
ബിജു പ്രഭാകറിന്റേത് അപകടകരമായ പ്രസ്താവന; അവജ്ഞയോടെ തള്ളിക്കളയണം: പ്രൊ-ലൈഫ് ഗ്ലോബൽ
**കൊച്ചി:** കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ചും അതിനെ സാമാന്യവൽക്കരിച്ചും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവുമാണെന്ന് പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്.

സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം വ്യക്തിപരമായ പ്രശസ്തി ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വികലമായ അഭിപ്രായപ്രകടനങ്ങളെ കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടു.
ലഹരി ഉപയോഗത്തെ “റെസ്പോൺസിബിൾ കഞ്ചാവടി” എന്നും “ഉല്ലാസം” എന്നും വിശേഷിപ്പിക്കുന്നത് ലഹരിയുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ട് ജീവിതം തകർന്ന ആയിരക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും പരിഹസിക്കുന്നതിന് തുല്യമാണ്.
തൊഴിലില്ലായ്മയും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന യുവമനസ്സുകളിലേക്ക് ആംസ്റ്റർഡാം കഥകൾ പറഞ്ഞ് ലഹരിയെ കുത്തിവെക്കുന്നത് അവരെ അക്രമത്തിലേക്കും മനോരോഗത്തിലേക്കും നയിക്കാനേ ഉപകരിക്കൂ.
ലഹരി അടിമത്തം തലച്ചോറിലെ പ്ലെഷർ സർക്യൂട്ടുകളെ ഭ്രമിപ്പിച്ചുണ്ടാക്കുന്ന രോഗമാണെന്ന ശാസ്ത്രീയ യാഥാർത്ഥ്യം നിലനിൽക്കെ, ഇത്തരം വസ്തുതകളെ തമസ്കരിച്ച് ലഹരിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് പ്രൊ-ലൈഫ് ഗ്ലോബൽ ആരോപിച്ചു.
സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും ലഹരി ഉപയോഗത്തിന് പ്രേരണ നൽകുന്നതുമായ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രൊ-ലൈഫ് ഗ്ലോബൽ ചെയർമാൻ സാബു ജോസ് ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ പോരാട്ടങ്ങളെ പിന്നോട്ടടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമങ്ങൾ പ്രാധാന്യം നൽകരുത്. കേവലം സെൻസേഷനു വേണ്ടി ലഹരി മാഫിയകളുടെ കൈയ്യടി നേടാൻ ശ്രമിക്കുന്നത് മാധ്യമധർമ്മത്തിന് നിരക്കാത്തതാണ്.
കഞ്ചാവ് ഉപയോഗം മൂലം ജീവിതം നശിച്ചവരുടെ ബന്ധുക്കളുടെ കണ്ണീർ ഇത്തരം “ഗവേഷണ നിരീക്ഷണങ്ങൾ” നടത്തുന്നവർ കാണാതെ പോകരുത്.

ലഹരിയെ നോർമലൈസ് ചെയ്യുന്ന പ്രവണതയ്ക്കെതിരെയും വരുംതലമുറയെ മയക്കുമരുന്നിന് അടിമപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെയും ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് പ്രസ്താവനയിൽ പറഞ്ഞു.

**സാബു ജോസ്**
ചെയർമാൻ, പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്.

