
“ആരോഗ്യമേഖലയിലെ സമരം നഴ്സുമാരുടെ ഉന്നമനത്തിനോ അതോ ക്രൈസ്തവ സ്ഥാപനങ്ങളുടെ തകർച്ച ലക്ഷ്യമിട്ടോ?”|സീറോ മലബാർ സഭ
കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നേഴ്സുമാർ സമരത്തിലാണ് . കേരളത്തിന്റെ ആരോഗ്യമേഖലയെ താങ്ങിനിർത്തുന്നതിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവർക്കു മാന്യമായ വേതനം നല്കണമെന്നതിലും മറിച്ചഭിപ്രായമില്ല , മാത്രമല്ല കേരളത്തിൽ മോഡേൺ നഴ്സിംഗ് പ്രചാരത്തിലാക്കിയതിന്റെ പ്രധാന ചുമതലവഹിക്കുകയും സഭാ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് നഴ്സുമാരെ പരിശീലിപ്പിക്കുകയും സൗജന്യമായും സ്കോളര്ഷിപ്പുനൽകിയും ഇടവക കൂട്ടായ്മ വഴി സഹായഹസ്തം നൽകിയും നഴ്സിംഗ് പ്രൊഫഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് ക്രൈസ്തവ സമൂഹം . അതുകൊണ്ടുതന്നെ നേഴ്സുമാരുടെ പ്രശ്നങ്ങളോട് സഭാ കരുതലോടുകൂടിയാണ് ഇടപെടുന്നതു.
പക്ഷെ ഇപ്പോൾ കേരളത്തിലെ മറ്റു സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഉയർന്ന ശമ്പളം നിലവിൽ നൽകിയിട്ടും തൃശൂർ ജൂബിലി മെഡിക്കൽ കോളേജ് അടക്കമുള്ള ക്രൈസ്തവ ആശുപത്രികളിൽ ഉയർന്ന ശമ്പളം കൈപ്പറ്റുന്നവർ സമരത്തിനിറങ്ങുന്നതു അത്ഭുതപ്പെടുത്തുന്നു.
ക്രൈസ്തവ ആശുപത്രികളെ തകർത്ത് ആരോഗ്യരംഗം വൻകിട കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള തീട്ടൂരം വാങ്ങി പ്രവർത്തിക്കുന്ന നിഗൂഡ താല്പര്യക്കാരുടെയും കൈകളിലെ ഉപകരണങ്ങളായി സ്വന്തം സമുദായത്തിന്റെ ആശുപത്രികളെ തകർക്കാൻ സമരക്കാർ വർഗീയ ശക്തികൾക്ക് കൂട്ടുനിൽക്കുന്നുണ്ടോ എന്ന ആശങ്ക പങ്കുവയ്ക്കാതെ വയ്യ.

വിസ്മരിക്കപ്പെടുന്ന യാഥാർഥ്യങ്ങൾ
കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (CHAI) കേരള റീജിയന്റെ കീഴിലുള്ള ഭൂരിഭാഗം ആശുപത്രികളും സർക്കാരിന്റെ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. 2013-ൽ സർക്കാർ ശമ്പളം പരിഷ്കരിച്ചപ്പോൾ അത് നടപ്പിലാക്കാൻ ഈ സ്ഥാപനങ്ങൾ തയ്യാറായിരുന്നു. 2018-ലെ മിനിമം വേജ് നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള ശമ്പളമാണ് ഇപ്പോൾ ഭൂരിഭാഗം ആശുപത്രികളിലും നൽകിവരുന്നത്. 2022-ൽ ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ട സമയത്ത് അത് സാധ്യമാകാതിരുന്നപ്പോൾ പോലും, ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പല ആശുപത്രികളും ഇടക്കാല ആശ്വാസം (Interim Relief) അനുവദിച്ചിട്ടുണ്ട്. ശമ്പളത്തിൽ കാലാനുസൃതമായ പരിഷ്കരണം സർക്കാർ ആവശ്യപ്പെടുന്നപക്ഷം അത് നൽകാനും മാനേജ്മെൻ്റുകൾ തയ്യാറാണ്.
ഈ സാഹചര്യത്തിലാണ് നാൽപതിനായിരം രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യം ഉയരുന്നത്. അടിസ്ഥാന ശമ്പളം ഇത്രയും ഉയർന്ന തുകയാക്കുമ്പോൾ അതോടൊപ്പമുള്ള മറ്റ് അലവൻസുകൾ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത താങ്ങാൻ പല ആശുപത്രികൾക്കും സാധിക്കില്ല എന്നതാണ് വസ്തുത.
താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയും ഭവിഷ്യത്തുകളും

