
മയക്കുമരുന്ന്- മരണം അരികിലുണ്ട്! |മനുഷ്യൻ മൃഗമാകുന്ന കഥ!
മയക്കുമരുന്ന്- മരണം അരികിലുണ്ട്! – 2
മനുഷ്യൻ മൃഗമാകുന്ന കഥ!
എനിക്കു പേടിയായിരുന്നു സത്യം പറയാൻ. ഡോക്ടർ ചോദിച്ചപ്പോൾ കുഞ്ഞ് കട്ടിലിൽനിന്നു വീണു എന്നാണ് ഞാൻ പറഞ്ഞത്. സത്യം തുറന്നുപറഞ്ഞാൽ അവൻ എന്നെ കൊല്ലാതെ കൊല്ലും… പിന്നെ ഞാൻ എന്തു ചെയ്യും?- പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആ യുവതി പറഞ്ഞു. അടിയേറ്റു തിണർത്ത പാടുകൾ അവശേഷിക്കുന്ന കവിളിലൂടെ കണ്ണീർ നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു. പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ നിന്ന് ഉരുകുന്പോൾ അവളുടെ ഏഴു വയസുകാരനായ മകൻ വെന്റിലേറ്ററിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. എന്നാൽ, അവന് ഏറെ ദിവസങ്ങൾ പൊരുതിനിൽക്കാനുള്ള ശേഷിയില്ലായിരുന്നു. കാരണം, ആ പിഞ്ചുശരീരം താങ്ങാവുന്നതിലേറെ ക്രൂരതകൾ ഏറ്റുവാങ്ങി തകർന്നുകഴിഞ്ഞിരുന്നു.

തല മുതൽ പാദം വരെ തല്ലിച്ചതയ്ക്കപ്പെട്ട ആ കുരുന്നു ജീവൻ വൈദ്യശാസ്ത്ര പരിശ്രമങ്ങൾ നിസഹായമായപ്പോൾ പറന്നകന്നു. ഒരുപക്ഷേ അവനീ ലോകത്തിൽ കഴിയാൻ ഇഷ്ടമില്ലായിരുന്നിരിക്കണം. കാരണം അത്രയ്ക്കു കടുത്ത വേദനകളാണ് ‘ലോകം’ അവനു നൽകിയത്. ഒാർക്കുന്നില്ലേ, ഈ കുരുന്നിനെ? 2019 മാർച്ചിൽ തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ കൊടുംക്രൂരതയ്ക്കിരയായി ജീവൻ നഷ്ടമായ ആ ഏഴു വയസുകാരനെ?
മുറിപ്പാടുകൾ
കട്ടിലിൽനിന്നു വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് യുവതിയും യുവാവും കുഞ്ഞുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയിൽത്തന്നെ ഇതു കട്ടിലിൽനിന്നു വീണപ്പോഴുള്ള പരിക്കല്ലെന്നു ഡോക്ടർക്കു മനസിലായി. തലയിൽ കനത്ത അടിയേറ്റതിന്റെ സൂചനകൾ. ദേഹമാസകലം പഴക്കമുള്ളതും അല്ലാത്തതുമായ മുറിപ്പാടുകൾ. കുട്ടിയുടെ നില അതീവഗുരുതരമാണെന്നു തിരിച്ചറിഞ്ഞ ഡോക്ടർ അടിയന്തര ശസ്ത്രക്രിയ വേണമെന്നു നിർദേശിച്ചു. എന്നാൽ, അതിന്റെ ഗൗരവം ഉൾക്കൊള്ളുന്ന രീതിയിലായിരുന്നില്ല യുവാവിന്റെയും യുവതിയുടെയും പെരുമാറ്റം. ഒടുവിൽ അവിടെനിന്ന് ആംബുലൻസിൽ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപാടെ വെന്റിലേറ്ററിലേക്കു മാറ്റി. തുടർന്നു പോലീസ് എത്തി യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തു. അരുണ്‍ ആനന്ദ് എന്ന യുവാവ് അപ്പോഴും ലഹരിയിൽ മുങ്ങിനിൽക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആരുടെയും മനഃസാക്ഷി മരവിക്കുന്ന കഥകൾ പുറംലോകം അറിഞ്ഞത്. പരിക്കേറ്റ ഏഴുവയസുകാരന്റെ അനുജൻ നാലു വയസുള്ള കുട്ടി അപ്പോഴും വീട്ടിൽ തനിച്ചാണെന്നു പോലീസിനു വ്യക്തമായി. ഉടൻ അയൽവാസികളെ വിളിച്ചു കുഞ്ഞിനെ സുരക്ഷിതമാക്കാൻ നിർദേശിച്ചു.
