കുഞ്ഞൂഞ്ഞു ആള് കൊള്ളാമല്ലോ എന്ന് കർത്താവു മനസ്സിൽ പറഞ്ഞു…. അപ്പോഴേക്കും ഫോൺ വീണ്ടും റിങ് ചെയ്തു…. കുഞ്ഞൂഞ്ഞാണ്…അടുത്ത അപേക്ഷയുമായി….|ചെറുകഥ

Share News

*Counter No:98*

സ്വർഗ്ഗത്തിന്റെ പ്രധാനഓഫീസിൽ ഒരു കൗണ്ടർന്റെ മുൻപിൽ മാത്രം വലിയ ബഹളം. കാര്യസ്ഥൻ പത്രോസ് ഇരുന്നിടത്തു നിന്ന് ഒന്ന് എത്തി നോക്കി.

ആളെ കണ്ട് അത്ര പരിചയമില്ല. പുതിയ ആൾ ആയിരിക്കണം. എന്നാലും ഇത്ര പെട്ടന്ന് പുതിയ ഒരാൾക്ക് ഏങ്ങനെ കർത്താവ് കൗണ്ടർ കൊടുത്തു?.

ഒന്നുകൂടെ പത്രോസ് എത്തിനോക്കി, ‘കൗണ്ടർ നമ്പർ – 98’പത്രോസ് തന്റെ അടുക്കൽ വെച്ചിട്ടുള്ള കൗണ്ടർ വിവരങ്ങൾ അടങ്ങിയ രജിസ്റ്ററിൽ, ‘കൗണ്ടർ നമ്പർ 98’ ന്റെ വിവരങ്ങൾ നോക്കി.

പുതിയ അഡ്മിഷൻഡേറ്റ് ഓഫ് ജോയിനിങ് -18 ജൂലൈ 2023

പേര് : ഉമ്മൻ‌ചാണ്ടി

ചെല്ലപ്പേര് : കുഞ്ഞുഞ്ഞ്നാട് : പുതുപ്പള്ളി, കേരളം, ഇന്ത്യ

ശെടാ.. ഇന്നലെ വന്നവനും കൗണ്ടർ ഇത്രവേഗത്തിലോ, ഇനി കർത്താവു തത്കാൽ സിസ്റ്റം തുടങ്ങിയോ…

പത്രോസ് ഇരുന്ന സീറ്റിൽ നിന്നും ഒന്നുകൂടി എത്തിനോക്കി, തുടക്കകാരന്റെ യാതൊരു ചാഞ്ചല്യവും ഇല്ലാതെ സ്വർഗത്തിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന കുഞ്ഞുഞ്ഞ്.

എന്തേ അവിടെമാത്രം അപേക്ഷകളുടെയും അപേക്ഷകരുടെയും എണ്ണത്തിൽ ഒരു തിക്കും തിരക്കും…എനിക്കിതൊന്നും ഇഷ്ടപ്പെടുന്നില്ല..

പത്രോസിന്റെ ചിന്തകൾ കാട് കയറുവാൻ തുടങ്ങി. ഇന്നലെ വന്ന ആളുടെ അടുക്കൽ പോയി വിവരങ്ങൾ തിരക്കാൻ പത്രോസിന്റെ ആത്മാഭിമാനം അനുവദിച്ചില്ല…

എന്നാ നേരെ കർത്താവിന്റെ അടുക്കൽ പോയി ചോദിക്കാമെന്ന് വിചാരിച്ചു, നേരെ അങ്ങോട്ട് ഇറങ്ങി…

ഡോറിൽ മുട്ടി അല്പം കതക് തുറന്ന് തല അകത്തിട്ട് ‘May I Come In Jesus’?

എന്ന് ഒഫീഷ്യലിറ്റി ഒട്ടും കുറക്കാതെ സ്വർഗ്ഗത്തിന്റെ താക്കോൽക്കാരൻ കർത്താവിനോട് ചോദിച്ചു..കയറിവരാൻ ആംഗ്യം കാണിച്ചു കർത്താവ് ഫോണിൽ സംസാരം തുടരുകയാണ്…

ഫോണിന്റെ ഡിസ്പ്ലേയിൽ സംസാരം തുടങ്ങിയിട്ട് 15 മിനിറ്റ് എന്നെഴുതിയത് പത്രോസ് കണ്ടു….

