
മയക്കുമരുന്നുപയോഗം കുറ്റകൃത്യമല്ലാതാക്കി മാറ്റാനാരുങ്ങി കേന്ദ്രം.!?
സെബി മാത്യു
ന്യൂഡൽഹി: മയക്കുമരുന്നുപയോഗം കുറ്റകൃത്യമല്ലാതാക്കി മാറ്റാനാരുങ്ങി കേന്ദ്രം. ചെറിയ അളവിൽ മയക്കുമരുന്ന് ഉൾപ്പടെയുള്ളവയുമായി പിടികൂടുന്നവരെ ഉപദേശിച്ചു നന്നാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനായി 1985ലെ നാർക്കോട്ടിക്, ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമം (ലഹരിതടയൽ നിയമം) ഭേദഗതി ചെയ്യും. ഈ മാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ നിയമഭേദഗതി അവതരിപ്പിക്കും.

ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വ്യക്തികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുന്ന സംഭവങ്ങളിൽ കർശന നിയമനടപടിയുണ്ടാകും.ഭേദഗതി അനുസരിച്ച് ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി ആദ്യമായാണ് പിടിയിലാകുന്നത് എങ്കിൽ ലഹരിവിമോചന കേന്ദ്രങ്ങളിൽ പുനരധിവസിപ്പിച്ച് 30 ദിവസത്തെ കൗണ്‍സലിംഗ് നൽകും.
നിലവിൽ മയക്കുമരുന്ന് ഉപയോഗത്തിന് 10,000 രൂപ പിഴയോ ആറുമാസം തടവോ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കാം.എന്നാൽ, ലഹരി ഉപയോഗം ഒരു കുറ്റകൃത്യമായി കണക്കാക്കാതെ പിടിയിലാകുന്നവരെ ഇരകളായി കണ്ട് കൗണ്‍സലിംഗും മതിയായ ചികിത്സകളും നൽകി മോചിപ്പിച്ചെടുക്കണമെന്നാണ് സർക്കാർ തീരുമാനം. കേന്ദ്ര റവന്യു, ആഭ്യന്തര, സാമൂഹിക നീതി മന്ത്രാലയങ്ങളുടെ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്.
ആര്യൻ ഖാൻ കേസിനു പിന്നാലെ… 1985ലെ ലഹരി തടയൽ നിയമം അല്ലാതെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ഇന്ത്യയിൽ കൃത്യമായ നിയമമില്ല. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ പിടിയിലായതിനു പിന്നാലെയാണ് ഇപ്പോൾ മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യമല്ലാതാക്കി മാറ്റാനുള്ള നീക്കം സർക്കാർ ഊർജിതമാക്കിയത്. ഇതിനുള്ള നീക്കങ്ങൾ നേരത്തേതന്നെ ആരംഭിക്കുകയും റവന്യു വകുപ്പ് കാബിനറ്റ് കുറിപ്പ് തയാറാക്കുകയും ചെയ്തിരുന്നു.
ക്രിമിനൽ നടപടികളിൽനിന്നൊഴിവാക്കി നിയമവ്യവസ്ഥകൾ ലഹരിവിമോചന, പുനരധിവാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഭേദഗതി ചെയ്യണമെന്നായിരുന്നു ആവശ്യം.

പ്രധാന തീരുമാനങ്ങൾ
മയക്കുമരുന്നുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളും ഗൂഢാലോചനയും നടത്തിയാൽ കർശന നടപടി.
വ്യാജ കേസിന്റെ പേരിൽ വീടുകളിലോ വസതികളിലോ റെയ്ഡ് നടത്തിയാൽ കടുത്ത പിഴ
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് പുനരധിവാസമോ കടുപ്പം കുറഞ്ഞ ശിക്ഷയോ നൽകും.
തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ ശിക്ഷ ഇരട്ടിയാക്കി കർശന ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തും.
നിയന്ത്രിത അളവിൽ മാനസികാരോഗ്യത്തിനായുള്ള മരുന്നുകൾ കൈവശം വയ്ക്കാം.
വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കഞ്ചാവിന്റെ അളവിന് പരിധി നിശ്ചയിക്കും.
കുറ്റകൃത്യം ആവർത്തിച്ചു ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭ്യമാക്കാൻ നിയമത്തിന്റെ 32 ബി വകുപ്പ് ഭേദഗതി ചെയ്യും.
കഞ്ചാവ് കൃഷി ഉൾപ്പെടെ ലഹരി ഉത്പാദനം തടയുന്നതിന് രാജ്യവ്യാപകമായി കർശന നടപടികൾ.
“ഇര’വാദം വിനയാകുമോ?

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തടവുശിക്ഷ കൊണ്ടും പിഴയൊടുക്കിയതുകൊണ്ടും നന്നാക്കാനാകില്ലെന്നാണ് സാമൂഹികനീതി മന്ത്രാലയം മുന്നോട്ടുവച്ച നിർദേശം. മയക്കുമരുന്നിന് അടിമകളായവരെ കുറ്റവാളികളായി കണക്കാക്കരുത്. അവരെ ഇരകളായി കണ്ട് ലഹരിമോചനത്തിനുള്ള ചികിത്സ നൽകി പുനരധിവസിപ്പിക്കുകയാണു വേണ്ടതെന്നും മന്ത്രാലയം വാദിക്കുന്നു. ഇതിനോട് ആഭ്യന്തരമന്ത്രാലയം ഉൾപ്പടെയുള്ള വകുപ്പുകൾ യോജിപ്പ് പ്രകടിപ്പിക്കുകയും യോഗത്തിൽ നിയമഭേദഗതിക്കു ധാരണയാകുകയും ചെയ്തു. എന്നാൽ, നിയമഭേദഗതിയിലൂടെ ഉണ്ടാകുന്ന ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും കുട്ടികൾക്കിടയിലും മറ്റും കണ്ടുവരുന്ന ലഹരി ഉപയോഗം വർധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.




