
നാളുകൾ കഴിഞ്ഞിട്ടും ഇന്നും ആ മനുഷ്യന്റെ ജീവിതവും അതിജീവനവും മനസ്സിൽ ഒരു നേർത്ത വിഷാദമായി ബാക്കി നിൽക്കുന്നു.
നിസ്സഹായതക്ക് മുന്നിൽ.
.നാലു മാസങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും വീട്ടിൽ എത്തിച്ചേർന്ന ഞാൻ ക്വാറന്റൈനു ശേഷം ഒരു ദിവസം പുറത്തേക്ക് ഇറങ്ങി. എ. ടി എമ്മിൽ നിന്നും കുറച്ചു കാശ് എടുക്കണം.

അപ്പോഴാണ് തീർത്തും യാദൃശ്ചികമായി പരിചിതമായ ഒരു മുഖം ശ്രദ്ധയിൽ പെടുന്നത്. വാർദ്ധക്യത്തിന്റെ വെള്ളിരേഖകൾ വീണ ആ മുഖം ഒരുപാട് കാലങ്ങളായി എനിക്ക് പരിചിതമാണ്. ഞങ്ങളുടെ നാട്ടിലെ ഉത്സവപറമ്പുകളിൽ എത്രയോ കാലങ്ങളായി ഞാൻ ആ മുഖം കാണുന്നു. കുട്ടികൾക്കുള്ള മിഠായികളും കളിപ്പാട്ടങ്ങളുമായി എപ്പോഴും ഉത്സവങ്ങളിൽ എത്തി ചേരുന്നയാൾ. “സുഖമല്ലേ? “വളരെ കാലം കൂടി കണ്ട ആകാംക്ഷയിൽ ഞാൻ തിരക്കി. “ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഇപ്പോൾ ഒരുപാട് ബുദ്ധിമുട്ടുന്നു “. അദ്ദേഹം തെല്ലു വിഷമം കലർന്ന ശബ്ദത്തിൽ പറഞ്ഞു.
കൊറോണ വന്നതോടെ ഉത്സവങ്ങൾ ഇല്ലാതായില്ലേ. കളിപ്പാട്ടങ്ങളും മിഠായിയും വിൽക്കാൻ പറ്റാതെയും ആയി. ഇപ്പോൾ ഞാൻ പുഴയിൽ മീൻ പിടിക്കാൻ പോവും.അതിനു വേണ്ടി ഇറങ്ങിയതാണ്. മീൻ വിറ്റു കിട്ടുന്ന പൈസയ്ക്ക് വേണം വീട്ടിലെ ചിലവുകൾ തള്ളിനീക്കാൻ. കളിപ്പാട്ടങ്ങൾക്ക് പകരം ഇപ്പോൾ ഇതാണ് തുണ.
അദ്ദേഹം കയ്യിലെ ചൂണ്ട കാണിച്ചു കൊണ്ട് പറഞ്ഞു. എന്നോട് യാത്ര പറഞ്ഞു കൊണ്ട് ആ മനുഷ്യൻ അവിടെ നിന്നും നടന്നകന്നു. മഹാമാരിയുടെ കാലം ഇങ്ങനെ പലരുടെയും ജീവിതത്തെ പിടിച്ചുലച്ചിരിക്കുന്നു. നാളുകൾ കഴിഞ്ഞിട്ടും ഇന്നും ആ മനുഷ്യന്റെ ജീവിതവും അതിജീവനവും മനസ്സിൽ ഒരു നേർത്ത വിഷാദമായി ബാക്കി നിൽക്കുന്നു.

WriterI am Parvathy P Chandran a writer from Idukki Kolapra Thodupuzha. My Profession is Teaching as Assistant Professor Central University Kasargodu Kerala.