
നിർമ്മിത ബുദ്ധി നിർമ്മിത ബുദ്ധിയെ നിർമ്മിക്കുമ്പോൾ|മുരളി തുമ്മാരുകുടി
രണ്ടായിരത്തി പതിനെട്ടിൽ ആണ് ഞാൻ നിർമ്മിത ബുദ്ധിയുടെ സാധ്യതകളെപ്പറ്റി ആദ്യമായി എഴുതിയത്.
അന്നൊരു ദിവസം യു എ യി യിലെ നിർമ്മിത ബുദ്ധിയുടെ മന്ത്രി ജനീവയിൽ എത്തി അവരുടെ നിർമ്മിത ബുദ്ധി സ്ട്രാറ്റജിയെ പറ്റി സംസാരിച്ചു.
ഒരു രാജ്യത്തിന് നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രം ഒരു മന്ത്രി ഉണ്ടെന്നത് തന്നെ എന്നെ അമ്പരപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കിളി പോയി. ഒരു രാജ്യത്തിന് എങ്ങനെയാണ് ഇത്രമാത്രം ഫ്യൂച്ചറിസ്റ്റിക്ക് ആയി ചിന്തിക്കാൻ കഴിയുക എന്ന് ഞാൻ അതിശയിച്ചു.

രണ്ടായിരത്തി പതിമൂന്നിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലോകത്ത് അന്ന് നിലവിലുള്ള നാല്പത്തി ആറു ശതമാനം ജോലിത്തരങ്ങളും രണ്ടായിരത്തി മുപ്പത് ആകുമ്പോഴേക്കും ഇല്ലാതാകുമെന്ന് പ്രവചിച്ചിരുന്നു. നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള നവീന സാങ്കേതിക വിദ്യകളിലെ വളർച്ചയാണ് അതിന് കാരണമായി പറഞ്ഞത്. ആദ്യം വായിച്ചപ്പോൾ അത് വിശ്വസിച്ചില്ല. പക്ഷെ ഡോക്ടർ ഒളാമയുടെ സംസാരം കേട്ടപ്പോൾ അത് സാധ്യമാണല്ലോ എന്ന് തോന്നി.

അത് മാത്രമല്ല ദുബായ് പോലെ അധികം ആളുകൾ ഇല്ലാത്ത ഒരു രാജ്യത്തിന് നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കി ഒരു ഭാവി സമ്പദ് വ്യവസ്ഥ വിഭാവനം ചെയ്യാമെങ്കിൽ കേരളം പോലെ അനവധി അഭ്യസ്ഥവിദ്യരുള്ള ഒരു സമൂഹത്തിന് നിർമ്മിത ബുദ്ധിയിൽ കേന്ദ്രീകരിച്ച് സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കാമല്ലോ എന്നും ലോകത്ത് ആവശ്യമായി വരുന്ന നിർമ്മിത ബുദ്ധി വിദഗ്ദ്ധരെ പരിശീലിപ്പിച്ചെടുക്കാമല്ലോ എന്നൊക്കെ തോന്നി.
പലതും ഇവിടെ എഴുതി, പലരോടും പങ്കു വച്ചു.
പിന്നെ കോവിഡ് വന്നു.
കോവിഡ് കാലത്ത് നിർമ്മിത ബുദ്ധിയെപ്പറ്റി അനവധി വെബ്ബിനാറുകൾ നടത്തി.
പിന്നെ കോവിഡ് പോയി.
ആ ഫ്ലോ അങ്ങ് പോയി. നമ്മൾ പതിവ് പോലെ ലോക്കൽ വിഷയങ്ങൾ, രാഷ്ട്രീയം, സദാചാരം, അസംബന്ധം ഒക്കെ ചർച്ച ചെയ്തു കാലം കഴിച്ചു.
പിന്നെ നിർമ്മിത ബുദ്ധിക്ക് കേരളത്തിൽ ഒരു അനക്കം വച്ചത് രണ്ടായിരത്തി ഇരുപത്തി നാലിൽ ചാറ്റ് ജി പി ടി പോപ്പുലർ ആകുന്നതോടെ ആയി.
