ക്രൈസ്തവ വാസ്തുശില്പവുംബസിലിക്കാ നിര്‍മ്മിതികളും|റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍

Share News

ക്രൈസ്തവരുടെ ആദ്യകാല ആരാധനാരീതികളെപ്പറ്റി അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ”അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വം പങ്കുചേര്‍ന്നു” (നടപടി 2:42). അപ്പസ്‌തോലപ്രബോധനങ്ങള്‍ കേള്‍ക്കാനും, അപ്പം മുറിക്കാനും, പ്രാര്‍ഥിക്കാനുമായി അവര്‍ ഒത്തുകൂടിയിരുന്നു. ഈ ഒത്തുചേരല്‍ അഥവാ സമ്മേളനങ്ങള്‍ സ്ഥല-കാലങ്ങളില്‍ ബന്ധിതമായിരുന്നു. ഇത്തരം സഭാസമ്മേളനവേദികളാണ് ക്രൈസ്തവ വാസ്തുശില്പങ്ങള്‍.

ആരാധനാകേന്ദ്രങ്ങളാകുന്ന ഭവനസമ്മേളനങ്ങള്‍

ക്രൈസ്തവ വാസ്തുശില്പത്തിന്റെ ആരംഭം കുറിക്കുന്നത് ആദ്യകാല ഭവനദേവാലയങ്ങള്‍ എന്ന് പേരിട്ടുവിളിക്കുന്ന ഭവനങ്ങളിലെ സമ്മേളനങ്ങളിലാണ്. യേശുനാഥന്‍ ഈ ലോകത്തില്‍ ഭക്ഷിച്ച അവസാനത്തെ പെസഹാ ഭക്ഷണവേളയിലാണല്ലോ ബലിയര്‍പ്പണത്തിന്റെ സ്ഥാപനം സംഭവിച്ചത്. ആ പെസഹാ ഭക്ഷണത്തെപ്പറ്റി സുവിശേഷകന്‍മാര്‍ എല്ലാവരും വിവരിക്കുന്നുണ്ടെങ്കിലും സമവീക്ഷണ സുവിശേഷങ്ങളിലാണ് അതിന്റെ ഒരുക്കത്തെപ്പറ്റിയുള്ള വിവരണങ്ങളുള്ളത്. അതില്‍ മര്‍ക്കോസും ലൂക്കായും നല്കുന്ന വിവരണങ്ങള്‍ അനുസരിച്ച് അപ്പസ്‌തോലന്മാര്‍ യേശുവിനുവേണ്ടി പെസഹാ ഭക്ഷണം ഒരുക്കിയത് വീട്ടുടമസ്ഥന്‍ കാണിച്ചുകൊടുത്ത ഒരു മാളിക വീട്ടിലാണ്.

പാലസ്തീനായില്‍ അന്ന് നിലനിന്നിരുന്ന മാളിക വീടുകളിലെ ഭക്ഷണമുറി മുകള്‍നിലയിലായിരുന്നു. ഈശോ പെസഹാ ഭക്ഷിച്ച ഊട്ടുമുറി ഇന്നും സന്ദര്‍ശനയോഗ്യമാണ്. പാലസ്തീനായിലെ അന്നു നിലനിന്നിരുന്ന വീടുകളിലെ വലിപ്പമുള്ള ഒരു ഊട്ടുമുറിയായിരുന്നു അതെന്ന് ഏതു സന്ദര്‍ശകനും മനസ്സിലാക്കാനാകും.

അപ്പസ്‌തോലന്മാരുടെ ആദ്യകാല പ്രവര്‍ത്തനത്തെപ്പറ്റി പറയുമ്പോള്‍ അവര്‍ പ്രാര്‍ഥിക്കാനായി തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ സമ്മേളിച്ചിരുന്നതിനെപ്പറ്റി നടപടി പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു (നടപടി 1:13). യൂദാസിന്റെ അപ്പസ്‌തോല ശുശ്രൂഷയ്ക്കു പകരമായി മത്തിയാസിനെ തിരഞ്ഞെടുക്കുന്നതിനെപ്പറ്റിയുള്ള വിവരണം തുടങ്ങുന്നതുതന്നെ ‘നൂറ്റിയിരുപതോളം സഹോദരര്‍ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്ന് പ്രസ്താവിച്ചു….’ (നടപടി 1:15) എന്ന വിവരണത്തോടെയാണ്. അനേകംപേര്‍ക്ക് ഒരുമിച്ചു സമ്മേളിക്കാന്‍വേണ്ട വലിപ്പമുള്ള മാളിക മുകളിലെ മുറി എന്ന് വിവക്ഷ. അന്ത്യഅത്താഴം നടന്ന മുറിയുടെ വലിപ്പം ഇത്ര വലിയ സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ മതിയാവുന്നതാണ്.

