കടം വാങ്ങുന്നതും ലോൺ എടുക്കുന്നതും എപ്പോഴാണ്?

Share News

പലരും ജീവിതത്തിൽ തകർന്നു പോകുന്നത് കടം കയറുമ്പോഴാണ് .

കടം വാങ്ങുന്നതും ലോൺ എടുക്കുന്നതും എപ്പോഴാണ്?

നിവൃത്തിയില്ലാതെ വരുമ്പോൾ.

നിവൃത്തിയില്ലാതെ വരുന്നതെപ്പോൾ ?

ഒന്നുകിൽ നമ്മളായി സൃഷ്ടിച്ച ചില സാഹചര്യങ്ങളിൽ.

അല്ലെങ്കിൽ നമ്മളുടെ കുറ്റം കൊണ്ടല്ലാതെ വന്നുചേർന്ന ചില സാഹചര്യങ്ങളിൽ.

ഇതിൽ സാഹചര്യം ഏതുതന്നെയായാലും കടം വാങ്ങുമ്പോഴും ലോൺ എടുക്കുമ്പോഴും നാം ആലോചിക്കേണ്ട ഒരു കാര്യമുണ്ട്.

അത് ഒരു സമയപരിധിക്കുള്ളിൽ തിരിച്ചു കൊടുക്കാൻ കഴിയുമോ എന്നുള്ളത് തന്നെ.

പലപ്പോഴും നാം അത് ചിന്തിക്കുന്നില്ല.

തൽക്കാലത്തെ പ്രതിസന്ധി മറികടക്കണം അല്ലെങ്കിൽ നമ്മുടെ ലക്ഷ്യം സാധിക്കണം എന്നു മാത്രമേ നമുക്ക് ആ നിമിഷം മനസ്സിൽ ഉണ്ടായിരിക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ വ്യക്തികളിൽ നിന്ന് കടം മേടിക്കുമ്പോൾ ആ പൈസ സമയപരിധിക്കുള്ളിൽ തിരിച്ചു കൊടുത്തില്ലെങ്കിൽ അവർക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കാത്ത വിധം നാം മനുഷ്യത്വം ഇല്ലാത്തവരായി മാറുന്നു!

പലിശക്കാരുടെ കാര്യമല്ല പറഞ്ഞത്.

നമ്മളോടുള്ള വിശ്വാസം കൊണ്ട് കടം തരുന്നവരെക്കുറിച്ചാണ്.

കടം വാങ്ങി കുറച്ചു കഴിയുമ്പോൾ സ്നേഹത്തോടെ അത് തന്നവരെ നമ്മൾ മറക്കുന്നു.

അവരെ കണ്ടാൽ ഒഴിഞ്ഞു മാറുന്നു.

അവരുടെ ഫോൺ എടുക്കാതെയാകുന്നു.

നേരിട്ട് ചെന്നുപെട്ടാൽ , ” കടം വാങ്ങിച്ചു പോയി.തിരിച്ച് തരുമല്ലോ.എന്തിനിങ്ങനെ മനുഷ്യനെ ദ്രോഹിക്കുന്നു ? ” എന്ന് തിരികെ ചോദിച്ച് അവരെ കുറ്റക്കാരാക്കും!

ഇതാണ് മനുഷ്യൻ !

ബാങ്ക് ലോണിന്റെ കാര്യത്തിൽ, ദീർഘനാൾ അടവ് ഇല്ലാതെ വരുമ്പോൾ നോട്ടീസുകൾ കുന്നു കൂടുന്നു, ഒടുവിൽ ജപ്തിയാവുന്നു.

ജപ്തിയാകുന്ന നേരം ചിലർ ബാങ്കിനെ കുറ്റക്കാരാക്കി മാധ്യമങ്ങളിൽ ഇരവാദവുമായി സഹതാപം തേടി നിറയും!

ചിലർ ആത്മഹത്യ ചെയ്യും!

ചിലർ പെരുവഴിയിലേക്ക് ഇറങ്ങും.

അപ്പോൾ നമ്മുടെ പ്രശ്നം എന്താണ് ?

ഒരു സമയപരിധിയിൽ തിരിച്ചു നൽകാൻ കഴിയില്ല എന്ന ഉത്തമ വിശ്വാസം ഉണ്ടെങ്കിൽ ഒരിക്കലും കടത്തിനും ലോണിനും പോകരുത്.

അത് കേവലം താൽക്കാലിക ആശ്വാസവും ദീർഘകാല വേദനയുമാണ്.

