പൊലീസുകാര്‍ കുഴഞ്ഞു വീഴുന്നു; തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

Share News

തിരുവനന്തപുരം: പൊലീസുകാർക്ക് തുടർച്ചയായി ദീർഘ നേരം ഡ്യൂട്ടി നൽകരുതെന്നു ഡിജിപിയുടെ സർക്കുലർ. പല സ്ഥലത്തും പൊലീസുകാർ കുഴഞ്ഞു വീണതായ റിപ്പോർട്ടുകളെ തുടർന്നാണ് ഇത്. എന്നാൽ ഡ്യൂട്ടി സമയം കുറച്ചാലുള്ള പകരം സംവിധാനം സർക്കുലറിൽ പറയുന്നില്ല.

തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശരാശരി ജോലി സമയം 12 മണിക്കൂറിലേറെയാണ്. പൊലീസ് സ്റ്റേഷനുകളിൽ 8 മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും നടപ്പിലായിട്ടില്ല.

പകുതിയിലേറെ പൊലീസ് സ്റ്റേഷനുകളിലും അംഗസംഖ്യ 35 ൽ താഴെയാണ്. അടിയന്തര സാഹചര്യങ്ങളിൽ 12 മണിക്കൂറിൽ കൂടുതൽ സമയവും ജോലി ചെയ്യേണ്ടി വരുന്നു. തുടർച്ചയായ ഡ്യൂട്ടി സമയം ഒഴിവാക്കണമെങ്കിൽ അംഗസംഖ്യ വർധിപ്പിക്കാൻ നടപടിയാണു വേണ്ടതെന്നു പൊലീസുകാർ പറഞ്ഞു.

Share News