യോപ്പായിലുള്ള തബീത്ത രോഗം പിടിപെട്ടു മരിച്ചപ്പോള്‍ അവളെ കുളിപ്പിച്ച് മുകളിലത്തെ നിലയില്‍ കിടത്തുകയും പത്രോസിനെ ആളയച്ചുവരുത്തി അദ്ദേഹം സ്ഥലത്തെത്തിയപ്പോള്‍ ‘അവനെ മുകളിലത്തെ നിലയിലേക്ക് അവര്‍ കൂട്ടികൊണ്ടുപോയി’ എന്നും അവിടെവച്ച് അവന്‍ അവളെ കൈക്കുപിടിച്ച് എഴുന്നേല്‍പ്പിച്ചു എന്നും നാം വായിക്കുന്നു (നടപടി 9:36-43).

ഭവന സമ്മേളനങ്ങളില്‍ നിന്ന് ഭവന ദേവാലയങ്ങളിലേക്ക്

ആദിമസഭയുടെ ഒത്തുചേരലില്‍ പ്രധാനം അപ്പംമുറിക്കല്‍ ശുശ്രൂഷ ആയതിനാല്‍ സാധാരണ ഭവനങ്ങളിലെ ഭക്ഷണമുറി തന്നെയാണ് ഇതിനുപയോഗിച്ചിരുന്നതെന്ന് വ്യക്തമാണല്ലോ. ആദിമകാല സഭാ

സമ്മേളനങ്ങള്‍ താരതമ്യേന ചെറിയ സമൂഹങ്ങളുടെ ഒത്തുചേരലായിരുന്നതിനാല്‍ ഇത്തരം മുറികളിലെ സൗകര്യങ്ങള്‍ ധാരാളമായിരുന്നു. കാലക്രമേണ ക്രിസ്തു അനുയായികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കുറേക്കൂടി വിശാലമായ സമ്മേളനസ്ഥലങ്ങള്‍ അവര്‍ക്ക് കണ്ടെത്തേണ്ടിവന്നു. സ്ഥലപരിമിതി എന്ന ഈ സാഹചര്യമാണ് വിശ്വാസികള്‍ക്കൊത്തുചേരാന്‍വേണ്ടിമാത്രം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക എന്ന ആവശ്യത്തിലേക്ക് അവരെ നയിച്ചത്. അതായിരിക്കും ക്രൈസ്തവ വാസ്തുനിര്‍മ്മിതിയുടെ ആദ്യരൂപം.

സ്ഥലപരിമിതിയെന്ന പ്രശ്‌നത്തെ അതിജീവിക്കാന്‍ ആദ്യമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ അതിന്റെ രൂപം സാധാരണയായി അവര്‍ സഭാസമ്മേളനങ്ങള്‍ക്കുപയോഗിച്ചിരുന്ന പാലസ്തീനയിലെ സാധാരണ മാളിക വീടുകളുടെ മാതൃകകളില്‍ തന്നെയായത് സ്വാഭാവികം മാത്രം. ഇത്തരം ഭവന ദേവലായങ്ങളുടെ വിശാലമായ മുകള്‍നിലയായിരുന്നിരിക്കണം അപ്പസ്‌തോല പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന തുടങ്ങിയ വിശുദ്ധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. താഴത്തെ നിലയിലെ മുറികള്‍ സാമൂഹിക സേവനത്തിനും പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള വസ്തുക്കള്‍ ശേഖരിച്ചു വയ്ക്കുന്നതിനും മറ്റു സാമൂദായിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു.