ശ്ശെടാ.. ഇതാരാ ഇത്രക്ക് വിളിക്കുന്നത്….?

പത്രോസ് വീണ്ടും ചിന്തയിലാണ്ടു…കൈ കഴച്ചിട്ടാവണം കർത്താവു ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു റെസിവർ വെച്ചു സംസാരം തുടർന്നു…

‘കുഞ്ഞുഞ്ഞെ നീ പറയുന്നതൊക്കെ ശരിയാണ്…

പക്ഷെ അവന്റെ കൈലിരിപ്പ് നിനക്ക് അറിയാൻ പാടില്ലേ ?

”കർത്താവേ അത് ശരിതന്നെ, അവന്റെ സാഹചര്യങ്ങളും കൂട്ടുകാരും അങ്ങനെ ആയതുകൊണ്ട് പറ്റിപോകുന്നതല്ലേ കർത്താവേ”അതുകൊണ്ട് എന്തും ചെയ്യാമെന്നാണോ?

”അതല്ല കർത്താവേ നാം ഇപ്പോൾ ഇവനെ കൈവിട്ടാൽ ഇവൻ നശിച്ചുപോകും.കൂട്ടത്തിൽ അവന്റെ കുടുംബവും വഴിയാധാരമാകും. അത് വേണോ?’

‘കുഞ്ഞൂഞ്ഞേ, നീ ഫീലിംഗ്സ് ഇറക്കി കളിക്കല്ലേ.. ഫീലിങ്ങിസിൽ ഞാൻ വീഴുമെന്ന് ആരാ പറഞ്ഞെ?

ലാസറോ, മർത്തയോ, അതോ മറിയമോ??”ആരുമല്ല കർത്താവേ, എനിക്കിത്തിരി ഫീലിംഗ്സ് കൂടുതൽ ആണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടാൽ എനിക്ക് വിഷമം ആണ്, കരച്ചിൽ വരും.

അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് വരെ പിന്നെ എനിക്കൊരു സമാധാനം കിട്ടില്ല..”കുഞ്ഞൂഞ്ഞേ, നീ ഓവർ ആക്കല്ലേ… നിനക്കിപ്പോൾ കുട്ടിക്ക് ചികൽസിക്കാനുള്ള പണവും വേണം, നേരത്തെ പെൻഡിങ്ങിൽ വെച്ച അപേക്ഷയിൽ ഒരു വീടും വേണം.

അത്രയല്ലേ ഉള്ളൂ…ചികത്സ സഹായത്തിനു ഒരു ഒരു സംഘടനയുടെ ആൾകാർ നാളെ അവരെ സമീപിച്ചു വേണ്ടത് ചെയ്യും… വീട് വേണ്ടവർക്ക്, ഇടവക വഴി അതും ഒരുക്കും.. അത് പോരെ നിനക്ക്..?’

‘മതി.. അതുമതി.. കർത്താവിന്റെ ഉറപ്പാണ് എന്റെ ഉറപ്പ്.”

പിന്നെ… കർത്താവേ, ഇതൊന്നും എനിക്ക് വേണ്ടിയല്ല കേട്ടോ..

ഞാൻ പേരിനും പെരുമക്കും വേണ്ടി ഒന്നും ചെയ്യാറില്ല എന്നറിയാലോ.. എനിക്കു വേണ്ടപ്പെട്ടവരാണ് ഇവരെല്ലാം.. അതുകൊണ്ടാണ്….

താങ്ക്സ്..എന്നാ വെച്ചോട്ടെ….?

”ശരി… കുഞ്ഞൂഞ്ഞേ… കൗണ്ടറിലെ തിരക്ക് ഞാൻ കാണുന്നുണ്ട്… പണി നടക്കട്ടെ ‘ഫോൺ ഡിസ്‌ക്കണക്ട് ചെയ്ത് കർത്താവു കസേരയിലേക്ക് ചാരിയിരുന്നു…

തുടർന്ന് പത്രോസിനെ നോക്കി..

പത്രോസ് ഇതെല്ലാം കേട്ട് കർത്താവിനെ സാകൂതം വീക്ഷിക്കുവായിരുന്നു…

ഇതെല്ലാം ‘കൗണ്ടർ നമ്പർ 98’ ലെ കുഞ്ഞുഞ്ഞു തന്നെയാണോ എന്നു പത്രോസ് സംശയിക്കുന്നുണ്ട്..

