പക്ഷേ ഉമ്മൻ ചാണ്ടി എന്ന അത്ഭുതം അന്നു മുതൽ ഇന്നു വരെ എന്നേയും അമ്പരപ്പിച്ചു കൊണ്ടേയിരുന്നു…|അദ്ദേഹത്തിന് ഒളിക്കാൻ ഒന്നുമില്ലായിരുന്നു.| ആ നാട്ടുകാർ അക്ഷരാർത്ഥത്തിൽ അനാഥരായിരിക്കുന്നു…..

Share News

ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതിൻ്റെ നേർദർശനമായിരുന്നു ഉമ്മൻ ചാണ്ടി.

കടുത്ത വിമർശനങ്ങളോട് പ്രതികരിക്കുമ്പോൾ പോലും അദ്ദേഹം സമചിത്തത പാലിച്ചു. ഒരു മോശം വാക്ക് ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. പകയോ പ്രതികാരമോ അദ്ദേഹത്തിൻ്റെ മനസ്ഥിതി ആയിരുന്നില്ല.

അതൃപ്തി പ്രകടിപ്പിക്കുമ്പോൾ പോലും ആ വാക്കുകളിൽ മിതത്വം നിറഞ്ഞുനിന്നു. അഭിമുഖങ്ങളിൽ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളെ നേരിട്ടപ്പോൾ പോലും പുഞ്ചിരിക്കാൻ മറന്നില്ല.

പത്രപ്രവർത്തകൻ എന്ന നിലയിൽ ഏറ്റവുമെളുപ്പത്തിൽ ബന്ധപ്പെടാനാകുന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. മാധ്യമ ഡെഡ്ലൈനുകളോട് എന്നും എപ്പോഴും സഹകരിച്ച് പ്രതികരിച്ചിരുന്നയാൾ.

ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് പലപ്പോഴും അമ്പരന്നിട്ടുണ്ട്. രണ്ട് ഇടിയപ്പവും ഒരു കോഴിമുട്ടയും കാറിലിരുന്ന് പ്രഭാത ഭക്ഷണമായി കഴിച്ച് എങ്ങനെ ഇത്ര ഊർജസ്വലനായി പോകാനാകുന്നുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.മുമ്പെഴുതിയതാണ്.

ഒരിക്കൽ കാറിൽ അഭിമുഖത്തിനായി മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കവേ, ഒരിടത്ത് നിർത്തിയപ്പോൾ എതിർ വശത്തു നിന്നും തിക്കിത്തിരക്കി ചില പ്രവർത്തകർ കാറിൽ കയറിയപ്പോൾ ഞാൻ അബദ്ധത്തിൽ അദ്ദേഹത്തിൻ്റെ കാലിൽ അമർത്തിച്ചവിട്ടിപ്പോയ കഥ. “അയ്യോ ” എന്നുച്ചത്തിൽ അദ്ദേഹം നിലവിളിച്ചപ്പോഴും എന്താണ് സംഭവമെന്ന് എനിക്ക് മനസ്സിലാകാതെ പോയതും പാദം ഞെരിച്ച് ഷൂസ് അവിടെത്തന്നെ തുടരുകയും ചെയ്ത കഥ.

സ്വാഭാവിക പ്രതികരണമെന്ന നിലയ്ക്ക് എൻ്റെ കാൽ തട്ടി മാറ്റുക പോലും ചെയ്തില്ല അദ്ദേഹം. ഒടുവിൽ നിലവിളിയുടെ കാരണം തിരിച്ചറിഞ്ഞ് കാൽ പിൻവലിച്ചപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണ് നനഞ്ഞിരുന്നു. ക്ഷമ പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വേദന കലർന്ന പുഞ്ചിരിയോടെയുള്ള മറുപടി ഇങ്ങനെയായിരുന്നു: “ഇതൊക്കെ സാധാരണമാണ് ബിന്ദു. ഇയാൾ വിഷമിക്കണ്ട.”ആ കരുതലിൻ്റെയും സ്നേഹത്തിൻ്റെയും മധുരമാണ് കേരള രാഷ്ട്രീയത്തിൽ നിന്നും വിട വാങ്ങിയിരിക്കുന്നത്.

ആദരാഞ്ജലികൾ ❤️

അദ്ദേഹത്തിന് ഒളിക്കാൻ ഒന്നുമില്ലായിരുന്നു. ഒരിക്കൽ ഒരുമിച്ചുള്ള യാത്രയ്ക്കിടയിൽ അഭിമുഖസംഭാഷണം റെക്കോർഡ് ചെയ്തു കൊണ്ടിരിക്കെ ഒരു കോൾ അദ്ദേഹത്തിൻ്റെ സന്തത സഹചാരി സുരേന്ദ്രൻ അദ്ദേഹത്തിനു നൽകി.

