
കാടിറങ്ങുന്ന കടുവ|പരിഹരിക്കപ്പെടേണ്ട ആശങ്കകൾ| കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയം അതീവ ഗൗരവമായെടുക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും വേണം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട് ജില്ലയിലെ പുതുശേരിയിലുണ്ടായ കടുവ ആക്രമണവും കർഷകന്റെ മരണവും കേരളക്കരയെ നടുക്കുകയുണ്ടായി. ചില വർഷങ്ങൾക്കുള്ളിൽ അരഡസനോളം മരണങ്ങൾ വയനാട്ടിൽ കടുവ ആക്രമണത്തെ തുടർന്ന് ഉണ്ടായിട്ടുണ്ടെങ്കിലും പുതുശേരിയിലെ സംഭവം അതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഒരിക്കലും അത്തരമൊരു വന്യമൃഗ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഭാഗമായിരുന്നില്ല അത് എന്നുള്ളതാണ് പ്രധാന കാരണം. ഒരു തികഞ്ഞ ജനവാസ, കാർഷിക മേഖലയാണ് ആ പ്രദേശം. വന്യജീവികളുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്ന ഭാഗങ്ങളിൽനിന്ന് ചുരുങ്ങിയത് പതിനഞ്ച് കിലോമീറ്റർ എങ്കിലും അകലമുണ്ട് പുതുശേരിയിൽ കടുവ ആക്രമണമുണ്ടായ സ്ഥലത്തിന്. അതിലുമേറെ ദൂരമുണ്ട് അവിടെനിന്ന് ഏറ്റവുമടുത്ത വനമേഖലയിലേയ്ക്ക്. ഇക്കാരണങ്ങളാൽ ആ കടുവ ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു.

വാസ്തവത്തിൽ കടുവകൾ മനുഷ്യനെയോ വളർത്ത് മൃഗങ്ങളെയോ ആക്രമിക്കുന്ന സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. മുൻകാലങ്ങളിലോ, മറ്റു ദേശങ്ങളിലോ ഏറെ കേട്ടിട്ടില്ലാത്ത സംഭവം. എന്നാൽ, ചുരുങ്ങിയ ചില വർഷങ്ങൾക്കുള്ളിൽ മാത്രം വയനാട്ടിൽ കടുവകളുടെ ആക്രമണത്താൽ കൊല്ലപ്പെട്ടവർ പലരുണ്ട്. തന്റെ ഇരട്ടി ഭാരമുള്ള ജീവികളെ നിഷ്പ്രയാസം വേട്ടയാടി പിടിക്കാൻ കഴിയുന്ന കടുവ താരതമ്യേന ദുർബ്ബല ജീവികളെയോ, കെട്ടിയിട്ട വളർത്തുമൃഗങ്ങളെയോ മനുഷ്യരെയോ സാധാരണഗതിയിൽ ഇരയാക്കുകയില്ല. ഫോറസ്റ്റിൽനിന്ന് ഇരതേടാൻ തീർത്തും കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് അപ്രകാരമുണ്ടാവുക. അങ്ങനെ സംഭവിക്കാൻ ചില കാരണങ്ങളുണ്ട്. വനത്തിൽ ഇരതേടാൻ കഴിയാത്ത വിധത്തിൽ പ്രായമോ രോഗമോ കൊണ്ടുള്ള അവശത, എണ്ണക്കൂടുതൽ മൂലം ആവാസ വ്യവസ്ഥിതിയുടെ (territory) വിസ്തൃതി തീർത്തും ചുരുങ്ങുന്നത് എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് കടുവകൾ കാടുവിട്ട് വെളിയിൽ ഇറങ്ങുന്നത്.
