എല്ലാ രഹസ്യങ്ങളും പുറത്തു പറയണമോ?

Share News

അഡ്വ .ഷെറി ജെ തോമസ്

സാത്വികനായ ഒരു കത്തോലിക്കാവൈദികൻ. കുമ്പസാരമധ്യേ പതിനേഴ് കഴിഞ്ഞ ഒരു പെൺകുട്ടി പത്തൊമ്പതുകാരനായ കാമുകനുമായുള്ള ബന്ധവുംപിന്നീട് കാമുകൻ ഉപേക്ഷിച്ചപ്പോൾ ഉണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനമെടുക്കുന്ന കാര്യവും അറിയിച്ചു.വൈദികൻ ഉടനെ കാമുകനെയും അറിയാവുന്നതുകൊണ്ട് വിവരം അയാളെ വിളിച്ചു പറഞ്ഞു പരിഹാരത്തിന് ശ്രമിച്ചു.വിഷയം പരിഹരിക്കപ്പെട്ടില്ല വീട്ടുകാർ അറിഞ്ഞു, സംഗതി പോലീസ് കേസായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൈദീകന് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളി – പീഡന വിവരം അറിഞ്ഞിട്ടുംം പറയാതിരുന്നത് പോക്സോ നിയമത്തിലെ വകുപ്പ് 19 പ്രകാരം കുറ്റകരമാണ് കേസെടുക്കും. എന്തുവന്നാലും കുമ്പസാര രഹസ്യം പുറത്തു പറയില്ല എന്ത്ശിക്ഷയും നേരിടാൻ തയ്യാറെന്ന് വൈദികൻ!

നാളുകൾക്കു മുമ്പ് നടന്ന സംഭവമാണ്. പ്രൊഫഷണൽ കൗൺസലിംഗ് നടത്തുന്നവർ, മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൗൺസിലിംഗ് നടത്തുന്നവർ ഇങ്ങനെ പലരും ഇത്തരം വിഷയങ്ങൾ നേരിട്ടിട്ടുണ്ട്. അഭിഭാഷക- കക്ഷി ബന്ധങ്ങൾക്കുള്ള പരിരക്ഷ പോലെ പല രാജ്യങ്ങളിലും മത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ കുമ്പസാരം പോലുള്ള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനു നിർബന്ധിക്കാറില്ല.

സമീപകാലത്ത് ഓസ്ട്രേലിയയിൽ കുട്ടികളോടുള്ളള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ കുമ്പസാര രഹസ്യം പോലും പുറത്ത് അറിയിക്കണം എന്ന് നിയമനിർമാണം വന്നത് മറ്റൊരു യാഥാർത്ഥ്യം

പോക്സോ നിയമത്തിൽ പറയുന്നതെന്ത്?

പോക്സോ (കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമം) നിയമത്തിൽ പറയുന്ന തരത്തിൽ കുട്ടികൾക്കെതിരെയുള്ള കുറ്റങ്ങൾ നടക്കാൻ സാധ്യതയുണ്ട് എന്ന ആശങ്ക ഉണ്ടെങ്കിലോ, നടന്നുവെന്ന അറിവ് കിട്ടിയാലോ വകുപ്പ് 19 പറയുന്ന പ്രകാരം ആ കാര്യം സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്/ലോക്കൽ പോലീസ് എന്നിവിടങ്ങളിൽ അറിയിക്കണം, അത് ബന്ധപ്പെട്ട രേഖകളിൽ ചേർക്കുകയും ചെയ്യും. വകുപ്പ് 20 പ്രകാരം മാധ്യമങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ആശുപത്രികൾ, ക്ലബ്ബുകൾ മുതലായ സ്ഥലങ്ങളിൽ ജോലിക്കാരുടെ എണ്ണം എത്ര ആണെങ്കിലും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന സംഭവങ്ങൾ പോലീസിൽ അറിയിക്കണം. അങ്ങനെ ചെയ്യാത്തവർക്ക് വകുപ്പ് 21 പ്രകാരം ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ, ശിക്ഷ നേരിടേണ്ടി വരാം.

Share News