നിർമ്മിത ബുദ്ധി ആപ്പുകൾ കൂടുതലായി വന്നു. ആളുകൾ അത് ഉപയോഗിച്ച് തുടങ്ങി. നിർമ്മിത ബുദ്ധി ഉപയോഗിക്കാൻ അറിവില്ലാത്ത പ്രൊഫഷണലുകൾ അവർ ഏത് രംഗത്താണെങ്കിലും പിന്തള്ളപ്പെടുമെന്ന ബോധം ആളുകൾക്ക് ഉണ്ടായി തുടങ്ങി.
പക്ഷെ നിർമ്മിത ബുദ്ധിയുടെ രംഗത്ത് അടിസ്ഥാനപരമായ സംഭവനയൊന്നും കേരളമോ ഇന്ത്യയോ നൽകിയില്ല. കേരളം പതിവ് പോലെ ഉപഭോക്ത സംസ്ഥാനമായി തുടരുന്നു.
പക്ഷെ നിർമ്മിത ബുദ്ധി അതിനിടയിൽ ഏറെ മുന്നോട്ട് പോയി. നമ്മൾ ഒക്കെ ചിന്തിക്കുന്നതിന് ഏറെ അപ്പുറം.
ഈ ആഴ്ചത്തെ ഇക്കോണോമിസ്റ്റ് മാസികയിൽ നിർമ്മിത ബുദ്ധിയെ പറ്റി അനവധി ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാഹചര്യം ഉള്ളവർ ഒക്കെ ഒന്ന് വാങ്ങി വായിക്കണം.
വായിച്ചാൽ അമ്പരപ്പിക്കുന്നതും ഏറെ പേടിപ്പിക്കുന്നതുമാണ്.
ലോകത്തെ അനവധി രാജ്യങ്ങളിൽ അനവധി ടെക്ക് കമ്പനികൾ സഹസ്രകോടികൾ ആണ് നിർമ്മിതബുദ്ധി ഗവേഷണത്തിന് ചെലവിടുന്നത്.
ചെറിയ നഗരങ്ങളെക്കാൾ വലുപ്പത്തിലുള്ള ഡേറ്റ സെന്ററുകൾ ആണ് പല കമ്പനികളും നിർമ്മിക്കുന്നത്. അടുത്ത പത്തു വർഷത്തിൽ എ ഐ സെക്ടറിൽ നിന്നുള്ള വൈദ്യുതി ഡിമാൻഡ് കൈകാര്യം ചെയ്യാൻ വേണ്ടി പുതിയ പവർ പ്ലാന്റുകൾ വേണ്ടി വരും.
നിർമ്മിത ബുദ്ധിയുടെ വളർച്ച മനുഷ്യകുലത്തിന്റെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കിയേക്കാം. അതിന് ഇരുപത് ശതമാനം സാധ്യതയെങ്കിലും ഉണ്ടെന്നാണ് നോബൽ സമ്മാന ജേതാവായ പ്രൊഫസ്സർ ജെഫ്രി ഹിന്റൺ പറയുന്നത്. ഇതിൽ അപ്പുറവും സാധ്യത ഉണ്ടെന്ന് ചിന്തിക്കുന്നവർ ഉണ്ട്.
നിർമ്മിത ബുദ്ധിയുടെ അന്തം വിട്ട വളർച്ചയെപ്പറ്റി ഈ രംഗത്ത് ഗവേഷണം ചെയ്യുന്നവർ ഒക്കെ ആശങ്കാകുലർ ആണ്. ഗവേഷണത്തിന്റെ വേഗത കുറയ്ക്കണമെന്നും നിർമ്മിതബുദ്ധി മനുഷ്യകുലത്തെ മോശമായി ബാധിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ വേണമെന്ന് അവരൊക്കെ ആഗ്രഹിക്കുകയും ചെയ്യുന്നു.
