ദേശീയ അല്മായ നേതൃസമ്മേളനം നാളെ/ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു വിഷയാവതരണം നടത്തും.

Share News

കൊച്ചി: സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ അല്മായ നേതൃസമ്മേളനം വെബ് കോണ്‍ഫറന്‍സായി സെപ്തംബര്‍ 5ന് നടത്തുന്നു.

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെപ്തംബര്‍ 26ന് നടത്തുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന് മുന്നൊരുക്കമായിട്ടാണിത്.

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം, ദേശീയതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വിഷയാവതരണവും ചര്‍ച്ചകളും നടക്കും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. മാര്‍ റെമീജിയസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചും വിവിധ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും അല്മായ നേതാക്കള്‍ വിഷയാവതരണം നടത്തും.

അഭിവന്ദ്യ സഭാപിതാക്കന്മാരോടൊപ്പം സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷനുകളിലെ പ്രതിനിധികള്‍, വിവിധ സംഘടനാപ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കുവയ്ക്കലുകള്‍ നടത്തുമെന്ന് അല്മായഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ പറഞ്ഞു.

അഡ്വ.ജോസ് വിതയത്തില്‍

സമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. ക്രൈസ്തവ സഭാവിഭാഗങ്ങള്‍ കൂടുതല്‍ ഐക്യത്തോടും ഒരുമയോടും പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തില്‍ അല്മായ നേതൃസെമിനാര്‍ ഇതിന് ദിശാബോധം നല്‍കുമെന്നും അഡ്വ.ജോസ് വിതയത്തില്‍ സൂചിപ്പിച്ചു.

Share News