കടുവയുടെ ആവാസ വ്യവസ്ഥിതി (Tiger territory)
മറ്റ് ജീവിവർഗ്ഗങ്ങളേക്കാൾ പലകാരണങ്ങൾക്കൊണ്ടും വ്യത്യസ്തരാണ് കടുവകൾ. സ്വഭാവങ്ങൾക്കൊണ്ടും രീതികൾക്കൊണ്ടും അവ വേറിട്ട് നിൽക്കുന്നു. സാധാരണഗതിയിൽ വനത്തിലെ കടുവകൾ കൂട്ടമായി സഞ്ചരിക്കാറോ, ഇരതേടാറോ, ജീവിക്കാറോ ഇല്ല. ഇണചേരുന്ന അവസരങ്ങളിലും, കുഞ്ഞുങ്ങളുള്ളപ്പോഴും മാത്രമാണ് ഒന്നിൽ കൂടുതൽ കടുവകൾ ഒരുമിച്ച് കാണപ്പെടുക. പ്രായപൂർത്തിയായ ആൺകടുവയ്ക്കും പെൺകടുവയ്ക്കും സ്വന്തമായ ആവാസ വ്യവസ്ഥിതി (Tiger territory) ഉണ്ടായിരിക്കും. വയനാട് വന്യജീവിസങ്കേതം ഒഴികെയുള്ള ഇന്ത്യയിലെ മറ്റെല്ലാ വനങ്ങളിലെയും സാഹചര്യങ്ങൾ അനുസരിച്ച് പെൺകടുവയുടെ ടെറിട്ടറി ശരാശരി പത്തു മുതൽ ഇരുപത് ചതുരശ്ര കിലോമീറ്റർ വരെയാണ്. ആൺകടുവകളുടേത് അമ്പത് മുതൽ നൂറ് ചതുരശ്ര കിലോമീറ്റർ വരെയും. അവിശ്വസനീയമായി തോന്നാമെങ്കിലും മറ്റു ചില രാജ്യങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് 1500 മുതൽ 4000 ചതുരശ്ര കിലോമീറ്റർ വരെ ടെറിട്ടറി കടുവകൾ സൂക്ഷിക്കാറുണ്ട്. സാധാരണഗതിയിൽ ഒരു കടുവയുടെ ടെറിട്ടറിയിൽ മറ്റൊന്ന് പ്രവേശിക്കുകയില്ല. അതേസമയം “ടെറിട്ടോറിയൽ ഫൈറ്റുകൾ” (സ്വന്തം ആവാസവ്യവസ്ഥിതിയുടെ വിസ്തൃതി സംരക്ഷിക്കാനുള്ള സംഘട്ടനം) കടുവകൾക്കിടയിൽ ഉണ്ടാകാറുണ്ട്. ടൈഗർ ടെറിട്ടറി എന്നാൽ കടുവയുടെ ഭവനം ആണ് എന്നാണ് വിദഗ്ദർ വിശേഷിപ്പിക്കുന്നത്.
കേരളത്തിലെ മൂന്ന് വന്യജീവി സങ്കേതങ്ങളിലാണ് കടുവകളുള്ളത്. ഇടുക്കി ജില്ലയിലെ പെരിയാർ വന്യജീവി സങ്കേതം – 925 ചതുരശ്ര കിലോമീറ്റർ; പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വന്യജീവി സങ്കേതം – 643 ചതുരശ്ര കിലോമീറ്റർ; വയനാട് വന്യജീവി സങ്കേതം – 344 ചതുരശ്ര കിലോമീറ്റർ. അഞ്ചുവർഷം മുമ്പുള്ള (2018) കണക്കുകൾപ്രകാരം ഈ മൂന്ന് വന്യജീവി സങ്കേതങ്ങളിലുമായി 190 കടുവകളാണ് ഉള്ളത്. അതിൽ 154 കടുവകളും വയനാട് വന്യജീവി സങ്കേതത്തിലാണുള്ളത്. എന്നാൽ, ചുരുങ്ങിയ എണ്ണം കടുവകൾ മാത്രമുള്ള പെരിയാർ, പറമ്പിക്കുളം എന്നീ വന്യജീവി സങ്കേതങ്ങളാണ് കേരളത്തിലെ ടൈഗർ റിസർവ് ഫോറസ്റ്റുകൾ എന്നുള്ളതാണ് കൗതുകകരമായ വസ്തുത. ഇരുപത് മുതൽ നൂറുവരെ ചതുരശ്ര കിലോമീറ്റർ ടെറിട്ടറി സൂക്ഷിക്കുന്ന ഇന്ത്യൻ കടുവകൾക്ക് വയനാട് വന്യജീവി സങ്കേതത്തിൽ ലഭ്യമാകുന്നത് ശരാശരി 2.23 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അതായത്, ആ വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ 30 – 40 മടങ്ങ് അധികം കടുവകൾ അവിടെ ജീവിക്കുന്നു. വാസ്തവത്തിൽ ഇത്രയും കടുവകൾക്ക് ജീവിക്കാൻ വയനാട് ജില്ലയുടെ മുഴുവൻ പ്രദേശങ്ങളും പോലും അപര്യാപ്തമാണ്.
