അദ്ദേഹം പുതുപ്പള്ളി യിലെത്തും : ഉണരാത്ത ഉറക്കത്തിനായി: ആരും മറക്കാത്ത ഓർമയായി..

Share News

കേരളപോലീസിലെ രൂപഭാവങ്ങളിൽ ഏറ്റവും വലിയ മാറ്റം നടപ്പാക്കാൻ തീരുമാനിച്ച ആഭ്യന്തര മന്ത്രി എന്ന ഖ്യാതിയും ശ്രീ ഉമ്മൻ ചാണ്ടി അന്ന് നേടി..

ശ്രീ ഉമ്മൻ ചാണ്ടി ഇന്ന് ആരും ഒരിക്കലും വിസ്മരിക്കാത്ത ഓർമയായി, ജനലക്ഷ്ങ്ങൾ സാക്ഷികളായി, മണ്ണിൽ മറയുന്നു.. പോലീസുകാര്യങ്ങളിൽ വ്യക്തിപരമായും പൊതുവായും വളരെ കരുതൽ ഉള്ള ഒരു വ്യക്തിയായാണ് ഞാൻ ശ്രീഉമ്മൻ ചാണ്ടിയെ ഓർക്കുന്നത്.

1982 ൽ അദ്ദേഹം മൂന്നു മാസക്കാലം ആഭ്യന്തരമന്ത്രിയായിരുന്ന പ്പോൾ ഞാൻ കോഴിക്കോട് കമ്മിഷണർ ആയിരുന്നു. അന്ന് ആദ്യമായി കോഴിക്കോട്ടു വന്നപ്പോൾ അദ്ദേഹം നേരെ പോയത്, ഗാർഡ് സ്വീകരണം ഏറ്റുവാങ്ങാനല്ല: മറിച്ചു അതിനു രണ്ടു ദിവസം മുൻപ്, ശബരിമലയിൽ പോലീസ്ഡ്യൂട്ടിയിൽ ആയിരുന്നപ്പോൾ മകൾ കോഴിക്കോട്ടു മരണപ്പെട്ടു എന്നറിഞ്ഞു അവിടെനിന്നു ഡ്യൂട്ടി പൂർത്തിയാക്കാതെ മടങ്ങിയ അസിസ്റ്റന്റ് കമ്മിഷണർ പ്രഭാകരൻ നമ്പ്യാരുടെ വെള്ളിമാടുകുന്നിലുള്ള വീട്ടിലേക്കായിരുന്നു. ആശ്വാസവാക്കുകളുമായി ആഭ്യന്തരമന്ത്രി നടന്നു കയറി വരുന്നത് കണ്ടപ്പോൾ നമ്പ്യാർ ആശ്ചര്യവിവശനായിപ്പോയി.

വ്യക്തികളെ ആശ്യസിപ്പിക്കുന്നതിൽ മാത്രമല്ല, മറിച്ചു, കേരളപോലീസിലെ രൂപഭാവങ്ങളിൽ ഏറ്റവും വലിയ മാറ്റം നടപ്പാക്കാൻ തീരുമാനിച്ച ആഭ്യന്തര മന്ത്രി എന്ന ഖ്യാതിയും ശ്രീ ഉമ്മൻ ചാണ്ടി അന്ന് നേടി. അതുവരെ പോലിസുവേഷം നിക്കർ, കാലിൽ പട്ടീസ് , കൂർത്ത തൊപ്പി എന്നിവയായിരുന്നു. സബ് ഇൻസ്പെക്ടമാരുടെ പരേഡ് വേഷവും അതായിരുന്നു. ഫുൾ പാന്റ്സ് ധരിക്കണം എന്ന പോലീസുകാരുടെ ദീർഘകാല സ്വപ്നം അദ്ദേഹം 1982ൽ അംഗീകരിച്ചു.

