പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ

Share News

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എം.എൽ.എ പി. ടി തോമസിനെ അനുസ്മരിച്ച് നിയമസഭ. ശരികളിൽ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ശരിയെന്നു തോന്നുന്ന നിലപാടുകളായിരുന്നു പി.ടി തോമസ് എന്നും കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.

വ്യക്തി നിഷ്ഠമായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ. പാരിസ്ഥിതിക – സമുദായിക വിഷയങ്ങളിൽ പൊതു നിലപാടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു പി.ടി യുടെ നിലപാടുകൾ. സഭയിൽ വിഷയങ്ങൾ ഗാഢമായി പഠിച്ചു അവതരിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയ സാമാജികനും മതനിരപേക്ഷത കുടുംബത്തിലും രാഷ്ട്രീയത്തിലും പുലർത്തിയ നേതാവെന്നും മുഖ്യമന്ത്രി ഓർമിച്ചു.

ഏറ്റെടുക്കുന്ന നിയോഗങ്ങളോട് പൂർണ്ണ പ്രതിബദ്ധത പുലർത്തിയ നേതാവാണ് പി.ടി തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.വിവിധ പാർട്ടികളുടെ നേതാക്കൾ അനുസ്മരണം നടത്തി .

മറ്റു നടപടികളിലേക്കു കടക്കാതെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം നാളെ അവതരിപ്പിക്കും. നാളെ മുതൽ 24 വരെ നടക്കുന്ന ചർച്ചകൾക്കു ശേഷം നന്ദി പ്രമേയം പാസാക്കും. 25 മുതൽ മാർച്ച് 10 വരെ സഭ സമ്മേളിക്കില്ല. മാർച്ച് 11 നാണ് ബജറ്റ് നടക്കുന്നത്.

Share News