ഇ.സി.ജി സുദർശൻ മലയാളിയുടെസ്പെക്ട്രോ സ്കോപ്പിൽ

Share News

ലോകത്തെ എക്കാലത്തേയും പ്രശസ്തരായ ഭൗതിക ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന മലയാളി ഇ.സി.ജി സുദർശന്റെ ജീവിതം മലയാളിയായ മറ്റൊരു ഭൗതികശാസ്ത്രകാരൻ ഡോ. പി.ജെ കുര്യൻ തന്റെ സ്പക്ട്രോസ്കോപ്പിലുടെ നോക്കിക്കാണുന്നു. അതാണ്, ”ഇ.സി.ജി സുദർശൻ: പ്രകാശത്തേക്കാൾ വേഗത്തിൽ” എന്ന ജീവചരിത്രഗ്രന്ഥം.

ഗ്രന്ഥകര്‍ത്താവ് പാഠ്യവിഷയത്തിൽനിന്ന് കൃത്യമായ അകലം സൂക്ഷിച്ചുകൊണ്ട് മഹാഭാരത്തിലെ സഞ്ജയനെപ്പോലെ നിർമ്മമമായ നരേഷൻ നിര്‍വഹിക്കുന്നു. ചരിത്ര പരമായ ഒരു ജീവിതരേഖയാണ് ഇത് ഒരു തലത്തിൽ. മറ്റൊരു തലത്തിൽ അത് സുദർശൻ എന്ന മഹാശാസ്ത്രകാരനിലേക്ക് ഒരു ദിശാസൂചിയും ( reference) ആണ്.

മാസികവലിപ്പത്തിലുള്ള എൺപത്തിനാലു പേജിൽ, അമ്പതു വർഷത്തിനു മുകളിലുളള അദ്ദേഹത്തിന്റെ സപര്യ സമഗ്രമായി അവതരിപ്പിച്ചു. സുദർശൻ അർഹിക്കുന്ന ആദരത്തോടു നീതി പുലർത്തുംവിധം വർണാഭമായ ചിത്രങ്ങളോടെ സവിശേഷമായ രൂപകല്പനയിലാണു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് (വില 290 രൂപ).

സത്യത്തിൽ സുദർശൻ ഭൗതികശാസ്ത്രത്തിന്‍റെ നിരവധി മേഖലകളെ പല കാലഘട്ടങ്ങളിൽ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞനാണ്.എന്നാൽ ഐൻസ്റ്റൈന് വെല്ലുവിളി ഉയർത്തിയതും പ്രകാശത്തേക്കാൾ വേഗതയേറിയ കണങ്ങൾ( Tachyons) എന്നു പ്രവചിച്ചതുമാണ് നാം ഓർക്കുന്നത്. മറ്റു നിരവധി പ്രതിഭാസങ്ങളെയും അദ്ദേഹം പഠനവിധേയമാക്കിയിട്ടുണ്ട്.

Nature of weak interactions, Parity nonconservation , Involvement with symmetry (with Dirac I.A),Dynamics of open systems Spin-Statistics, Quantum Optics CPT symmetrical തുടങ്ങി പലതും. ഗ്രന്ഥകാരൻ ഇവയെയെല്ലാം സാധാരണ വായനക്കാർക്കു സ്വാംശീകരിക്കുവാൻ കഴിയുംവിധം സ്പർശിച്ചു കടന്നുപോകുന്നു.


സുദര്‍ശന്റെ ജീവിതരേഖ അദ്ദേഹത്തിന്റെ കുടുബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ശിഷ്യരിൽനിന്നും നേരിട്ട് സ്വീകരിച്ചിരിക്കുന്നു. തന്മൂലം ഇനി ഏതു ഭാഷയിൽ സുദർശന്റെ ജീവചരിത്രം ഉണ്ടായാലും ഡോ. കുര്യന്റെ പുസ്തകത്തിലെ വസ്തുതകൾ അടിസ്ഥാനവിവരം ആയി നിൽക്കും.

പുസ്തകത്തിലെ പ്രധാന ഉള്ളടക്കം പോലെതന്നെ പ്രാധാന്യം ഇതിലെ അനുബന്ധങ്ങൾക്കുമുണ്ട്. ഒന്നാമത്തെ അനുബന്ധം ഡോ. സുദർശന്റെ ശിഷ്യനായ ഡോ അനിൽ ഷാജിയുടേതാണ്.

ഹൃദ്യമായൊരനുഭവം എന്നുതന്നെ പുസ്തകത്തെക്കുറിച്ച് പറയണം. സ്വദേശത്ത് വേണ്ടവിധം അറിയപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാതെപോയ ഈ മഹാനായ ഭൗതികശാസ്ത്രജ്ഞന്റെ സംഭാവനകളും ജീവിതവും വൈജ്ഞാനികസപര്യയും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. എടുത്തുപറയാനുള്ള വസ്തുത ഈ ഗ്രന്ഥത്തിന്റെ പാരായണക്ഷമതയാണ്. ഗ്രന്ഥകാരൻ എല്ലാ അർത്ഥത്തിലും പ്രശംസ അർഹിക്കുന്നു .

അഡ്വ. പി.എൻ. ശ്രീകുമാർ

-അഡ്വ. പി.എൻ. ശ്രീകുമാർ ഐ.ആർ.എസ് (റിട്ട.)

ആശംസകൾ

nammude-naadu-logo
Share News