സഭാസമ്മേളനങ്ങളും കാറ്റക്കൂമ്പുകളും

ക്രൈസ്തവസഭയുടെ വളര്‍ച്ചാഘട്ടത്തിലെ സുപ്രധാനമായൊരു മുഹൂര്‍ത്തമാണ് മതപീഡനകാലഘട്ടം. ഈ കാലഘട്ടത്തിലും സഭാസമ്മേളനങ്ങളുടെ ഘടനാപരമായ ക്രമത്തിന് കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ലെങ്കിലും സ്ഥലസൗകര്യം എന്നതിനു പുറമേ സുരക്ഷിതത്വം എന്ന ആവശ്യം കൂടി സമ്മേളനസ്ഥലത്തിന്റെ തിരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടേണ്ട വിഷയമായിത്തീര്‍ന്നു. ക്രിസ്തുമത വിശ്വാസി എന്നറിയപ്പെടുന്നത് ജീവന്‍ നഷ്ടപ്പെടാന്‍പോലും സാധ്യതയുള്ളത്ര അപകടകരമായ ഒരു കാര്യമായിരുന്നതിനാല്‍ സമ്മേളനകാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ ആദ്യകാല ക്രൈസ്തവവിശ്വാസികള്‍ നിര്‍ബന്ധിതരായി. ആയതിനാല്‍ സാധാരണക്കാരില്‍ ഭയപ്പാടുളവാക്കുന്ന ഭൂഗര്‍ഭസെമിത്തേരികളായ കാറ്റക്കൂമ്പുകള്‍ സഭാസമ്മേളനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരം സമ്മേളനസ്ഥലങ്ങളായ കാറ്റക്കൂമ്പുകളോടനുബന്ധിച്ചാണ് ക്രൈസ്തവ ചിത്രകലകളില്‍ ആദ്യത്തേതെല്ലാം ലിഖിതമായത്.

ക്രൈസ്തവ സമ്മേളനസ്ഥലങ്ങള്‍ തിരിച്ചറിയാനും ശവസംസ്‌കാരവേളകളില്‍ വിജാതീയരുടേതില്‍നിന്ന് ക്രൈസ്തവരുടെ മൃതസംസ്‌കാരസ്ഥലങ്ങള്‍ വേര്‍തിരിച്ചറിയാനും മറ്റുമായി പ്രതീകാത്മകമായി പലകാര്യങ്ങളും ആദിമ ക്രൈസ്തവ സമൂഹം ചിത്രീകരിച്ചിരുന്നു. ആട്ടിടയന്‍, കുഞ്ഞാട്, മുന്തിരിവള്ളി, മത്സ്യം, പ്രാവ്, നങ്കുരം മുതലായവ ചിത്രീകരിക്കുകവഴി സുരക്ഷിതമാര്‍ഗത്തിലൂടെ തങ്ങളുടെ തനിമ നിലനിര്‍ത്തുകയും തങ്ങള്‍ക്ക് പറയാനുള്ളത് പ്രതീകങ്ങളിലൂടെ പറയുകയും ചെയ്യാന്‍ ആദ്യകാലവിശ്വാസികള്‍ക്കും അവരുടെയിടയിലെ കലാകാരന്മാര്‍ക്കും സാധിച്ചിരുന്നു. ഈ കാലഘട്ടത്തിലും തനതായ ക്രൈസ്തവ നിര്‍മ്മിതികള്‍ ഒന്നുംതന്നെ രൂപപ്പെട്ടിരുന്നില്ലെങ്കിലും നിലനിന്നിരുന്ന നിര്‍മ്മിതികളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകവഴി അവയെ ക്രൈസ്തവ നിര്‍മ്മിതികളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