ടെറിട്ടറി ചുരുങ്ങുന്നതുകൊണ്ട് സംഭവിക്കുന്നത്
ടെറിട്ടറി ചുരുങ്ങുക എന്നാൽ, ഇരതേടാനുള്ള സാദ്ധ്യതകൾ കുറയുന്നു എന്നാണ് അർത്ഥം. പൂർണ്ണ ആരോഗ്യവാനായ ഒരു കടുവയെ സംബന്ധിച്ച് ഒരു പരിധിവരെ അതിജീവനം സാധ്യമാണെങ്കിലും ആരോഗ്യം ശോഷിക്കുന്നതിനനുസരിച്ച് ഇരതേടൽ കൂടുതൽ ശ്രമകരമായി മാറുന്നു. ഒരു കടുവയുടെ ടെറിട്ടറി സംരക്ഷിക്കപ്പെടുന്നത് ആ കടുവയുടെ ആരോഗ്യവും കഴിവും കൊണ്ടുകൂടിയാണ്. അംഗസംഖ്യ കൂടുതലുള്ള ഒരു വനമേഖലയിൽ ദുർബ്ബലനായ ഒരു കടുവയ്ക്ക് തന്റെ ടെറിട്ടറി സ്ഥിരമായും പര്യാപ്തമായും സൂക്ഷിക്കാൻ കഴിയില്ല. കൂടുതൽ ശക്തനായ കടുവയ്ക്ക് കൂടുതൽ ടെറിട്ടറി സൂക്ഷിക്കാൻ കഴിയുമ്പോൾ, ടെറിട്ടറി തീരെ ചെറുതായാൽ ദുർബ്ബലനായ കടുവയ്ക്ക് ഇരതേടാൻ മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതായി വരുന്നു.
കടുവകളുടെ മരണത്തിന് ഒരു പ്രധാന കാരണമായി മാറുന്നത് ടെറിട്ടറിയുടെ അതിർത്തി ലംഘിക്കുന്നത് നിമിത്തമുണ്ടാകുന്ന സംഘട്ടനവും അനുബന്ധ പരിക്കുകളുമാണ്. ആരോഗ്യമുള്ള ആൺകടുവകൾ തമ്മിലാണ് മുഖ്യമായും സംഘട്ടനങ്ങൾ ഉണ്ടാകാറുള്ളത്. പരിക്കുകൾ മൂലമുള്ള ദൗർബ്ബല്യങ്ങൾ, പ്രായാധിക്യം കൊണ്ടുള്ള അവശത തുടങ്ങിയവ ബാധിക്കുന്ന സാഹചര്യത്തിൽ കടുവകൾ സ്വയമേവ സ്വന്തം ടെറിട്ടറിയിൽനിന്ന് പിൻവാങ്ങാൻ നിർബ്ബന്ധിതരാകും. ശരാശരി 100 ചതുരശ്ര കിലോമീറ്റർ ടെറിട്ടറി അമ്പതിലേയ്ക്ക് ചുരുങ്ങുന്നതും, മൂന്നു ചതുരശ്ര കിലോമീറ്ററിലും താഴെ മാത്രമുള്ള ടെറിട്ടറി വീണ്ടും ചുരുങ്ങുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ ഇപ്പോഴുള്ള അവസ്ഥകൾ പ്രകാരം ഒട്ടേറെ കടുവകൾ സമാനമായ നിസ്സഹായാവസ്ഥയിൽ കഴിയുന്നുണ്ട് എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.
