
മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവം: പ്രധാന പ്രതി അറസ്റ്റില്‍; കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സമുദായ സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍.
സംഭവത്തിലെ മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
സംസ്ഥാനത്ത് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം കടുത്ത ഞെട്ടലുണ്ടാക്കിയെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. പ്രധാനപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായി. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ വിളിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്കി. സംഭവത്തിലുള്‍പ്പെട്ട ഒരാളും രക്ഷപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാൻഗ്പോക്പി ജില്ലയില്‍ മേയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും കുക്കി ഗോത്രസംഘടനയായ ഐടിഎല്‍എഫ് പറഞ്ഞു. കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും മെയ്ത്തികളാണ് ആക്രമിച്ചതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
knn