ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”|ഇപ്പോൾ 40 വയസ്സിനു താഴെയുള്ള ഡോക്ടർമാരിൽ പലരും മരണപ്പെടുന്നത് പുതിയ രോഗാതുരതയായ സ്ട്രെസ് സിൻഡ്രോം കൊണ്ടാണ്.

Share News

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”, ഡോക്ടർമാരുടെ സേവനങ്ങളെ അംഗീകരിക്കുവാനും അവരെ അനുമോദിക്കാനും ഓർമ്മപ്പെടുത്തുന്ന ദിനം.

പൊതുജനം കരുതുന്നതുപോലെ ഡോക്ടർമാർ അത്ര ഭാഗ്യവാന്മാരല്ലെന്ന് ഓർക്കണം. കർക്കശപ്രകൃതക്കാരായ മാനേജ്മെന്റുകൾക്കും എന്തിനും വിമർശനം തൊഴിലായി വച്ചിരിക്കുന്ന പൊതുജനത്തിനും ഇടയിൽ നട്ടംതിരിയുന്ന ഡോക്ടർമാരുടെ പ്രശ്നങ്ങൾ ആരും കാണാറില്ല. പകലന്തിയോളം ചെയ്തുകൂട്ടുന്ന ജോലിയും ഒടുങ്ങാത്ത സ്‌ട്രെസും വിശ്രമമില്ലായ്മയും ഡോക്ടർമാരുടെ ആയുസ്സ് കുറച്ചുകളയുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 39 ശതമാനം ഡോക്ടർമാരും മരണപ്പെട്ടത് ഹൃദയസംബന്ധമായ രോഗങ്ങളാൽ. 25 ശതമാനം പേരുടെ മരണത്തിനു അർബുദം കാരണമായി. ഇന്ത്യയിലെ ഡോക്ടർമാരുടെ ആയുസ്സിൽ പത്തുവർഷത്തെ ഇടിവ് വന്നതായും പഠനം കണ്ടെത്തി. ഇപ്പോൾ 40 വയസ്സിനു താഴെയുള്ള ഡോക്ടർമാരിൽ പലരും മരണപ്പെടുന്നത് പുതിയ രോഗാതുരതയായ സ്ട്രെസ് സിൻഡ്രോം കൊണ്ടാണ്.

വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങൾ ആരോഗ്യമേഖലയിൽ കൈവരിക്കാൻ കഴിഞ്ഞ അമ്പതു വർഷംകൊണ്ട് നമ്മുടെ കൊച്ചു കേരളത്തിന് സാധിച്ചിട്ടുണ്ട്. പരിശോധന ചികിത്സാരംഗത്തുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ കടന്നുകയറ്റം , സ്വകാര്യ കോർപ്പറേറ്റു ആശുപത്രികളുടെ ശീഘ്രഗതിയിലുള്ള വളർച്ച , സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥയും പിന്നീടുണ്ടായ ആന്തരിക സ്വകാര്യവത്കരണവും , സമൂഹത്തിലെ ധാർമിക നൈതിക മൂല്യച്യുതി , ചികിത്സാതീരുമാനങ്ങളിൽ രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള അതിരുകടന്ന ഇടപെടൽ തുടങ്ങിയവ ആരോഗ്യമേഖലയിൽ ഒട്ടേറെ അസ്വാരസ്യങ്ങൾക്കു കാരണമായി.

എന്നാൽ രോഗിയുടെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞു അനുകമ്പയും ആർദ്രതയും നിറഞ്ഞ മനസ്സോടെ വൈദ്യവൃത്തി നടത്തുന്ന ഉത്തമനായ ഒരു ഡോക്ടർക്ക് ഇത്തരം സംഘർഷാവസ്‌തകളിൽ പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാൻ സാധിക്കും. ഇത്തരം ഡോക്ടർമാരെ കണ്ടെത്തുക പക്ഷെ, ഇന്നത്ര എളുപ്പമല്ലാതായിത്തീർന്നിട്ടുണ്ട്. മറ്റേതു തൊഴിലിനേക്കാളുമുപരിയായ അർപ്പണബോധവും കഠിനാധ്വാനവും വേണ്ടിവരുന്ന ഒന്നാണ് ചികിത്സാരംഗം. ഇവിടെ മറ്റെല്ലാ അതിർവരമ്പുകളും കടന്നു ഡോക്ടറും രോഗിയും ഒന്നായിത്തീരുന്നു. രോഗിയുടെ തേങ്ങലുകളും നെടുവീർപ്പുകളും ഉത്തമനായ ഒരു ഡോക്ടർ സ്വന്തം ഹൃദയത്തിലേക്ക് ആവഹിച്ചീടുക്കുന്നു.

