
“പിവി യുടെ ഇരു സൈഡിലുമായി വേദിയിൽ ഉണ്ടായിരുന്ന റോഷി അഗസ്റ്റിനും ജോസ് കെ മാണിയും പാവം ചാഴികാടന്റെ അവസ്ഥ ഓർത്ത് ദുഃഖിച്ചിട്ടുണ്ടാകും!”
പാലാ രൂപതയിലെ മാർ സ്ലീവാ ഫൊറാന പള്ളി ഉണ്ണി മിശിഖായുടെ നാമത്തിലുള്ള പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കേരളത്തിൽ തന്നെ മുൻനിരയിൽ ഉള്ളതാണ്. BVM ഹോളി ക്രോസ്സ് കോളേജും, മാർ സ്ലീവാ നഴ്സിംഗ് കോളേജും സമീപത്താണ് ഉള്ളത്… അതിന് പുറമെ വളരെ അധികം ജനവാസമുള്ള മേഖലയുമാണ് ചേർപ്പുങ്കൽ.
ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ നിന്ന് മീനച്ചിലാർ ക്രോസ്സ് ചെയ്തു ഈ പറഞ്ഞ സ്ഥാപനങ്ങളിലേക്ക് എത്താൻ വേണ്ടിയുള്ള പാലമാണ് കോട്ടയം എംപി തോമസ് ചാഴികാടൻ നവരകേരള സദസ്സിൽ സൂചിപ്പിച്ച ചേർപ്പുങ്കൽ പാലം.
വർഷങ്ങളോളം പഴക്കമുള്ള പൊളിഞ്ഞു വീഴാറായ പാലത്തിൽ കൂടി ഒരേസമയം രണ്ടു കാറിന് പോകാനുള്ള വീതി പോലുമില്ല. പാലത്തിന്റെ ഒരു സൈഡിൽ നിന്ന് സാമാന്യം വലുപ്പമുള്ള കാർ കയറിയാൽ അത് കടന്ന് പോകുന്നത് വരെ മറുസൈഡിൽ കാത്തു നിൽക്കുക അല്ലാതെ വേറെ വഴിയില്ല. ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് പലപ്പോഴും തടസ്സങ്ങൾ ഉണ്ടാകാറുണ്ട്.
ചേർപ്പുങ്കലിൽ പുതിയ പാലം പണിയാനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ട് വർഷങ്ങൾ കുറെ ആയെങ്കിലും 2-3 തൂണുകൾ പൊങ്ങി നിൽക്കുന്നതാണ് കാലങ്ങളായി കാണുന്നത്. പാലം അപകടാവസ്ഥയിലാണ് എന്ന് പറഞ്ഞു രണ്ടു വർഷം മുൻപ് PWD അധികൃതർ യാത്ര നിരോധനം ഏർപ്പെടുത്തി. ആ പ്രദേശങ്ങളിലേക്ക് പോകേണ്ടവർ ഒത്തിരി ചുറ്റി വളഞ്ഞാണ് അതിന് ശേഷം പോയിരുന്നത്.
ചേർപ്പുങ്കൽ പള്ളിയിലേക്കും, മാർസ്ലീവാ ഹോസ്പ്പിറ്റലിലേക്കും വരുന്നവരിൽ സ്വന്തമായി വാഹനം ഇല്ലാത്തവരിൽ പലരും ടൗണിൽ ഇറങ്ങി ഓട്ടോ പിടിച്ചാണ് വന്നിരുന്നത്, ജങ്ഷനിലെ കടകളിലും നല്ല കച്ചവടം ഉണ്ടായിരുന്നു. പാലം അടച്ചതോടെ അവരെല്ലാം വലിയ ബുദ്ധിമുട്ടിലായി.
മാസങ്ങൾക്ക് ശേഷവും പാലം പണി പുരോഗമിക്കാത്തതിനാൽ ഓട്ടോറിക്ഷക്കാരും, വ്യാപാരികളും സമരം തുടങ്ങിയതോടെ കാറും ഓട്ടോറിക്ഷയും പോലുള്ള ചെറിയ വാഹനങ്ങൾക്ക് പോകാൻ അനുവാദം കൊടുത്തു. വലിയ വാഹനം കയറാതിരിക്കാൻ പാലത്തിന്റെ രണ്ടു സൈഡിലും വീതി കുറയുന്ന രീതിയിൽ ബ്ലോക്ക് ചെയ്തു വെക്കുകയും ചെയ്തു.
ചേർപ്പുങ്കൽ പള്ളി അധികൃതരും, മാർ സ്ലീവാ ഹോസ്പിറ്റൽ അധികൃതരും മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും കണ്ടു നിവേദനം കൊടുത്തതിനെ തുടർന്നാണ് പണി പുനരാരംഭിച്ചത്. പാലത്തിന്റെ പണി ഏകദേശം കഴിയാറായി, അപ്പ്രോച്ച് റോഡ് കൂടി പണിതാൽ ഗതാഗതം സാധ്യമാകും. പാലത്തിന്റെ ഒരു സൈഡ് പാലാ നിയോജക മണ്ഡലവും, മറു സൈഡ് കടുത്തുരുത്തി നിയോജക മണ്ഡലവുമാണ്, രണ്ട് MLA മാരും യുഡിഫ് കാരാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് വരാൻ പോവുക അല്ലെ ചേർപ്പുങ്കൽ പാലത്തിന്റെ ക്രെഡിറ്റ് UDF കൊണ്ട് പോകുമോ എന്ന് കരുതി ചാഴികാടൻ എംപി ഒരു ഗോൾ അടിക്കാൻ ശ്രമിച്ചതാണ് പിവി ബൗൺസർ അടിച്ചു കോർട്ടിന് വെളിയിലേക്ക് തെറിപ്പിച്ചു കളഞ്ഞത്. പിവി യുടെ ഇരു സൈഡിലുമായി വേദിയിൽ ഉണ്ടായിരുന്ന റോഷി അഗസ്റ്റിനും ജോസ് കെ മാണിയും പാവം ചാഴികാടന്റെ അവസ്ഥ ഓർത്ത് ദുഃഖിച്ചിട്ടുണ്ടാകും!
നവകേരള സദസ്സ് കേന്ദ്ര സർക്കാരിനെ കുറ്റം പറയാനും, രാഷ്ട്രീയ പ്രചാരണം നടത്താനുമുള്ള ഇടത് മുന്നണിയുടെ പരിപാടിയാണ്, മന്ത്രിമാർ വരുമ്പോൾ കുറെ നിവേദനങ്ങൾ കിട്ടും എന്ന് വെച്ച് ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ അല്ല കാരവനും പിടിച്ചു ഇറങ്ങിയിരിക്കുന്നത് എന്ന സത്യവും പുറത്ത് വരാൻ ഈ സംഭവം സഹായകമായി.
കേരള കോൺഗ്രസ്സിലെ മുതിർന്ന നേതാവിനെ പാലായിൽ വെച്ച് അപമാനിച്ചിട്ടും പിവിയുടെ മുൻപിൽ പഞ്ചപുച്ഛമടക്കി ഇരിക്കേണ്ട ഗതികേട് കേരള കോൺഗ്രസ്സുകാർക്ക് ഉണ്ടായതിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു!

.ജസ്റ്റിൻ ജോർജ്