വിദ്വേഷപ്രസംഗം: പി സി ജോര്‍ജ് റിമാന്‍ഡില്‍

Share News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ചേംബറിലാണ് പി സി ജോര്‍ജിനെ രാവിലെ ഹാജരാക്കിയത്.

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷക അറിയിച്ചു. പി സി ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലില്‍ അടയ്ക്കുമെന്നാണ് വിവരം.

രാവിലെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോള്‍, പൊലീസ് തന്നെ ജയിലില്‍ അടയ്ക്കാനുള്ള ധൃതി കാണിക്കുകയാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. പൊലീസ് മര്‍ദ്ദിക്കുമെന്ന് ഭയമുണ്ടോയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തോട്, തനിക്ക് ഒന്നിനെയും ഭയമില്ലെന്നായിരുന്നു മറുപടി. റിമാന്‍ഡ് ചെയ്തശേഷം പി സി ജോര്‍ജിനെ വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ജയിലില്‍ കൊണ്ടുപോകുന്നതിന് മുമ്പുള്ള സാധാരണ വൈദ്യപരിശോധനയ്ക്കാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. പൊലീസ് വാഹനത്തിൽ വെച്ച് പി സി ജോർജിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കി. കോവിഡ് ടെസ്റ്റ് ഫലം നെ​ഗറ്റീവാണ്. നേരത്തെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പും ജോര്‍ജിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

എന്തിനാണ് എന്നെ ഇങ്ങനെ ദേഹണ്ഡിച്ചു കൊണ്ട് നടക്കുന്നതെന്ന് പൊലീസിനോടും ഭരണകര്‍ത്താക്കളോടും ചോദിക്ക് എന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. കോടതി അനുവാദം തരാത്തതിനാല്‍ വേറൊന്നും പറയാന്‍ ഇപ്പോഴില്ല. ജാമ്യം ലഭിച്ചശേഷം എല്ലാം പറയാമെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘പിസി ജോർജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗം: റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനാണ്. പി സി ജോര്‍ജിന്റെ ശബ്ദ സാംപിള്‍ പരിശോധിക്കണമെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനന്തപുരി ഹിന്ദു മഹാമസമ്മേളനത്തിലെ പ്രസംഗത്തിലാണ് പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നും വിദ്വേഷ പ്രസ്താവനയുണ്ടായത്. പിന്നീട് കൊച്ചി വെണ്ണലയിലും ഇത്തരത്തില്‍ വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. പി സി ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ജാമ്യ വ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചതും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെണ്ണല വിദ്വേഷപ്രസംഗ കേസില്‍ പാലാരിവട്ടം പൊലീസിന് മുന്നില്‍ ഹാജരായ പി സി ജോര്‍ജിനെ ഇന്നലെ വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിന് കൈമാറിയ പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്.

Share News