ഈ പുസ്തകം കേരളത്തിൽ ഇപ്പോൾ തന്നെ റെക്കോർഡുകൾ തകർത്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ പുസ്തകം ലക്ഷങ്ങൾ വായിക്കട്ടെ, ദശലക്ഷങ്ങൾ അതിലെ നിർദ്ദേശങ്ങൾ പാലിക്കട്ടെ|മുരളി തുമ്മാരുകുടി

Share News

വജ്രം വജ്രായുധത്തെ പരിചയപ്പെടുത്തുമ്പോൾ…

സ്വതന്ത്ര ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങളിൽ ഏറ്റവും പുരോഗമനപരമായ ഒന്നാണ് “India Right to Information Act 2005”. ഇന്നും ലോകത്തെ മറ്റു രാജ്യങ്ങളിലെ RTI ആയി താരതമ്യം ചെയ്യുമ്പോൾ മുന്നിൽ നിൽക്കുന്ന ഒന്ന്. ജനാധിപത്യം ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ഉളള ഭരണമാണ് എന്നൊക്കെ ആലങ്കാരികമായി പറയുമ്പോഴും സർക്കാരിന്റെ പ്രവർത്തനങ്ങൾ സാധാരണക്കാരിൽ നിന്നും രഹസ്യത്തിന്റെ മതിൽ കെട്ടി തിരിച്ചിരുന്ന ഒരു കാലത്താണ് അത് എല്ലാവർക്കുമായി തുറന്നു കൊടുക്കുന്ന നിയമം വരുന്നത്. ഇന്നും അത് വായിച്ചു നോക്കുമ്പോൾ അത് പാസാക്കിയ മന്ത്രിസഭയെപ്പറ്റി, പാർലിമെന്റിനെപ്പറ്റി ഒക്കെ അഭിമാനവും അല്പം അതിശയവും ആണ്.

ഒരു പക്ഷെ സർക്കാരിന്റെ ഉൾവശം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമ്പോൾ അതിന്റെ സാധ്യതകളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും വേണ്ടത്ര ആലോചിച്ചിട്ടുണ്ടാവില്ല, അതിനാലാണ് പിൽക്കാലത്ത് ആ നിയമത്തിന് മൂക്ക് കയറിടാനുള്ള ശ്രമങ്ങൾ ഉണ്ടായതും ഉണ്ടാകുന്നതും.

ഈ നിയമം വന്നിട്ടിപ്പോൾ ഇരുപത് വർഷമായി. ഏറെ ഗുണകരമായ മാറ്റങ്ങൾ ഇതുകൊണ്ട് ഉണ്ടായി എന്നാലും ആ നിയമത്തിന്റെ സാധ്യതകളുടെ ഒരു ശതമാനം പോലും ഇപ്പോഴും നമ്മൾ ഉപയോഗിക്കുന്നില്ല. ഈ അറിവിൽ നിന്നാണ് ബ്രോയുടെ പുതിയ പുസ്തകം തുടങ്ങുന്നത്.

ഈ പുസ്തകം എഴുതാൻ പ്രശാന്തിനോളം അർഹനായ ഒരാൾ ഇല്ല എന്ന് നിസ്സംശയം പറയാം. പ്രതിപക്ഷത്തിരിക്കുമ്പോൾ അല്ലെങ്കിൽ സർക്കാരിൽ നിന്നും റിട്ടയർ ചെയ്തു പുറത്തെത്തിക്കഴിഞ്ഞാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനെപ്പറ്റി അഭിപ്രായം പറയുന്ന അനവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്തുകൊണ്ടാണ് ഈ സുതാര്യത കൊണ്ടുവരാതിരുന്നതെന്ന് അവർ പറയാറില്ല, ഔചിത്യം കൊണ്ട് ആരും ചോദിക്കാറുമില്ല. ഒന്നുകിൽ ഭീരുത്വം, അല്ലെങ്കിൽ ഹിപ്പോക്രസി, അല്ലെങ്കിൽ അധികാരം നൽകുന്ന സൗകര്യങ്ങൾ ആസ്വദിക്കാനുള്ള ആഗ്രഹം ഇതൊക്കെയാകാം കാരണം.

പക്ഷെ കളക്ടർ ആയിരുന്ന സമയത്ത് പ്രശാന്ത് നടത്തിയ ഇടപെടലുകളിലൂടെ എങ്ങനെയാണ് ദന്തഗോപുരങ്ങളിൽ മാത്രം വസിച്ചിരുന്ന ഒരു അധികാരി സ്‌കൂൾ കുട്ടികൾക്ക് പോലും പ്രാപ്യനായ, പാവങ്ങളുടെ വിശപ്പകറ്റുന്ന, മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ആശ്വാസം നൽകുന്ന തികച്ചും ജനകീയനായ ഒരു ഉദ്യോഗസ്ഥനായി മാറുന്നതെന്ന് നേരിട്ട് കാണിച്ചു തന്ന ആളാണ് പ്രശാന്ത്. അതുകൊണ്ട് തന്നെ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് ടോർച്ച് അടിക്കുന്ന സാദ്ധ്യതകൾ തുറന്നിടുന്ന നിയമത്തെപ്പറ്റി പ്രശാന്ത് എഴുതുമ്പോൾ അദ്ദേഹം പ്രാബല്യത്തിൽ ആക്കിയത് പറയുക മാത്രമാണ് (“talking the walk” ആണ്.

Right to Information ആക്ടിന് കേരളത്തിൽ വലിയ സാധ്യത ഉണ്ട്. ഉയർന്ന സാക്ഷരത, വ്യാപകമായ ജനാധിപത്യ ബോധം ഇതുരണ്ടും ഇപ്പോൾ തന്നെ നമുക്ക് ഉണ്ട്. ഇവ രണ്ടും യോജിപ്പിച്ച് RTI എന്ന വജ്രായുധം പ്രയോഗിച്ചാൽ പിന്നെ നമ്മുടെ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും സുതാര്യമാകും. അത് ജനാധിപത്യത്തെ കൂടുതൽ മഹത്തരമാക്കും.

ഈ പുസ്തകം കേരളത്തിൽ ഇപ്പോൾ തന്നെ റെക്കോർഡുകൾ തകർത്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ പുസ്തകം ലക്ഷങ്ങൾ വായിക്കട്ടെ, ദശലക്ഷങ്ങൾ അതിലെ നിർദ്ദേശങ്ങൾ പാലിക്കട്ടെ, സ്‌കൂളിലും കോളേജിലും പഠന വിഷയം ആകട്ടെ, ചർച്ച ചെയ്യപ്പെടട്ടെ.

നമ്മുടെ അധികാരികൾക്ക് കൂടുതൽ അക്കൗണ്ടബിലിറ്റി ഉണ്ടാകട്ടെ. നമ്മുടെ ജനാധിപത്യം കൂടുതൽ സമ്പുഷ്ടമാകട്ടെ.

പുസ്തക പ്രകാശനത്തിന് എല്ലാ ആശംസകളും

മുരളി തുമ്മാരുകുടി

Share News