സഭാസ്വാതന്ത്ര്യവും റോമന്‍ ബസിലിക്കകളും

ക്രൈസ്തവ മതത്തിന് സ്വാതന്ത്ര്യം നല്കിക്കൊണ്ടും അതിനെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചുകൊണ്ടും ക്രിസ്തുവര്‍ഷം 313-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നടത്തിയ മിലാന്‍ വിളംബരം ക്രൈസ്തവ സംസ്‌കാരത്തേയും ദര്‍ശനത്തേയും ഘടനയേയും എല്ലാം അടിമുടി മാറ്റിമറിച്ചു. അതുവരെ ഭയത്തോടെ ഒളിവിലും മറവിലും നടത്തിയിരുന്ന ദൈവാരാധന അന്നുമുതല്‍ പരസ്യമായി നടത്താവുന്ന അഭിമാനകരമായ അനുഷ്ഠാനമായി രൂപാന്തരപ്പെട്ടു. പൊതു ആരാധനയ്ക്കായി വലിയ ജനക്കൂട്ടം ഒത്തുചേരുമ്പോള്‍ അവരെ ഉള്‍ക്കൊള്ളാനാവുന്ന വലിയ നിര്‍മ്മിതികള്‍ കണ്ടെത്തേണ്ടത് അനിവാര്യതയായി. അന്നു നിലനിന്നിരുന്ന ഏറ്റവും ബ്രഹത്തായ ഹാളുകള്‍ പല ഭരണാധികാരികളുടെയും പേരുകളില്‍ അറിയപ്പെട്ടിരുന്ന ബസിലിക്കകള്‍ ആയിരുന്നു.

നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന നീതിനിര്‍വഹണകോടതി, രാജ്യസഭ, പൊതുയോഗങ്ങള്‍, കച്ചവടം, വിരുന്നുകള്‍ മുതലായ ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന പൊതുവായ വലിയ കെട്ടിടങ്ങളായിരുന്നു ബസിലിക്കകള്‍. രണ്ടറ്റത്തും അര്‍ദ്ധവൃത്താകൃതിയിലുള്ള മുറികളോടുകൂടിയ ദീര്‍ഘചതുരത്തിലുള്ള അതിബൃഹത്തായ ഹാളുകളായിരുന്നു അവ.

പോംപെ ഫോറത്തിന്റെ നാശാവശിഷ്ടങ്ങളില്‍ നിന്നും കണ്ടെടുത്ത നഗരത്തിന്റെ ഘടനയിലെ പ്രധാന നിര്‍മ്മിതികള്‍ നഗരകൗണ്‍സിലായ കൂരിയയും അപ്പോളോദേവന്റെ ആലയവും നീതിനിര്‍വഹണത്തിന്റെയും കച്ചവടത്തിന്റെയും കേന്ദ്രമായ ബസിലിക്കയും ആയിരുന്നു. ബി.സി. 100-ല്‍ നിര്‍മ്മിച്ചതെന്നു കണക്കാക്കപ്പെടുന്ന ഈ ബസിലിക്കയുടെ ഘടനതന്നെയാണ് ക്രിസ്തുവര്‍ഷം 112-ല്‍ നിര്‍മ്മിച്ച റോമിലെ ട്രാജന്‍ ഫോറത്തിലുണ്ടായിരുന്ന ബസിലിക്ക ഉള്‍പ്പിയയ്ക്കും ഉള്ളത്. 426 അടി നീളവും 138 അടി വീതിയുമുള്ള ബസിലിക്ക ഉള്‍പ്പിയ അര്‍ദ്ധ വൃത്താകൃതിയിലുള്ള ഒരു മുറിയെതുടര്‍ന്ന് ദീര്‍ഘചതുരത്തിലുള്ള നീണ്ട ഒരു വലിയ നടുത്തളവും അതിനിരുവശവും നിരയായുള്ള തൂണുകള്‍കൊണ്ട് വേര്‍തിരിക്കപ്പെട്ട രണ്ടു വീതികുറഞ്ഞ പാര്‍ശ്വഹാളുകളും ചേര്‍ന്ന അതിബൃഹത്തായ ഒരു കെട്ടിടമായിരുന്നു.
ഇന്നത്തെ വലിയ ഷോപ്പിങ്ങ് മാളുകളെ അനുസ്മരിപ്പിക്കുന്ന ബസിലിക്ക കെട്ടിടങ്ങളില്‍ അറ്റത്തുള്ള അര്‍ദ്ധ വൃത്താകൃതിയിലുള്ള മുറി ജഡ്ജിമാര്‍, സെനറ്റര്‍മാര്‍ തുടങ്ങിയ നേതാക്കള്‍ക്കും നടുത്തളം പൊതുജനത്തിന് സമ്മേളിക്കാനും പാര്‍ശ്വഹാളുകള്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു.