കുഞ്ഞിനോടു ചെയ്തത്പിറ്റേന്ന് ആ നാലുവയസുകാരനും യുവതിയും വെളിപ്പെടുത്തിയ കാര്യങ്ങൾ മനുഷ്യത്വമുള്ള ആരുടെയും മനസിനെ കീറിമുറിക്കുന്നതായിരുന്നു. ഭർത്താവ് മരിച്ച് ആറു മാസം കഴിയുംമുന്പേ യുവതിക്കൊപ്പം കൂടിയതാണ് അരുണ്‍ ആനന്ദ്. യുവതിയുടെ മരിച്ചുപോയ ഭർത്താവിന്റെ ബന്ധുകൂടിയായിരുന്ന അരുണിനെ ഭാര്യ നേരത്തെ ഉപേക്ഷിച്ചുപോയിരുന്നു. തിരുവനന്തപുരത്തുനിന്നു യുവതിക്കൊപ്പം തൊടുപുഴയിലെത്തി വാടകവീട്ടിൽ കഴിയുകയായിരുന്നു അരുണ്‍ ആനന്ദ്. മയക്കുമരുന്നായിരുന്നു അയാൾക്ക് ഹരം. ലഹരി അകത്തുചെന്നാൽ അവശേഷിക്കുന്ന മനുഷ്യത്വവും ചോരുന്ന പ്രകൃതം. പലപ്പോഴും യുവതിയുടെ ഏഴും നാലും വയസുമുള്ള മക്കളായിരുന്നു ഇയാളുടെ വൈകൃതങ്ങളുടെ പ്രധാന ഇരകൾ. കുട്ടികളെ രാത്രി വീട്ടിൽ അടച്ചിട്ടിട്ട് യുവതിയുമായി പുറത്തുപോകുന്നത് ഇയാളുടെ പതിവായിരുന്നു. ഇങ്ങനെ പോയി മടങ്ങിവന്ന ഒരു ദിവസം വീട്ടിലെ സോഫ നനഞ്ഞിരിക്കുന്നതു കണ്ടു. നാലു വയസുകാരൻ മൂത്രമൊഴിച്ചതിനാലാണ് നനഞ്ഞത്. ഇതിൽ പ്രകോപിതനായ അരുണ്‍ ആനന്ദ് ഏഴു വയസുകാരനെ വാരിവലിച്ച് അടിക്കുകയായിരുന്നു. നിലത്തിട്ടു പലവട്ടം ചവിട്ടി. വടികൊണ്ട് ദേഹമാസകലം അടിച്ചു. പലവട്ടം തലയ്ക്കും അടിയേറ്റു. ഒന്നു നിലവിളിക്കാൻ പോലും ശേഷിയില്ലാതെ പ്രാണൻ പോകുന്ന പേടിയോടെ ചുരുണ്ടുകൂടിയ കുഞ്ഞിനെ ഭിത്തിയിലും അലമാരയ്ക്കിടയിലും ചേർത്ത് അരുണ്‍ ഞെരിച്ചമർത്തി. തടയാൻ ശ്രമിച്ചപ്പോൾ യുവതിയെയും ക്രൂരമായി മർദിച്ചു. നാലു വയസുകാരനെയും ഇയാൾ വെറുതെവിട്ടില്ല. ഭ്രാന്ത് തെല്ലൊന്ന് അടങ്ങിയപ്പോൾ ഏഴു വയസുകാരൻ അടിയേറ്റു ബോധമറ്റു കിടക്കുന്നു. കുട്ടിയുടെ അവസ്ഥ കണ്ടതോടെ ആശുപത്രിയിൽ കൊണ്ടുപോകാമെന്നു യുവതി നിർബന്ധിച്ചു. ഇതോടെയാണ് കുട്ടിയെയുമായി ആശുപത്രിയിലേക്കു വന്നത്.