“നമ്മുടെ ….. ആണ്, ” സുരേന്ദ്രൻ ചാണ്ടിയോട് പറഞ്ഞു. അതൊരു പുതുപ്പള്ളിക്കാരനാണെന്ന് എനിക്ക് മനസ്സിലായി.അബദ്ധത്തിൽ ഫോൺ എങ്ങനെയോ സ്പീക്കർ ഫോണിൽ വീണു.

വിളിച്ചയാൾ ആരംഭിച്ചതു തന്നെ ഉമ്മൻ ചാണ്ടിയെ ചീത്ത പറഞ്ഞു കൊണ്ടാണ്.

ചീത്തയെന്നു പറഞ്ഞാൽ മുട്ടൻ ചീത്ത.കാരണം മറ്റൊന്നുമല്ല. പേരക്കുട്ടിയുടെ വിവാഹത്തിന് വരാമെന്ന് പറഞ്ഞിട്ട് വന്നില്ല. ഞാൻ കേൾക്കേണ്ടെന്നു കരുതി ഫോൺ തിരികെ വാങ്ങി സ്പീക്കർ ഓഫ് ചെയ്യാൻ സുരേന്ദ്രൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അത് മൈൻഡ് ചെയ്തില്ല.

അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് തനിക്ക് അന്ന് അത്യാവശ്യമായി മറ്റൊരിടത്തേക്ക് പോകേണ്ടി വന്ന കാര്യമാണ് ക്ഷമാപണത്തോടെ ചീത്ത വിളിക്കുന്നയാളോട് പറയുന്നത്. പക്ഷേ വിളിച്ചയാൾ വിഷമം പറച്ചിൽ നിർത്തുന്നില്ല. ചാണ്ടിയാകട്ടെ അത് കേട്ടുകൊണ്ടേയിരിക്കുന്നു. ഒടുവിൽ ഡ്രൈവറോട് ഒരിടവഴി കേറി പോകാൻ അദ്ദേഹം പറയുന്നു. നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്കല്ല സഞ്ചാരം. ഫോണിൽ സംസാരിക്കവേ തന്നെ ” അങ്ങോട്ട്, ഇങ്ങോട്ട് ” എന്നൊക്കെ ചാണ്ടി ഡ്രൈവർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ഒടുവിൽ ഒരു വീടിന് മുന്നിൽ വണ്ടി നിന്നു. വീടിനു മുന്നിൽ പുറം തിരിഞ്ഞ് ഒരാൾ നിന്ന് ഫോണിൽ സംസാരിക്കുന്നുണ്ട്.

” ദേ…അദ്ദേഹമാണ് ഈ ചീത്ത വിളിക്കുന്നത്, ” ചാണ്ടി എന്നോട് പറഞ്ഞു.കാറിൻ്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞയാളുടെ മുഖത്ത് നിറപുഞ്ചിരി.

ചാണ്ടിയ്ക്കരികിലേക്ക് അയാൾ ഓടിയെത്തി. പരിഭവമൊക്കെ ഒറ്റ നിമിഷം കൊണ്ട് തീർന്നു. ഫോൺ തിരികെ സുരേന്ദ്രന് കൈമാറി ചാണ്ടി ആ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.

അൽപ നേരത്തിനുശേഷം കുടുംബാംഗങ്ങൾ എല്ലാവരുമൊത്ത് അദ്ദേഹം തിരികെ കാറിലേക്ക് വരുന്ന കാഴ്ച കണ്ട എനിക്കും ഫോട്ടോഗ്രാഫർ ജോണിക്കും പൊട്ടിച്ചിരിക്കാതിരിക്കാനായില്ല. തിരിച്ചങ്ങോട്ടുള്ള യാത്രയിൽ നർമ്മത്തിൻ്റെ വെടിക്കെട്ടുകളായിരുന്നു. ഉമ്മൻ ചാണ്ടി എന്ന പച്ച മനുഷ്യനെ അറിഞ്ഞ ദിവസം!

നിരവധി ഇടവേളകളെടുത്ത് ഏതാണ്ട് ഒരു ദിവസം മുഴുവനുള്ള ആ യാത്രയ്ക്കൊടുവിൽ അവസാന ചോദ്യത്തിനും ഉത്തരം വാങ്ങി ഞാൻ കൊച്ചിക്ക് മടങ്ങുമ്പോൾ നേരം ഇരുട്ടിയിരുന്നു. പക്ഷേ ഉമ്മൻ ചാണ്ടി എന്ന അത്ഭുതം അന്നു മുതൽ ഇന്നു വരെ എന്നേയും അമ്പരപ്പിച്ചു കൊണ്ടേയിരുന്നു…… ❤️

പുതുപ്പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ ഈ ഓർമ്മയാണ് മനസ്സിലെത്തിയത്. ആ നാട്ടുകാർ അക്ഷരാർത്ഥത്തിൽ അനാഥരായിരിക്കുന്നു…..

ഫോട്ടോ: 2014-ലെ ആ മണ്ഡല യാത്രയ്ക്കിടയിൽ ജോണി തോമസ് പകർത്തിയത്.

J Binduraj

Share News