കേരളത്തിൽ മാത്രം എല്ലാ ജീവികളും അക്രമാസക്തരാകുന്നതിന്റെ കാരണം ശാസ്ത്രീയമായി പഠിക്കേണ്ട കാലമായി.| ചികിത്സ ആവിശ്യം മലയാളിക്ക് ആണോ അതോ മൃഗങ്ങൾക്കാണോ എന്ന് കണ്ടെത്തണം.

Share News

ആരാണ് അക്രമാസക്തർ? തെരുവ് നായ്ക്കളോ മലയാളികളോ?

കേരളത്തിൽ കുഞ്ഞുങ്ങളും നിരപരാധികളുമായ ആളുകൾ തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെടുന്നത് തികച്ചും വേദനാജനകമാണ്.

കേരളം പോലെ വിദ്യാസമ്പന്നരായ മനുഷ്യർ ജീവിക്കുന്ന ഒരു സംസ്ഥാനത്തു ഇത്തരം സംഭവങ്ങൾ നടക്കുന്നതിനെ ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളെയും തല്ലിക്കൊല്ലുകയും വിഷം വയ്ക്കുകയും കെട്ടിത്തൂക്കുകയും നാടുകടത്തുകയുമൊക്കെ ചെയ്തിട്ടു മനുഷ്യന് സുഖമായി ജീവിക്കാം എന്ന് ഒരു ജനത ചിന്തിക്കുന്നത് തന്നെ എത്ര പ്രകൃതിവിരുദ്ധവും അപക്വവും അക്രമാസക്തവും അപകടകരമാണ്.

പ്രപഞ്ചത്തിലെ ഒരു ജീവിക്കും മനുഷ്യനെ ആവിശ്യമില്ല. എന്നാൽ മനുഷ്യന് ജീവിക്കണമെങ്കിൽ എല്ലാ ജീവജാലങ്ങളെയും ആവശ്യമുണ്ടെന്ന സാമാന്യ ബോധം പോലും നമ്മുക്ക് നഷ്ടപ്പെട്ട് വരുകയാണ്.

വികസിത രാജ്യങ്ങളിൽ അവർ മൃഗങ്ങളുടെ ജനനത്തെ നിയന്ത്രിച്ചു, ജനിക്കുന്ന മൃഗങ്ങൾക്കു ജീവിക്കാൻ നല്ല സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. മനുഷ്യനാണോ മൃഗമാണോ പ്രധാനപ്പെട്ടത് എന്ന ചോദ്യത്തിന് പ്രകൃതി എന്ത് ഉത്തരമാകും നൽകുന്നത്?

മനുഷ്യനും മൃഗങ്ങളും സഹവർത്തിത്വത്തിൽ ജീവിക്കണം എന്ന ഉത്തരം മാത്രമേ പ്രകൃതിക്ക് ഉള്ളു.

തെരുവ് നായ്ക്കൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. എന്നാൽ കേരളത്തിലെ തെരുവുനായ്ക്കൾ മാത്രം അക്രമാസക്തരാകുന്നത് എന്തുകൊണ്ടാണ്? ഒരു പ്രധാന കാരണം, മലയാളിയുടെ ചില സ്വഭാവദൂഷ്യങ്ങളാണ് എന്ന് പറയാതെ വയ്യ.

കേരളത്തിന് പുറത്തു നമ്മൾ യാത്ര ചെയ്യുമ്പോൾ മനുഷ്യർ എല്ലാവരും പ്രകൃതിയോടും ജീവജാലങ്ങളോടും ഒക്കെ ഏറെ സഹവർത്തിത്വത്തിൽ കഴിയുന്നത് കാണാം. അവർ മൃഗങ്ങളെയും മരങ്ങളെയും ചെടികളെയും ഒക്കെ സ്നേഹിക്കുന്നവരും സംരക്ഷിക്കുന്നവരുമാണ്.

തെരുവ് നായ്ക്കളെ അവർ ഏറെ കരുതലോടെ പരിപാലിക്കുന്നത് കാണാറുണ്ട്. കുട്ടികളെ സംരക്ഷിക്കുകയും സ്കൂളിൽ പോകാൻ അവരുടെ കൂടെ കൂട്ട് പോകുകയും ചെയ്യുന്ന തെരുവ് നായ്ക്കളെ ഒക്കെ കണ്ടിട്ടുണ്ട്.

ഒരു നേരത്തെ ആഹാരം കൊടുക്കുകയോ സ്നേഹത്തോടെ ഒന്ന് പെരുമാറുകയോ ചെയ്താൽ അവ നമ്മുടെ സംരക്ഷണം സ്വയം ഏറ്റെടുക്കും എന്ന അനുഭവം എനിക്കുണ്ട്. കേരളത്തിൽ അല്ലെന്നു മാത്രം.

