
ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു|ഒക്ടോബർ 10ലോക മാനസികാരോഗ്യ ദിനം
ദുരന്തങ്ങൾ മനുഷ്യനിർമ്മിതമാകാം.
പ്രകൃതിയുടെ കലി തുള്ളലുമാകാം .തീവ്ര വാദികളുടെ ആക്രമണങ്ങളും യുദ്ധങ്ങളുമൊക്കെ ദുരന്തങ്ങളുടെ പട്ടികയിൽ വരും.
നാശങ്ങളുടെയും നഷ്ടങ്ങളുടെയും താണ്ഡവങ്ങളാണ് സംഭവിക്കുന്നത്.
ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത. നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. നാശത്തിന്റെ വ്യാപ്തി വലുതാകുമെന്നതും അത് കൊണ്ട് മനുഷ്യരുടെ മേൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ഭീകരമാകുമെന്നതുമാണ് നാലാമത്തെയും അഞ്ചാമത്തേയും പ്രേത്യേകതകൾ .ഇതിനാൽ ബാധിക്കപ്പെട്ട സമൂഹത്തിന്റെ
ഭൗതീകവും മാനസികവുമായ ശേഷികൾക്കപ്പുറമാകും നഷ്ടങ്ങളും ദുരിതങ്ങളുമെന്നതാണ് അവസാനത്തേത് .പോയ ചില വർഷങ്ങളിൽ കേരളത്തിലുണ്ടായ
ദുരന്തങ്ങളിലും ഇതൊക്കെ ബാധകമായിരുന്നു .മഹാ പ്രളയം,
പൂറ്റിങ്കൽ വെടിക്കെട്ട് അപകടം, മുണ്ടക്കൈ ചൂരൽ മല ഉരുൾ പൊട്ടൽ, മുളന്തുരുത്തിയിലെ സ്‌കൂളിലെ കുട്ടികളും ഒരു അധ്യാപകനും വിനോദ യാത്രക്ക് പോയ ബസ്സിന് അപകടം സംഭവിച്ചപ്പോൾ മരണപ്പെട്ട സംഭവം-ഇങ്ങനെ ചിലത്
ഉദാഹരണങ്ങൾ.ചിലതിൽ
മനസ്സിന്റെ വീണ്ടെടുപ്പിനുള്ള ഇടപെടലുകളിൽ പങ്ക് ചേർന്നിട്ടുണ്ട്.
ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു .ഇതിനെ പരമാവധി കുറയ്ക്കുകയോ,തടയുകയോ,ചെയ്യുകയെന്നതാണ് മാനസികാരോഗ്യ പരിപാലന ഇടപെടലുകളുടെ ലക്‌ഷ്യം .
ഈ വർഷത്തെ മാനസികാരോഗ്യ ദിന പ്രമേയം ദുരന്ത സാഹചര്യങ്ങളിൽ മെന്റൽ ഹെൽത്ത് പിന്തുണ ലഭ്യമാക്കണമെന്നതിന് അടിവര ഇടുന്നു .

ദുരന്ത സാഹചര്യത്തിലെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രേത്യേക ശ്രദ്ധ നൽകണം .യുദ്ധ മേഖലകളിൽ കുട്ടികൾ വലിയ മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകാറുണ്ട്.എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആധിയും പേറി നിൽക്കുന്ന കുട്ടികൾ പല വിധത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കാം. ചെറിയ ശബ്ദങ്ങളിൽ ഞെട്ടൽ ,ഉറക്കത്തിനുള്ള ബുദ്ധിമുട്ടുകൾ ,പേടി സ്വപ്നം കാണൽ, ഭക്ഷണത്തോടുള്ള വിരക്തി ,രക്ഷകർത്താക്കളെ വിട്ട് പിരിയാതെയുള്ള നിൽപ്പ് , അകാരണമായ ദ്വേഷ്യം , കരച്ചിൽ ,പേടി പറയൽ -ഇങ്ങനെയുള്ള ലക്ഷണങ്ങൾ കുട്ടികൾ പ്രകടിപ്പിക്കാം .സ്‌കൂളിൽ പോകാൻ മടി കാട്ടാം. നിഷേധ സ്വഭാവങ്ങളും പെരുമാറ്റ വൈകല്യങ്ങളും പൊട്ടി മുളയ്ക്കാം.പോസ്റ്റ് ട്രമാറ്റിക് സ്ട്രെസ് ഡിസോഡറിന്റെ കുട്ടി പതിപ്പുകൾ ഉണ്ടാകാം.പൊന്ന് പോലെ കരുതി വച്ചിരുന്ന പലതും പ്രളയ ജലം ഒഴുക്കി കൊണ്ട് പോയതിന്റെ സങ്കടവുമായി വന്ന കുട്ടികളെ ആ നാളുകളിൽ കണ്ടിട്ടുണ്ട്. കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ
പരിഹരിക്കേണ്ടതുണ്ട്. പള്ളിക്കൂടത്തിലേക്കും പ്രായത്തിന് ചേരുന്ന ദൈനം ദിന ചിട്ടകളിലേക്കും പതിയെ കൊണ്ട് വരേണ്ടതുണ്ട്. ഇല്ലെങ്കിൽ അതിന്റെ ആഘാതം വ്യക്തിത്വത്തിൽ ഉണ്ടായേക്കാം .
(ഡോ:സി. ജെ .ജോൺ)