ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയോ?|പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ ?

Share News

കേരളത്തിന് അന്യമായിരുന്ന ഒരുപറ്റം വന്‍കിട പദ്ധതികള്‍, അഭൂതപൂര്‍വമായ ക്ഷേമപദ്ധതികള്‍, അവയ്ക്ക് മകുടം ചാര്‍ത്താന്‍ 3 തവണ ജനസമ്പര്‍ക്ക പരിപാടി. 2013ല്‍ ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് കൂടി നേടിയതോടെ അജയ്യനായ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി വീഴ്ത്തുക എന്നത് രാഷ്ട്രീയലക്ഷ്യമായി മാറി.

കിട്ടാവുന്ന എല്ലാ ആയുധങ്ങളും തലങ്ങും വിലങ്ങും പ്രാകൃതമായി പെരുമാറി.

സിപിഎം നല്കിയ കോടികളുടെയും രാഷ്ട്രീയാഭയത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിയുയര്‍ത്തിയ വെറുമൊരു പുകവെടിയായിരുന്നു സോളാര്‍ കേസ്. അതിനെ അടിസ്ഥാനമാക്കി ആരോപണങ്ങളുടെ ഗോപുരം തന്നെ സൃഷ്ടിക്കപ്പെട്ടു.

ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം കണ്ടേ മടങ്ങൂ എന്ന് രക്തപ്രതിജ്ഞ എടുത്തവന്നവര്‍ക്ക് 24 മണിക്കൂറിനകം തിരിച്ചുപോകേണ്ടി വന്നത് ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാതെ വന്നതിനാല്‍!

നാടെങ്ങും ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്ന കറുത്ത കൊടികള്‍, ഫ്‌ളക്‌സുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍. വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ഉപയോഗിച്ചത് ഹീനമായ വാക്കുകള്‍. എഴുതിത്തയാറാക്കി കൊണ്ടുവന്ന് നോക്കി വായിച്ച ആ പ്രസംഗം ഡസ്‌കിടിച്ച് പ്രോത്സാഹിപ്പിച്ച എംഎല്‍എമാര്‍. അതുകേട്ട് ആര്‍മാദിച്ച അണികള്‍.

ഇടതുപക്ഷ ആവശ്യപ്രകാരം നിയോഗിച്ച സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടി ഇരുന്നത് 14 മണിക്കൂര്‍. അതും മാധ്യമങ്ങളുടെ മുന്നില്‍.

കമ്മീഷന്റെയും സഹായികളുടെയും അശ്ലീലം നിറഞ്ഞ ചോദ്യങ്ങള്‍.ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി 2016ല്‍അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍. ഒരു പദവികളുമില്ലാത്ത ഉമ്മന്‍ ചാണ്ടി.

എന്നിട്ടും മതിയായില്ല. 2017 ഒക്ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം രാവിലെ ഉമ്മന്‍ ചാണ്ടിക്കെതിരേ സോളാറില്‍ കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം.

ജാമ്യമില്ലാ വകുപ്പ് ചുമത്തി ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ഉമ്മന്‍ ചാണ്ടി മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ പോലും തയാറായില്ല. ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മാറിമാറി അന്വേഷിപ്പിച്ചിട്ടും ഒന്നും കിട്ടിയില്ല. സോളാര്‍ കേസിലെ തട്ടിപ്പുകാരിയും 48 കേസുകളിലെ പ്രതിയെ വിളിച്ചുവരുത്തി വ്യാജപരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം നടത്താന്‍ 2021 ജനുവരി 24ന് മന്ത്രിസഭാ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2021 ഏപ്രില്‍ 6നും.

2019 സെപ്റ്റംബര്‍ 23ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പ് സെപ്റ്റംബര്‍ 3ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് സിബിഐക്ക്. ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. കഴമ്പില്ലെന്നു കണ്ട് കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചു.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉള്‍പ്പെട്ട പാമോയില്‍ കേസ് 2005ല്‍ ഉമ്മന്‍ ചാണ്ടി പിന്‍വലിച്ചെങ്കിലും തുടര്‍ന്ന് അധികാരത്തിലേറിയ വിഎസ് സര്‍ക്കാര്‍ അതു വീണ്ടും കുത്തിപ്പൊക്കി അതുവരെ സാക്ഷിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി വേട്ടയാടി.

വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2011 മാര്‍ച്ചില്‍ വിജിലന്‍സ് കോടതി കേസ് റീ ഓപ്പണ്‍ ചെയ്തപ്പോള്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ആയിരുന്നു. അന്നു പത്തുസീറ്റെങ്കിലും യുഡിഎഫിനു നഷ്ടപ്പെട്ടു. 2 സീറ്റ് ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്നത്.

ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി കേസ് പുനരന്വേഷിച്ചപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായിട്ട് മൂന്നുമാസം പോലുമായിരുന്നില്ല.

അന്ന് ഉമ്മന്‍ ചാണ്ടിയുടെ രാജിക്ക് സിപിഎം മുറവിളി കൂട്ടി. ഏറെ നാളുകള്‍ക്കു ശേഷമാണ് ഈ കേസ് തെളിവില്ലാതെ അവസാനിപ്പിച്ചത്. 2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം പാറ്റൂരില്‍ 15 സെന്റ് ഭൂമിയുടെ കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന വിജിലന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നാലാം പ്രതി. ഹൈക്കോടതി ഈ കേസിലെ എഫ്ഐആറടക്കം റദ്ദാക്കിയെങ്കിലും വിഎസ് അച്യുതാന്ദന്‍ കേസ് തുടര്‍ന്നു.

2021ല്‍ ആണ് കോടതി കേസ് തള്ളിയത്. ഈ വിവാദൂമിയില്‍ ഇന്ന് ഒരു വമ്പന്‍ മള്‍ട്ടിപ്ലക്സ് സ്ഥിതിചെയ്യുന്നു.

ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടി ഇല്ലായിരുന്നെങ്കിലും കെ എം മാണിയെ സിപിഎം ആരോപണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി കനത്ത വില നല്കി. നിയമസഭയില്‍ നടന്ന നാണംകെട്ട സംഭവങ്ങളും കെ.എം.മാണിക്കെതിരായ വേട്ടയാടലുകളുമെല്ലാം നിലനില്ക്കെ കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെത്തിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത് 2013 ഒക്ടോബര്‍ 27നാണ്. സി കൃഷ്ണന്‍ എംഎല്‍എ, കെ കെ നാരായണ്‍ മുന്‍എംഎല്‍എ തുടങ്ങിയവര്‍ ഒന്നും രണ്ടും പ്രതികളായ കേസിലെ 113 പ്രതികളും സിപിഎമ്മുകാരാണ്. ഒന്നും രണ്ടും പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നു മൊഴി നല്കി ഉമ്മന്‍ ചാണ്ടി അവരെ സംരക്ഷിച്ചു!!

2400 കോടിയുടെ വിഴിഞ്ഞം പദ്ധതയില്‍ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. അധികാരത്തില്‍ വന്ന ശേഷം പദ്ധതിയുമായി മുന്നോട്ടുപോയി. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലും ഒരു രൂപ അദാനിയില്‍നിന്ന് സംഭാവന വാങ്ങാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചു. വേട്ടയാടിയോയെന്ന് തിരിഞ്ഞൊന്നു നോക്കൂ!

ആത്മസംയമനത്തോടെ.. എന്നാല്‍ കുറിക്കുകൊള്ളുന്നതു പോലെ..

സോളാര്‍ കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സാര്‍ 28.12.22ല്‍ നല്കിയ പ്രതികരണം.സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ എല്ലാവരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ 2 അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ, സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാന്‍ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയകരമാണ്.

സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും നിയമോപദേശം ലഭിച്ചു. എന്നാല്‍ പ്രതിച്ചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകരും ഞാനും ആ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്.

കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല.

ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്.

പി ടി ചാക്കോ

Former Press Secretary at Chief Minister office Kerala

Share News