മണിപ്പുര്‍ എഫ്‌ഐആര്‍ ബുക്ക് പ്രിന്റിംഗിനായി ഒരുങ്ങി.

Manipur FIR’ book is ready for printing. 👍

Book will be available online via Amazon.

മണിപ്പുര്‍ എഫ്‌ഐആര്‍ എന്ന എന്റെ ബുക്ക് പ്രിന്റിംഗിനായി ഒരുങ്ങി. പ്രസിദ്ധീകരണം വൈകില്ല. കാത്തിരിക്കുക.❤️

മണിപ്പുരിനെക്കുറിച്ചും മെയ്തെയ്കളെക്കുറിച്ചും കുക്കി സോ ഗോത്രത്തെക്കുറിച്ചും ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചും പട്ടികവര്‍ഗ സംവരണ വിഷയം, രാഷ്ട്രീയം എന്നിവ തുടങ്ങി മയക്കുമരുന്നു കച്ചവടം, അനധികൃത കുടിയേറ്റങ്ങള്‍, ഭൂമിയവകാശ പ്രശ്നങ്ങള്‍, സായുധ കലാപങ്ങള്‍, തീവ്ര, ഭീകര വാദ ഗ്രൂപ്പുകള്‍ തുടങ്ങിയവയും സനാമഹിസം, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതപരിവര്‍ത്തന ചരിത്രങ്ങള്‍ വരെ പലതിനെക്കുറിച്ചും ആഴ്ചകള്‍ നീണ്ട ഗ്രൃഹപാഠത്തിനു ശേഷമായിരുന്നു മണിപ്പുരിലേക്കുള്ള എന്റെ യാത്ര.

ദിവസങ്ങള്‍ നീണ്ട മണിപ്പുരിലെ പഠന, പര്യടനങ്ങള്‍ക്കു ശേഷം തിരിച്ചു ഡല്‍ഹിയില്‍ എത്തിയപ്പോഴും പ്രശ്‌നത്തിന്റെ ചുരുളുകള്‍ അഴിഞ്ഞിരുന്നില്ല. വീണ്ടും തുടര്‍ന്ന പഠന, ഗവേഷണങ്ങളും മണിപ്പുര്‍ കലാപത്തെക്കുറിച്ചു ദീപിക പത്രത്തിലെഴുതിയ ലേഖന പരമ്പരയും അതിനു ലഭിച്ച വലിയ പ്രോല്‍സാഹനവുമാണ് ഈ പുസ്തകത്തിന്റെ രചനയ്ക്കു പ്രേരകമായത്.

മണിപ്പുരിനു പുറത്തു മലയാളികള്‍ അടക്കം ഇന്ത്യയിലെ ഭൂരിപക്ഷം പേര്‍ക്കും മണിപ്പുരിലെ സ്ഥിതി അറിയില്ല. മണിപ്പുരിലെ സംഘര്‍ഷങ്ങളുടെ നേര്‍ചിത്രം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് നിരവധി സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതോടെ ശ്രമകരമെങ്കിലും ഇത്തരമൊരു ദൗത്യത്തിന് തയാറാവുകയായിരുന്നു. പുസ്തകത്തിന്റെ പ്രസാദകരായ അഴിമുഖം ബുക്‌സിന്റെ സ്ഥാപകനും പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും സുഹൃത്തുമായ ജോസി ജോസഫിന്റെയും പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെയും പ്രിയ സുഹൃത്തും പത്രപ്രവര്‍ത്തനകനുമായ ശ്രീജിത് ദിവാകരന്റെയും അഴിമുഖത്തിലെ ജോയല്‍ ജോര്‍ജിന്റെയും പ്രോല്‍സാഹനവും നിര്‍ബന്ധവും കൂടി ഇതിന്റെ പൂര്‍ത്തീകരണത്തില്‍ നിര്‍ണായകമായി.

മണിപ്പുര്‍ യാത്രയിലും പിന്നീടും വിവര ശേഖരണത്തിലും സഹായിച്ചവര്‍ക്കും പ്രോല്‍സാഹിപ്പിച്ചവര്‍ക്കും പ്രത്യേകം നന്ദി. സത്യം പുറത്തറിയുന്നതില്‍ വെപ്രാളപ്പെട്ട ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിലും നേരിട്ടും നടത്തിയ വെല്ലുവിളികളും വധഭീഷണികളും അടക്കമുള്ളവയ്ക്കും നന്ദി. കൂടുതല്‍ ജാഗ്രതയോടെ പുസ്തകമെഴുതാന്‍ ഇത്തരം ഭീഷണികള്‍ സഹായിച്ചു.

മണിപ്പുര്‍ കലാപത്തെക്കുറിച്ചും അതിലേക്കു നയിച്ച സംഭവ പരമ്പരകളിലേക്കും ഏതെങ്കിലുമൊരു പക്ഷം മാത്രം ചേരാതെ നേരറിവു നല്‍കാനാണു ശ്രദ്ധിച്ചത്. എല്ലാവരെയും തൃപ്തിപ്പെടുത്താനോ, കൈയടി വാങ്ങാനോ ശ്രമിക്കുന്നതിനു പകരം പരമാവധി വസ്തുതാപരമായും സത്യസന്ധമായും എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. പരസ്പര വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും അക്രമങ്ങളുടെയും അന്തരീക്ഷം വൈകാതെ മാറുമെന്നും സമാധാനവും പുരോഗതിയും മണിപ്പുരിനു കൈവരുമെന്നുമാണു പ്രതീക്ഷ.

സ്‌നേഹപൂര്‍വം

ജോര്‍ജ് കള്ളിവയൽ

George Kallivayalil