സ്വാതന്ത്ര്യത്തിന്റെ തൂവല്‍സ്പര്‍ശം|സ്വാതന്ത്ര്യം ആഘോഷിക്കുക എന്നത് സ്വേച്ഛാധിപതിയാവുക എന്നതാണെന്ന് എങ്ങനെയോ ലോകം തെറ്റിദ്ധരിച്ചു പോയി!

Share News

സ്വാതന്ത്ര്യത്തിന്റെ തൂവല്‍സ്പര്‍ശം

ഓരോ കള്ളവും ഒരു തടവറയാണ്. കാപട്യത്തിന്റെ ഓരോ നിമിഷവും ചുറ്റിനുമുയരുന്ന കന്മതിലുകളാണ്. മറച്ചു വയ്ക്കുന്ന ഓരോ സത്യവും മനസ്സിന്റെ ചിറകുകളെ തളര്‍ത്തുന്ന ഭാരമാണ്… ജീവിതത്തില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ കുമ്പസ്സാരക്കൂടിന് മുന്നില്‍ ആത്മാര്‍ത്ഥതയുടെ മേലങ്കി ധരിച്ചു നിന്ന ഒരു നിമിഷം ഓര്‍മിച്ചു നോക്കൂ. അല്ലെങ്കില്‍ ഒരുപാട് കാലം പ്രിയപ്പെട്ടൊരാളില്‍ നിന്ന് മറച്ചു വച്ചിരുന്ന ഒരു പാതകം ഏറ്റുപറഞ്ഞു ശുദ്ധനാകുമ്പോഴുള്ള അനുഭവം. ദസ്തയേവ്‌സ്‌കിയുടെ റസ്‌കോള്‍ നിക്കോഫ് സോണിയയുടെ മുന്നില്‍ നിന്നും ഏറ്റുപറച്ചിലിനു ശേഷം എഴുന്നേല്‍ക്കുമ്പോഴുള്ളതു പോലെ… ആ ലാഘവത്തിന്റെ പേരാണ് സ്വാതന്ത്ര്യം. മനസ്സിന്റെ ഭാരം ഇറക്കിവച്ച് പറക്കുന്ന ചിറകിന്റെ പേരാണ് സ്വാതന്ത്ര്യം.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നു പറഞ്ഞത് ഓരോ നിമിഷവും സത്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടിരുന്ന ഒരാളാണ്. കാപട്യങ്ങളും മുഖംമൂടികളുമില്ലാതെ ജീവിക്കാനാവുന്നത് നല്‍കുന്നത് വലിയൊരു ധൈര്യമാണ്. ആകാശത്തോളം വിശാലമായ അതിരില്ലായ്മയാണ്. കണക്കില്‍പെടുത്തിയും പെടുത്താതെയും സമ്പാദിച്ചു വച്ചവ ഒളിപ്പിച്ചു വച്ച അറപ്പുരയ്ക്കു കാവല്‍നില്‍ക്കുന്നതില്‍ നിന്നു വളരെ വ്യത്യസ്ഥമായ ഒന്നാണത്. അസത്യം മനസ്സിന്റെ ഭാരമാണ്. മനസ്സ് കുടഞ്ഞെറിയാന്‍ ശ്രമിക്കുകയും എന്നാല്‍ നമ്മള്‍ കളയാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന അരുതാത്ത പ്രിയങ്ങളുടെ ഭാരം… മനസ്സില്‍ ദഹിക്കാത്തത് കുടഞ്ഞെറിയാന്‍ ശ്രമിക്കുന്ന മനസ്സിന്റെ അസ്വസ്ഥതയാണ് അടിമത്തം, നമ്മുടെ കാലത്തിന്റെ ഭ്രാന്ത്!

സ്വാതന്ത്ര്യം ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. അപരന്‍ എനിക്കു നരകമാണ് എന്നു പറഞ്ഞ സാര്‍ത്ര് മുതല്‍ ചങ്ങലയഴിഞ്ഞ മോഹങ്ങളുടെ സഹയാത്രികരാകുന്ന ആധുനികയൗവനം വരെ കരുതുന്നത് തങ്ങള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണെന്നാണ്. ജൂതര്‍ നരകമായിരുന്നു എന്ന് വിശ്വസിച്ച ഹിറ്റ്‌ലര്‍ അവരെ ഉന്മൂലനം ചെയ്തു കൊണ്ട് സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു. ഉന്‍മൂലനം ചെയ്തു കൊണ്ടു സ്വാതന്ത്ര്യം ആഘോഷിക്കുന്ന തീവ്രവാദ സംസ്‌കാരം വാഴുന്ന കാലമാണിത്.