ഒരു വീട് എന്ന സങ്കല്പം യാഥാർത്ഥ്യമാക്കാൻ ലോൺ എടുക്കുമ്പോൾ ഒരിക്കലും നമുക്കത് അടച്ചു തീർക്കാൻ കഴിയില്ല എന്ന ബോധ്യം ഉണ്ടെങ്കിൽ ഒരിക്കലും ലോണിന് പോകരുത്.

വാടകവീട്ടിൽത്തന്നെ കഴിയുക.

അവിടെ വാടകവീടുകളിൽ നിന്നുള്ള ആശ്വാസം തന്നെയാവും ഏറ്റവും വലുത്.

ആഗ്രഹങ്ങൾക്കനുസരിച്ച് കുട്ടികളെ പഠിപ്പിക്കാൻ കടം വാങ്ങുമ്പോഴും ലോൺ എടുക്കുമ്പോഴും ഇതുതന്നെ ഓർക്കണം.

പറ്റിയില്ലെങ്കിൽ , പറ്റുന്ന വിധത്തിലുള്ള വിദ്യാഭ്യാസമേ അവർക്ക് നമ്മൾ ആഗ്രഹിക്കാവൂ.

നമുക്ക് പറ്റാത്തത് എത്തിപ്പിടിക്കാൻ ദീർഘകാല വേദനയെ കൂട്ടുപിടിക്കരുത്.

അതിഗുരുതരമായ രോഗാവസ്ഥകളിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് വ്യത്യസ്തമാകുന്നത്.

അവിടെ അതറിഞ്ഞു കടം തരുന്നവർ തിരികെ ചോദിച്ചു എന്ന് വരില്ല.

അല്ലെങ്കിൽ നമുക്ക് ഭേദമാകുമ്പോൾ അത് വീട്ടാൻ നോക്കണം.

നമ്മുടെ പ്രധാന പ്രശ്നം എല്ലാ ജോലികളും ചെയ്യാൻ നമ്മൾ തയ്യാറല്ല എന്നതാണ്.

ഇറച്ചി വെട്ടുന്നതും അച്ചാർ ഉണ്ടാക്കി വിൽക്കുന്നതും തയ്യൽ ജോലിയും മരപ്പണിയും അങ്ങനെ പലതും ചിലർ മാത്രമേ ചെയ്യാവൂ എന്ന് നമ്മൾ ധരിച്ചുവശാകുന്നു.

നമ്മുടെ ജാതിബോധം, മതബോധം, സമുദായബോധം ഇതൊക്കെത്തന്നെ ദുരഭിമാനത്തിന്റെ നാറുന്ന ചട്ടക്കൂട്ടിൽ നമ്മെ ബന്ധിച്ചിട്ടിരിക്കുന്നു!

അതുകൊണ്ടോ ?

പല പണികളും ചെയ്യാൻ നമ്മളില്ലാതെ വരുമ്പോൾ ആസാമിൽ നിന്നും ബംഗാളിൽ നിന്നുമൊക്കെ ആൾക്കാർ അതൊക്കെ ചെയ്യാൻ എത്തുന്നു !

നമുക്ക് കമ്മീഷൻ ഏജൻറുമാരുടെ ജോലിയാണ് ഏറെ പഥ്യം.

സാക്ഷരനാണ് എന്ന അതിബോധവും നമ്പർവൺ ആണ് എന്ന മിഥ്യാ ബോധവും ഒക്കെയാണ് നമ്മളെ വഴിതെറ്റിക്കുന്നത്, കടക്കാരാക്കുന്നത്.

നമ്മൾ മാറിയില്ലെങ്കിൽ, നാളെ തൊഴിലും വരുമാനവും ഇല്ലാതെ നമ്മൾ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള നമ്മുടെ കൂടെപ്പിറപ്പുകളെക്കൊണ്ട് ഇനിയും ഇവിടം നിറയും.

നമ്മൾ കലാപ ചിന്തകളിലേക്ക് പോലും പോയേക്കാം !

പാടില്ല, മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരു തൊഴിലിനും അയിത്തം ഇല്ല.

ഒരു കച്ചവടത്തിനും അയിത്തം വേണ്ട.

സമസ്ത മേഖലകളിലും അദ്ധ്വാനിച്ച് വരുമാനം ഉണ്ടാക്കുന്ന മലയാളികളുടെ കേരളമാകട്ടെ നാളത്തെ കേരളം.

കടം വാങ്ങാതിരിക്കുക.

തിരികെ കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം ലോൺ എടുക്കുക.

💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙

പ്രശാന്ത് വാസുദേവ്

മുൻ ഡപ്യൂട്ടി ഡയറക്ടർ

കേരള ടൂറിസം വകുപ്പ് &

ടൂറിസം കൺസൾട്ടന്റ്.

Share News