ബാങ്ക് ഉദ്യോഗസ്ഥൻ

മയക്കുമരുന്ന് മനുഷ്യനെ എങ്ങനെ മൃഗമാക്കി മാറ്റുമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു തൊടുപുഴയിൽ അരങ്ങേറിയ ഈ ദുരന്തം. കൂടുതൽ ചോദ്യം ചെയ്യലിൽ നാലു വയസുകാരനെ ലൈംഗികമായി ദുരുപയോഗിച്ചതിന്റെ കഥകളും പുറത്തുവന്നു. തന്റെ യുവത്വം അടക്കം ജയിലിൽ തള്ളിനീക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് ഈ യുവാവ്. അത്യാവശ്യം നല്ല ചുറ്റുപാടിൽ അന്തസായി കഴിയേണ്ട ഒരു യുവാവിന്റെ ജീവിതത്തെ മയക്കുമരുന്ന് തകർത്തു തരിപ്പണമാക്കുകയും മറ്റുള്ളവരുടെ സമാധാനജീവിതത്തിനു ഭീഷണിയായി വളർത്തുകയും ചെയ്തതിന്റെ ദുരന്തചിത്രമാണ് അരുണ്‍ ആനന്ദിന്റെ ജീവിതം. പ്രമുഖ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അരുണ്‍ ആന്ദിന്റെ അച്ഛൻ. സഹോദരൻ മിലിട്ടറി ലെഫ്റ്റനന്റ് കേണൽ. അച്ഛൻ ബാങ്ക് സർവീസിലിരിക്കെ മരിച്ചതിനെത്തുടർന്ന് ആ ജോലി അരുണ്‍ ആനന്ദിനു ലഭിച്ചു. മലപ്പുറത്തായിരുന്നു പോസ്റ്റിംഗ്. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു തിരുവനന്തപുരത്തിനു മടങ്ങി. ഇതിനകം ലഹരിഭ്രാന്ത് ഇയാളെ കീഴ്പ്പെടുത്തിയിരുന്നു. ലഹരി-ഗുണ്ടാസംഘങ്ങളുമായി ബന്ധം, ലഹരിക്കടത്ത്, മണൽക്കടത്ത് തുടങ്ങി ഇരുണ്ട വഴികളിലൂടെ സഞ്ചാരം തുടങ്ങി. ലഹരി അകത്തുചെന്നാൽ വിരോധം തോന്നുന്നവരോടു പൈശാചികമായ രീതിയിലാണ് ഇയാൾ ഇടപെട്ടിരുന്നത്. അങ്ങനെ വധശ്രമം അടക്കമുള്ള കേസുകളിൽപ്പെട്ടു. ഭാര്യ ഉപേക്ഷിച്ചുപോയി. ഇതിനിടയിലാണ് ഭർത്താവ് മരിച്ച യുവതിയെ പരിചയപ്പെടുന്നതും വലയിലാക്കുന്നതും.
ഇരകൾ കുരുന്നുകൾ

കുട്ടികളോടു സ്നേഹം പ്രകടിപ്പിച്ചാണ് യുവതിയുമായി അടുപ്പമുണ്ടാക്കിയത്. ആ അടുപ്പം വേണ്ടെന്നു ബന്ധുക്കളടക്കം ഉപദേശിച്ചതു കണക്കാക്കാതെയാണ് രണ്ടു കുട്ടികളുമായി യുവതി അരുണിനൊപ്പം പോയത്. എന്നാൽ, ആഴ്ചകൾക്കു ശേഷമാണ് അരുണിന്റെ ലഹരിശീലവും മൃഗീയസ്വഭാവവുമൊക്കെ അവർ തിരിച്ചറിയുന്നത്. അപ്പോഴേക്കും ഭീഷണികൊണ്ടും മർദനംകൊണ്ടും അരുണ്‍ അവരെ വരുതിയിലാക്കിയിരുന്നു. ഇതൊരു അരുണിന്റെ മാത്രം ചരിത്രമല്ല, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ലഹരി ഉപയോഗം മൂലം തങ്ങളുടെ ബാല്യം ഭീതിയിലും അരക്ഷിതാവസ്ഥയിലും പീഡനങ്ങളിലും തള്ളിനീക്കുന്ന നിരവധി കുട്ടികൾ ഇന്നു കേരളത്തിലുണ്ട്.