പോലീസിന്റെ ക്ഷേമത്തെ സംബന്ധിച്ച പല കാര്യങ്ങളിലും അദ്ദേഹം തുടർച്ചായി വളരെ താല്പര്യമെടുത്തു . 2006 -ൽ ഇന്ത്യയിൽ ആദ്യമായി പോലീസുകാരുടെ ശമ്പളം ലോവർ ഡിവിഷൻ ക്ലർക്കിന്റെ മുകളിലുള്ള ഒരു സ്കെയിലിലേക്കു മാറ്റിയെടുക്കുവാൻ അദ്ദേഹം വലിയ സഹായമാണ് നൽകിയതു . ഉന്നത വിദ്യാഭ്യാസമുള്ള ആളുകൾ പോലീസിലേക്ക് വന്ന് പോലീസ് സേവനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുവാൻ അത് അത്യന്താപേക്ഷിതമായിരുന്നു. ഇന്ത്യയിൽ ആദ്യമായി അത്തരം പ്രഖ്യാപനം വരുന്നതിനു തൊട്ടു മുൻപ് ഇത് സംബന്ധിച്ച വാദഗതികൾ സംഗ്രഹിച്ചു തയ്യാറാക്കിയ എന്നെ വിളിച്ചു ” ഇതല്ലേ ജേക്കബ് പുന്നൂസ് ആവശ്യപ്പെട്ടിരുന്നതു” എന്ന് ചോദിയ്ക്കാൻ അദ്ദേഹം മറന്നതുമില്ല. പോലീസിന്റെ മനുഷ്യവിഭവശേഷിയുടെ നിലവാരത്തിൽ വലിയ മാറ്റമാണ് അതുണ്ടാക്കിയത് എന്ന് അഭിമാനത്തോടെയും നന്ദിയോടെയും സ്മരിക്കുന്നു.

അതുപോലെ തന്നെ മുപ്പതിലധികം വർഷമായി പോലീസുകാരുടെ സ്വപ്നമായിരുന്നു പോലീസ് കാന്റീൻ . അത് സർക്കാരിന് സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടം വളരെ വലുതായിരിക്കും എന്ന ആശങ്കയിൽ ഒരിക്കലും ധനവകുപ്പ് സമ്മതിക്കില്ല എന്ന് എല്ലാവരും കരുതി. നടക്കുകയില്ല എന്ന് ശങ്കിച്ചുകൊണ്ടു തന്നെ നടത്തിത്തരണം എന്ന ആവശ്യവുമായി അദ്ദേഹത്തെ നിരന്തരം സമീപിച്ചതിന്റെ ഫലമായി, മാണിസാറിന്റെ സമ്മതം വാങ്ങി, 2011ൽ ഉമ്മൻ ചാണ്ടി സാർ അതനുവദിച്ചുതന്നു എന്നുള്ളതും എടുത്തു പറയേണ്ടിയിരിക്കുന്നു. എല്ലാ വില്പനയും പൂർണമായി ആദ്യം മുതലേ ഡിജിറ്റൽ ആയതുകൊണ്ട് 50% നികുതി ഇളവ് മൂലം ഉണ്ടായ കുറവ് വർധിച്ച അളവിലെ രേഖാമൂലവില്പന കൊണ്ട് നികത്തപ്പെടുകയും ചെയ്തു.

