സുന്ദരിയായ ഒരു പെൺകുട്ടി ഫോണിലെ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടാൽ സംസാരിക്കാത്ത ആണുങ്ങൾ ഉണ്ടാകുമോ ..?
സുന്ദരിയായ ഒരു പെൺകുട്ടി ഫോണിലെ വീഡിയോകാളിൽ പ്രത്യക്ഷപ്പെട്ടാൽ സംസാരിക്കാത്ത ആണുങ്ങൾ ഉണ്ടാകുമോ ..? മനസ്സിൽ ഒരുപാട് ലഡ്ഡുകൾ ഒന്നിച്ച് പൊട്ടിച്ച് സുന്ദരികളോട് കൊഞ്ചികുഴഞ്ഞ നാലഞ്ചു ചെങ്ങായിമാർ ( എഴുത്തുകാരൻ – മാ.പ്രാ.- കച്ചോടക്കാരൻ – വക്കീൽ- കവി – മേൽശാന്തി ) എനിക്കുണ്ട് . ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവർ പോലും പച്ചവെള്ളം പോലെ സുന്ദരികളോട് സംസാരിക്കുന്ന കഴിവിനെ നമ്മുടെ രാജ്യം ആദരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് ..!
സംസാരത്തിനിടയിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞുവീഴുകയും വ്യക്തത വരുത്താൻ ഫോണെടുത്ത മണ്ട കുശ്മാണ്ഡന്മാർ സ്ക്രീനിലേക്ക് വാപൊളിച്ചു നോക്കുകയും ചെയ്യുന്നതോടെ പണിപാളും . പെട്ടെന്ന് ഫോൺ കട്ടുചെയ്യുന്ന കുലസ്ത്രീ, കുൽസിത പ്രവർത്തികളുടെ സ്ക്രീൻ ഷോട്ടുകൾ തുരുതുരെ മണ്ടശിരോമണികളുടെ ഫോണിലേക്ക് വാട്സാപ്പ് വഴി അയക്കും, പിന്നെ ചേർങ്ങനെ കുറച്ച് കാശുചോദിക്കും ..അധികമൊന്നുമില്ല നിസ്സാരം അയ്യായിരം അല്ലെങ്കിൽ ആറായിരം ! ഉടനടി ഗൂഗിൾ പേ ചെയ്തില്ലെങ്കിൽ വാപൊളിച്ചവന്റെ അണ്ഡകടാഹം വാട്സപ്പ് ഇൻസ്റ്റാഗ്രാം ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ കൂടിയും ഫാമിലി ആൻഡ് ഫ്രണ്ട്സ് ,ഗ്രൂപ്സ് എന്നിവയിൽ കൂടി പൊളിച്ചടുക്കും എന്നൊരു ഭീഷണി മുഴക്കും ! സുന്ദരികളോട് അറിയാത്ത ഇംഗ്ലീഷും ഹിന്ദിയും മണിമണിപോലെ പറഞ്ഞൊപ്പിച്ച കിഴങ്ങന്മാരുടെ തൊണ്ട വറ്റിവരണ്ടു മരുഭൂമി പോലെയാകും ..!
വെള്ളത്തിൽ നിന്നും കരയിലേക്ക് വീണ് ശ്വാസം കിട്ടാതെ പിടയുന്ന മീനുകൾപോലെയായ മരമണ്ടന്മാർ ചങ്കുകളെ വിളിച്ച് സഹായം ചോദിക്കും , പത്തിന്റെ പൈസ ചിലവില്ലാത്ത പ്രവർത്തിയായതിനാൽ പെടാത്ത ചെങ്ങായ് ബുദ്ധി ഉപദേശിച്ച് കൂടെനിൽക്കും . പക്ഷെ ഉടനടി കാശ് കെട്ടിയവൻ വീണ്ടും പെട്ടു എന്ന് ഞാൻ പറയേണ്ടതില്ലല്ലോ ! കൂടുതൽ കൂടുതൽ ചോദിച്ചു കൊണ്ടിരിക്കും അത്രതന്നെ . കാശ് കെട്ടാത്തവന്റെ ഫോണിൽ കൂടി ഭീഷണികൾ തുടരും, സമയപരിധിക്കുള്ളിൽ പണമയച്ചിട്ടില്ലെങ്കിൽ പിണമാകും എന്നുവരെ തള്ളും. +91 82387 xx 934 എന്ന നമ്പറിൽ നിന്നാണ് കൂടുതൽ വിളികളും. ഒരു പെണ്ണിന്റെ നമ്പർ കിട്ടിയാൽ ഉടനെ വിളിച്ചു ചാറ്റുന്നവരെ ഒഴിവാക്കാനാണ് രണ്ടെണ്ണം മറച്ചത്.. !
പൊന്നു ചെങ്ങായിമാരെ, കലികാലമാണ് അനാവശ്യമായ വീഡിയോ കാളുകൾ എടുക്കാതിരിക്കുക. എങ്ങാനും പെട്ടുപോയാൽ ദൈവത്തെയോർത്ത് ഭീഷണിക്ക് വഴങ്ങി പണം നൽകരുത്, അവർ പിന്നെയും ആവശ്യപ്പെടും. ആത്മഹത്യ ചെയ്താൽ നഷ്ടപ്പെടുന്നത് നിങ്ങളുടെ കുടുംബത്തിനുമാത്രം. ദയവുചെയ്ത് നിങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അവിടത്തെ SHO നെ യാതൊരു ശുപാർശയും കൂടാതെ നേരിൽ കണ്ടാൽ മാത്രം മതിയാകും . കേരള പൊലീസിലെ SHO മാർ വിവരവും വിദ്യാഭ്യാസമുള്ള മിടുമിടുക്കന്മാരായ ഓഫീസർമാരാണ് . അവർക്കറിയാം എന്തു ചെയ്യണമെന്ന് ,എങ്ങിനെ ചെയ്യണമെന്ന്. അവർ പൊളിച്ചടക്കിയിരിക്കും , തീർച്ച .
Joly Joseph