‘എന്താ പത്രോസെ വന്നകാലിൽ നില്കുന്നത്…. ഇരിക്കാൻ പാടില്ലായിരുന്നോ.. എന്താണ് പ്രശ്നം?’…

അപ്പോഴാണ് പത്രോസ് എന്തിനാണ് വന്നതെന്ന് ഓർമിക്കുന്നത്..’കർത്താവേ,പുതിയ ‘കൗണ്ടർ നമ്പർ -98’ൽ, ആരാണ് ഇത്രപെട്ടന്ന് ജോലി ആരംഭിച്ചത്…

കഴിഞ്ഞ ആഴ്ചയിൽ തന്ന ലിസ്റ്റിൽ ഇല്ലാത്ത പേരാണല്ലോ ഈ പേര്…?

”ആ പത്രോസെ, അക്കാര്യം പറയാൻ വിളിക്കാനിരിക്കുകആയിരുന്നു ഞാൻ.. അദ്ദേഹമാണ് ഇപ്പോൾ ഫോണിൽ വിളിച്ചത്.. പേര് ഉമ്മൻ‌ചാണ്ടി…

ഭൂമിയിൽ നാട്ടുകാർക്കിടയിൽ കുഞ്ഞുഞ്ഞു… ആളു മിടുക്കനാ..’

‘അതുകൊണ്ട്?’ പത്രോസിനു വിട്ടുകൊടുക്കാൻ മനസ് വന്നില്ല..’പത്രോസെ, കുഞ്ഞുഞ്ഞിനെ നീ ശരിക്ക് മനസിലാക്കിയില്ല എന്ന് തോന്നുന്നു…

കുഞ്ഞുഞ്ഞിന്റെ കണക് പുസ്‌തകം എടുത്തു നോക്കിയാൽ അറിയാം കുഞ്ഞുഞ്ഞു ആരായിരുന്നു എന്നുള്ളത്…

”പത്രോസെ, കഴിഞ്ഞ 18 നാണു കുഞ്ഞുഞ്ഞു സ്വർഗത്തിൽ എത്തുന്നത്..

ആ ദിവസങ്ങളിൽ ഭൂമിയുടെ ഒരറ്റത്തു തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ ജനസാഗരം ആയിരുന്നു.. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇരുന്ന് കുഞ്ഞൂഞ്ഞിനെ ഓർക്കാത്ത മലയാളികൾ ഇല്ല…’

‘നീ ചായകുടിച്ചോ?

‘ ഇടക്ക് നിർത്തി കർത്താവ് പത്രോസിനോട് ചോദിച്ചു…

‘ഇല്ല…”

എന്നാൽ, ഇത് കുടി…’

ഒരു ഗ്ലാസ് ചായ എടുത്തു പത്രോസിനു കൊടുത്തു, ഒരു ഗ്ലാസ് ചായ തനിക്കുമെടുത്തു ഒരു സിപ് കുടിച്ചുകൊണ്ട്, പതിയെ ജനാലക്ക് അരികിലേക്ക് നീങ്ങി കർത്താവു ‘കൌണ്ടർ നമ്പർ -98’ ലേക്ക് നോക്കി ആശ്ചര്യപ്പെട്ടു..

വർധിച്ചുവരുന്ന അപേക്ഷകൾ; മടുപ്പില്ലാതെ, അനുഭാവപൂർവം, അപേക്ഷകരുടെ പരാതികളും ആവലാതികളും കേൾക്കുന്ന കുഞ്ഞൂഞ്‌, സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളും അക്കൂട്ടത്തിൽ ഉണ്ട്..

കുഞ്ഞുഞ്ഞിന്റെ സഹായത്തിനായി നിർത്തിയിരിക്കുന്ന കുഞ്ഞുമാലാഖാമാർ പണിയെടുത്തു മടുത്തിട്ടുണ്ടാകണം…. കണക്കുകൂട്ടലുകൾ തെറ്റിച്ചു ഇങ്ങനെ ഒരു അനുഭവം സ്വർഗത്തിൽ ആദ്യമായാണ്….

‘അപ്പോ… പത്രോസെ ‘ കർത്താവ് തുടർന്നു…

.’വെറും മൂന്നാലു മണിക്കൂറുകൾ കൊണ്ട് തീരേണ്ട കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര, പുതുപ്പള്ളിയിൽ എത്താൻ 30-36 മണിക്കൂറുകൾ എടുത്തു..

