
നേർചിന്തയും നേർവാക്കും- അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി| ഡോ .സിറിയക് തോമസ് .
ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്.
നികക്കാത്ത വിടവ് .
മാത്യു ജോസഫ് മൂഴയിൽ (ഡുറോ ഫ്ലക്സ് ബേബി) : ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്.
നേർചിന്തയും നേർവാക്കും. അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി. നയതന്ത്രങ്ങൾ വളരെ കുറവായിരുന്നുവെന്നും പറയണം. മനസ്സിലൊന്നും സംസാരത്തിൽ മറ്റൊ ന്നുമെന്നത് എൻ്റെ പ്രിയ മിത്രത്തിന്എന്നും അന്യമായിരുന്നു താനും. ശുദ്ധരിൽ ശുദ്ധനായിരുന്നു ബേബി.എത്ര വേഗമാണ് കാലം മുന്നോട്ടോടൂന്നത്.ബേബി കാലത്തെ കടന്നു പോയത് എത്ര ശാന്തമായാണ്…….
പാലാ സെന്റ് തോമസ് ഹൈസ്കൂൾ – -പാലാ കോളജ് പഠനകാലത്തെ ഞങ്ങളുടെ ചങ്ങാതിക്കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ “ബേബി “യായിരുന്നു ഞങ്ങൾക്കിടയിൽ മൂഴയിൽ ബേബിച്ചൻ എന്നറിയപ്പെട്ടിരുന്നമാത്യു ജോസഫ്.
ബേബിയും സാഹിത്യ ത്തിൽ പകരക്കാരനില്ലാത്ത സക്കറി യയും പ്രൊഫ. പി.കെ. മാണി സാറിന്റെ മകൻ ഇപ്പോൾ ഇറ്റലിയിൽ സ്ഥിര താമ സമാക്കിയ പ്രിൻസും അന്നും പിന്നീടും സ്പോർട്സ്ചാമ്പ്യനായിരുന്ന പി.ജെ. ആന്റണി പുല്ലാട്ടും എൻജിനീയറിംഗിനു തന്നെ പോയ ഓമനക്കുട്ടനെന്നു എല്ലാ വരും വിളിച്ച നാരായണൻ നായരും കീഴക്കേക്കര ജോസും ജോസിന്റെ ജ്യേഷ്ഠൻ അന്നത്തെ പേരെടുത്ത ഓട്ടക്കാരനായിരുന്ന കെ.ജെ. ചെറിയാനും പിൽക്കാലത്തു പ്രശസ്ത സിനിമാ നടനായിത്തീർന്ന സുകുമാര നുമൊക്കെ — സുകുമാരന്റെ അച്ഛൻ അക്കാലത്തു പാലായിൽ ചീഫ് പോസ്റ്റുമാസ്റ്ററായിരുന്നല്ലോ — സ്കൂള്iൽ ഞങ്ങളുടെ ഒരു വർഷം ജുണിയറായിരുന്നവരാണ്.
തോമസ് .ജെ. തൈക്കൂട്ടം, ജോയി .സി. കാപ്പൻ , പ്രൊഫ.കെ.എം. ചാണ്ടി സാറിന്റെ മകൻ കെ.സി. തോമസ് , മണർകാട്ടു കുഞ്ഞേട്ടന്റ മകൻ കുട്ടിയച്ചൻ, ജോയി തോമസ് മാധവത്തു , വി.ടി. ലാസറസ് , മധു വയ്പ്പന, സി.പി.മണിയൻ നായർ, ജോൺ വടക്കൻ , പിന്നെ കെ.എസ്. സെബാസ്റ്റ്യൻ, വി.ടി. ഏബ്രഹാം, ടി.യു . തോമസ്, അഗസ്റ്റിൻ കയ്യാലക്കകം,ആർ.ടി. ജയിംസ് തുടങ്ങി ഞാനടക്കമുള്ള ഞങ്ങളുടെ ബാച്ച് .