തുടർച്ചയായി യാത്ര ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2005 ൽ തൃശൂർ അക്കാഡമിയിലെ പാസിങ് ഔട്ട് മുഖ്യാതിഥിയായ മുഖ്യമന്ത്രിയെ തലേ ദിവസം ഉച്ചക്ക് ഒരു മണിക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് ഞാൻ കണ്ടു പിറ്റേ ദിവസം രാവിലെ തൃശ്ശൂരിൽ അദ്ദേഹം ഭാഗഭാക്കാകേണ്ട ഔപചാരിക ക്രമങ്ങൾ വിശദീകരിച്ചു . വളരെ ധൃതിയിൽ “ഞാൻ സമയത്തു തന്നെ വരും” എന്നദ്ദേഹം ഉറപ്പുതന്നു. എന്നാൽ ഞാൻ ഒന്നേകാൽ മണിക്ക് പടി ഇറങ്ങി താഴെ വന്നപ്പോഴേക്കും , മുഖ്യമന്ത്രി ലിഫ്റ്റിൽ താഴെ വന്നു കാറിൽ കയറി പോകുന്നത് കണ്ടു. ഇത്ര പെട്ടെ ന്നെങ്ങോട്ടാണ് പോയത് എന്ന് ഞാൻ തിരക്കിയപ്പോൾ “അദ്ദേഹം 1 `.30 നുള്ള ജെറ്റ് എയർ വേസ് ഫ്ലൈറ്റിൽ ബോംബെ വഴി ഡൽഹി യിൽ പോകുകയാണെ”ന്ന് RK പറഞ്ഞു . ഞാൻ സ്തബ്ധനായിപ്പോയി; സിഎം 18 മണിക്കൂറിനകം എങ്ങനെ തിരിച്ചു വന്നു പരേഡിൽ സംബന്ധിക്കും? CM വരുമെന്ന് എന്നോട് ഉറപ്പു പറഞ്ഞതുകൊണ്ട്, വേറെ ആരെയെങ്കിലും വിളിക്കാൻ പറ്റാത്ത ധര്മ സങ്കടത്തിൽ തൃശ്ശൂർക്കു പോയി . വൈകിട്ട് ഏഴു മണിയോടെ അവിടെ ചെന്ന് ആഹാരം കഴിച്ചുറങ്ങി രാവിലെ എഴുന്നേറ്റു ഡ്രസ്സ് ചെയ്യുമ്പോൾ ഫോണിൽ സിഎം ന്റെ വിളി .. ” ഉമ്മൻ ചാണ്ടിയാണേ, ഞാൻ ഏഴേമുക്കാലിന് വന്നാൽ മതിയോ ?” അദ്ദേഹം വിളിക്കുന്നത് രാമനിലയത്തിൽ നിന്ന്. 0740 നു അദ്ദേഹം വന്നു . 10 മണി വരെ പരിപാടിയിൽ സംബന്ധിച്ചു . തിരിച്ചു പോയി. “എങ്ങനെ ഇത് സാധിച്ചു” എന്ന് ഞാൻ അന്വേഷിച്ചു. ഉച്ചയ്ക്ക് ഒന്നരമണിക്കു പ്ലെയിനിൽ കയറി മുംബൈ വഴി ഡൽഹിയിൽ ആറരയ്ക്കെത്തി. ശ്രിമതി സോണിയ ഗാന്ധി നൽകുന്ന വിരുന്നിൽ സംബന്ധിച്ചു അർദ്ധരാത്രി അവിടെ നിന്ന് ഫ്ലൈറ്റിൽ ബോംബയിൽ വരുന്നു. അവിടെ നിന്ന് രാത്രി രണ്ടരയ്ക്കുള്ള ജെറ്റ് എയർവെയ്സിൽ കയറി വെളുപ്പിന് നാലരമണിക്കു നെടുമ്പാശ്ശേരിയിൽ. അവിടെ നിന്ന് കാറിൽ രാവിലെ 0530 മണിക്ക് രാമനിലയത്തിൽ! ഉമ്മൻ ചാണ്ടിക്കല്ലാതെ ഇതാർക്കു സാധിക്കും ?

ചെറുപ്പത്തിൽ തന്നെ ആഭ്യന്തരമന്ത്രിയായിരുന്നതുകൊണ്ടായിരിക്കണം പോലീസ് പ്രതിസന്ധികളിലും പോലീസിന്റെ പരിമിതികൾ മനസ്സിലാക്കി വകുപ്പിനോട് വലിയ സഹിഷ്ണുതയാണ് ശ്രീ ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവായിരുന്നപ്പോഴും കാണിച്ചിട്ടുള്ളത് . ഓർമയിൽ വരുന്ന ദൃഷ്ടാന്തം പുല്ലുമേട് ദുരന്തം ആണ് . യഥാർത്ഥത്തിൽ, പിന്നീട് അന്വേഷണത്തിൽ വ്യക്തമായതുപോലെ തന്നെ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും അന്നുണ്ടായില്ല. പക്ഷെ ദുരന്തം അതിഗുരുതരമായിരുന്നു . ആ ദിവസം വൈകുന്നേരം ശബരിമലയ്ക്കടുത്തു കാട്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ആഭ്യന്തരമന്ത്രി ശ്രീ കോടിയേരി ബാലകൃഷ്ണൻ ആണ് എന്നെ വിളിച്ചു പറഞ്ഞത്. ആർക്കും ഒരു വിവരവും വ്യക്തമായി തരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞാൻ രാത്രി പത്തേകാൽ മണിക്ക് തിരുവനന്തപുരത്തു നിന്ന് തിരിച്ചു ഒന്നേകാൽ മണിയോടുകൂടി വണ്ടിപ്പെരിയാറിൽ എത്തി. യാത്രയിൽ തന്നെ ഫോണിലും വയർലെസ്സിലും ആയി സംഭവത്തിന്റെ വിവരങ്ങൾ അറിയുകയും എ ഡിജിപി മാരായ സന്ധ്യ, ഹേമചന്ദ്രൻ, ചന്ദ്രശേഖർ മുതലായവരെ വിവിധ ചുമതലകൾ ഏല്പിക്കുകയും ആ രാത്രിയിൽ തന്നെ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടന്ന 15 km കാട്ടു പാത ക്ലിയർ ചെയ്തു മരിച്ചവരെയും പരിക്കേറ്റവരെയും വണ്ടിപ്പെരിയാറിൽ എത്തിക്കാനുള്ള നടപടി ആരംഭിച്ചു. ഞാൻ ആശുപത്രിയിൽ ചെന്നപ്പോൾ ആദ്യബാച്ച് പരിക്കേറ്റവർ അവിടെ എത്തിത്തുടങ്ങി . പ്രതിപക്ഷനേതാവായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയിൽ നിന്ന് രാത്രി ഒന്നര മണിക്ക് തന്നെ അവിടെ എത്തി. എന്താണ് സംഭവിച്ചതെന്നും നൂറോളം ആൾ മരിച്ചെന്നു കരുതുന്നു എന്നും അവിടെവെച്ചു അപ്പോൾ തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹവും രാത്രി മുഴുവൻ രക്ഷാപ്രവർത്തനങ്ങളുമായി സഹകരിച്ചു.