പെരിയാർ, പറമ്പിക്കുളം വനമേഖലകളിൽ കടുവകൾക്ക് ആവശ്യത്തിന് ടെറിട്ടറി ഉണ്ട് എന്നുള്ളതിനാലാണ് പരിസരപ്രദേശങ്ങളിൽ കടുവ ആക്രമണങ്ങൾ വളരെ കുറഞ്ഞിരിക്കുന്നത്. വയനാടിന്റെ പശ്ചാത്തലത്തിൽ ഇനിയും തുടർച്ചയായി കടുവ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. വയനാടിന്റെ ഏതാണ്ട് എല്ലാ ജനവാസ മേഖലകൾക്കും 20 കിലോമീറ്റർ എങ്കിലും സമീപത്ത് വനമേഖലകൾ ഉണ്ട് എന്നുളളതിനാൽ പുതുശേരിയിൽ സംഭവിച്ചതുപോലുള്ള ഒരു ആക്രമണം എവിടെയും പ്രതീക്ഷിക്കാം.
ഇന്ത്യൻ കടുവകളുടെ ശരാശരി ആയുസ് 8 മുതൽ 10 വയസ് വരെയാണ്. പ്രായാധിക്യം കൊണ്ടുള്ള അന്ത്യത്തോളം നീണ്ടുപോകുമെങ്കിൽ അത് പതിനഞ്ച് വയസോ അതിന് മുകളിലോ ആകാം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ വയനാടൻ ഗ്രാമീണ മേഖലകളിൽനിന്ന് പിടികൂടിയ അഞ്ച് കടുവകളിൽ നാലും പത്തു വയസോ അതിന് മുകളിലോ പ്രായമുള്ളവയാണ്. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാനന്തവാടിയിൽനിന്ന് പിടികൂടിയ കടുവയ്ക്ക് നാല് വയസേയുള്ളൂ. ഇത് ഗൗരവമേറിയ ഒരു ചിന്താവിഷയമാണ്. പ്രായാധിക്യമോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത ഒരു കടുവ എന്തുകൊണ്ട് നാട്ടിലേക്കിറങ്ങി എന്നുള്ളത് വിശദമായി പഠിക്കേണ്ട വിഷയംതന്നെയാണ്. പത്തുവർഷങ്ങൾക്കിടെയാണ് വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ എണ്ണം വളരെയധികം വർദ്ധിച്ചത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കടുവകളുടെ എണ്ണം കാടിന് താങ്ങാൻ കഴിയാത്ത വിധം വർദ്ധിക്കുന്നതോടൊപ്പം പ്രായമേറുന്നതും അവശതയുള്ളതുമായ കടുവകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഗൗരവമേറിയ കാര്യമാണ്. അക്കാരണത്താൽത്തന്നെ, നാടിറങ്ങുന്ന കടുവകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കാം.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം വയനാട്ടിൽ വനം വകുപ്പ് കെണിവച്ചും മയക്കുവെടിവച്ചും പിടികൂടിയ കടുവകളുടെ എണ്ണം അഞ്ചാണ്. വളർത്തു മൃഗങ്ങളെ പതിവായി ആക്രമിക്കുന്ന കാരണത്താൽ മറ്റൊരു കടുവയെ പിടികൂടാൻ ഈ നാളുകളിൽ കെണിയൊരുക്കിയിട്ടുമുണ്ട്. പിടികൂടുന്ന കടുവകളെ സംരക്ഷിക്കാൻ നിലവിൽ സംവിധാനമുള്ളത് സുൽത്താൻ ബത്തേരിക്കടുത്ത് കുപ്പാടിയിലാണ്. അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ അഞ്ച് കടുവകൾക്കുള്ള സൗകര്യങ്ങളാണുള്ളത്. 2022 ൽ സ്ഥാപിക്കപ്പെട്ടതിന് ശേഷം ഇതിനുള്ളിൽ അഞ്ച് കടുവകളും അവിടെ എത്തിക്കഴിഞ്ഞു. നിലവിൽ പിടികൂടാൻ പദ്ധതിയിട്ടിരിക്കുന്ന കടുവയെപോലും സംരക്ഷിക്കാൻ ഇനി വനം വകുപ്പിന് സംവിധാനങ്ങളില്ല.
