പ്രധാനപ്പെട്ട ലോക സംഭവങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങൾ പരതി നോക്കുന്ന സ്വഭാവം എനിക്കുണ്ട്.

Share News

ഫെഡറിക്ക് മക്കാർത്തി ഫോസ്സായിത് പ്രഗത്ഭനായ ജേര്ണലിസ്റ്റും മികച്ചൊരു നോവലിസ്റ്റുമാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നു എന്നറിഞ്ഞാണ് ഞാൻ ആ പുസ്തകം വാങ്ങിയത്. ദി അഫ്ഘാൻ എന്നാണ് ആ പുസ്തകത്തിന്റെ പേര്. 2006 ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം വായനയുടെ ആനന്ദകരമായ ഒരു അനുഭവമാണ് നൽകുന്നത്. ചരിത്രവും കാല്പനികതയും ഇഴചേർന്നു നീങ്ങുന്ന ഇതിഹാസം പോലൊരു പുസ്തകം.

ലോകത്തുള്ള മാധ്യമ റിപ്പോർട്ടുകളും ഇന്റലിജൻസ് രേഖകളും ഒക്കെ പരിശോധിച്ച ഒരാൾ ആ സ്ഥലങ്ങളൊക്കെ സന്ദർശിച്ചു അവിടുള്ള ആളുകളുമായി ഇടപഴകി വ്യത്യസ്ത രാജ്യങ്ങളിലായി നടക്കുന്ന സംഭവങ്ങൾ ഇടകലർന്ന ഒരു കഥ വിവരിച്ചാൽ എങ്ങനിരിക്കും. അതുപോലെയാണ് ഫൊസ്സായിത്തിന്റെ ദി അഫ്ഘാൻ. തീവ്രവാദികളുടെ മാനസിക വ്യാപാരങ്ങൾ മാത്രമല്ല ഗ്രാമീണരായ അഫ്ഘാൻകാരുടെ നിഷ്കളങ്കതയും, നന്മയും നാഗരികരായവരുടെ തുറന്ന മനോഭാവവും മിഡിൽ ഈസ്റ്റിലെ രീതികളും യൂറോപ്പിലും അമേരിക്കയിലും ഉള്ള വ്യത്യസ്ത രീതിയിലുള്ള ഇസ്‌ലാം വിശ്വാസികളുടെ ജീവിതവും ഇവിടുള്ള സർക്കാർ സംവിധാനങ്ങളുടെ മനോഭാവവും എല്ലാം കൃത്യമായി വിവരിക്കുന്നു എന്നത് അതിശയകരമാണ്.

പ്രധാനപ്പെട്ട ലോക സംഭവങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങൾ പരതി നോക്കുന്ന സ്വഭാവം എനിക്കുണ്ട്. അതിനുവേണ്ടി ചില അന്താരാഷ്ട്ര മാധ്യമങ്ങൾക്കു വരി നൽകാൻ പോലും ഞാൻ തയ്യാറാകും. ഏക പക്ഷീയമായി വാർത്തകൾ മനസ്സിൽ പതിയാതിരിക്കാനാണ് ഞാൻ ഇത് ചെയ്യുന്നത്. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമുള്ള ജീവിതാനുഭങ്ങൾ, ലോകത്തിലെ വിവിധ വംശത്തിലും ഗോത്രത്തിലും പെട്ട നിഷ്കളങ്കരായ ഇസ്ലാം മതസ്ഥരുമായ ഇടപെടലുകൾ ഇങ്ങനെ എന്റെ വായനയുടെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിൽ പ്രധാനപ്പെട്ട ഒരൊറ്റ വിഷയം പോലും വിട്ടുകളയാതെ പ്രതിപാദിച്ചുകൊണ്ടു മനോഹരമായ ഒരു കഥ പറഞ്ഞു കളഞ്ഞു എന്നതാണ് ദി അഫ്‌ഗാനിലൂടെ ഫെഡറിക്ക് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തെക്കുറിച്ചുള്ള വിവരണം കേൾക്കാൻ ഓരോ നിമിഷവും എന്റെ ആഗ്രഹം വര്ധിച്ചുകൊണ്ടിരുന്നു.

അഞ്ചു ഇന്ത്യൻ തൊഴിലാളികളെക്കുറിച്ചാണ് ആദ്യം പറയുന്നത്. കാര്യക്ഷമതയും വിശ്വസ്തതയും ഉള്ളവരാണ് ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള ആ ക്രൈസ്തവരായ തൊഴിലാളികൾ എന്നായിരുന്നു ആ ഭാഗം. മര്യാദയോടെ പെരുമാറുന്ന രണ്ടു കപ്പൽ തൊഴിലാളികളെക്കുറിച്ചാണ് അടുത്ത വിവരം. പക്ഷെ അവർക്കു തീവ്ര മത സംഘടനകളുമായി ബന്ധമുണ്ട്. തൊട്ടടുത്ത പേജിൽ കേരളത്തെക്കുറിച്ചു കുറച്ചുകൂടെ വിവരിക്കുകകയാണ് ഇംഗ്ലണ്ടിലെ ആദരണീയനായ ഈ ജേര്ണലിസ്റ്. വാക്കുകൾ ഇങ്ങനെയാണ്.

“ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളായിരുന്നു എന്നായിരുന്നു ക്യാപ്റ്റൻ മൊണ്ടൽ ബാനുണ്ടായിരുന്ന അവ്യക്ത ധാരണ. അവിടെ നൂറ്റമ്പതു ദശലക്ഷത്തോളം മുസ്ലീങ്ങൾ ഉണ്ടെന്ന കാര്യം അദ്ദേഹത്തിന് ഒരു ധാരണയും ഇല്ലായിരുന്നു. ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ മതമൗലീകത പടർന്നു പന്തലിക്കുന്നതിനു (radicalisation ) പാകിസ്താനിലേതിന് സമാനമായ തീവ്രതയുണ്ടെന്നത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരിക്കൽ കമ്മ്യൂണിസത്തിന്റെ വിളനിലമായിരുന്ന കേരളമാകട്ടെ ഇന്ന് പ്രത്യേകവിധത്തിൽ തീവ്ര ഇസ്ലാമികതയോടു തുറവിയുള്ള പ്രദേശമായി മാറിയിരിക്കുന്നു”

ഈ പുസ്തകം പ്രസിദ്ധീകരിച്ചത് 2006 ലാണ് എന്നതിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ ഗവേഷണ ബുദ്ധി എത്ര മികവുള്ളതു എന്ന് നമുക്ക് അത്ഭുതത്തോടെ തിരിച്ചറിയാൻ പറ്റും. അതിനുശേഷം കേരളത്തിൽ ഉണ്ടായ സംഭവങ്ങളും ഓർത്തുമ്പോൾ നമ്മൾ ഒരു അപകട സന്ധി കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കേണ്ടി വരും. എം എം അക്ബറിനെ പൊതുമധ്യത്തിലേക്കു കൊണ്ടുവന്ന അഭിലാഷിന്റെ ഇന്റർവ്യൂ, ഇന്ത്യൻ പെൺകുട്ടികൾ അഫ്ഗാനിൽ ജയിലായതു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ പോലീസ് രഹസ്യമായി മദ്രസകൾ കേന്ദ്രീകരിച്ചു നടത്തിയ ഡി റാഡിക്കലൈസേഷൻ എന്നപ്രതി പ്രവർത്തനം, കേന്ദ്രസർക്കാരിന്റെ സമയോചിതമായ ഇടപെടലുകൾ, ഇതര മത നേതാക്കന്മാരുടെ ഇടപെടലുകൾ, ഇല്ല എന്ന് വാദങ്ങൾ ഉയരുമ്പോൾ ഉണ്ട് എന്ന് തോന്നുന്ന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടി വന്നതിനാൽ പ്രവർത്തനം നിർത്തേണ്ടി വന്ന സാഹചര്യങ്ങൾ, ഡി ജി പി വെളിപ്പെടുത്തിയ പോലീസിന്റെ സ്ലീപ്പിങ് സെല്ലുകൾ നിരായുധമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഇങ്ങനെ നാനാ ഭാഗത്തുനിന്നും അനേകർ ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി നമ്മൾ ഒരു വൻ പ്രതിസന്ധി തരണം ചെയ്തു.

എങ്കിലും ജാഗ്രതയോടെ വർത്തിച്ചില്ലെങ്കിൽ പുതു നാമ്പുകൾ ഉടലെടുക്കും എന്ന് കരുതണം. അതിനാലാണ് ബോധവത്കരണം സജീവമായി സമൂഹത്തിൽ നിർത്തണം എന്ന് പറയുന്നതും. തീവ്ര വാദത്തെയാണ് ചെറുക്കേണ്ടത് മതത്തെയല്ല എന്നും തീവ്രവാദത്തെ എതിർത്താൽ അത് മതത്തെയാണെന്നു പറയരുത് എന്നതും മനുഷ്യ മനസുകളിൽ രൂഢമൂലമാകണം. സാധ്യതകളെക്കുറിച്ചും മാര്ഗങ്ങളെക്കുറിച്ചും യുവജനങ്ങൾ അറിവില്ലാതെ പോകുന്നതാണ് അവർ മത മൗലീക വാദത്തിന്റെ ഇരകളാകാൻ കാരണം. അതിനാൽ ബോധവത്കരണത്തെ തടയാനുള്ള ശ്രമത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അവയ്ക്കു മത മൗലീക കേന്ദ്രങ്ങളുമായി ബന്ധം കാണും.

ജോസഫ് ദാസൻ

Share News