അവിടെ എത്തപ്പെടാൻ പറ്റാത്ത മലയാളികൾ, അദ്ദേഹത്തെ സ്നേഹിക്കുന്നവർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു മനസുകൊണ്ട് കുഞ്ഞൂഞ്ഞിനെ അനുഗമിച്ചു…

അങ്ങ് തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ അദ്ദേഹത്തെ കാത്തുനിന്നവരിൽ ഓരോരുത്തർക്കും കുഞ്ഞൂഞ്ഞിന്റെ ഓരോ കഥ പറയുന്നുണ്ടായിരുന്നു, ചിലരെ നേരിട്ട് സഹായിച്ചതിന്റെ കഥകൾ, മറ്റുചിലരെ അദ്ദേഹം വഴി അഭ്യൂദയകാംഷികൾ സഹായിച്ചു.

അതിലും പെടാത്തവരെ ഗവണ്മെന്റ് സംവിധാനങ്ങളിലൂടെ…

മിക്കതും അറിയപ്പെട്ടത് അദ്ദേഹം മരിച്ചുകഴിഞ്ഞതിനു ശേഷം എന്നതാണ് ഇതിന്റെയെല്ലാം ഹൈലൈറ്റ്…

‘നിങ്ങൾ എനിക്ക് തന്ന അവസാന യാത്ര ഓർമ ഉണ്ടോ പത്രോസെ… ‘

പത്രോസിന്റെ മുഖം വിവർണ്ണമായി..

പത്രോസിനു വിഷമം ആയി എന്നു മനസിലാക്കിയ കർത്താവ് പറഞ്ഞു, ‘പത്രോസെ ഞാൻ വെറുതെ പറഞ്ഞതാ…. ചിരിക്കെടോ….’

‘പത്രോസേ, നിനക്ക് ഓർമ്മയുണ്ടോ, നിങ്ങൾ ശിഷ്യന്മാരിൽ ആരാണ് വലിയവൻ എന്ന് അറിയാൻ പരസ്പരം തർക്കിച്ചത്…?

ഈ കുഞ്ഞൂഞ്ഞു ഉണ്ടല്ലോ, വേറെ ലെവൽ ആണ്…. നേതാവ് ആയിരുന്നിട്ടും ഭരണാധികാരി ആയിരുന്നിട്ടും, പള്ളിയിൽ പോയാൽ വാതിൽ പടിയിൽ ഇരിക്കാനും, സാധാരണകാരുടെ കൂടെ വാഹനങ്ങളിൽ യാത്ര ചെയ്യാനും, അവരോട് സംസാരിക്കാനും, സെക്യൂരിറ്റി ഒന്നുമില്ലാതെ ജനമധ്യത്തിൽ അവരുമായി ഇടപെഴകാനും ഒരു ബുദ്ധിമുട്ടും അദ്ദേഹത്തിനില്ലായിരുന്നു…

എവിടെ പോയാലും അപേക്ഷകളുമായി എത്തുന്നവർ.. അതിപ്പോ പള്ളിയിൽ ആയാലും, വീട്ടിൽ ആയാലും, ഓഫിസിൽ ആയാലും യാത്രയിൽ ആയാലും കുഞ്ഞുഞ്ഞിനു അതൊരു പ്രശ്നം അല്ലായിരുന്നു…

ആക്കാലത് കുഞ്ഞൂഞ്ഞിന്റെ കൈയിൽ നിൽക്കാത്ത കേസുകൾ മാത്രമാണ് പുതുപ്പള്ളിയിൽ നിന്നും എന്റെ അടുക്കൽ വന്നിരുന്നത്…’

കർത്താവ് തുടർന്നു..’ ഇനി സഹനങ്ങളെകുറിച്ച് പറഞ്ഞാലോ…

മിടുക്കനായ നേതാവും ഭരണാധികാരിയും ആയത്കൊണ്ട് ശത്രുക്കളുടെ സ്ഥിരം നോട്ടപുള്ളി ആയിരുന്നു…

അശ്ലീല കഥകൾ മെനഞ്ഞു അദ്ദേഹത്തെയും കുടുംബത്തെയും രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴും ദേഹോപദ്രവം എല്പിച്ചപ്പോഴും ആക്ഷോഭ്യനായി നിലകൊണ്ട അദ്ദേഹം ശത്രുകളോട് നിരുപധികം ക്ഷമിച്ചു അവരെ നേടിയെടുക്കാൻ പോലും അദ്ദേഹം സമർത്ഥനായിരുന്നു…

ഈ കുഞ്ഞൂഞ്ഞു സ്വർഗത്തിലേക്ക് കുറേപേരെ കൊണ്ടുവരും..