രോഗം വന്നു അത്യാസന്ന നിലയിലാകുമ്പോഴാണ് മുഖംമൂടി നഷ്ടപ്പെട്ടു ഒരുവൻ പച്ചയായ മനുഷ്യനായിത്തീരുന്നത്. പദവിയോ സ്ഥാനമാനങ്ങളോ തീവ്രപരിചരണവിഭാഗത്തിൽ വേദനയനുഭവിച്ചു കിടക്കുന്ന രോഗിക്കില്ല. അവിടെ അയാൾ രോഗി മാത്രം. ഡോക്ടറുടെ നിർദ്ദേശ്ശങ്ങളെ സർവാത്മനാ സ്വീകരിക്കുക മാത്രമാണ് രോഗി ചെയ്യേണ്ടത്.മറിച്ചായാൽ ചികിത്സാപദ്ധതികൾക്കു പാളിച്ചകൾ സംഭവിക്കുന്നു. മെഡിക്കൽ കോളേജിൽ ആർജിച്ചെടുത്ത വിജ്ഞാനസമ്പത്തു മാത്രം ഉണ്ടായാൽ പോരാ ഭഷഗ്വരന്, കരുണാർദ്രമായ സൗന്ദര്യാത്മക വിദ്യാഭ്യാസം കൂടി വേണം. എങ്കിലേ വൈദ്യവൃത്തിയുടെ നിർവഹണം പൂർണമാകൂ.

ഇന്ന് ജനമനസ്സുകളിൽ വളർന്നുവരുന്ന ഏറ്റവും വലിയ ശാപം ചികിത്സയുടെ ഫലസിദ്ധിയെക്കുറിച്ചുള്ള അമിതമായ പ്രതീക്ഷയും ചികിത്സാനന്തര മരണങ്ങളെ അംഗീകരിക്കാൻ പറ്റാത്ത മനോഭാവവുമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഡോക്ടർമാർ ആത്മാർഥമായി ശ്രമിച്ചാൽ എന്ത് രോഗവും മാറ്റാമെന്നും മരണം പൂർണമായും ഒഴിവാക്കാമെന്നുമുള്ള തെറ്റായ ധാരണ ഇന്ന് സമൂഹത്തിൽ രൂഢമൂലമായിട്ടുണ്ട്. തത്‌ഫലമായി ചികിത്സാപ്പിഴവുമൂലം മാത്രമേ രോഗിയുടെ മരണം സംഭവിക്കൂ എന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരായി ആക്രമണങ്ങൾ അഴിച്ചുവിടുന്നു. രോഗത്തിന്റെ തീവ്രത അനുസരിച്ചു ചിലപ്പോൾ എത്ര സമഗ്രമായ ചികിത്സാപദ്ധതികൾ കൊണ്ടും രേഗത്തെ പിടിച്ചുകെട്ടാൻ സാധ്യമാകാതെ വരുന്ന അവസരങ്ങൾ ഉണ്ടാക്കാമെന്ന് രോഗിയുടെ ബന്ധുക്കൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നില്ല.

അർപ്പണമനോഭാവം കുറഞ്ഞ ഡോക്ടർമാർ ഇല്ലെന്നു പറയുന്നില്ല, ഇന്നത്തെ യാന്ത്രികയുഗത്തിൽ വൈദ്യവൃത്തിയും യാന്ത്രവത്കരിക്കപ്പെടുന്നു. മുൻപിലിരിക്കുന്ന രോഗിയെ സഹജീവിവിയായി കാണുവാൻ പറ്റാത്ത അവസരങ്ങൾ പല ഡോക്ടർമാർക്കുമുണ്ടാകുന്നു, ഇത് ആപത്കരമായ പ്രവണത തന്നെ.

ഡോക്ടർമാർക്ക് സ്വസ്ഥമായി വൈദ്യവൃത്തി നടത്താനുള്ള സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണം. ഡോക്ടർമാരും സഹജീവികളാണെന്നും അവർക്കും മാനുഷിക പരിമിതികൾ ഉണ്ടെന്നും മനസ്സിലാക്കണം. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഡോക്ടറിൽ വിശ്വാസം അർപ്പിക്കാൻ ശ്രമിക്കണം. അദ്ദേഹം നിർദ്ദേശിക്കുന്ന ചികിത്സാവിധികൾ പൂർണ്ണമനസ്സോടെ സ്വീകരിക്കണം; അത്രമാത്രം മതി രോഗം ഭേദമാകാൻ.

ഡോക്ടർമാരുടെ ദിനത്തെപ്പറ്റി നിങ്ങളെ ഓർമ്മപ്പെടുത്താൻ ഈ വരികൾ ഉപകരിക്കട്ടെ,

നിങ്ങൾക്ക് എപ്പോഴും നന്മ്മകൾ മാത്രം നേർന്നുകൊണ്ട്

സ്വന്തം ഡോ ജോർജ് തയ്യിൽ

Share News