ആർ സി സിആയിരങ്ങളുടെആശാ കേന്ദ്രം.

Share News

കാൻസർ രോഗബാധിതരായ പതിനായിരങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. കാൻസർ ചികിൽസ ചിലവേറിയ ഈ കാലഘട്ടത്തിൽ സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്രയമാണ് ഈ ആതുരാലയം .

കാൻസർ രോഗത്തെ കുറിച്ച് തെറ്റായ ധാരണകൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ പലർക്കും ഈ പേര് കേൾക്കുമ്പോൾ തന്നെ ഭയമാണ്.

ഞാൻ ആദ്യമായി 2003 ൽ ആണ് റീജിയണൽ കാൻസർ സെന്ററിൽ പോകുന്നത്. എന്റെ അയൽവാസിയായ ഗോപിനാഥൻ കിഡ്നി ട്യൂമറിന്റെശസ്‌ത്രക്രിയ കഴിഞ്ഞ് അവിടെ കിടക്കുമ്പോൾ ആയിരുന്നു അത്. ഇന്നത്തെ പോലെ ഡോക്ടർമാരെ കാണാൻ നീണ്ട ക്യൂ അന്ന് ഇല്ല .ഇപ്പോൾ 2021 ആയപ്പോൾ രോഗികളുടെ എണ്ണം വർദ്ധിച്ചു. അതോടൊപ്പം കാൻസർ സെന്ററിന്റെ രൂപവും ഭാവവും ചികിൽസാ രീതികളും എല്ലാം മാറി. ആ യാത്രയിൽ കാൻസർ ബാധിതർ അനുഭവിക്കുന്ന പ്രയാസങ്ങൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. അത് എന്റെ മനസിനെ വളരെയധികം വേദനിപ്പിച്ചു. ആ ചിന്തകൾ ആണ് പിന്നീട് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വേണ്ടി ‘ജീവനം’ എന്ന ജീവകാരുണ്യ സംഘടനയ്ക്ക് രൂപീകരണത്തിലേക്ക് നയിച്ചത് എന്നു ഞാൻ വിശ്വസിക്കുന്നു.

‘ഞാനാണ് വലിയവൻ ‘എന്ന ഈഗോ നമുക്കെല്ലാം ഉണ്ട്. രോഗികളുടെ വേദനയും ജീവിത പ്രയാസങ്ങളും കാണുമ്പോൾ നാം എന്തിന് അഹങ്കരിക്കുന്നു ? എന്തിന് ഈഗോ കാണിക്കുന്നു ?

എന്നു തോന്നാറുണ്ട്. ജീവിച്ചിരിക്കുന്ന സമയത്ത് എന്തെങ്കിലും നല്ല പ്രവർത്തനം ചെയ്യുവാൻ ശ്രമിക്കണമെന്ന് ഈ യാത്രയാണ് എന്നെ പഠിപ്പിച്ചത്.കാൻസർ വന്നു എന്ന കാരണത്താൽ നിരവധി പേരെ വിവിധ ജോലികളിൽ നിന്ന് മാറ്റി നിർത്തുന്നതായി നിരവധി പേരുമായി അനുഭവങ്ങൾ പങ്ക് വച്ചപ്പോൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം വിവേചനങ്ങളോട് ശക്തിയായി പ്രതികരിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയേണ്ടതായിട്ടുണ്ട്.

റീജിയണൽ കാൻസർ സെന്ററിൽ കാൻസറിനെതിരേയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നനിരവധി.തവണ പോയിട്ടുണ്ട്. അതിൽ രണ്ട് സംഭവങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഒന്ന് എന്റെ നാട്ടുകാരനായ ഒരാളെ ആശുപത്രിയിൽ കണ്ടപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് ചെന്നു. അയാൾ എന്നെ അറിയാത്ത രീതിയിൽ ഓടി മറയുകയാണ് ചെയ്തത്. മകളെ ചികിൽസിക്കാൻ പണം ഇല്ല എന്ന പേരിൽ പിരിവ് നടത്തുകയായിരുന്നു എന്നാണ് പിന്നീട് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.

മറ്റൊന്ന് എന്റെ നാട്ടുകാരനായ അച്ഛനും മകനും ഓടി മറഞ്ഞതാണ്.അച്ഛന് രോഗം ബാധിച്ചത് ഞാൻ അറിയാതിരിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്.ഇവരുമായെല്ലാം ഇന്നും ഞാൻ നല്ല സ്നേഹ ബന്ധത്തിലാണ്. ഇതൊന്നും അറിഞ്ഞതായി ഞങ്ങൾ നടിച്ചിട്ടില്ല.

രോഗം ഒരു കുറ്റമോ ശാപമോ അല്ല എന്നും

രോഗത്തിന്റെ പേരിൽ ചതിയും വഞ്ചനയും നടത്തരുത് .

ആരോഗ്യവും സമ്പത്തും സ്ഥാനമാനങ്ങളും ഒന്നും ശാശ്വതമല്ല. എന്റെ പ്രിയ സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് , നമുക്ക് ലഭിച്ച ഈ മർത്യജന്മം സഹജീവികൾക്കു കൂടി പ്രയോജനകരമാകത്തക്കവിധം വിനിയോഗിക്കാൻ ശ്രമിക്കണമേ എന്നാണ്.

അക്കിത്തം പാടിയ പോലെ

ഒരു കണ്ണീർക്കണം ഞാൻ മറ്റുള്ളവർക്കായി

പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ

ആയിരം സൗര മണ്ഡലം .

ബിജു തുണ്ടിൽ

ജനറൽ സെക്രട്ടറി

ജീവനം കാൻസർ സൊസൈറ്റി

Share News