2022 ൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ അക്രമകാരികളായ കടുവകളെ സംരക്ഷിക്കാനുള്ള സംവിധാനം ക്രമീകരിക്കുന്നതിന് മുമ്പ്, ഒരിടത്ത് പിടിക്കപ്പെടുന്ന കടുവയെ കാട്ടിൽ മറ്റൊരിടത്ത് തുറന്നു വിടുകയാണ് ചെയ്തിരുന്നത്. വീണ്ടും മറ്റൊരു നാട്ടിൽ അതേ കടുവ ഇറങ്ങുകയും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. 2012 അവസാനത്തോടെ വയനാട്ടിലെ നൂൽപ്പുഴയിലും പരിസര പ്രദേശങ്ങളിലും ഭീതി പടർത്തി ഒടുവിൽ ആ വർഷം ഡിസംബർ രണ്ടാം തിയ്യതി വെടിവച്ച് കൊല്ലേണ്ടിവന്ന കടുവ ഉദാഹരണമാണ്. മുമ്പ് തിരുനെല്ലിയിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവയെ നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചും വയനാട് വന്യജീവി സങ്കേതത്തിന്റെ നൂൽപ്പുഴ ഭാഗത്ത് തുറന്നുവിടുകയാണ് അന്ന് ഉണ്ടായത്. പിടികൂടുന്ന കടുവകളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ കൂടുതലായി ക്രമീകരിക്കാത്ത പക്ഷം അതേ ഭീഷണിയാണ് ഇനിയും വയനാടൻ ജനതയെ കാത്തിരിക്കുന്നത്. അതേസമയം, എത്രമാത്രം കടുവകളെ ഇത്തരത്തിൽ സംരക്ഷിക്കാൻ കഴിയുമെന്നുള്ളത് മറ്റൊരു ചോദ്യമാണ്.
കടുവാ സംരക്ഷണത്തിന് പിന്നിൽ

ലോകത്ത് ഏറ്റവും കൂടുതൽ ധനം നീക്കിവയ്ക്കപ്പെടുന്ന വന പദ്ധതികളിൽ ഒന്നാണ് ടൈഗർ റിസർവുകൾ. 1973 മുതലാണ് കടുവ ഭാരതത്തിന്റെ ദേശീയ മൃഗമായി പരിഗണിക്കപ്പെട്ടുവരുന്നത്. അതോടൊപ്പം തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ “പ്രോജക്റ്റ് ടൈഗര്‍” എന്ന പേരില്‍ ഒരു പ്രത്യേക കടുവ സംരക്ഷണ പദ്ധതിയും ആരംഭിക്കുകയുണ്ടായി. അത്തരം പദ്ധതികളുടെ ഫലമായി തുടര്‍ന്നുള്ള നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ മുപ്പതോളം കടുവ സങ്കേതങ്ങള്‍ രാജ്യത്തൊട്ടാകെ രൂപീകരിക്കപ്പെട്ടു. ഇപ്പോള്‍ രാജ്യത്ത് മൊത്തം 39 കടുവാസങ്കേതങ്ങളാണ് ഉള്ളത്. കേരളത്തിലെ വനമേഖലകളിൽ ആകെയുള്ള കടുവകളിൽ സിംഹഭാഗവും വയനാട് വന്യജീവി സങ്കേതത്തിലാണ്. കടുവകളുടെ പ്രജനനത്തിനും ആവാസവ്യവസ്ഥയ്ക്കും വയനാട്ടിലെ കാലാവസ്ഥ കൂടുതല്‍ അനുയോജ്യമാണെന്ന നിരീക്ഷണം വനം പരിസ്ഥിതി മന്ത്രാലയത്തിന് ഉണ്ടെങ്കിലും വയനാട് വന്യജീവിസങ്കേതം ടൈഗര്‍ പ്രോജക്റ്റ് ആയി പ്രഖ്യാപിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രപ്പോസൽ വർഷങ്ങളായുണ്ടെങ്കിലും ജനങ്ങളും കർഷക സംഘടനകളും അതിനെ ശക്തമായി എതിർക്കുന്നു. ടൈഗർ പ്രോജക്ട് ആയി പ്രഖ്യാപിക്കപ്പെട്ടാൽ കൂടുതൽ നിയന്ത്രണങ്ങളും കടുവകൾക്ക് അനുകൂലമായ നയങ്ങളും പ്രാബല്യത്തിൽ വരികയും, ജനജീവിതം കൂടുതൽ ദുഷ്കരമാവുകയും ചെയ്യും എന്നുള്ളതാണ് കാരണം.