പലപ്പോഴും ദുരന്തങ്ങളിൽ കലാശിച്ചുകഴിയുന്പോൾ മാത്രമേ അതു പുറംലോകം അറിയുന്നുള്ളൂ എന്നു മാത്രം. കുട്ടികളെ മറയാക്കി മയക്കുമരുന്നു കടത്തുന്ന സംഘങ്ങളും പെരുകിയിട്ടുണ്ട്. ഭാര്യയെയും കുട്ടികളെയും ഒപ്പം കൂട്ടി ഒഡീഷയിൽനിന്നു മയക്കുമരുന്നു കടത്തിയ സംഘം രണ്ടു ദിവസങ്ങൾക്കു മുന്‍പ് തിരുവനന്തപുരത്തു പിടിയിലായിരുന്നു.ആരെ വിശ്വസിക്കും? നമ്മുടെ കുഞ്ഞുതലമുറയ്ക്ക് തീർത്തും അരക്ഷിതമായൊരു അന്തരീക്ഷമാണ് ഈ മയക്കുമരുന്നു വ്യാപനം സൃഷ്ടിച്ചു നൽകിയിരിക്കുന്നത്.
സിനിമയിലെ ലഹരിവ്യാപനം മൂലം മകന് അഭിനയിക്കാൻ കിട്ടിയ അവസരം വേണ്ടെന്നുവച്ചെന്നു നടൻ ടിനി ടോം പറഞ്ഞത് വലിയ വാർത്തയായിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ലഹരിയിൽനിന്നും ലഹരി ഉപയോഗിക്കുന്നവരിൽനിന്നും മക്കളെ എങ്ങനെ സംരക്ഷിക്കണമെന്ന ആധിയിൽ കഴിയുന്ന മാതാപിതാക്കൾ നിരവധിയുണ്ട് ഈ നാട്ടിൽ. കലാലയ പരിസരങ്ങളിലും കളിക്കളങ്ങളിലുമെല്ലാം ലഹരിയുടെ കണ്ണികൾ വേരുറപ്പിച്ചുകഴിഞ്ഞു.
പണ്ടൊക്കെ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്ന മക്കളെ എങ്ങനെയെങ്കിലും പറഞ്ഞു കളിമൈതാനങ്ങളിലേക്കു വിടാനായിരുന്നു മാതാപിതാക്കൾ ശ്രമിച്ചിരുന്നത്. എന്നാൽ, ഇന്നു മക്കളെ കളിക്കളങ്ങളിലേക്ക് പറഞ്ഞുവിട്ടിട്ട് എങ്ങനെ സമാധാനത്തോടെ വീട്ടിലിരിക്കുമെന്നാണ് മാതാപിതാക്കളിൽ പലരും ചോദിക്കുന്നത്. മദ്യവും മറ്റും ഉപയോഗിച്ചെത്തുന്നവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. എന്നാൽ, രാസലഹരികളും മറ്റും ഉപയോഗിക്കുന്നവരെ സാധാരണക്കാർക്ക് അത്ര പെട്ടെന്നു തിരിച്ചറിയാൻ പോലും കഴിയില്ല. അവർ ഡ്രൈവർമാരായും തൊഴിലാളികളായും കച്ചവടക്കാരായും ഉദ്യോഗസ്ഥരായും എന്തിന് അധ്യാപകരായി പോലും നമ്മുടെ മുന്നിലെത്തുമെന്നാണല്ലോ കൊട്ടാരക്കര സംഭവം തെളിയിക്കുന്നത്. ഇവരൊക്കയുമായി ഇടപെടുന്ന നമ്മുടെ കുട്ടികൾ ഉൾപ്പെട്ടവർ സുരക്ഷിതരാണന്ന് എങ്ങനെ നമ്മൾ ഉറപ്പിക്കും? (തുടരും)

Johnson Thomas (Johnson Poovanthuruth)
