
അപ്പോൾ ആ ഫോട്ടോഗ്രാഫർ അവിടെ ഇല്ലായിരുന്നെങ്കിൽ ആ അസുലഭ മുഹൂർത്തം ഇങ്ങനെ പകർത്തുവാൻ കഴിയാതെ പോയേനേ
മുപ്പതു വർഷങ്ങൾക്ക് മുൻപ് ഞാൻ ഭാഗമായിരുന്ന ഒരു മലയാള ചിത്രത്തിന്റെ ഗാനലേഖന വേളയിൽ ആണ് തൊട്ടടുത്ത സ്റ്റുഡിയോയിൽ പാടാൻ എത്തിയ എസ്.പി.ബാലസുബ്രഹ്മണ്യത്തെ കാണുന്നത്. ശങ്കരാഭരണത്തിലെയും എക് ദൂജെ കെലിയെയിലെയും ഗാനങ്ങളിലൂടെ മനസ്സിൽ ഇടം പിടിച്ച ആ അനുഗൃഹീത ഗായകനെ സ്റ്റുഡിയോ വരാന്തയിൽ എതിരെ കണ്ടപ്പോൾ ആദ്യം ഒന്നമ്പരന്നു… ഒപ്പം ഒരു ഫോട്ടോ എന്ന എന്റെ ആഗ്രഹത്തിന് സന്തോഷത്തോടെ അദ്ദേഹം നിന്നു തന്നു. (ചോദിച്ചത് ഇംഗ്ളീഷിലായിരുന്നോ തമിഴിലായിരുന്നോ എന്നു മറന്നു ).. ഭാഗ്യത്തിന് അടുത്തുണ്ടായിരുന്ന ഞങ്ങളുടെ ചിത്രത്തിന്റെ ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്തു. മൊബൈൽ ഫോണോ സെൽഫിയെപ്പറ്റിയോ ഒന്നും ചിന്തിക്കുക പോലും ചെയ്യാത്ത കാലമായത് കൊണ്ടു അപ്പോൾ ആ ഫോട്ടോഗ്രാഫർ അവിടെ ഇല്ലായിരുന്നെങ്കിൽ ആ അസുലഭ മുഹൂർത്തം ഇങ്ങനെ പകർത്തുവാൻ കഴിയാതെ പോയേനേ… അന്നത്തെ ആ കണ്ടുമുട്ടൽ എസ്.പി.ബാലസുബ്രഹ്മണ്യമെന്ന മഹാപ്രതിഭയുടെ ശബ്ദസൗകുമാര്യത്തോടൊപ്പം ലാളിത്യമാർന്ന ആ പെരുമാറ്റവും കൂടി ആരാധ്യമാക്കി. അക്കാലത്തു തമിഴിനോടൊപ്പം ഹിന്ദിയിലെയും ഹിറ്റ് ഗാനങ്ങളിലൂടെ ജനപ്രിയനായിരുന്ന അതിനോടകം രണ്ടു ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ ആ മനുഷ്യൻ യാതൊരു മുൻപരിചയമില്ലാത്ത എന്നോടൊപ്പം അത്രയും നേരം ഒരു പരിഭവവും കൂടാതെ ചിലവഴിച്ചു എന്നത് ഇന്നും ഞാൻ അതിശയതോടെയാണ് ഓർക്കുന്നത്. തൊട്ടടുത്ത വർഷം കേളടി കണ്മണി എന്ന ചിത്രത്തിൽ ഭാവതീവ്രമായ അഭിനയ മികവിലൂടെ നടൻ എന്ന നിലയിലും അദ്ദേഹം പ്രതിഭ തെളിയിച്ചു.ഇന്ന് ജൂൺ 4 നു 74-ാം ജന്മദിനം ആഘോഷിക്കുന്ന എസ്.പി.ബാലസുബ്രഹ്മണ്യത്തിനു ആശംസകൾ. ഇരുപതാം വയസ്സിൽ തുടങ്ങി ഇതിനോടകം ഹിന്ദി, തെലുങ്ക്, കന്നഡ , തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ നാല്പത്തിനായിരത്തിൽ അധികം ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ അദ്ദേഹത്തിൽ നിന്നും ഇനിയും ഒട്ടേറെ മധുരഗാനങ്ങൾ ഉണ്ടാവട്ടെ..
Roy Mathew Manappallil(Drisya)

DIRECTOR, WRITER, ACTOR, EVENT CORDINATOR IN VISUAL MEDIA.
FORMER OFFICER IN BSNL.
SETTLED AT KOCHI