ഇന്ത്യ ഉള്‍പ്പെടെ പതിമൂന്ന് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന “ടൈഗര്‍ റേഞ്ച് രാജ്യങ്ങള്‍” 2010 നവംബറില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ വച്ച് സമ്മേളിക്കുകയും കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നതായി രേഖകള്‍ ഉണ്ട്. ആഗോള തലത്തിൽ കടുവകളുടെ എണ്ണം കുറയുന്നത് വംശനാശത്തിലേയ്ക്ക് നയിക്കും എന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്തരമൊരു കൂടിച്ചേരൽ. തീരുമാനങ്ങളിൽ പ്രധാനം 2022 ആകുമ്പോഴേയ്ക്കും കടുവകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കത്തക്ക രീതിയിലുള്ള നടപടിക്രമങ്ങള്‍ അംഗരാജ്യങ്ങൾ സ്വീകരിക്കും എന്നതായിരുന്നു. തുടര്‍ന്ന് 2012 ഒക്ടോബറില്‍ ഭൂട്ടാനില്‍ വച്ച് ചേര്‍ന്ന കോണ്‍ഫറന്‍സില്‍ വച്ച് 13 പ്രവര്‍ത്തന അജണ്ടകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. കടുവകളുടെ ആവാസവ്യവസ്ഥിതിയും പരിസരപ്രദേശങ്ങളും എന്ത് വിലകൊടുത്തും സംരക്ഷിക്കുക, ആവശ്യത്തിന് ഫണ്ട് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും സ്വരൂപിക്കുക, കടുവകള്‍ക്ക് ഉണ്ടാകാവുന്ന എല്ലാ ഭീഷണികളെയും ചെറുത്തു തോല്‍പ്പിക്കുക തുടങ്ങിയവയാണ് പ്രധാനം.
കടുവകൾക്ക് കൂടുതൽ ഇണങ്ങുന്ന വനമേഖലകളിൽ കടുവകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന തീരുമാനത്തെ തുടർന്ന്, 2008 കാലയളവിൽ വയനാട് വന്യജീവി സങ്കേതത്തിൽ 67 എണ്ണം മാത്രമായിരുന്ന കടുവകളുടെ എണ്ണം 2018 ഓടെ 154 ആയി ഉയർന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ അത് 180 ൽ അധികമാണ്. അശാസ്ത്രീയമായ രീതിയിൽ വനത്തിന് ഉൾക്കൊളളാൻ കഴിയാത്തവിധത്തിൽ കടുവകൾ പെരുകാൻ അനുവദിക്കുന്ന ഇപ്പോഴത്തെ നയത്തിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളാണ് ഉള്ളത് എന്ന് കരുതുന്നതിൽ തെറ്റില്ല. സിഎസ്ആർ ഫണ്ട്, UNESCO പോലുള്ള അന്തർദേശീയ ഏജൻസികളുടെ സാമ്പത്തിക സഹായം തുടങ്ങി ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ടിംഗ് സാധ്യതകളാണ് ടൈഗർ പ്രോജക്ടുകൾക്ക് പിന്നിലുള്ളത്.
