
ആരും ഫ്ലൈറ്റ് ലാൻഡിങ് ചെയ്ത സമയത്ത് സീറ്റ് ബെൽറ്റ് ഊരുന്നില്ല….| എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തിരക്കു കൂട്ടുന്നില്ല .
ആരും ഫ്ലൈറ്റ് ലാൻഡിങ് ചെയ്ത സമയത്ത് സീറ്റ് ബെൽറ്റ് ഊരുന്നില്ല…

മുകളിൽ വച്ചിരുന്ന ഹാൻഡ് ലഗേജ് എടുക്കാൻ ക്യാബിൻ തുറക്കുന്നില്ല… എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തിരക്കു കൂട്ടുന്നില്ല .
പുറത്ത് അവരെ കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവരെ കാണാൻ അവർ തിരക്ക് കൂട്ടുന്നില്ല ..
തൻറെ പ്രിയപ്പെട്ടവർക്ക് നൽകാൻ ചോക്ലേറ്റും സമ്മാനങ്ങളും ഇല്ല..
ഒരിക്കലും ഉണരാൻ കഴിയാത്ത ഉറക്കം ..
നെയ്ത് കൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും പെട്ടിയിലാക്കി സ്വന്തം വീട്ടിലേക്ക്……

പ്രവാസിയുടെ മടക്കയാത്ര
നെടുമ്പാശ്ശേരി എയർപ്പോർട്ടിലെ കാഴ്ചകൾ കണ്ണ് നിറയ്ക്കുന്നതായിരുന്നു. വലിയ പെട്ടികൾ നിറയെ സമ്മാനങ്ങളുമായി പ്രിയപ്പെട്ടവൻ കുവൈറ്റിൽ നിന്ന് വരും എന്ന് പ്രതീക്ഷിച്ചിരുന്നവരുടെ മുൻപിലേക്ക് സ്വയം ഒരു പെട്ടിയിൽ നിശ്ചലനായി………….
വല്ലാത്ത നൊമ്പരം തോന്നുന്നു. വീട് വയ്ക്കാൻ, പെങ്ങന്മാരെ കെട്ടിക്കാൻ, രോഗികളായ മാതാപിതാക്കളെ ചികിൽസിക്കാൻ, കല്യാണം കഴിച്ച് ജീവിതം കരുപ്പിടിപ്പിക്കാൻ, മക്കളെ പഠിപ്പിച്ച് വലിയവരാക്കാൻ… എന്തെറെ സ്വപ്നങ്ങളുമായി പ്രവാസ ജീവിതത്തിലേക്ക് പോകേണ്ടി വന്ന പ്രിയപ്പെട്ട സഹോദരങ്ങളുടെ കത്തിക്കരിഞ്ഞ ശരീരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പാവം ബന്ധുക്കൾ.
കുവൈറ്റിലെ തീ പിടുത്തത്തിൽ കത്തി കരിഞ്ഞത് ഏതാനും പ്രവാസികളുടെ ശരീരമല്ല ഒപ്പം അവരുടെ സ്വപ്നങ്ങളും, ജീവിതവും അവരുടെ ബന്ധുക്കളുടെ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ജീവിതങ്ങൾ എല്ലാം കത്തി ചാമ്പലായില്ലേ?

പ്രിയ സഹോദരങ്ങളെ, വിട… നിങ്ങളുടേതല്ലാത്ത കുറ്റത്തിന് നിങ്ങൾ ശിക്ഷിക്കപ്പെട്ടതുപോലെ. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെയും സ്ഥിതി വളരെ കഷ്ടമാണ്. പ്രാർത്ഥിക്കാം, സാധിക്കുന്നവർക്ക് അവരെ ആശ്വസിപ്പിക്കാൻ, എന്തൊക്കെ സഹായങ്ങൾ ചെയ്യാമോ അതൊക്കെ ചെയ്തുകൊടുക്കാം.
കുവൈത്തിലെ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ: മാർ റാഫേൽ തട്ടിൽ
കാക്കനാട്: കുവൈത്തിലെ തീപിടുത്തതിലുണ്ടായ കൂട്ടമരണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അനുശോചനം അറിയിച്ചു. മരണമടഞ്ഞ 49 വിദേശ തൊഴിലാളികളിൽ 45 പേർ ഇന്ത്യക്കാരാണെന്നതും അതിൽ 24 പേർ മലയാളികളാണെന്നതും നമ്മുടെ ദുഃഖം വർദ്ധിപ്പിക്കുന്നു. ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽകടന്ന് പ്രവാസികളായി ജീവിക്കുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയവേദന മനസ്സിലാക്കുകയും അതിൽ പങ്കുചേരുകയും ചെയ്യുന്നു.

കുവൈത്തിലെ
തെക്കൻ നഗരമായ മംഗഫിൽ 196 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലാണ് ദാരുണമായ തീപിടുത്തമുണ്ടായത്. 50 പേർക്ക് പരിക്കേറ്റതായും അവരിൽ ഭൂരിഭാഗവും ആശുപത്രിയിൽ കഴിയുന്നതായും റിപ്പോർട്ടുണ്ട്. അനേകം കുടുംബങ്ങളുടെ കഷ്ടപ്പാടുകളിൽ ഞങ്ങൾ വളരെ ദുഃഖിതരാണ്. ഞങ്ങളുടെ ആത്മാർത്ഥവും ഹൃദയംഗമവുമായ അനുശോചനം ദയവായി സ്വീകരിക്കുക. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥന. ദുഃഖിതരും കഷ്ടപ്പെടുന്നവരുമായ ജനങ്ങളുടെ ജീവിതത്തിൽ സാന്ത്വനമേകാനും സാമ്പത്തീക സഹായങ്ങൾ നൽകാനും സർക്കാരിനോടൊപ്പം നമുക്കും പങ്കാളികളാകാം.
പ്രിയ സഹോദരങ്ങളെ ആദരാഞ്ജലികൾ
കടപ്പാട്
