
ആത്മഹത്യ വാർത്തകളിൽ മാധ്യമങ്ങൾ പാലിക്കേണ്ട മിനിമം മര്യാദകൾ
ആത്മഹത്യ ഒരു വാർത്ത മാത്രമല്ല.
അത് സമൂഹത്തിന്റെ മനസ്സിനെയും മൂല്യബോധത്തെയും നേരിട്ട് സ്വാധീനിക്കുന്ന ഒരു സെൻസിറ്റീവ് സാമൂഹിക സംഭവമാണ്. അതിനാൽ തന്നെ, ആത്മഹത്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട കുറഞ്ഞപക്ഷം ചില മര്യാദകളും ഉത്തരവാദിത്വങ്ങളും ഉണ്ട്.

ഒന്നാമതായി,
ആത്മഹത്യ കുറ്റമാണെന്നും,
അതൊന്നിനും പരിഹാരമല്ലെന്നും,
അരുതാത്തതും അപലപനീയവുമായ പ്രവൃത്തിയാണെന്നും
മാധ്യമങ്ങൾ വ്യക്തമായും ആവർത്തിച്ചും പറയേണ്ടതാണ്.
ആത്മഹത്യയെ ഒരു “നിർബന്ധിത തീരുമാനം”, “അവസാന മാർഗം”, “സാഹചര്യങ്ങളുടെ ഇര” എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപകടകരമാണ്. അത് മറ്റുള്ളവർക്കുള്ള തെറ്റായ സന്ദേശമായി മാറും.
രണ്ടാമതായി,
മാനസിക സംഘർഷങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകുമ്പോൾ
— എന്തെല്ലാം കാര്യങ്ങൾ പാലിക്കണം,
— ആരെ സമീപിക്കണം,
— എങ്ങനെ സഹായം തേടണം
എന്നിവ പ്രേക്ഷകരെയും വായനക്കാരെയും ബോധവൽക്കരിക്കുക മാധ്യമങ്ങളുടെ കടമയാണ്.
ജീവൻ എടുത്ത സംഭവത്തെ
വിട്ടുവീഴ്ചയില്ലാതെ അപലപിക്കണം.
അതോടൊപ്പം,
ജീവനെ ആദരിക്കണം,
സ്നേഹിക്കണം,
സംരക്ഷിക്കണം
എന്ന സന്ദേശം ശക്തമായി അവതരിപ്പിക്കണം.

ഇവിടെയാണ് അടുത്തകാലത്തെ ഒരു സംഭവത്തിൽ മലയാള മാധ്യമങ്ങൾ സ്വീകരിച്ച സമീപനം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നത്.
ഒരു വ്യക്തി സ്വയം മരിക്കാൻ തീരുമാനിച്ചതിന് പിന്നിൽ
വിവിധ അന്വേഷണ ഏജൻസികളുടെ പേരുകൾ മാറ്റി മാറ്റി പറഞ്ഞു,
പിന്നീട് തിരുത്തലുകൾ വരുത്തി,
അനിശ്ചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിച്ച റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
ഇത് അജ്ഞതയാണോ?
അല്ലെങ്കിൽ കണക്കുകൂട്ടിയ മാധ്യമ തന്ത്രമാണോ?
അതിലുപരി,
അദ്ദേഹത്തിന്റെ കമ്പനിയുമായി ബന്ധപ്പെട്ട
പരസ്യങ്ങൾ വീണ്ടും ലഭിക്കുവാനുള്ള ശ്രമങ്ങളാണോ
ഈ നയമാറ്റങ്ങൾക്ക് പിന്നിൽ എന്ന സംശയം സ്വാഭാവികമാണ്.
ഏറ്റവും ഗുരുതരമായ ചോദ്യം ഇതാണ്:
ആത്മഹത്യ ചെയ്ത ഒരാളുടെ സംസ്കാരം ലൈവായി സംപ്രേക്ഷണം ചെയ്തതിന്
മലയാള മാധ്യമങ്ങൾ എന്ത് ന്യായീകരണം നൽകും?
ഇത്
— വാർത്തയാണോ?
— സെൻസേഷനാണോ?
— അല്ലെങ്കിൽ വികാരവ്യാപാരമാണോ?
ഒരു ഘട്ടത്തിൽ, അന്വേഷണ ഏജൻസികൾക്ക് എതിരെ മാധ്യമ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഇപ്പോൾ ആ നിലപാട് പൂർണ്ണമായും മാറി.
ഇപ്പോൾ “ആർക്കും പരാതികളില്ല”.
ഈ പെട്ടെന്നുള്ള മാറ്റത്തിന് കാരണം എന്ത്?
സമൂഹം ഇത് അറിയേണ്ടതില്ലേ?
ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകൾ,
നിറങ്ങളും ദിവസങ്ങളും നോക്കി ഉപയോഗിക്കുവാൻ
വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ച ഒരു വ്യവസായി,
“തനിക്ക് കടം ഒന്നുമില്ല” എന്ന് അവകാശപ്പെട്ടാൽ,
അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും സുതാര്യമാണ് എന്ന് തെളിയിക്കേണ്ടത് ആവശ്യമല്ലേ?
അത് ചോദിക്കുക
അപമാനമല്ല;
അത് നിയമത്തിന്റെ സ്വാഭാവിക അവകാശമാണ്.
തെളിവുകളില്ലാതെ,
“വായിൽ വരുന്നത് കോതയ്ക്ക് പാട്ട്” എന്ന നിലയിൽ
വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർ
സ്വയംനിയന്ത്രണം ഏർപ്പെടുത്തേണ്ട സമയമാണിത്.
അല്ലെങ്കിൽ,
— വലിയ നിയമനടപടികൾ,
— വിശ്വാസനഷ്ടം,
— സാമൂഹിക അപകീർത്തി
ഇവയെല്ലാം മാധ്യമങ്ങളെ തന്നെ തേടിവരും.
കൂടുതൽ അപകടകരമായ മറ്റൊരു പ്രവണതയുമുണ്ട്:
നിയമം ലംഘിച്ച ശേഷം,
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ശേഷം,
കാരണ്യപ്രവർത്തനങ്ങൾ നടത്തുക.
ഇത് സഹായമല്ല;
മാന്യത കൃത്രിമമായി സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ്.
അതുകൊണ്ട്,
സഹായം സ്വീകരിക്കുന്നവരും
സംഘടനകളും
പൊതുസമൂഹവും
ജാഗ്രത പുലർത്തേണ്ട സമയമാണിത്.
സഹാനുഭൂതി വേണം —
പക്ഷേ അത് അന്ധമായിരിക്കരുത്.
കരുണ വേണം —
പക്ഷേ അത് നിയമത്തിന്റെ ശത്രുവാകരുത്.
ആത്മഹത്യയ്ക്ക് മാന്യത നൽകരുത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകരുത്.
ജീവനെ ആദരിക്കുകയും
സത്യത്തിനും നീതിക്കും ഒപ്പം നിൽക്കുകയും ചെയ്യുക —
അതുതന്നെയാണ് ഒരു ഉത്തരവാദിത്തമുള്ള മാധ്യമത്തിന്റെ അടയാളം.
സാബു ജോസ്
9446329343