എനിക്കുറപ്പാണ്..”ഇനിയും കൂടുതൽ അറിയണമെങ്കിൽ കഴിഞ്ഞദിവസങ്ങളിലെ വാർത്തകൾ കണ്ടുനോക്കു..

അപ്പോൾ അറിയാം കുഞ്ഞുഞ്ഞു ആരായിരുന്നു എന്നുള്ളത് ‘

കുഞ്ഞുഞ്ഞിനെ പുകഴ്ത്തിയുള്ള കർത്താവിന്റെ സംസാരം പത്രോസിന് അത്രക് അങ്ങ് പിടിച്ചില്ല..

പത്രോസ് പറഞ്ഞു..’അത് പിന്നെ കർത്താവെ, കുഞ്ഞുഞ്ഞിനെതിരെ മറ്റുചില ആരോപണങ്ങൾ നേരത്തെ ഉണ്ടായിരുന്നു. അത് മറന്നോ..…’

പത്രോസിന്റെ ചിന്ത മനസിലാക്കിയ കർത്താവ് പറഞ്ഞു…

‘പത്രോസെ എനിക്കറിയാമായിരുന്നു നീ ഇത് പറയുമെന്ന്…എടാ നീ ഒന്ന് ഓർത്തു നോക്കിയേ….

ഇസ്രായേലിൽ, ചങ്കായി നിന്നെ ഞാൻ കൊണ്ട് നടന്നില്ലേ…. നിന്നെ എന്റെ സഭയുടെ നേതാവാക്കും എന്നു ഞാൻ പറഞ്ഞതല്ലെ….

എന്റെ എല്ലാ സന്തോഷത്തിലും നീ എന്റെ കൂടെയുണ്ടായിരുന്നില്ലേ…

എന്നിട്ടും നീ എന്നെ തള്ളി പറഞ്ഞില്ലേ… അതും മൂന്ന് പ്രാവശ്യം….

ഞാൻ കുരിശിൽ വേദന സഹിച്ചു കിടന്നപ്പോൾ നിങ്ങളാരെങ്കിലും എന്റെ കുരിശിന്റെ ചാരത്തു ഉണ്ടായിരുന്നോ….

എന്നിട്ടും ഞാൻ നിങ്ങളെ കൈവിട്ടോ….?

ദേ, അപ്പുറത്തിരിക്കുന്ന അഗസ്റ്റിനെ കണ്ടോ ആള് എന്നാ അലമ്പായിരുന്നു എന്നു പറയേണ്ടല്ലോ….

തൊട്ടപ്പുറത്തു നോക്കിക്കേ, ആ ഇരിക്കുന്ന ഫ്രാഞ്ചി… അലമ്പിൽ അഗസ്റ്റിന്റെ തൊട്ട് താഴെ നിൽകുമായിരുന്നു അവനും…ഞാൻ ആരെയെങ്കിലും കൈവിട്ടോ…?

പത്രോസേ, മാനുഷികമായ ബലഹീനതകളിലും എനിക്ക് പ്രിയപെട്ടവൻ ആകുവാൻ എന്നിലുള്ള അവരുടെ വിശ്വാസം മതിയെനിക്കു…

ബാക്കി കുറവുകൾ എന്നിലൂടെയുള്ള കൃപയിലും കരുണയിലും ഞാൻ ഇല്ലാതാക്കും …

എന്നിട്ട് പൂർണമായി ഞാൻ അവരെ ഇങ്ങോട്ട് കൊണ്ടുവരും….. എന്റെ രാജാക്കന്മാർ ആയി വഴിക്കാൻ തന്നെ….’

ക്ഷമിക്കണം കർത്താവേ ഞാനത് പറയാൻ പാടില്ലായിരുന്നു….

കർത്താവ് പത്രോസിനെ നോക്കി മന്ദഹസിച്ചു…കർത്താവ് പറഞ്ഞു, നീ ചെന്ന് ആ കുഞ്ഞൂഞ്ഞിനു എന്തെങ്കിലും സഹായം വേണോ എന്നു ചോദിക്ക്..

