“അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ.|ഒരു രസത്തിനുപോലും ഒരിയ്ക്കലും മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്.|പുതുവത്സരം സുബോധമുള്ള മനുഷ്യരുടേതാകട്ടെ.”

Share News

മൂന്നു ദശാബ്ദങ്ങൾക്കുമുമ്പ് ഇതുപോലൊരു ഡിസംബർ 31-ന്റെ മദ്ധ്യരാത്രവും കഴിഞ്ഞുള്ള ഏതോ ഒരു യാമത്തിൽ അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ. അന്നു ഞാൻ കൂട്ടുകാരോടായി പറഞ്ഞു: കാലുറയ്ക്കാതെ പതറിപ്പോകുന്ന മദോന്മത്തമായ നമ്മുടെ ഈ ആഘോഷരാവുകളും അലസതയിലേക്കും ദുർഭാഷണങ്ങളിലേക്കും അശുദ്ധകൃത്യങ്ങളിലേക്കും കലഹങ്ങളിലേക്കും നയിക്കപ്പെടുന്ന പകലുകളും നമുക്കിനി വേണ്ടാ.. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. നാലുപേരും എന്റെ ആ വാക്കുകൾ ശരിവച്ചു.

തുടർന്ന് ഞാൻ പറഞ്ഞു: വെറുതേ പറഞ്ഞാൽ പോരാ, സത്യം ചെയ്യണം; ആടിയുലയുന്ന എന്റെ വലംകൈ ഞാൻ അവർക്കുനേരെ നീട്ടി മലർത്തിവച്ചു. സ്നേഹഭാജനങ്ങളായ എന്റെ ആ നാലു ചങ്ങാതിമാരും അവരുടെ വലംകൈകൾ എന്റെ കൈകൾക്കുമേൽവച്ചു, മിന്നിത്തിളങ്ങുന്ന നക്ഷത്രകൂട്ടത്തെ സാക്ഷികളാക്കി ഞാനുരുവിട്ട വാക്യങ്ങൾ ഏറ്റുചൊല്ലി, “മദ്യാസക്തി നിറഞ്ഞ ഞങ്ങളുടെ ജീവിതത്തെ ഇവിടംമുതൽ ഞങ്ങൾ പരിവർത്തനം ചെയ്യുകയാണ്; ഞങ്ങളൊന്നായി മദ്യത്തോടു വിടപറയുകയാണ്; ഇനി ഞങ്ങൾ മദ്യപിക്കില്ല.” ഈ പ്രതിജ്ഞ അവിടെയുള്ള മുഷിഞ്ഞ മതിലിലും താഴെനിന്നെടുത്ത ഒരു കല്ലുകൊണ്ട് കോറിയിട്ട് ഞങ്ങളെല്ലാവരും അതിൽ ഒപ്പിട്ടു വീടുകളിലേക്ക് പിരിഞ്ഞുപോയി. പിറ്റേന്ന് സുബോധത്തോടെ വന്ന് മതിലിൽ നോക്കിയപ്പോൾ മതിലിൽ ഞങ്ങളെഴുതിയതോ, ഒപ്പുകളോ ഒന്നും ഇല്ലായിരുന്നു. പക്ഷേ, മനസ്സിൽ ആ മുദ്രണം പതിഞ്ഞിരുന്നു.

ജീവിതവഴികളിൽ വീണ്ടും കാലിടറിപ്പോയ രണ്ടു കൂട്ടുകാർ പിന്നീട് ഈ മദ്യപാനം മൂലം ലിവർ സിറോസിസ് വന്ന് അകാലത്തിൽ മൃതിയടഞ്ഞു. ആ പ്രിയപ്പെട്ട ആ കൂട്ടുകാരുടെ ആത്മാക്കൾക്കായുള്ള പ്രാർത്ഥന എന്നുമുണ്ട്. ദൈവത്തിന്റെ കാരുണ്യംനിറഞ്ഞ സ്നേഹസംരക്ഷണത്താൽ അന്നത്തെ ആ പ്രതിഞ്ജ ലംഘിക്കാതെ ജീവിക്കുവാൻ ഇന്നും എനിക്ക് സാധിക്കുന്നുവെന്നതിന് ദൈവത്തിനു നന്ദി.

ഒരു രസത്തിനുപോലും ഒരിയ്ക്കലും മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്. തനിക്ക് തന്നെ നിയന്ത്രിക്കാനാകുമെന്ന എത്ര വലിയ ആത്മവിശ്വാസമുണ്ടായാലും ചില ജീവിതങ്ങൾ വഴിമാറിപ്പോകും എന്നതാണ് അനുഭവം. തിന്മയുടെ അരൂപിയുള്ള ആ വിഷചഷകത്തിൽനിന്നും ചുണ്ടുകൾ വലിച്ചെടുക്കാൻ കഴിയാത്തവിധം മാസ്മരികമാണ് അതിന്റെ ആസക്തി.

പുതുവത്സരം സുബോധമുള്ള മനുഷ്യരുടേതാകട്ടെ. “ലോകസമസ്താഃ സുഖിനോഭവന്തു.” “പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ!”

നവവത്സരാശംസകൾ 🎊💖🙏🥰

Shaji Joseph Arakkal

Share News