ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി

Share News

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ


കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്.


അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.
(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്).


അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.
ഒരിക്കൽ ഞാൻ അനിലിനെ വിളിച്ചപ്പോൾ എൻ്റെ സുഹൃത്തിന്റെ വിശേഷം ചോദിച്ചു.


ആ ഹരിയുടെ മകൻ ഇപ്പോൾ എന്ത് ചെയ്യുന്നു ?.
“ഓ അവൻ ഇപ്പോൾ ജയിലിൽ അല്ലേ” അനിൽ
ഞാൻ ഒന്ന് നടുങ്ങി.

പഠിക്കാൻ വളരെ മിടുക്കനായ ഒരാളാണ് ആ കുട്ടി.

അവനു പെട്ടെന്ന് എന്തു പറ്റി ?
“അതെന്ത് പറ്റി”

“ഒന്നും പറ്റിയില്ല, പത്താം ക്‌ളാസ്സ് പാസ്സായി, ഐ ഐ ടി യിൽ അഡ്മിഷൻ കിട്ടാൻ വേണ്ടിയുള്ള ഊർജ്ജിത പരിശീലനത്തിനായി ഇപ്പോൾ …… യിലെ ….. സ്ഥാപനത്തിൽ ആണ്.

അതിൻ്റെ കാര്യമാണ് പറഞ്ഞത്.ഓ, ആശ്വാസമായി.

കേരളത്തിൽ പലയിടത്തും ഇത്തരത്തിലുള്ള എൻട്രൻസ് കോച്ചിങ്ങ് ഫാക്ടറികൾ ഉണ്ട്.

ജയിൽ പോലുള്ള ചിട്ടകളിൽ കുട്ടികളുടെ ഇരുപത്തി നാലു മണിക്കൂറും നിയന്ത്രിക്കുന്നവ.

ഓരോ വർഷവും എൻട്രൻസ് പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ ഏറെ റാങ്കുകൾ, ഉയർന്ന റാങ്കുകൾ അവിടെയായിരിക്കും ലഭിക്കുന്നത്. അത് കണ്ടു കൂടുതൽ ആളുകൾ മക്കളെ അവിടെ എത്തിക്കുന്നു.

പതിനഞ്ചു വയസ്സുള്ളവരെ അവിടെ ചേർത്താൽ കർശനമായ രീതിയിൽ പരിശീലിപ്പിച്ചെടുത്ത് പരീക്ഷയെഴുതിച്ച് കൊടുക്കും.

എൻ്റെ പപല സുഹൃത്തുക്കളുടെ മക്കളും ഇവിടെ പഠിച്ച് എൻട്രൻസ് റാങ്ക് നേടിയിട്ടുണ്ട്.പക്ഷെ ഇവിടങ്ങളിലെ ക്‌ളാസ്സിലെയും ഹോസ്റ്റലിലെയും ഒക്കെ ചില രീതികൾ കേട്ടാൽ മൂക്കത്ത് വിരൽ വക്കും.

അതിനെയാണ് അനിൽ “ജയിൽ” എന്ന് വിളിച്ചത്.

സാധാരണഗതിയിൽ മനുഷ്യന്റെ അവകാശങ്ങളെ ഒക്കെ നിയമപരമായി തന്നെ ലംഘിക്കുന്ന സ്ഥലങ്ങൾ ആണല്ലോ ജയിലുകൾ.

അതുപോലെയാണ് ഇത്തരത്തിലുള്ള പല കോച്ചിങ്ങ് സ്ഥാപനങ്ങളും.

അവിടെ താമസിച്ച് പല സുഹൃത്തുക്കളുടെയും മക്കൾ എഞ്ചിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയത് പറഞ്ഞിരുന്നല്ലോ. പക്ഷെ എൻ്റെ ചില സുഹൃത്തുക്കളുടെ മക്കൾ അവിടുത്തെ സമ്മർദ്ദം സഹിക്കാനാവാതെ മാനസിക പ്രശ്നത്തിൽ എത്തിച്ചേർന്നു.

ക്‌ളാസ്സിൽ ഒന്നാം റാങ്ക് കിട്ടിയിരുന്ന കുട്ടികൾ ഇനി ഞാൻ കോളേജിൽ പോകുന്നില്ല എന്ന് വരെ പറഞ്ഞു വീട്ടിലിരുന്നു. കൗണ്സലിങ്ങും മരുന്നും ഒക്കെയായിട്ടാണ് പിന്നീട് അവരുടെ വിദ്യാഭ്യാസം പുനരാരംഭിച്ചത്.

ഇത്തരം “ജയിലുകളിൽ” പഠിച്ചു വന്ന ഒരാൾ പോലും അവിടുത്തെ അനുഭവങ്ങളെ പറ്റി ഒരു നല്ല കാര്യം പറഞ്ഞു കേട്ടിട്ടില്ല.

ഇന്നിത് ഓർക്കാൻ കാരണമുണ്ട്.കോട്ടയത്തെ ഒരു എഞ്ചിനീയറിങ്ങ് കോളേജിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വാർത്ത വരുന്നു.

