സ്വന്തം കാറിനോട് സംസാരിക്കുന്ന കൂട്ടുകാരനും, സ്വന്തം ടൂവീലറിനോട് സംസാരിക്കുകയും ഗോസിപ്പ് പറയുകയും ചെയ്യുന്ന കൂട്ടുകാരിയും എനിക്കുണ്ട്.

Share News

ഞാൻ മോട്ടോർസൈക്കിൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുമ്പ് എന്റെ വീട്ടിൽ അച്ഛന്റെ കൈനറ്റിക് ഹോണ്ടയുണ്ടായിരുന്നു. അത് ഓടിക്കാൻ എളുപ്പമായിരുന്നതുകൊണ്ട് ഗിയർ ഉള്ള വണ്ടി ഓടിക്കേണ്ട ബുദ്ധിമുട്ട് വന്നിരുന്നില്ല.

എന്നാൽ ഞാൻ ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ, എന്റെ ചേട്ടന്റെ ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ വീട്ടിൽ കൊണ്ടുവന്നു. പക്ഷേ ഗിയർ ഉള്ള വണ്ടി ഓടിക്കാൻ, ലൈസൻസ് ഉണ്ടായിരുന്നിട്ടു കൂടി, എനിക്ക് ഭയമായിരുന്നു.

എന്നാൽ ഒരു ദിവസം, ഞാനാ വണ്ടി രണ്ടും കൽപ്പിച്ച് ഓടിച്ച് എന്റെ പുന്നപ്രയിലെ ആന്റിയുടെ വീട്ടിൽ പോയി. ഇടയ്ക്ക് വച്ച് വണ്ടി രണ്ടു തവണ നിന്നു പോയിട്ടും, ഞാൻ എങ്ങനെയോ അത് വീണ്ടും സ്റ്റാർട്ട് ആക്കി ഓടിച്ചു പോയി.

സത്യം പറഞ്ഞാൽ അന്ന് എനിക്ക് രണ്ടു കാര്യങ്ങൾ മനസ്സിലായി…

ഒന്ന്, എല്ലാ കാര്യങ്ങളും പൂർണ്ണമായി പഠിച്ചിട്ട് ചെയ്യാൻ നിന്നാൽ നമ്മൾ ഒരിക്കലും ഒന്നും ചെയ്യില്ല. ബേസിക് ആയിട്ടുള്ള കാര്യങ്ങൾ പഠിക്കുക, പിന്നീട് ധൈര്യപൂർവ്വം ചെയ്യുക. ചില മണ്ടത്തരങ്ങൾ പറ്റിയേക്കാം. പക്ഷേ അങ്ങനെ മാത്രമേ പുതിയ ഒരു കാര്യം പഠിക്കാൻ വഴിയുള്ളൂ.

രണ്ട്, പല കാര്യങ്ങളിലും നമുക്ക് പേടി ഉണ്ടാവും. പക്ഷേ പേടിച്ചിരുന്നാൽ, നമ്മൾ കരയിൽ ഇരിക്കുകയുള്ളൂ. പലപ്പോഴും നമ്മൾ പുറത്തു നിന്ന് കാണുന്ന പോലെ ബുദ്ധിമുട്ടുണ്ടാവില്ല നമ്മൾ ചെയ്തു നോക്കുമ്പോൾ. അത് ചെയ്തു കഴിയുമ്പോൾ നമുക്ക് വലിയ സാറ്റിസ്ഫാക്ഷൻ ഉണ്ടാകും.

എന്റെ പഴയ ഒരു പരിചയക്കാരൻ, ഭാര്യയ്ക്ക് അവന്റെ മുകളിൽ ഒരു ഡിപെൻഡൻസി വരാൻ വേണ്ടി, ഭാര്യയെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമായിരുന്നു. അങ്ങനെ വരുമ്പോൾ അവന്റെ ഭാര്യയ്ക്ക് എവിടെ പോകാനും അവന്റെ ഒരു ആവശ്യം വരുമല്ലോ. പക്ഷേ മിടുക്കിയായ ആ സ്ത്രീ പോയി ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് കാറിന്റെയും മോട്ടോർസൈക്കിളിന്റെയും ലൈസൻസ് എടുത്തു. “സ്വാതന്ത്ര്യം അനുവദിക്കാത്തപ്പോൾ സ്വാതന്ത്ര്യം പിടിച്ചു വാങ്ങണമെല്ലോ! “