പിറ്റേ ദിവസം അതിരാവിലെ തന്നെ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമ ടക്കം എല്ലാ നേതാക്കളും അവിടെ വരികയും അവിടെ ഒരു യോഗം നടക്കുകയും ചെയ്തു. അന്ന് വേണമെങ്കിൽ ശ്രീ ഉമ്മൻ ചാണ്ടിക്ക് പ്രതിപക്ഷനേതാവെന്ന നിലയിൽ പോലീസിനെയും അധി കാരികളെയുമെല്ലാം രൂക്ഷമായി വിമർശിക്കാമായിരുന്നു. സസ്പെന്ഷനും മറ്റും ആവശ്യപ്പെട്ടാൽ പോലും അതൊരു അസാധാരണ ഡിമാൻഡ് ആകില്ലായിരുന്നു. എന്നാൽ അദ്ദേഹമോ മറ്റു പ്രതിപക്ഷനേതാക്കന്മാരോ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതല്ലാതെ ഒന്നിനെയും ആരെയും കുറ്റപ്പെടുത്തുവാൻ മുതിർന്നില്ല. പോലീസ് അന്ന് രാത്രിയിൽ അവിടെ നടത്തിയ അതിദുഷ്കരമായ ജോലികൾ അദ്ദേഹം നേരിട്ട് മനസ്സിലാക്കിയതുകൊണ്ടാണങ്ങനെ ഒരു സമീപനം ഉണ്ടായത് എന്ന് ഞാൻ ഇപ്പോഴും കരുതുന്നു.

അദ്ദേഹംപ്രതിപക്ഷനേതാവായിരുന്നപ്പോൾ പോലീസിൽ ശ്രീ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ നിരവധി പുതിയ കാര്യങ്ങളുമായി അങ്ങേയറ്റം സഹകരിച്ചു എന്നുള്ളതും പല പദ്ധതികളുടെയും ചുമതലക്കാരൻ എന്ന നിലയിൽ എനിക്കു പൂർണ ബോധ്യമുള്ളതാണ്.ജനമൈത്രീ പൊലീസായാലും, സ്റ്റുഡൻറ് പോലീസ് കേഡറ്റായാലും കടലോര ജാഗ്രത സമിതി യായാലും ശ്രീ ഉമ്മൻ ചാണ്ടി അവയുമായി ബന്ധപ്പെട്ട ആലോചന കളിലും അവയെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കതീതമാക്കുന്നതിലും വളരെ ശ്രദ്ധിച്ചു. കേരളത്തിന് ഒരു പുതിയ പോലീസ് ആക്ട് ഉണ്ടാക്കുന്ന കാര്യത്തിലും പ്രതിപക്ഷത്തിന്റെ പൂർണ സഹകരണം വിമര്ശനങ്ങൾക്കിടയിലും അദ്ദേഹം നൽകിക്കൊണ്ടിരുന്നു. കാരണം ഒരു നല്ല പോലീസ് സംവിധാനം ജനങ്ങളുടെ പ്രാഥമിക ആവശ്യമാണെന്ന് അദ്ദേഹം ആത്മാർത്ഥമായി വിശ്വസിച്ചു .

