
ഏകാകികളുടെ ലോകം വളരുമ്പോൾ
വിദൂരത്ത് ജോലി ചെയ്യുന്ന കുടുംബനാഥന്മാരുടെ വീടിനെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് ഒരു പഠനം നടത്തിയിരുന്നു. അതിൻ്റെ ഭാഗമായ് ധാരാളം വ്യക്തികളുമായും കുടുംബങ്ങളുമായും അഭിമുഖവും നടത്തുകയുണ്ടായി. മക്കളുടെ വളർച്ചയ്ക്കും ഭാര്യയുടെ സംരക്ഷണത്തിനുമെല്ലാം അപ്പൻ ഒപ്പമുള്ളത് അത്യന്താപേക്ഷിതമാണെന്നായിരുന്നു 99 ശതമാനം പേരുടെയും അഭിപ്രായം.

അപ്പൻ വിദൂരത്തായിരുന്നിട്ടും
ഒരു കുടുംബം അദ്ദേഹത്തോടൊപ്പമായിരിക്കാൻ എടുത്ത പ്രയത്നം എന്നെ അതിശയപ്പെടുത്തി. അന്ന് ഇന്നത്തെപോലെ സോഷ്യൽ മീഡിയകളില്ല, മെസേജുകൾ അതിവേഗം ലഭിക്കുന്ന വാട്സാപ് പോലുമില്ല. പകരം Skype ഉപയോഗിച്ചുള്ള വീഡിയോ കോൾ മാത്രമുണ്ട്.
വിദേശത്തുള്ള അപ്പൻ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തുമ്പോൾ രാത്രി പന്ത്രണ്ടു മണിയാകും. നാട്ടിലാണെങ്കിൽ പുലർച്ചെ നാലര. നാട്ടിലുള്ള അമ്മയും മക്കളും എഴുന്നേറ്റ്
പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് അഞ്ചുമണിയോടെ പ്രാർത്ഥനാ മുറിയിൽ ഒരുമിച്ച് കൂടും. ഒപ്പം വിദേശത്തുള്ള അപ്പൻ കമ്പ്യൂട്ടർ സ്ക്രീനിൽ Skype വഴിയും പ്രാർത്ഥനയിൽ പങ്കെടുക്കും. രണ്ട് രാജ്യങ്ങളിലിരുന്ന് മാതാപിതാക്കളും മക്കളും കുടുംബപ്രാർത്ഥന ചൊല്ലും. സ്തുതി ചൊല്ലി പിരിയുമ്പോൾ അപ്പൻ ഉറങ്ങാൻ പോകും. അമ്മ അടുക്കളയിലേക്കും. മക്കൾ പഠനമുറിയിലേക്കും. കുറച്ചു കഴിഞ്ഞ് അവർ ഇടവക ദൈവാലയത്തിലെ പ്രഭാത ദിവ്യബലിയിൽ പങ്കെടുക്കാനും പോകും.
അവരുടെ കുടുംബത്തിൻ്റെ കെട്ടുറപ്പിന് ഒരുമിച്ചുള്ള പ്രാർത്ഥന ഏറെ സഹായിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല, സമയം കിട്ടുമ്പോഴെല്ലാം അവർ ഓൺലൈനിൽ ഒരുമിച്ച് വരികയും പലകാര്യങ്ങൾ പറഞ്ഞും പങ്കുവച്ചും ഉല്ലാസത്തിൽ ഏർപ്പെടുകയും ചെയ്യുമത്രെ.
ഒരുമിച്ച് പ്രാർത്ഥിക്കാനും ഭക്ഷിക്കാനും അവസരങ്ങൾ ഉണ്ടായിട്ടും ഒറ്റയ്ക്ക് പ്രാർത്ഥിക്കുന്ന, ഭക്ഷണം കഴിക്കുന്ന, യാത്രചെയ്യുന്ന, അവരവരുടേതായ ലോകത്തിൽ കഴിയുന്ന വ്യക്തികൾ കുടുംബങ്ങളിലും സന്യാസ സമൂഹങ്ങളിലുമെല്ലാം വർദ്ധിച്ചു വരുന്ന കാലയളവിൽ മുകളിൽ സൂചിപ്പിച്ച കുടുംബം നമുക്ക് മാതൃകയും വെല്ലുവിളിയുമാണ്. പലകുടുംബങ്ങളിലും ആൾക്കൂട്ടത്തിൽ തനിയെ എന്ന രീതിയിൽ തനിച്ചായിപ്പോകുന്ന ഒരുപാട് പേരുണ്ട്. പ്രായമായവർക്ക് മാത്രമായ് ചുരുങ്ങുന്ന കുടുംബ പ്രാർത്ഥനകളും തനിച്ചിരുന്നുള്ള ഉല്ലാസങ്ങളും ഇന്നേറി വരുമ്പോൾ പൗരോഹിത്യ പ്രാർത്ഥന എന്ന പേരിൽ അറിയപ്പെടുന്ന ശിഷ്യർക്കു വേണ്ടിയുള്ള ക്രിസ്തുവിൻ്റെ പ്രാർത്ഥനയും അർത്ഥവത്താണ്.
“അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി,
പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും നാം ഒന്നായിരിക്കുന്നതുപോലെ അവരും പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ”
(യോഹന്നാന്‍ 17 : 21-23).

കൂട്ടുകാർക്കെപ്പമുള്ള ഒത്തുചേരലുകളും ആഘോഷങ്ങളും ഇക്കാലയളവിൽ ഒട്ടും കുറവല്ല. അതിന് വ്യത്യസ്തങ്ങളായ കാരണങ്ങൾ കണ്ടെത്താനും നാം മിടുക്കരാണ്. എന്നാൽ,
നമ്മുടെ കുടുംബത്തിലും നാം ആയിരിക്കുന്ന സമൂഹങ്ങളിലും പ്രാർത്ഥിയ്ക്കാനും ഭക്ഷിക്കാനും യാത്രചെയ്യാനും ഉല്ലസിക്കാനുമെല്ലാം ഒരുമിച്ചു കൂടുമ്പോൾ മാത്രമെ കുടുംബവും ബന്ധങ്ങളും കെട്ടുറപ്പോടെ പോകൂ എന്ന തിരിച്ചറിവ് എത്രയോ
നല്ലതാണ്!

ഫാദർ ജെൻസൺ ലാസലെറ്റ്
മെയ് 25- 2025.