
ഏറ്റവും പൂർണ്ണമായി ഒരു കലാസൃഷ്ടിക്കായി ഇത്രയും ജീവാർപ്പണം നടത്തിയ ബ്ലെസ്സി |ആട് ജീവിതത്തിന്റെ ആത്മീയദർശനം |ഫാ സിബു ഇരിമ്പിനിക്കൽ
*കണ്ണീരും ഉപ്പും പുരട്ടിയ കാഴ്ചകളുടെ ആടുജീവിതം*

മരുഭൂമിയിലെ അടിമജീവിതം ആടായും ഒട്ടകമായും ജീവിച്ച് ഒടുവിൽ മനുഷ്യനായി പുറത്തിറങ്ങിയ നജീബ്. ബ്ലെസ്സി എന്ന ഫിലിം മേക്കർ മലയാളം പറയുന്ന ലോക സിനിമ ഒരുക്കി. പൃഥ്വിരാജ് പകർന്നാടിയെ നജീബ് ഒരു സാധാരണ മലയാളി യുവാവാണ് തുടക്കത്തിൽ, കല്യാണം കഴിഞ്ഞ് ജീവിതം മെച്ചപ്പെടുത്താൻ ഗൾഫിൽ പോകാൻ മോഹിക്കുന്ന ഒരു ശരാശരി മലയാളി. അവിടെ മരുഭൂമിയിലെ മസറയിൽ അയാൾ പിന്നീട് ആടിനെ പോലെ നടന്നും കരഞ്ഞും അവരിൽ ഒന്നായി ജീവിക്കാൻ വിധിക്കപ്പെടുന്നത് കണ്ടു നമ്മൾ ഒരു തുള്ളി വെള്ളം കിട്ടാതെ മരുഭൂമിയിൽ പെട്ടപോലെ ഇരുന്നു പോകും ഏതു സുഖമുള്ള തിയേറ്ററിലും.