ഞങ്ങളുടെ സീനിയർ ബാച്ചിൽ എന്റെ ജ്യേഷ്ഠൻ ജോർജു തോമസ്, മൂഴയിൽബേബിയുടെ ജ്യേഷ്ഠൻ എം.എം.തോമസ് എന്ന ടോമി, പിൽക്കാലത്തു ബ്രിഗേഡിയറും ഗവർണർ പട്ടം താണുപിള്ളയുടെ ഏ.ഡി.സി.യുമായിരുന്നപി എം : മാണിയെന്ന പുത്തേട്ട് ജീബി ,പിന്നീടു പാലായിൽ ദീർഘകാലം മുനിസിപ്പൽ ചെയർമാനായ ജോസ് തോമസ് പടിഞ്ഞാറേക്കര, കെ സി മാത്യു (കുട്ടപ്പൻ) കിഴക്കെയിൽ,ചെന്നയിൽ വ്യവസായിത്തീർന്ന ജോർജ് വട്ടക്കു ന്നേൽ, മണർകാട്ട് ജോർജ്, കുഞ്ഞാഗ സ്തിയെന്ന എം.എം. ആഗസ്തി മീമ്പനാൽ,മേനാമ്പറമ്പിൽ ജോയിച്ചൻ, കൊട്ടുകാപ്പള്ളി ടോം.കെ. തോമസ് എന്ന തോമ്മാച്ചൻ , കയ്യാലക്കകത്തു അപ്പച്ചൻ, മഠത്തിൽ എം.ജെ. ചെറിയാൻ തുടങ്ങി എത്രയോ സീനിയർമാർ — അതൊരു കാലമായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിലെ ഒരു പൂക്കാലം തന്നെ.
ഞങ്ങളുടെ സുഹൃത് വലയത്തിൽഏറ്റവും കൂടുതൽ വായനയുണ്ടായിരുന്നത് കറിയാച്ചൻ എന്നു ഞങ്ങളെല്ലാം — അടുപ്പമുള്ളവർ — വിളിച്ചിരുന്നപോൾ സക്കറിയ തന്നെയാവണം.പക്ഷേ രണ്ടാം സ്ഥാനം തീർച്ചയായുംമാത്യു ജോസഫ് എന്ന മൂഴയിൽ ബേബിച്ചനു തന്നെയാവും. മുനിസിപ്പൽ ലൈബ്രറിയിലെ വായനയിലും ആർ.വി. പാർക്കിലെ സായാഹ്ന ചർച്ചകളിലുംഏറ്റവും സജീവമായിരുന്നതും ബേബിതന്നെ. പിന്നെ രണ്ടു പേർ ഓമനക്കു ട്ടനും മധു വൈയ്‌പ്പനയും. വാദപ്രതി വാദങ്ങളിൽ ശബ്ദമുയരുമെന്നു മാത്രമല്ല ചിലപ്പോഴൊക്ക തീപ്പൊരിയും ചിതറുമായിരുന്നു.. പക്ഷേ ചർച്ച പിരിഞ്ഞാൽ പിന്നെ ആർക്കും ആരോടും ഒരു പിണക്കവുമില്ലാത്തഒരു കാലവുമായിരുന്നു അതെന്നുംഞാൻ സന്തോഷത്തോടെ തന്നെഓർമ്മിക്കുന്നു. മധുരിക്കും ഓർമ്മകൾ തന്നെ !
കൗമാരസൗഹൃദങ്ങളെ ഞങ്ങളിപ്പോഴും – – എഴുപതുകളുടെ ഈ ഉത്തരാർദ്ധ ത്തിലും — മങ്ങലില്ലാതെ തന്നെ മനസ്സിൽ സൂക്ഷിക്കുന്നുവെന്നതിൽ മാത്രമല്ലപുതുക്കിക്കൊണ്ടേയിരിക്കുന്നുവെന്നതിലും ചിലരെങ്കിലും അത്ഭുതം പറയാറുണ്ട്.