പിന്നെ ആ കുഞ്ഞു മാലാഖാമാരെ അവിടുന്ന് മാറ്റണം.. അല്ലെങ്കിൽ പണിയെടുത്തു അവർ ഒരു വഴിക്കാകും അവിടെ തലമൂത്ത മാലാഖാമാർ ആണ് കുഞ്ഞൂഞ്ഞിനു പറ്റിയത്…”ശരി കർത്താവേ..’ പത്രോസ് പുറത്തേക്കിറങ്ങി.

കൈയിൽ പിടിച്ച ഗ്ലാസിലെ ചായ വീണ്ടും കുടിച്ചുകൊണ്ട് ജനാലയിലൂടെ ‘കൗണ്ടർ നമ്പർ 98’ ലേക്ക് നോക്കുമ്പോൾ, ഒരു കൈയിൽ ഫോണും മറുകൈയിൽ അപേക്ഷകളും ഒരു പേനയുമായി ചായകുടിക്കുന്ന കുഞ്ഞൂഞ്ഞു…

ആ വിളിക്കുന്നത് രാമപുരത്തെ കുഞ്ഞച്ചൻ പുണ്ണ്യളനെയാണ്..

ഒരു ഫയലിൽ കുഞ്ഞച്ചൻ ഇടപെട്ട് പ്രശ്നം തീർക്കാൻ പറ്റുമോന്ന് അറിയാനാണ്…

.തൊട്ടപ്പുറത്, പണിയെടുത്തു മടുത്തു, എളിക്കു കൈകൊടുത്തു നിൽക്കുന്ന കുഞ്ഞു മാലാഖാമാർ…

ഇപ്പുറത്, അപേക്ഷകളുമായി കുഞ്ഞുഞ്ഞിന്റെ അടുക്കൽ എത്താൻ പറ്റിയതിന്റെ സന്തോഷത്തിൽ ആയിരിക്കുന്ന കുഞ്ഞൂഞ്ഞിന്റെ സ്വന്തം ജനവും…

കുഞ്ഞൂഞ്ഞു ആള് കൊള്ളാമല്ലോ എന്ന് കർത്താവു മനസ്സിൽ പറഞ്ഞു….

അപ്പോഴേക്കും ഫോൺ വീണ്ടും റിങ് ചെയ്തു…. കുഞ്ഞൂഞ്ഞാണ്…

അടുത്ത അപേക്ഷയുമായി….’കൗണ്ടർ നമ്പർ 98′ ൽ ഓരോ ദിവസവും ആള് കൂടുകയാണ്..

പകലെന്നോ രാത്രിയെന്നോ കുഞ്ഞൂഞ്ഞിനു വിചാരമില്ല… ഭൂമിയിൽ ചെയ്തത് പോലെ സ്വർഗത്തിലും, അപേക്ഷകളുമായി വരുന്നവർക്കുവേണ്ടി കർത്താവിനു മുൻപിൽ മാധ്യസ്ഥം വഹിക്കാൻ കുഞ്ഞൂഞ്ഞു സദാ ഉത്സുകനാണ്…

തന്നെ ദ്വേഷിച്ചവരോട് പോലും പരിഭവവും പരാതിയുമില്ലാതെ എല്ലാവർക്കുമായി കുഞ്ഞൂഞ്ഞു സ്വർഗത്തിലിരുന്നു പ്രാർത്ഥിക്കുന്നു….

ഈ കഥ ഇവിടെ അവസാനിക്കുന്നു.

കേരളത്തിലെ, തകർന്ന രാഷ്ട്രീയ സംസ്കാരത്തിന് ഉണർവ്വായി, പുതിയ ദിശാബോധമായി, വഴികാട്ടിയായി കുഞ്ഞൂഞ്ഞു ജന ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു…ആ മഹാത്മാവിന്റെ ഓർമകൾക്ക് മുൻപിൽ ഒരിക്കൽക്കൂടി പ്രണാമം..

‘കൗണ്ടർ നമ്പർ ’98’ – പുതുപ്പള്ളി ലേജിസലേറ്റീവ് അസ്സെമ്പ്ളി യുടെ നമ്പർ ആണ്. അതാണ് കഥയുടെ പേരായി, സ്വർഗത്തിലെ കുഞ്ഞൂഞ്ഞിന്റെ കൗണ്ടർ ആയി കഥയിൽ ചേർത്തിരിക്കുന്നത്.

ജോ❤️സി Josit George

Share News