തിക്കാൻ നമ്മുടെ പ്രിയപ്പെട്ട മന്ത്രിക്ക് കഴിയട്ടെ. മെട്രോനഗരത്തിൽ നിന്ന് കേരളത്തിനൊരു മുഖ്യമന്ത്രിയെന്ന മലയാളികളുടെ ചിരകാല സ്വപ്നം ശ്രീ. P രാജീവിലൂടെ നടപ്പാകുമെന്ന് തന്നെ പ്രത്യാശിക്കാം.
അവസാനമായി ഒരു ചെറിയ അഭ്യർത്ഥന കൂടി സർ ; ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റുന്നതോടെ ഫ്രീ ആകുന്ന നിലവിലെ ഹൈക്കോടതി സമുച്ചയത്തിൽ കേരളത്തിൻ്റെ വ്യവസായ – സാമ്പത്തിക – IT – ജുഡിഷ്യൽ – സിനിമ തലസ്ഥാനമായ കൊച്ചിയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായ – വാണിജ്യ വകുപ്പ് , നിയമ വകുപ്പ് , സിനിമ – സാംസ്കാരിക വകുപ്പ് , IT വകുപ്പ് , മെട്രോ വകുപ്പ് , ജലഗതാഗത വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്നിവ മാറ്റി സ്ഥാപിച്ച് കൊണ്ട് ഒരു മിനി സെക്രട്ടേറിയറ്റ് അനക്സ് സ്ഥാപിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.
ED, NIA, CBI, NARCOTICS CONTROL BUREAU, CUSTOMS, INCOME TAX തുടങ്ങിയ സുപ്രധാന കേന്ദ്രസർക്കാർ ഏജൻസികളുടെ സോണൽ ആസ്ഥാനം സ്ഥാപിച്ച് കേന്ദ്രസർക്കാർ കൊച്ചിക്ക് നൽകുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് കൊണ്ട് എത്രയും വേഗം ഇവിടെയൊരു മിനി സെക്രട്ടേറിയറ്റ് അനക്സ് സംസ്ഥാന സർക്കാരും സ്ഥാപിക്കുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്.
താങ്കളുടെ പ്രവർത്തനങ്ങൾക്ക് നന്ദി.
ഒപ്പം എല്ലാ പിന്തുണയും.
Kochi Next