രാപകലില്ലാതെ ജോലി ചെയ്യുന്നവരാണ് പോലീസുകാർ. അങ്ങനെ ജോലി ചെയ്യുന്നതിൽ എനിക്കും പ്രത്യേക ബുദ്ധിമുട്ടൊന്നും സർവിസിലിരുന്ന കാലത്തു തോന്നിയിട്ടില്ല. എന്നാൽ പ്രായത്തെ അതിജീവിച്ചു തുടർച്ചയായി രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുവാനുള്ള അസാമാന്യമായ സിദ്ധി ശ്രീ ഉമ്മൻ ചാണ്ടിക്കുണ്ട് എന്നത് അൽഭുതകരമായിരുന്നു. ഇറ്റാലിയൻ കപ്പൽ ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം നടന്നുകഴിഞ്ഞു 2012 ഫെബ്രുവരിയിൽ ഒരു ദിവസം മുഖ്യമന്ത്രി ശാന്തിഗിരിയിൽ വൈകുന്നേരം 7 മണിക്ക് പങ്കെടുത്ത ഒരു വലിയ ചടങ്ങിൽ ഞാനും ഉണ്ടായിരുന്നു. ഏതാണ്ട് എട്ടരമണിയോടുകൂടി മുഖ്യമന്ത്രി എന്നെ അടുത്തേയ്ക്കു വിളിച്ചു രാത്രി 12 മണിക്ക് ഇറ്റാലിയൻ വിദേശകാര്യമന്ത്രി വരുന്നുണ്ടെന്നും രാത്രിയിൽ കോട്ടയത്ത് മീറ്റിംഗിന് വരണമെന്നും പറഞ്ഞു. നാട്ടകം ഗസ്റ്റ് ഹൌസിൽവെച്ചാണ് മീറ്റിംഗ്. ഞാൻ ശാന്തിഗിരിയിൽനിന്നു നേരെ കോട്ടയത്തേക്ക് പോയി രാത്രി 12 മണിക്ക് തന്നെ നാട്ടകത്തു ചെന്നു . മുഖ്യമന്ത്രി വഴിയിൽ മൂന്നു മരണവീടുകളും സന്ദർശിച്ചു ഒരു മണിയോടുകൂടി അവിടെ വന്നു.

ഏതാണ്ട് 0130ന് ഇറ്റാലിയൻ മന്ത്രി ശ്രീ മിസ്റ്റുറിയും ഡൽഹിയിൽ നിന്നും എത്തിച്ചേർന്നു. വെളുപ്പാൻ കാലത്തു 4 മണി വരെ ചർച്ച . നമ്മുടെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ച്ചയും ചെയ്യാൻ മുഖ്യമന്ത്രി തയ്യാറായില്ല, ശ്രീ മിസ്ടറി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു പോയിന്റിൽ പോലും ഒരു ന്യായീകരണ വാദംസഫലമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനുശേഷം സംസ്ഥാന ദേശിയ തലത്തിലുള്ള എല്ലാ മാധ്യമങ്ങളും ചാനലുകളും പങ്കെടുത്ത ഒരു മീഡിയ ബ്രീഫിങ് . അതെല്ലാം കഴിഞ്ഞാണു ഞാൻ ഉറങ്ങാൻ കിടന്നതു. ഞാൻ രാവിലെ ഏഴു മണിക്കെഴുന്നേറ്റു ചായ കുടിക്കുമ്പോൾ മുഖ്യമന്ത്രി ഉണർന്നോ എന്ന് അന്വേഷിച്ചപ്പോൾ വെയ്റ്റർ പറഞ്ഞു “അദ്ദേഹം വേറെ ഏതോ പരിപാടിക്കു പുതുപ്പള്ളിയിലേക്ക് വെളുക്കും മുൻപേ പോയി”. അതാണ് ശ്രീ ഉമ്മൻ ചാണ്ടി . ഉറക്കത്തിനും ക്ഷീണത്തിനുമപ്പുറത്തായിരുന്നു അദ്ദേഹത്തിൻറെ ഉത്സാഹം.ഇന്ന് നാട്ടകത്തു ഉച്ചവെയിലിൽ പതിനായിരങ്ങൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കാത്തു നിൽക്കുന്നത് കണ്ടപ്പോൾ,, ഞാനോർമ്മിച്ചത്, അന്ന് നാട്ടകത്തു ഉറക്കമില്ലാത്ത നീണ്ട രാത്രിക്ക് ശേഷം, പുതുപ്പള്ളിയിലേക്ക് ഉറങ്ങാതെ ഓടിപ്പോയ ഉമ്മൻചാണ്ടി സാറിനെയാണ്.

ഇന്നും നാട്ടകത്തു നിന്നും അദ്ദേഹം പുതുപ്പള്ളി യിലെത്തും : ഉണരാത്ത ഉറക്കത്തിനായി: ആരും മറക്കാത്ത ഓർമയായി..

Jacob Punnoose

Former DGP, Kerala

Jacob Punnoose IPS is the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He was the Vigilance Director. He was appointed DGP of law and order in Kerala on 26 November 2008.

Share News