കാട്ടുമൃഗങ്ങൾക്ക് ആട്ടുകസേരയിലിരുന്ന് ഇനിയും താരാട്ടുപാടുന്ന ഓഫീസിലെ സാറുമാർക്ക്, തീറെഴുതിക്കൊടുത്ത നാടിനും, മനുഷ്യജീവനും നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും..!

Share News

ഇര തേടി ഇറങ്ങിയ കടുവക്ക് കാട്ടിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുണ്ടെന്ന് ശാസ്ത്രീയ പഠനം നടത്തിയ നിങ്ങൾ തെരുവോരങ്ങളിൽ കടിച്ചു കുടയുന്ന മനുഷ്യ ജീവിതങ്ങൾക്കും വീട്ടിൽ കാത്തിരിക്കുന്ന കുറച്ചു കൂടെപിറപ്പുകൾ ഉണ്ട് എന്ന് എന്തേ മറന്നു പോകുന്നു..? സാറ്റ്ലൈറ്റുകൾ ഉപയോഗിച്ച് കാട്ടിൽ പട്ടിണി കിടക്കുന്ന കടുവയുടെ എണ്ണം തിട്ടപ്പെടുത്തുമ്പോൾ, പറ്റുമെങ്കിൽ പാവപ്പെട്ട മലയോര ജനതയുടെ വീടിന്റെ ഉള്ളും കൂടി ഒന്ന് നോക്കിയേക്കണം. അവന്റെയും കുഞ്ഞുങ്ങളുടെയും മുണ്ട് മുറുക്കി ഉടുത്ത അരവയറിന്റെ ഉള്ളും കൂടി ഒന്ന് പരിശോധിച്ചേക്കണം. കണ്ണിൽ ഇനിയും ഈർപ്പം ബാക്കി ഉണ്ടെങ്കിൽ ഒഴുകാതിരിക്കില്ല.

പണ്ടത്തെ ഞങ്ങളുടെ ഉശിരുള്ള കാർന്നവന്മാർ ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ഈ കടുവയും, പുലിയും, കാട്ടാനയുമൊക്കെ വെറും ചരിത്രങ്ങൾ മാത്രമായി ഇന്ന് അവശേഷിച്ചേക്കുമായിരുന്നു എന്നുംകൂടെ ഓർമ്മിപ്പിക്കട്ടെ. ബാക്കി വന്നതും, കാടിറങ്ങുന്നതും പഴയ തലമുറയുടെ ദാനം മാത്രമാണ്. കാട്ടു നീതി ഇനിയും തെരുവോരങ്ങളിൽ ചുടുചോരയുടെ ഗന്ധത്തോടെ ഒഴുകി ഇറങ്ങിയാൽ പൂർവികർക്ക് ദക്ഷിണ വെച്ച് പഴയ അമ്പും വില്ലും ഒന്നും കൂടെ പൊടിതട്ടി എടുക്കേണ്ടിവരും.

രാഷ്ട്രീയ കരാളഹസ്തങ്ങൾക്കും മീതെ കണ്ണും കെട്ടി തുലാസുമായി നിൽക്കുന്ന നീതിപീഠത്തിലുള്ള വിശ്വാസം മാത്രം ഇനിയും നഷ്ടപ്പെട്ടിട്ടില്ല. കൈവിടില്ല എന്ന പ്രതീക്ഷയോടെ നാട്ടിൽ നിന്നും ഒരു കൂട്ടം നിസ്സഹായാരായ മനുഷ്യർ.

കടപ്പാട്: ഫാ. ജെറിൻ പൊയ്ക

Share News