സ്വേച്ഛയാണ് സ്വാതന്ത്ര്യം എന്നതാണ് ഏറ്റവും വലിയ തെറ്റിദ്ധാരണ. തീവ്രവാദത്തിലേക്ക് വഴുതുന്ന മതം വിപുലമായിത്തീര്‍ന്ന സ്വേച്ഛ തന്നെ! എല്ലാ തീവ്രവാദ മതത്തിന്റെയും അടിസ്ഥാനം സ്വന്തം ഇഷ്ടം തന്നെയാണ്. നിന്റെ മതത്തിനേക്കാള്‍ നല്ലത് എന്റെ മതമാണ് എന്നു തര്‍ക്കിക്കുകയും അതിന്റെ പേരില്‍ അക്രമം നടത്തുകയും ചെയ്യുന്നത് എന്റെ ചെരുപ്പ് നിന്റേതിനേക്കാള്‍ നല്ലതാണെന്നു പറഞ്ഞു കുട്ടികള്‍ അടികൂടുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. അടിസ്ഥാനം എന്റേത്, നിന്റേത് എന്ന ബോധം തന്നെ.

സ്വാതന്ത്ര്യം ആഘോഷിക്കുക എന്നത് സ്വേച്ഛാധിപതിയാവുക എന്നതാണെന്ന് എങ്ങനെയോ ലോകം തെറ്റിദ്ധരിച്ചു പോയി! ബലാല്‍സംഘങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും മതസംഘര്‍ഷങ്ങളും എല്ലാം വ്യക്തിസ്വാതന്ത്ര്യം എന്നു തെറ്റിദ്ധരിച്ച സ്വേച്ഛാധിപത്യത്തിന്റെ പ്രകടനങ്ങളാണ്. എന്റെ ഇഷ്ടങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും അപരന്റെ ഇഷ്ടങ്ങളെയും തുല്യമായ അവകാശങ്ങളെയും പാടെ വിസ്മരിക്കുകയും ചെയ്യുന്നതാണ് സ്വേച്ഛ.

യഥാര്‍ത്ഥ സ്വാതന്ത്ര്യം ഉള്ളിലെ ചിറകാണ്. മനസ്സില്‍ മുറുകിയ അഹത്തിന്റെ പിടിവള്ളികളെല്ലാം അയഞ്ഞ്, ലോകത്തിന്റെ നന്‍മ എന്ന പ്രകാശപൂര്‍ണമായ അവബോധത്തിന്റെ അവര്‍ണ്ണനീയമായ ലാഘവത്വമാണ്. ഞാന്‍ സത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ എനിക്കെതിരെ ഉയര്‍ന്നേക്കാവുന്ന ആക്രോശങ്ങളുടെ നേര്‍ക്കുള്ള ഭയമില്ലായ്മയാണ്. പരമാവധി നിങ്ങള്‍ക്കെന്ന കൊല്ലാന്‍ കഴിയും. അതില്‍ കൂടുതല്‍ എന്തു ചെയ്യാന്‍? എന്നു തണുത്തു ശാന്തമായ മനസ്സോടെ ചോദിക്കാന്‍ കഴിയുന്ന ലാഘവത്വമാണ്.

വെറും മണ്ണില്‍ അനന്തമായ ആകാശത്തിലെ നക്ഷത്രകോടികളെ നോക്കി കിടക്കുമ്പോഴുള്ള അനുഭവം പോലെ. അനന്തതയുടെ മുന്നില്‍ എന്റെ ഇഷ്ടങ്ങളും പിടിവാശികളുമെല്ലാം എത്ര ചെറിയ കാര്യങ്ങള്‍ എന്ന സുഖകരമായ അവബോധം നല്‍കുന്ന ചിറകു പോലെ… എല്ലാ മതിലുകളും, രാജ്യങ്ങളെ വിഭജിക്കുന്ന മതിലുകള്‍ പോലും എത്ര ചെറുത് എന്ന അറിവു പോലെ… ആകാശത്തിന്റെ അതിരില്ലായ്മ പോലെ...

അഭിലാഷ് ഫ്രേസര്

Share News