മുൻകാലത്തും ഇപ്പോഴും കേരളത്തിലെ ചില നല്ല ഗ്രാമപ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ നന്നായി സംരക്ഷിക്കപെടുന്നുണ്ട്. അവിടെയൊക്കെ ഗ്രാമവാസികളുടെ സംരക്ഷണവും അവ ഏറ്റെടുത്തിട്ടുള്ള സംഭവങ്ങൾ മാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്.

ഇന്ന്, മലയാളിയുടെ ഉള്ളിൽ ഒരു അസഹിഷ്ണതയുടെ മനസുണ്ട്. ഒരു പട്ടിക്കുഞ്ഞു തെരുവിൽ ജനിച്ചു അത് നടക്കാറാകുമ്പോൾ തുടങ്ങി മനുഷ്യന്റെ പീഡനം ആരംഭിക്കും.

റോഡ് സൈഡിൽ വെറുതെ നിൽക്കുന്ന നായെ മനഃപൂർവം വണ്ടി ഇടിപ്പിക്കുന്നതും, ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന നായ്ക്കളെ കല്ലെറിഞ്ഞു മുറിപ്പെടുത്തുന്നതുമൊക്കെ കേരളത്തിൽ വച്ച് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

എവിടെ നായ്ക്കളെ കണ്ടാലും കല്ല് എടുത്തു എറിയുന്നതും അതിനെ മുറിവേൽപ്പിക്കുന്നതും മലയാളിക്ക് ഒരു വിനോദമാണ്. മുറിവേറ്റ മൃഗം എന്നും അക്രമാസക്തനായിരിക്കും. (ഈ ഗണത്തിൽ മനുഷ്യനും വരും). കുറെ മുറിവേറ്റു കഴിയുമ്പോൾ ആരെ കണ്ടാലും അക്രമിക്കുന്നവരായി തെരുവ് നായ്ക്കൾ മാറുന്നു. ഇതിനു ഇരയാകുന്നത് നമ്മുടെ നിഷ്കളങ്കരായ കുഞ്ഞുങ്ങളും വൃദ്ധരുമൊക്കെയാണ്.

മൃഗങ്ങൾക്കു അറിയില്ലലോ ഇവർ നിഷ്കളങ്കരാണെന്ന്. മനുഷ്യ, നീ എന്റെ കുഞ്ഞിനെ ആക്രമിച്ചാൽ ഞാൻ നിന്റെ കുഞ്ഞിനെ അക്രമിച്ചിരിക്കും എന്ന ഒരു വൈരാഗ്യബോധം കേരളത്തിലെ മൃഗങ്ങളിൽ ഉണ്ടെന്നു അനുമാനിക്കാം!!!

കേരളത്തിൽ മാത്രം എല്ലാ ജീവികളും അക്രമാസക്തരാകുന്നതിന്റെ കാരണം ശാസ്ത്രീയമായി പഠിക്കേണ്ട കാലമായി.

ചികിത്സ ആവിശ്യം മലയാളിക്ക് ആണോ അതോ മൃഗങ്ങൾക്കാണോ എന്ന് കണ്ടെത്തണം. കേരളത്തിലെ തെരുവ് നായ്ക്കൾക്കും മൃഗങ്ങൾക്കും പക്ഷികൾക്കും മരങ്ങൾക്കുമൊക്കെ സംസാരശേഷി ഇല്ലാത്തതു കൊണ്ട് മലയാളി രക്ഷപെട്ടു. ഉണ്ടായിരുന്നെങ്കിൽ മനുഷ്യർ അവരോടു ചെയ്യുന്ന ക്രൂരതകൾ അവർ ഉറക്കെ വിളിച്ചു പറഞ്ഞേനെ..

പ്രകൃതിയുടെ ഇപ്പോഴത്തെ അഭിപ്രായത്തിൽ, ഏറ്റവും നീചവും സ്വാർത്ഥമതിയും അക്രമാസക്തവുമായ ഒരു ജീവി മനുഷ്യനാണ്.

ഈ മനുഷ്യൻ ഇല്ലാത്ത ഒരു പ്രപഞ്ചം എത്ര മനോഹരമായിരിക്കും എന്ന് പ്രകൃതി ചിന്തിക്കുന്ന കാലം വിദൂരത്തല്ല.

✍️ ജോർജ് പനന്തോട്ടം

George Panamthottam

A Carmelite of Mary Immaculate

Share News