സൗഹൃദങ്ങളെ കണ്ണികളകലാതെ കൂട്ടിച്ചേർത്തു നിർത്തുന്നതിൽഎന്നും ശക്തിയേറിയ ഒരു കാന്തമായി നിന്നവരിലൊരാളായിരുന്നു പ്രായം വച്ച് നോക്കിയാൽ എല്ലാവരെക്കാളും ഇളപ്പമായിരുന്ന മാതൃ ജോസഫ് മൂഴയിലെന്നതായിരുന്നു അനിഷേധ്യമായ ഒരു സത്യം. ഒരർത്ഥത്തിൽ നോക്കിയാൽ ജീവിതത്തെ ഗാഢമായി പ്രണയിച്ച ഒരാളായിരുന്നു ബേബിച്ചൻ.എന്നാൽ അപ്രതീക്ഷിതമായി രോഗംപടിവാതിലിലെത്തി മരണത്തെ മുഖാമുഖം കണ്ടപ്പോഴും ബേബി അശ്ശേഷംപതറിയില്ല എന്നതു എന്നെ അത്ഭൂതപ്പെടുത്തുക തന്നെ ചെയ്തു.
ഭാര്യയിൽഭാഗ്യം ചെയ്തയാളുമായിരുന്നു ബേബി .അവരെ Made for each other വിഭാഗ ത്തിൽപ്പെട്ടവരെന്നു വിശേഷിപ്പി ക്കുന്നതിനു രണ്ടാമതൊന്നാലോചിക്കേ ണ്ടതില്ല. ആതിഥ്യമര്യാദകളിലും ഒപ്പത്തിനൊപ്പം. മക്കളും അങ്ങിനെ തന്നെ . അങ്കിൾ എന്ന അവരുടെ വിളിയിൽ തന്നെ മനം നിറയും. നേരിലായാലും ഫോണിലായാലും. Chip of the old block എന്ന് ഇംഗ്ലീഷിൽ പറയുമല്ലോ. തായ് തടിയിൽ നിന്നു തന്നെ ഉള്ളതെന്നാണ് അർത്ഥം. ഒരു മാറ്റവുമില്ല.അപ്പൻ്റെയും അമ്മയുടെ യും ഗുണങങളെല്ലാം അതേപടി മക്കളിലും വരുന്നതിനേക്കാൾ വലിയ ഭാഗ്യം വേറെ ഇല്ലല്ലോ.അനുഗ്രഹവും. ആശ്വാസവും അതു തന്നെ.
ബേബിക്ക് അസുഖമാകുന്നതിന് തൊട്ടു മുൻപാണ് എൻ്റെ രാഷ്ട്രീയ ഗുരുനാഥൻ കെ.പി. മാധവൻ നായർസാറിനെ ക്കുറിച്ച് ഞാൻ”കിരീടം തൊടാത്തനേതാവ് ” എന്ന പുസ്തക മെഴുതിയപ്പോൾ അതിന്റെ പ്രകാശനം കൊച്ചി യിൽ വച്ചാകാമെന്ന് നിർബന്ധം പറയുകമാത്രമല്ല അതിന്റെ മുഖ്യ സംഘാടക നായതും ബേബി തന്നെ യായിരുന്നു. എം.കെ.സാനുമാസ്റ്ററെ ആരോഗ്യ പരമായ പരിമിതികൾ ക്കിടയിലും . നിർബന്ധിച്ചു തന്നെ പുസ്തകമേറ്റു വാങ്ങുന്നതിനു സമ്മതിപ്പിച്ചതും ബേബിയായിരുന്നു.സുഹൃത്തുക്കൾക്കിടയിലെ ഒരു starfriend എന്നു പറയാവുന്ന സ്നേഹിതനാ യിരുന്നു ബേബിയെന്നു പറയുന്നത്ചങ്ങാതിക്കൂട്ടത്തിലെ നക്ഷത്ര തിളക്കമുള്ള ആളെന്ന അർത്ഥത്തിൽ തന്നെയാണ്.
നിലാവുള്ള രാത്രികളിലെ തെളിഞ്ഞ ആകാശത്തിൽ മിന്നീത്തി ളങ്ങുന്ന നക്ഷത്ര സഹസ്രങ്ങളിൽ എങ്ങിനെയാണു ഞങ്ങൾ ഞങ്ങളുടെ ഈ മിത്ര താരകത്തെ ഇനി തിരിച്ചറിയുക ദൈവമേ ?

ഡോ .സിറിയക് തോമസ് .