
ഒരു കുഞ്ഞിൻ്റെ കൗതുകത്തോടെ ലോകത്തെ അവസാനം വരെ നോക്കിക്കണ്ട ആളാണ് സിദ്ധിക്ക്. സൗഹൃദം അദ്ദേഹത്തിനൊരു ദൗർബല്യമായിരുന്നു.
ട്രൂ കോളറോ മൊബൈൽ ഫോണോ ഇല്ലാതിരുന്ന ഒരു കാലത്ത് ഏത് ഫോണിൽ നിന്നു വിളിച്ചാലും ശബ്ദം കൊണ്ട് ആളെ തിരിച്ചറിയുന്ന “ജാലവിദ്യ” സിദ്ധിക്കിന് സ്വായത്തമായിരുന്നു. എങ്ങനെ ഇത് സാധ്യമാകുന്നുവെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ഫോണിൽ ബാക്ക് ഗ്രൗണ്ടിൽ കേൾക്കുന്ന ശബ്ദം പോലും താനറിയാതെ താൻ കാതോർക്കാറുണ്ടെന്നും ഫോണിലെ പശ്ചാത്തലശബ്ദത്തിൽ നിന്നും ഒരാൾ നിൽക്കുന്ന ഇടം പോലും കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്നുമായിരുന്നു മറുപടി. എപ്പോഴുംചെറുചിരിയ്ക്കിടയിലൂടെ മാത്രം സംസാരിച്ചിരുന്നയാളാണ് സിദ്ധിക്ക്. ആരും അത് കേട്ടു നിന്നു പോകും. അത്രയ്ക്ക് മധുരതരമാണത്; ഒരു മെലഡി പോലെ….

ഒരു കുഞ്ഞിൻ്റെ കൗതുകത്തോടെ ലോകത്തെ അവസാനം വരെ നോക്കിക്കണ്ട ആളാണ് സിദ്ധിക്ക്. സൗഹൃദം അദ്ദേഹത്തിനൊരു ദൗർബല്യമായിരുന്നു.
വാക്കിലും നോക്കിലുമെല്ലാം സ്നേഹം നിറഞ്ഞുനിന്നു. പാച്ചിക്കയെപ്പറ്റി (ഫാസിൽ) പറയുമ്പോൾ അതൊരു കുത്തൊഴുക്കാകും; അല്ലാത്തപ്പോൾ നിലാവു പരന്ന ശാന്തമായ നദി പോലെ പുഞ്ചിരിക്കും.
സംവിധായകൻ എന്നതിനപ്പുറം സിദ്ധിക്ക് ഹൃദയത്തിൽ ഇടം നേടിയത് അലിവാർന്ന ഹൃദയമുള്ള മനുഷ്യനെന്ന നിലയ്ക്കാണ്. അത് നിലച്ചിരിക്കുന്നു.

പക്ഷേ പച്ചമണ്ണിൻ്റെ കുളിർമ്മയുള്ള ആ അലിവ് എത്രയോ മനസ്സുകളിൽ അവശേഷിപ്പിച്ചാണ് സിദ്ധിക്ക് മടങ്ങിയത്. അത് എത്രയോ മനസ്സുകളിൽ തുടർന്നും മഴ പെയ്യിച്ചു കൊണ്ടേയിരിക്കും.
അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത്.
ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.

റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു.
മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.