
ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ ശിക്ഷാവിധി|ഇരട്ട ജീവപര്യന്തം
കൊല്ലം : കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 വർഷം തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത് . രാവിലെ 12 -16 നാണ് വിധി പ്രസ്താവം.
വിധി പ്രസ്താവം കേള്‍ക്കുന്നതിനായി പ്രതി പറക്കോട് സ്വദേശി സൂരജിനെ 11.48 ഓടെ കോടതിയിലെത്തിച്ചിരുന്നു. വിധി പ്രസ്താവം പരിഗണിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിധി കേള്‍ക്കാനായി വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

വിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. നാല് വകുപ്പുകള്‍ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി പ്രസ്താവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാന്‍ വേണ്ട സാഹചര്യ തെളിവുകള്‍ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്.
ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുന്നതിനായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രതിയാണ് സൂരജ് . അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാന്‍ വേണ്ട സാഹചര്യ തെളിവുകള്‍ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്.വിധി കേള്‍ക്കാനായി ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു.
വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് മാനദണ്ഡങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോള്‍ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലപാതകം ശാസ്ത്രീയമായി തെളിയിക്കാന്‍ ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടവും അടക്കം നടത്തിയിരുന്നു. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര കൊല്ലപ്പെടുന്നത്.