പരിഹരിക്കപ്പെടേണ്ട ആശങ്കകൾ
അശാസ്ത്രീയവും വികലവുമായ നയങ്ങൾ മൂലം ലക്ഷക്കണക്കിന് കുടുംബങ്ങളെ ആശങ്കയുടെ മുൻമുനയിൽ എത്തിച്ചിരിക്കുന്ന സാഹചര്യമാണ് ഇന്ന് വയനാട്ടിലും സമീപദേശങ്ങളിലും ഉള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരം ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണം സർക്കാരുകളുടെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണെങ്കിലും മനുഷ്യരുടെ സുരക്ഷയാണ് പ്രധാനം. ബഫർസോൺ വിഷയവും വന – പരിസ്ഥിതി നിയമങ്ങളുടെ അടിച്ചേൽപ്പിക്കലുകളും കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്ന അതേ നാട്ടിലാണ് വന്യമൃഗ ശല്യത്തെ തുടർന്നുള്ള അരക്ഷിതാവസ്ഥയും സംജാതമായിരിക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണം ക്രമീകരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. കടുവകളുടെ എണ്ണം ആരോഗ്യകരമായി നിലനിർത്തി, കൂടുതലുള്ളവയെ മറ്റ് വനങ്ങളിലേയ്ക്ക് മാറ്റുകയും ജനന നിയന്ത്രണം നടപ്പാക്കുകയും വേണം. വന്യമൃഗങ്ങൾക്ക് നാട്ടിലേയ്ക്ക് ഇറങ്ങാൻ കഴിയാത്ത വിധത്തിൽ ആവശ്യമുള്ള ഇടങ്ങളിൽ ശക്തമായ ഫെൻസിംഗ് നിർമ്മിക്കണം. പിടികൂടുന്ന കടുവകളെ സംരക്ഷിക്കാൻ കൂടുതൽ സംവിധാനങ്ങൾ അടിയന്തിരമായി നിർമ്മിക്കണം. പര്യാപ്തമായ സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കുകയും ടാസ്ക് ഫോഴ്‌സിനെ നിയോഗിക്കുകയും വേണം. സർവ്വോപരി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയം അതീവ ഗൗരവമായെടുക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും വേണം.
വിനോദ് നെല്ലയ്ക്കൽ
വയനാട്ടിലെ കടുവകളുടെ എണ്ണം നിയന്ത്രിക്കാൻ കള്ളിംഗ് ആലോചിക്കുന്നുവെന്ന് വനം മന്ത്രി…

എണ്ണക്കൂടുതലുള്ള കടുവകളെ കൊന്ന് വന്യമൃഗശല്യം നിയന്ത്രിക്കണമെന്നും മറ്റെല്ലാ രാജ്യങ്ങളും അപ്രകാരം ചെയ്യാറുണ്ടെന്നും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ.
വയനാട്ടിൽ ടൈഗർ പോപ്പുലേഷൻ കൂടുതലുണ്ടോ എന്ന് മനസിലാക്കാൻ പഠനം നടത്തുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ..
പ്രിയപ്പെട്ട ചീഫ് കൺസർവേറ്റർ, ഇത്തരം പഠനങ്ങൾ പതിവായി നടത്തിക്കൊണ്ടിരിക്കുന്ന ചില സംവിധാനങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ ഇന്ത്യയിലുണ്ട്. കാലാകാലങ്ങളിൽ സ്ഥിതി വിവരക്കണക്കുകൾ അവർ റിപ്പോർട്ട് രൂപത്തിൽ പ്രസിദ്ധീകരിക്കാറുമുണ്ട്. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ അതൊന്ന് സംഘടിപ്പിച്ച് വായിച്ചു നോക്കിയാൽ മതി.
2018ൽ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ അന്നത്തെ കടുവകളുടെ എണ്ണം പറഞ്ഞിട്ടുണ്ട്. 190 എന്ന് ആണെങ്കിലും, 215 വരെ ആകാം എന്നാണ് അത്. ആകെ കടുവകളിൽ 40 എണ്ണത്തിൽ താഴെ മാത്രമേ വയനാടിന് വെളിയിലുള്ളൂ എന്നതിൽ വനപാലകർക്ക് ആർക്കും തെല്ലും സംശയമില്ല.
വയനാട് വന്യജീവി സങ്കേതത്തിന്റെ പരിമിതമായ ചുറ്റളവിൽ ഇരുനൂറിൽ കുറയാത്ത എണ്ണം കടുവകൾ ഉണ്ട് എന്ന തങ്ങളുടെ ബോധ്യം വയനാട്ടിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പലപ്പോഴായി പല മാധ്യമങ്ങൾക്ക് മുന്നിലും വെളിപ്പെടുത്തിയിട്ടുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിശദമായ പഠനം വേണമെന്നാണ് കൺസർവേറ്ററുടെ പക്ഷം!


