
കുറച്ച് കാലത്തിന് ശേഷം എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയില്‍ കളക്ടറായി വന്നപ്പോള്‍ എനിക്ക് ഉണ്ടായത്.
കുറച്ച് കാലത്തിന് ശേഷം എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയില്‍ കളക്ടറായി വന്നപ്പോള്‍ എനിക്ക് ഉണ്ടായത്. ഇന്ന് ഞാന്‍ ഇവിടെ എത്തിയിട്ട് ആറ് മാസം പൂര്‍ത്തിയായി. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരുപാട് സംതൃപ്തിയുണ്ട്. ആലപ്പുഴയില്‍ രണ്ട് വര്‍ഷക്കാലം സബ് കളക്ടറായി ജോലി ചെയ്തത് കൊണ്ടു തന്നെ കളക്ടറായി എത്തുമ്പോഴേക്കും ആലപ്പുഴക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അതൊക്കെയായും അതിവേഗം നടത്തിക്കൊടുക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
ഓരോ പദ്ധതിക്കും പ്രത്യേകം പ്രാധാന്യമാണ് നൽകിയിരുന്നത്. എന്നാൽ ഇതിൽ ഏറ്റവും പ്രാധാന്യം നൽകിയത് കോവിഡ് കാലത്ത് അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായിരുന്നു. പ്രത്യേകമായി നടത്തിയ അന്വേഷണത്തില്‍ കോവിഡ് കാലത്ത് മാതാപിതാക്കളില്‍ ഒരാളെയോ രണ്ടു പേരെയോ നഷ്ടമായ 293 കുട്ടികൾ നമ്മുടെ ജില്ലയില്‍ ഉണ്ടെന്ന് മനസിലായി. സർക്കാർ സഹായങ്ങൾക്ക് പുറമെയായി ഈ മക്കളെയൊക്കെ സംരക്ഷിക്കണം. ഇതിനായി ഒരുപാട് കഠിനാധ്വാനം ചെയ്തു. ആറ് മാസങ്ങള്‍ക്ക് ശേഷം ഇന്ന് അവരില്‍ ഭുരിഭാഗം പേർക്കും അവരുടെ പഠനം പൂർത്തിയാകുന്നത് വരെയുള്ള മുഴുവൻ ചെലവും ഏറ്റെടുക്കാനുള്ള സ്പോൺസർമാരെ കണ്ടെത്തി നൽകിയിട്ടുണ്ട്.
തീർച്ചയായും അങ്ങ് എല്ലാവരുടെയും സഹായം കൊണ്ട് മാത്രമാണ് ഇതെല്ലം നമുക്ക് സാധ്യമായത്. ഇതുകൊണ്ടാണ് കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിൽ രാജ്യത്തിന് തന്നെ ആലപ്പുഴ ജില്ല മാതൃക ആയതും. ഈ 293 പേരിൽ ഇന്ന് ഒരു കുട്ടിയുടെ പോലും പഠനം മുടങ്ങിയിട്ടില്ല. ഈ മക്കൾ എല്ലാവരും നന്നായി പഠിച്ച് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ മുന്നേറുമെന്ന് എനിക്ക് ഉറപ്പാണ്. നമ്മുടെ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും ഈ മക്കൾക്ക് ഉണ്ടാകണം.

ആലപ്പുഴയിലെ കുട്ടികളൊക്കെ ഓരോ ദിവസവും എന്നെ വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണ്.
വലിയ മനസുള്ള ഈ മക്കൾ കാരണം ഇന്നത്തെ ദിവസം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായി.
ഒരിക്കലും എനിക്ക് ഈ ദിവസം മറക്കാനാവില്ല. അത്ര വലിയ മാതൃകയല്ലേ നമ്മുടെ ജില്ലയിലെ കുഞ്ഞു മക്കൾ ഇന്ന് വരച്ചു കാട്ടിയത്. ഇന്ന് രാവിലെ സ്കൂളിലേക്ക് വന്ന മക്കളെല്ലാം അവരുടെ കുഞ്ഞ് കൈകൾ നിറയെ ഭക്ഷ്യധാന്യ പാക്കറ്റുകളുമായാണ് എത്തിയത്.
രാജ്യത്തിന് തന്നെ മാതൃകയാവുന്ന പുതിയൊരു ചരിത്രമാണ് ഈ മക്കളും അവരുടെ മാതാപിതാക്കളും അധ്യാപകരും ചേർന്ന് ഇന്ന് തുടക്കമിട്ടത്. നമ്മുടെ ജില്ലയിലെ അതിദരിദ്രരായ മുഴുവൻ കുടുംബങ്ങളേയും സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഈ കൊച്ചു മക്കൾ ഏറ്റെടുത്തിരിക്കുന്നത്.
അതിദരിദ്രരെ സഹായിക്കുന്നതിനായി ആരംഭിച്ച “ഒരുപിടി നന്മ- ചിൽഡ്രൻ ഫോർ ആലപ്പി” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മക്കൾ ഇന്ന് സ്കൂളിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി എത്തിയത്.
കുഞ്ഞ് മക്കളുടെ ഈ പദ്ധതിക്ക് പുറമേ വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന വിവിധ പദ്ധതികൾ വഴി വളരെ കുറഞ്ഞ നാളുകൊണ്ട് തന്നെ നമ്മുടെ ജില്ല അതിദാരിദ്ര്യ മുക്തമായി രാജ്യത്തിന് തന്നെ മാതൃകയാകും എന്നതിൽ സംശയമില്ല. തീർച്ചയായും കേരളത്തിൽ ഒഴികെ മറ്റൊരു സ്ഥലത്തും ഇത്തരമൊരു പ്രവൃത്തി നടപ്പാക്കാനാവില്ല.
കാരണം ഇവിടെ മാത്രമാണ് ഇത്രയധികം സാമൂഹിക പ്രതിബദ്ധതയുള്ള മക്കളും മാതാപിതാക്കളും അധ്യാപകരും ഉള്ളത്. എനിക്ക് ഏറെ പ്രിയപ്പെട്ട നിങ്ങൾ എല്ലാവർക്കും എൻറെ ആശംസകൾ.

District Collector Alappuzha