ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരധ്യായം ആണ് സുചേത കൃപലാനിയുടെ ജീവിതം.

Share News
May be an image of 1 person

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരധ്യായം ആണ് സുചേത കൃപലാനിയുടെ ജീവിതം. ഗാന്ധിജിക്കൊപ്പം സമരമുഖത്ത് സജീവമായി നിലകൊണ്ട സുചേത സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആണ്..

1908 ജൂൺ 25-ന് പഞ്ചാബിലെ അംബാലയിൽ ആണ് ജനനം. ബ്രഹ്മസമാജത്തിലെ ആശയങ്ങളിൽ വിശ്വസിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു സുചേതാ.

ഡൽഹി, ഷിംല എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ലാഹോറിലെ ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. ബിരുദാന്തര ബിരുദം ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും നേടി. ആദ്യ കാലത്ത് സ്കൂളുകളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. പിന്നീട് ബനാറസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ അദ്ധ്യാപികയായി.

ഒരു ബന്ധു വഴി സുചേത ആചാര്യ കൃപലാനിയെ (ജെ.ബി.കൃപലാനി) പരിചയപ്പെട്ടു. തുടർന്ന് ആചാര്യ കൃപലാനി ബനാറസിൽ സ്ഥാപിച്ച ഗാന്ധിയൻ ആശ്രമത്തിന്റെ പ്രവർത്തങ്ങൾക്ക് അവർ നേതൃത്വം നൽകി. പരസ്പരം ഇഷ്ടം തോന്നിയ കൃപലാനിയും സുചേതായും വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാർ അതിനെ എതിർത്തു. അവർ തമ്മിൽ ഇരുപതോളം വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. പിന്നീട് ഗാന്ധിജി ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. അവരുടെ വിവാഹം1936 ൽ നെഹ്രുവിന്റെ കുടുംബവീടായ ആനന്ദഭവനിൽ വച്ചാണ് നടന്നത്. തുടർന്ന് അലഹബാദിലെ കോൺഗ്രസ് ഓഫീസിൽ അവർ ഒന്നിച്ചുള്ള വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

1940-ൽ ഗാന്ധിജി ആവിഷ്കരിച്ച വ്യക്തി സത്യാഗ്രഹത്തിൽ സുചേതാ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ ധീരമായ നേതൃത്വം നൽകി പ്രവർത്തിച്ചു. ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് 1946-ൽ ഉത്തർ പ്രദേശിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1952 ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വിജയിച്ചു ലോകസഭയിൽ അംഗമായി. 1959-ൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി. 1962-ൽ ഉത്തർ പ്രദേശിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. സി.ബി ഗുപ്ത മുഖ്യമന്ത്രി പദം രാജിവെച്ചപ്പോൾ സുചേതാ കൃപലാനി 1963 ഒക്ടോബറിൽ ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു അവർ. 1974 ഡിസംബർ 1 ന് അവർ അന്തരിച്ചു.

ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് പൊതു ജീവിതത്തിൽ കടന്നുവന്ന് ഇന്ത്യൻ ജനതക്ക് പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന് വലിയ മാതൃക ആയ ഈ സ്ത്രീ രത്നത്തിന്റെ ഓർമ്മദിനത്തിൽ പ്രണാമം…..

🌹

Adv Manoj M Kandathil 

Share News