ഇത്തരത്തില്‍ റോമിലുണ്ടായിരുന്ന മറ്റു പ്രധാന ബസിലിക്കകള്‍ റോമന്‍ മജിസ്‌ട്രേറ്റായിരുന്ന മാര്‍ക്കോ എമിലീയൂസ് ലെപ്പിഡസിന്റെ പേരില്‍ ബി.സി. 179-ല്‍ നിര്‍മ്മിക്കപ്പെട്ട എമീലിയ ബസിലിക്ക, സെംപ്രോണിയ ബസിലിക്ക നിന്നിരുന്നിടത്ത് ജൂലിയസ് സീസര്‍ ബി.സി. 54-ല്‍ നിര്‍മ്മാണം ആരംഭിക്കുകയും അഗസ്റ്റസ് സീസര്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത ജൂലിയ ബസിലിക്ക, മാക്‌സെന്റിയൂസ് ചക്രവര്‍ത്തി നിര്‍മ്മാണം ആരംഭിക്കുകയും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി (306-337) പൂര്‍ത്തീകരിക്കുകയും ചെയ്ത മാക്‌സെന്റിയൂസ് ബസിലിക്ക എന്നിവയാണ്.

ബസിലിക്കാ പള്ളികള്‍

രൂപമാറ്റം വരുത്തിയ റോമന്‍ ബസിലിക്ക കെട്ടിടങ്ങളോ ഇത്തരം കെട്ടിടങ്ങളുടെ രൂപത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളോ ആയിരുന്നു ബസിലിക്കാ ദേവാലയങ്ങള്‍ എന്ന് അറിയപ്പെട്ടിരുന്നത്. ബസിലിക്കാ ദേവാലയങ്ങളുടെ ഘടനയില്‍ ഉണ്ടായ പ്രധാനമാറ്റം ഒരറ്റത്തുണ്ടായിരുന്ന അര്‍ധവൃത്താകൃതിയിലുള്ള മുറി പ്രധാനമായും ബലിയര്‍പ്പകനായ പുരോഹിതന്റെ നിയന്ത്രണത്തിലുള്ളതായി മാറി എന്നതാണ്. വിശാലമായ നടുത്തളവും പാര്‍ശ്വഹാളുകളും സാധാരണ വിശ്വാസികള്‍ക്കുള്ള സ്ഥലവും ആയിമാറി. ഈ വിഭജനം വ്യക്തമാകത്തക്കവിധത്തില്‍ പുരോഹിതര്‍ക്കുള്ള സ്ഥലത്തെ സാധാരണക്കാര്‍ക്കുള്ള സ്ഥലത്തുനിന്നും തറനിരപ്പിന്റെ ഉയര്‍ച്ചയും ഉയരം കുറഞ്ഞ വേലികെട്ടുംകൊണ്ട് വേര്‍തിരിക്കുകയും ചെയ്തിരുന്നു.

ബസിലിക്കാ ദേവാലയങ്ങളില്‍ കെട്ടിടത്തിന്റെ വലിപ്പത്തിനും പ്രൗഢിക്കും മാത്രമല്ല അതില്‍ ഉപയോഗിച്ചിരുന്ന അവശ്യവസ്തുക്കളുടെ നിര്‍മ്മിതിരീതിയിലും ഗണ്യമായ വ്യത്യാസം വന്നു. ആദ്യകാലഭവനദേവാലയങ്ങളില്‍ അപ്പം മുറിക്കലിനുപയോഗിച്ചിരുന്ന ലളിതമായ അത്താഴമേശയ്ക്കുപകരം പ്രതീകാത്മകവും സൗന്ദര്യവും ഒത്തിണങ്ങിയ വലിയമേശകള്‍ വന്നുചേര്‍ന്നു. സ്വാഭാവികമായും അതില്‍ അര്‍പ്പിക്കുന്ന ബലിയുടെ അമൂല്യത ഓര്‍മ്മിപ്പിക്കാന്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കള്‍കൊണ്ട് അവ അലങ്കരിക്കുകയും ചെയ്തിരുന്നു. അതുപോലെതന്നെ അപ്പസ്‌തോല പ്രബോധനത്തിന്റെ ഇടം, പുരോഹിതന്റെ ഇരിപ്പിടം മുതലായവയും ഓരോന്നിന്റെയും സ്ഥാനമഹിമയ്ക്കനുസരിച്ചുള്ള ആര്‍ഭാടപൂര്‍ണമായ അലങ്കാരപ്പണികള്‍ക്ക് വിധേയമായിത്തീര്‍ന്നു.