സ്വന്തമായി ഒരു വണ്ടി ഓടിക്കാൻ കഴിവുണ്ടാകുക, വളരെ നിസ്സാരമായി തോന്നുമെങ്കിലും നമ്മുടെ ജീവിതം മാറ്റി മറിക്കും. ഒരുപാട് സമയം ലാഭിക്കാൻ സാധിക്കും, ഒരുപാട് സ്വാതന്ത്ര്യം അനുഭവിക്കാനും സാധിക്കും. ടൂവീലർ ഓടിക്കുക ഈ കാലത്ത് വലിയ കാര്യമല്ലെങ്കിലും, സാമ്പത്തികം അനുവദിക്കുമെങ്കിൽ ഫോർവീലറും ഓടിക്കണം.

ഇഷ്ടപ്പെടുന്ന ആഗ്രഹിക്കുന്ന സ്ഥലത്ത്, മറ്റാരുടെയും സഹായമില്ലാതെ പോകാൻ കഴിയുന്നതാണ് നിങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിന്റെ ലിറ്റ്മസ് ടെസ്റ്റ്”

മറ്റൊരു രസകരമായ കാര്യം, നമ്മൾ ഓടിക്കുന്ന വാഹനം നമ്മുടെ കൂട്ടുകാരനോ കൂട്ടുകാരിയോ ആയി മാറും. കുറച്ചു നാളുകൾ കഴിയുമ്പോൾ നമ്മൾ ഇമോഷനലി അറ്റാച്ച്ഡ് ആകും. നമ്മുടെ ബുദ്ധിമുട്ടിലും നമ്മുടെ സങ്കടത്തിലും സന്തോഷത്തിലും എല്ലാം നമ്മുടെ കൂടെ നിന്ന ഒരു കൂട്ടുകാരനെ പോലെ…

സ്വന്തം കാറിനോട് സംസാരിക്കുന്ന കൂട്ടുകാരനും, സ്വന്തം ടൂവീലറിനോട് സംസാരിക്കുകയും ഗോസിപ്പ് പറയുകയും ചെയ്യുന്ന കൂട്ടുകാരിയും എനിക്കുണ്ട്. 🌻

സത്യം പറഞ്ഞാൽ, എന്റെ മോട്ടോർസൈക്കിളിനും എനിക്കും മാത്രമറിയാവുന്ന രഹസ്യങ്ങൾ ഉണ്ട്. അത് എന്നും ഞങ്ങളുടെ രണ്ടുപേരുടെയും ഉള്ളിൽ തന്നെ ഇരിക്കും… ❤️

നിങ്ങൾ ഇത് വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ പലവിധ ചിന്തകൾ ഉണ്ടായേക്കാം. നിങ്ങളുടെ ആദ്യത്തെ ടൂവീലർ, കല്യാണത്തിനു ശേഷം നിങ്ങളുടെ പാർട്ണർ ഒത്തുള്ള നിങ്ങളുടെ യാത്രകൾ, രോഗം വന്ന മക്കളും വയ്യാത്ത മാതാപിതാക്കളുമായി ആശുപത്രിയിലേക്ക് വണ്ടിയിൽ ഓടിയത്, നിങ്ങളുടെ ഹൃദയത്തിൽ മാത്രം സൂക്ഷിക്കുന്ന യാത്രയിലെ ഓർമ്മകൾ,….

നമ്മൾ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ പരിഭവം ഇല്ലാത്ത കണ്ണുകളോടു കൂടി വീട്ടിലെ ഷെഡിന്റെ മൂലയിൽ ഇരുന്ന് നമ്മളെ നോക്കാത്ത നമ്മുടെ വാഹനങ്ങൾ…

പലപ്പോഴും നമ്മൾ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. പലരുടെയും ജീവിതത്തിൽ ഏറ്റവും ധൈര്യപൂർവ്വം എടുത്ത തീരുമാനങ്ങൾക്ക് പിന്നിൽ ഒരു വാഹനം ഉണ്ട്…

നിങ്ങളുടെ വാഹനത്തിനെപ്പറ്റി നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? അതോ പലവിധ കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് അത് സാധ്യമായില്ലേ?

ഡെന്നിസ് അറക്കൽ

Share News