അത് കോളേജിലെ അധ്യാപകരുടെ മാനസികപീഡനം ആണെന്ന് ആരോപണം വരുന്നു. കുട്ടികൾ സമരം ചെയ്യുന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നു.

ഈ മരണത്തിന്റെ കാരണം എന്താണെന്നൊക്കെ അന്വേഷണം കഴിയുമ്പോൾ അറിയാമല്ലോ. കുറ്റക്കാരുണ്ടെങ്കിൽ അവരെ ശിക്ഷിക്കുകയും ചെയ്യാം. ആ വിഷയത്തിൽ ഒരു ജഡ്ജ്‌മെന്റ്റ് അല്ല ഈ കുറിപ്പ്.

പക്ഷെ ഈ സംഭവത്തിന് ശേഷം പല ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ മാനസികവു പീഡനങ്ങളെ പറ്റി, അവകാശങ്ങളുടെ ലംഘനങ്ങളെപ്പറ്റിയുള്ള കഥകൾ ഏറെ പുറത്തു വരുന്നു.

ഞാൻ വീണ്ടും അനിലിന്റെ ജയിലിനെ ഓർക്കുന്നു.

നാല്പത് വർഷം മുൻപ് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിച്ച് ഇപ്പോൾ ലോകത്തെവിടെയും സഞ്ചരിച്ച് വിദ്യാഭ്യാസ രീതികൾ കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ കേൾക്കുന്നതൊന്നും ശുഭകരമല്ല.

എഞ്ചിനീയറിങ്ങ് ഡിഗ്രിയുടെ കാലത്തും യൂണിഫോം ഇടേണ്ടി വരുന്ന, ആൺകുട്ടികളും പെൺകുട്ടികളും വ്യത്യസ്ത ഇടനാഴികളിലൂടെ നടക്കുന്ന,

തൊട്ടതിനും പിടിച്ചതിനും ഒക്കെ ഫൈൻ അടിക്കുന്ന, ഏഴുമണിക്ക് മുൻപ് “കൂട്ടിൽ കയറേണ്ട,

നിസ്സാരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വരെ പ്രായപൂർത്തിയായ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ വിളിക്കുന്ന,

സെഷൻ മാർക്കിനെ ആയുധമായി ഉപയോഗിക്കുന്ന, കോളേജിലെ സെക്യൂരിറ്റി സ്റ്റാഫിനെ വിദ്യാർത്ഥികളെ വിരട്ടി നിർത്താനുള്ള ഗുണ്ടാസംഘം ആയി ഉപയോഗിക്കുന്ന കോളേജുകൾ ഒക്കെ ജനാധിപത്യ കേരളത്തിൽ ഇപ്പോഴും നില നിൽക്കുന്നു എന്നത് എന്നെ നടുക്കുന്നു.

അതിലും കഷ്ടം ഇത്തരത്തിൽ ഉണ്ടാക്കിയെടുത്ത/നിലനിർത്തുന്ന “അച്ചടക്കം” ഉള്ള കോളേജുകളിൽ മക്കളെ വിടാൻ മാതാപിതാക്കൾ മത്സരിക്കുന്നു എന്നതാണ്.

എന്താണ് അവർ അവരുടെ മക്കളോട് ചെയ്യുന്നത് എന്ന് അവർ അറിയുന്നുണ്ടോ?

എന്ത് തലമുറയെ ആണ് നമ്മൾ നിർമ്മിക്കുന്നത് ?

ഇവരൊക്കെ കിട്ടുന്ന ആദ്യത്തെ അവസരത്തിൽ കേരളത്തിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും പരമാവധി ഓടിപ്പോകുന്നതിൽ അതിശയം പറയാനുണ്ടോ?

ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.മരണം തീർച്ചയായും അന്വേഷിക്കണം. കുറ്റക്കാരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.

പക്ഷെ കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കോച്ചിങ്ങ് സെന്ററുകളിൽ ഉൾപ്പടെ ഉള്ള രീതികളെ പറ്റി അന്വേഷിക്കണം. അത് കുട്ടികളുടെ മാനസിക ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പറ്റി പഠിക്കണം.

ഒരു സർവ്വേ നടത്തിയാൽ പോലും ഒരാഴ്ചക്കകം ഏകദേശ ധാരണ ലഭിക്കും.

നമ്മുടെ കുട്ടികൾക്ക് എന്തൊക്കെ അവകാശങ്ങൾ ഉണ്ടെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം. അപ്പോഴാണല്ലോ അത് ലംഘിക്കപ്പെടുമ്പോൾ കുട്ടികൾ അറിയുന്നത് !

കുട്ടികളുടെ അവകാശങ്ങൾ നിഷേധിച്ച് അവരെ സമ്മർദ്ദത്തിന്റെ പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ കുട്ടികളുടെ വ്യക്തിത്വത്തെയും സമൂഹത്തിന്റെ ഭാവിയെയും എങ്ങനെ ബാധിക്കുമെന്ന് മാതാപിതാക്കളെ ബോധവൽക്കരിക്കുകയും വേണം.

മുരളി തുമ്മാരുകുടി

Share News