റഹ്മാൻ സംഗീതം, ഹാ, മരുഭൂമിയിൽ മണൽത്തരി കൊണ്ട് ഒരു മന്ത്രവാദിയെപ്പോലെ…..ഇതാണോ മാന്ത്രിക സംഗീതം. ഒരു തുള്ളിമണലിലും മണൽകാറ്റിലും വികാര വിചാരങ്ങൾ നിറയ്ക്കുന്ന സംഗീതം. സുനിൽ ക്യാമറാമാൻ, ചിലപ്പോൾ മണ്ണിലൂടെ മറ്റുചിലപ്പോൾ മഴയിലൂടെ മണൽകാറ്റിലൂടെ കാട്ടിലൂടെ അതിലൊക്കെ അപ്പുറം മനുഷ്യനെയും ആടിന്റെയും ഒട്ടകത്തിന്റെയും മനസ്സിലൂടെ സഞ്ചരിച്ചു കണ്ടെത്തിയ കാഴ്ചകൾ. അർത്ഥമുള്ള കാഴ്ചകൾ, വേദനയും കണ്ണീരും ഉപ്പും പുരട്ടിയ കാഴ്ചകൾ.
ഇനിയും എത്രയോ കാലം കഴിഞ്ഞു കാണുമ്പോളും പുനർവായനയുടെ ഒടുങ്ങാത്ത ഏടുകൾ മരുഭൂമിയിലെ മണൽത്തരി പോലെ ആടുജീവിതം എന്ന സിനിമ കാത്തു വച്ചിട്ടുണ്ട്. നജീബിന്
പുനർജനിയുടെ ഇന്ധനം പഴയ ഹോർലിക്സ് കുപ്പിയിൽ അമ്മയും സൈനുവും കൊടുത്തുവിട്ട അച്ചാർ. ഈച്ച പറക്കുന്ന കാലമെത്തിയിട്ടും അതിനു ശേഷവും അച്ചാർ കുപ്പിക്കുള്ളിൽ നജീബിനെ ജീവിക്കാനും അതിജീവിക്കാനും പ്രേരിപ്പിക്കുന്ന വീടിന്റെയും നാടിന്റെയും ഗന്ധമുണ്ട്.
മരുഭൂമിയിലെ ഓട്ടത്തിനൊടുവിൽ അതുവരെ മുൻപേ നയിച്ച ഈജിപ്ഷ്യൻ അടിമ സ്നേഹിതൻ ഒഴിഞ്ഞ കോള കുപ്പിയിൽ പിന്നീടുള്ള നടത്തത്തിന് കുടിവെള്ളം ഒരുക്കിവെച്ചു. അയാളെ കാണാതായതിനുശേഷം നജീബിനു മുമ്പേ ആ കാലി കുപ്പി ഉരുണ്ട് ടാറിട്ട വഴിയിൽ എത്തിനിൽക്കുന്നു. വഴികാട്ടിയുടെ ശ്വാസം ആ കുപ്പിക്കുളിൽ അയാൾ നിറച്ചിരുന്നോ അതോ അയാളിലും കാലി കുപ്പിയിലും നിറയുന്ന ശ്വാസം വഴികാട്ടുന്നതാണോ?
ആട് ജീവിതത്തിന്റെ ആദ്യദിനം ഒരു കുഞ്ഞാട് ആട്ടിൻ കൂട്ടത്തെ മുഴുവൻ നജീബിനായി വിളിച്ചു കൂട്ടുന്നു. ആടും ഒട്ടകവും കഴുകനും പാമ്പും സ്പോൺസറും എല്ലാം നിറഞ്ഞ മരുഭൂമിയിലെ ദുരിതം പിടിച്ച നജീബിന്റെ ആട്ജീവിതം മലയാള സിനിമ ചരിത്രത്തെ അടുത്ത ഘട്ടത്തിലേക്ക് കൈ പിടിച്ചുയർത്തി.
അടിമജീവിതം ജീവിക്കുന്ന സകല മനുഷ്യനും രക്ഷപെടാൻ ദൈവം വഴിയൊരുക്കും. അടിമജീവിതത്തിൽ ഒടുങ്ങി പോകാതിരിക്കാൻ ഖഫീൽ ഒരുക്കുന്ന ബിരിയാണി വേണ്ടെന്ന് വെക്കണം. അത് അയാൾ അടിമക്ക് നൽകുന്ന ഇറച്ചി കഷ്ണമാണ്. പൗരന്മാരെ അടിമയാക്കുന്ന വിദ്യ സകല ഭരണകൂട ആധിപത്യശക്തികൾക്കും ഉണ്ടല്ലോ. മനുഷ്യമോചനത്തെ തടയുന്ന എത്രയെത്ര ബിരിയാണികൾ നമ്മൾ കഴിച്ചു മയങ്ങി കിടക്കുന്നു എന്ന് റോഡിൽ ഇറങ്ങി തിരഞ്ഞെടുപ്പ് പോസ്റ്റർ കണ്ടപ്പോൾ ആരെങ്കിലും ഓർത്താൽ കുറ്റം പറയാനാവില്ല.
ഹക്കിം വേദനയാണ് സകല കാഴ്ചക്കാരന്റെയും നെഞ്ചിൽ. ഒരു ഭീകരൻ മണൽകാറ്റ് അവിടെ ഉണ്ടായതു അവന്റെ ജഡം മറയ്ക്കാനാണ്. പ്രകൃതി ആ കുരുന്നു യോദ്ധാവിനു അങ്ങനെയെങ്കിലും ആദരം പറയേണ്ടേ?
വഴിയിൽ മുറിവേറ്റ് മൃതപ്രായനായി കിടന്ന നജീബിന്റെ ജീവനിലേക്ക് റോൾസ് റോയ്സ് ഓടിച്ചെത്തിയ നല്ല മനുഷ്യൻ, കുഞ്ഞിക്ക എന്ന മനുഷ്യ സ്നേഹിയുടെ മലബാർ ഹോട്ടൽ എന്ന മലയാളികൾക്ക് ആശ്രയമായ സത്രത്തിന്റെ അരികിൽ നജീബിനെ എത്തിച്ചു. പരീക്ഷണം അവിടെയും തീർന്നില്ല.
പക്ഷെ നജീബിന്റെ നിയോഗം മനുഷ്യനായി മണ്ണിൽ ജീവിക്കാനായിരുന്നു. അയാൾ സകലത്തിനെയും അതിജീവിച്ചു.
ഏറ്റവും പൂർണ്ണമായി ഒരു കലാസൃഷ്ടിക്കായി ഇത്രയും ജീവാർപ്പണം നടത്തിയ ബ്ലെസ്സി എന്ന സംവിധായകനും കൂടെ പ്രവർത്തിച്ചവർക്കും ഒരു കോടി അഭിവാദ്യങ്ങൾ.

ഫാ സിബു ഇരിമ്പിനിക്കൽ