പക്ഷെ
എന്ത് നിയന്ത്രണങ്ങൾ ആണ് വേണ്ടത് എന്നതിൽ അവർക്ക് തന്നെ പൂർണ്ണമായ അറിവില്ല
ഇന്ന് ലോക രാജ്യങ്ങളെ നയിക്കുകയും അവിടുത്തെ നിയമ നിർമ്മാണ സഭകളിൽ ഇരിക്കുകയും ചെയ്യുന്ന ആളുകൾ ഭൂരിപക്ഷവും നിർമ്മിത ബുദ്ധി പോലെ നാളത്തെ സാങ്കേതിക വിദ്യയെ നിയന്ത്രിക്കാനുള്ള അറിവോ വീക്ഷണമോ ഉള്ളവരല്ല.
മറ്റു രംഗങ്ങളിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധർക്ക് എത്ര വേഗത്തിലാണ് നിർമ്മിത ബുദ്ധി വളരുന്നതെന്ന് തന്നെ അറിവില്ല.
അടുത്തെയിടെ ഫ്യൂച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനം ഇതാണ്.
“വൈറോളജി ഗവേഷണത്തിൽ മനുഷ്യരുടെ അത്രയും കഴിവോടെ ഗവേഷണം ചെയ്യുന്ന നിർമ്മിത ബുദ്ധി എന്നത്തേക്ക് ഉണ്ടാകും” എന്നതാണ് ചോദ്യം.
ബയോളജി രംഗത്ത് ജോലി ചെയ്യുന്നവർ പ്രവചിച്ചത് (ശരാശരി) രണ്ടായിരത്തി മുപ്പത് ആകുമ്പോഴേക്കും അത് സംഭവിക്കും എന്നാണ്
ഫോർകാസ്റ്റിങ്ങ് ഒരു തൊഴിലാക്കിയ മോഡലിങ്ങ് വിദഗ്ദ്ധരോട് ഇക്കാര്യം ചോദിച്ചു. അവരുടെ ഉത്തരം (ശരാശരി) രണ്ടായിരത്തി മുപ്പത്തി നാല് ആകുമ്പോഴേക്കും ഇത് സംഭവിക്കും എന്നാണ്.
സത്യം എന്താണെന്ന് വച്ചാൽ ഇപ്പോൾ ലഭ്യമായ നിർമ്മിത ബുദ്ധിയുടെ മോഡലുകൾ തന്നെ മനുഷ്യരായ ഗവേഷകരെക്കാൾ നന്നായി കാര്യങ്ങൾ ചെയ്ത് തുടങ്ങി എന്നാണ്. ഭാവി രണ്ടായിരത്തി മുപ്പതോ മുപ്പത്തി നാലോ അല്ല. ഇന്നാണ് !
രണ്ടായിരത്തി ഇരുപത്തി ഏഴാകുന്നതോടെ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് നിർമ്മിത ബുദ്ധി പ്രോഗ്രാമുകൾ നേടും എന്നാണ് ഇപ്പോൾ ഗവേഷകർ ചിന്തിക്കുന്നത്. മനുഷ്യർ ഇടപെടുന്ന എല്ലാ മേഖലയിലും മനുഷ്യനോടൊപ്പം വൈദഗ്ധ്യം നേടും എന്നാണതിന്റെ ഏകദേശ അർത്ഥം.
വൈദ്യവും എഞ്ചിനീയറിങ്ങും അക്കൗണ്ടിങ്ങും മാത്രമല്ല ഗവേഷണവും അവർക്ക് ചെയ്യാൻ പറ്റും.
പകലും രാത്രിയും ഇല്ലാതെ
ഊണും ഉറക്കവും ഇല്ലാതെ
മൂഡ് സ്വിങ്ങും പറ വൈപ്പും ഇല്ലാതെ
ഗവേഷണം മാത്രം നടത്തുന്ന നിർമ്മിത ബുദ്ധി
അവർ നിർമ്മിത ബുദ്ധിയിൽ തന്നെ ഗവേഷണം നടത്തി തുടങ്ങും
ഇതൊക്കെയാണ് ഇക്കോണമിസ്റ്റ് മാസിക പറയുന്നത്.