ഒരു ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് നേഴ്സുമാരെപ്പോലെ തന്നെ മറ്റ് ജീവനക്കാരും അത്യാവശ്യമാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോൾ അത് നേഴ്സുമാർക്ക് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; മറിച്ച് പാരാമെഡിക്കൽ സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം നൽകേണ്ടി വരും. ഇത്ര വലിയൊരു തുക ശമ്പള ഇനത്തിൽ മാത്രം മാറ്റിവെക്കേണ്ടി വരുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വികസന പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ശമ്പളം ഇത്തരത്തിൽ കുത്തനെ വർദ്ധിപ്പിക്കേണ്ടി വന്നാൽ, നിലവിലുള്ള സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ മാനേജ്മെന്റുകൾ നിർബന്ധിതരാകും. ഇത് പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാം എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൂടാ.
സാധാരണക്കാരന് ചികിത്സ അപ്രാപ്യമാകുമോ?
ആശുപത്രികളുടെ വരുമാന സ്രോതസ്സ് എന്നത് രോഗികളിൽ നിന്നും ഈടാക്കുന്ന ചികിത്സാ തുക മാത്രമാണ്. ശമ്പള ഇനത്തിൽ വലിയ തുക ചെലവാക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും അത് രോഗികളിൽ നിന്ന് ഈടാക്കേണ്ടി വരും. ഇത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മിഷൻ ആശുപത്രികൾ ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാവുകയും സാധാരണക്കാർക്ക് ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പോലും ഇതോടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയേക്കാം.
കോർപ്പറേറ്റ് അധിനിവേശവും മിഷൻ ആശുപത്രികളുടെ തകർച്ചയും

കേരളത്തിലെ ആരോഗ്യ മേഖലയിൽ ഇന്ന് വൻകിട കോർപ്പറേറ്റ് ശക്തികളുടെ സാന്നിധ്യം വർദ്ധിച്ചുവരികയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വൻകിട കോർപ്പറേറ്റുകൾ കേരളത്തിലെ ചെറുകിട ആശുപത്രികൾ ഏറ്റെടുത്ത് വൻകിട ബിസിനസ്സ് സ്ഥാപനങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ശക്തികൾ മിഷൻ ആശുപത്രികളെ തകർക്കാൻ വേണ്ടി നടത്തുന്ന ഗൂഢാലോചനയാണോ ഈ സമരങ്ങൾക്ക് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോർപ്പറേറ്റുകളുടെ സമ്മർദ്ദത്തിലൂടെയാണോ ഈ സമരങ്ങൾ അരങ്ങേറുന്നതെന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണ്. ജനങ്ങൾ ഈ സമരത്തെ കേവലം അവകാശസമരമായി കാണാതെ, മിഷൻ ആശുപത്രികൾക്കും സാധാരണക്കാരുടെ ചികിത്സയ്ക്കും നേരെയുള്ള വെല്ലുവിളിയായി തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, മുൻകാല പ്രവർത്തനത്തിന്റെ പേരിൽ സാമ്പത്തിക ക്രമക്കേടുൾപ്പടെയുള്ള ആരോപണങ്ങൾ പേറുന്ന കളങ്കിത വ്യക്തിത്വം ഇത്തവണയും നേതൃ രംഗത്തുണ്ടെന്നതും ഗൗരവതരമാണ്.
ജീവനുവേണ്ടി പോരാടുന്ന രോഗികൾക്ക് നേരെ സമരമുറകൾ പ്രയോഗിക്കുന്നത് ഒട്ടും ഭൂഷണമല്ല. ന്യായമായ ശമ്പള പരിഷ്കരണത്തിന് മാനേജ്മെന്റുകൾ എന്നും തയ്യാറാണ്. സർക്കാർ മാന്യമായ രീതിയിൽ ഒരു വേതന ഘടന നിശ്ചയിച്ചാൽ അത് നടപ്പിലാക്കാൻ ക്രൈസ്തവ ആശുപത്രികൾ സന്നദ്ധമാണ്.
ആരോഗ്യ സംരക്ഷണം എന്നത് സമൂഹത്തിനു നൽകുന്ന
ഒരു വലിയ സേവനമാണെന്നും അത് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പൊതുസമൂഹത്തിന്റെ സഹകരണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും വർഗീയ ശക്തികളുടെ ഗൂഢ ലക്ഷ്യങ്ങളും വൻകിട കോർപറേറ്റുകളുടെ സ്വാർത്ഥ താല്പര്യങ്ങളും കൈകോർത്തു സാധാരണക്കാരുടെ അഭയമാകുന്ന ക്രൈസ്തവ ആശുപത്രികളെ തകർക്കാൻ അനുവദിക്കരുതെന്നും ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.
Syro-Malabar Media Commission ഫേസ്ബുക്ക് പേജിൽ പ്രസിദ്ധികരിച്ചത്.