കത്തോലിക്കാസഭയില്‍ മേജര്‍ ബസിലിക്കാ പദവിയുള്ളത് റോമിലുള്ള നാല് പ്രധാന ബസിലിക്കകള്‍ക്ക് മാത്രമാണ്. അവ റോമന്‍ സഭയുടെ ഭദ്രാസന ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, റോമാരൂപതയുടെ കത്തീഡ്രലായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക, പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള സെന്റ് മേരി മേജര്‍ ബസിലിക്ക, പൗലോസ് അപ്പസ്‌തോലന്റെ പേരില്‍ നഗര മതില്‍കെട്ടിനുപുറത്തുള്ള സെന്റ് പോള്‍ ബസിലിക്ക എന്നിവയാണ്. ഇവയെല്ലാം ബാറോക്ക് വാസ്തുവിദ്യാ ശൈലിയിലാണ് പണിതിരിക്കുന്നതെങ്കിലും മേരി മേജര്‍, സെന്റ് പോള്‍ എന്നീ ബസിലിക്കകളുടെ ഉള്‍വശം പരിപൂര്‍ണമായും ബസിലിക്ക നിര്‍മ്മിതിയുടെ ഘടനയാണ് പിന്‍തുടര്‍ന്നിരിക്കുന്നത്.

മൂന്നാര്‍ മൈനര്‍ ബസിലിക്ക

മൂന്നാറിലെ ക്രൈസ്തവ ആറാധനയുമായി ബന്ധപ്പെട്ട പ്രഥമ നിര്‍മ്മിതി 1894 നവംബറില്‍ സ്ഥാപിതമായ എലനോര്‍ ഇസബെല്ലിന്റെ ശവകുടീരമാണ്. ഇതിനോടനുബന്ധിച്ചുള്ള സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ചിന്റെ ശിലാസ്ഥാപനം 1910-ലാണ് നടക്കുന്നത്.

ഹൈറേഞ്ചിലെ ആദ്യത്തെ ദേവാലയമായ മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ കത്തോലിക്കാപള്ളി ആരംഭിക്കുന്നത് 1898-ല്‍ പുണ്യസ്മരണാര്‍ഹനായ ഫാ. അല്‍ഫോന്‍സ് മരിയ ഒ.സി.ഡി. യാണ്. ഇടവകസാഥാപനത്തിന്റെ നൂറ്റിയിരുപത്തഞ്ചാം വാര്‍ഷികത്തില്‍ 2024 മെയ് 25-ംതീയതി ഈ ദേവാലയം ബസിലിക്കയായി പ്രഖ്യാപിക്കപ്പെടുന്നു. ബസിലിക്ക എന്ന വാസ്തുശില്പ ശൈലിയുടെ ഏറ്റവും പ്രധാന ദര്‍ശനം അതിശക്തമായ ബാഹ്യരൂപത്തേക്കാള്‍ പ്രാധാന്യം നല്കുന്നത് ലളിതമെങ്കിലും ഫലപ്രദമായ ഉപയോഗത്തിനുതകുന്ന ഉള്‍ഭാഗത്തിനാണ്. ഇത് പുറത്തുനിന്ന് ആസ്വദിക്കാനുള്ള കലയെക്കാള്‍ അകത്തിരുന്ന് അനുഭവിക്കാനുള്ള യാഥാര്‍ഥ്യമാണ്. ദേവാലയത്തിനുള്ളില്‍ അനുഭവഭേദ്യമായ ദൈവീകമേഖല ഉള്ളില്‍ പ്രവേശിക്കുന്ന ആരുടെയും അനുഭവമാണ്. മൂന്നാര്‍ ബസിലിക്കയുടെ വാസ്തുശില്പ ശൈലി എന്താണെന്ന ചോദ്യത്തിന് അതിനുള്ളില്‍ ഒരിക്കലെങ്കിലും പ്രവേശിച്ചിട്ടുള്ള ആര്‍ക്കും സ്വഅനുഭവത്തില്‍നിന്ന് സംശയലേശമെന്യേ ഉത്തരം പറയാനാകും അത് ബസിലിക്കാ ശൈലി തന്നെയെന്ന്.

റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍

Share News