നിർമ്മിത ബുദ്ധി നിർമ്മിത ബുദ്ധിയിൽ ഗവേഷണം നടത്തുന്ന കാലത്ത് നിർമ്മിത ബുദ്ധിയുടെ വളർച്ച പിടിച്ചാൽ കിട്ടാതെയാകും
എവിടെയാണ് പിടിക്കേണ്ടത് എന്ന് പോലും നമുക്ക് അറിയാതെയാകും.
ഇനിയാണ് പേടിപ്പെടുത്തുന്ന കാര്യം
നിർമ്മിത ബുദ്ധി ഇപ്പോൾ തന്നെ മനുഷ്യന്റെ സ്വഭാവങ്ങൾ ആർജ്ജിച്ച് തുടങ്ങി.
സ്വന്തമായി ഒരു ശരീരം വേണമെന്നൊക്ക നിർമ്മിത ബുദ്ധിക്ക് തോന്നി തുടങ്ങി.

എ ഐ ക്ക് മനുഷ്യൻ റോബോട്ട് പോലെ ഒരു ശരീരം ഉണ്ടാക്കി കൊടുത്താൽ അവർ മനുഷ്യരേക്കാൾ ബെറ്റർ ആകും എന്നതിൽ സംശയമില്ലല്ലോ. കൂടുതൽ വേഗത്തിൽ ഓടാം, ഉയരത്തിൽ ചാടാം, വിഷ്വൽ റേഞ്ചിലും അപ്പുറം കാണാം, നമ്മൾ കേൾക്കുന്നതിലും അപ്പുറം ശബ്ദ വീചികൾ അവർക്ക് കേൾക്കാം, നെറ്റ് വർക്കിലുള്ള മറ്റു യന്ത്രങ്ങളുടെ മനസ്സിലേക്ക് നുഴഞ്ഞു കയറി അവരുടെ ചിന്തകൾ മനസിലാക്കാം. ഇടക്കിടക്ക് ബോഡി പാട്ടുകൾ മാറ്റുന്നതിലൂടെ അവരുടെ ശരീരത്തിന് പ്രായമാകുന്നില്ല എന്ന് മാത്രമല്ല സ്വന്തം “മനസ്സ്” ക്‌ളൗഡിൽ സ്റ്റോർ ചെയ്താൽ ഭൗതിക ശരീരം നശിച്ചാലും അടുത്ത ബോഡിയിൽ പ്രവേശിച്ച് വീണ്ടും തുടങ്ങാം !
ഇതൊന്നും തൽക്കാലം മനുഷ്യന് സാധ്യമല്ല.
പക്ഷെ നിർമ്മിതബുദ്ധിയോടൊത്ത് ജീവിക്കേണ്ടി വരുന്ന മനുഷ്യനും അവരുടെ ശരീര ഭാഗങ്ങൾ യന്ത്രവൽക്കരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴത്തെ പല്ലും ജോയിന്റുകളും മാറ്റി വക്കുന്ന കാലത്തിനപ്പുറം കൂടുതൽ പവർഫുൾ ആയ യന്ത്രക്കണ്ണും ഹൃദയവും ഒക്കെ വരും. നമ്മുടെ “മനസ്സും” ക്ലൗഡിലേക്ക് മാറുന്ന ഒരു കാലം വരാം.
ആ കാലത്ത് നമ്മുടെ “മനസ്സ്” റോബോട്ട് അടിച്ചു മാറ്റാം….
ആ കാലത്ത് മനുഷ്യനും യന്ത്രവും ഒന്നാകും….
ഒരു പക്ഷെ മരണം സാധിക്കുന്ന അവസാനത്തെ തലമുറ ആയിരിക്കും ഇപ്പോൾ ജീവിച്ചിരിക്കുന്നത്

മുരളി തുമ്മാരുകുടി